നിങ്ങളുടെ പഴയ തുണികള്‍ ഒഴിവാക്കാനുള്ള ഇടമല്ല ദുരിതാശ്വാസ ക്യാമ്പ്, ദുരന്ത ബാധിതരെ അപമാനിക്കരുത്, പകരം ചെയ്യേണ്ടതിങ്ങനെ, മുരളി തുമ്മാരുകുടി

വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ആയിരക്കണക്കിന് ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളാണ്. ദുരന്തമുണ്ടായതിന്റെ പിറ്റേദിവസം മുതല്‍ ഇവിടേക്ക് കേരളത്തിലെങ്ങുനിന്നും സഹായമെത്തിത്തുടങ്ങിയിരുന്നു.
 

കൊച്ചി: വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ആയിരക്കണക്കിന് ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ദുരന്തമുണ്ടായതിന്റെ പിറ്റേദിവസം മുതല്‍ ഇവിടേക്ക് കേരളത്തിലെങ്ങുനിന്നും സഹായമെത്തിത്തുടങ്ങിയിരുന്നു. എന്നാല്‍, ദുരിതബാധിതരെ സഹായിക്കാനെന്ന പേരില്‍ തങ്ങളുടെ പഴയ തുണികള്‍ ഒഴിവാക്കുകയാണ് പലരും ചെയ്യുന്നത്. ടണ്‍ കണക്കിന് പഴയ തുണികളാണ് ഇങ്ങനെ കളക്ഷന്‍ സെന്ററിലെത്തിയതും. എന്നാല്‍, ഈ രീതിയിലുള്ള സഹായം നല്‍കരുതെന്ന് പറയുകയാണ് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ലോഡ് കണക്കിന് സാധനങ്ങള്‍ വരുമ്പോള്‍ അത് കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടാകുമെന്ന് മുരളി തുമ്മാരുകുടി പറഞ്ഞു. സാധനങ്ങള്‍ക്ക് പകരം പണമാണ് അയക്കേണ്ടത്. അയക്കുന്ന സാധനങ്ങളില്‍ പലതും പെട്ടെന്ന് മോശമാകുന്നതിനാല്‍ നശിപ്പിച്ച് കളയുകയും എളുപ്പമല്ല. ഒരു കാരണവശാലും പഴയ വസ്തുക്കള്‍ കൊടുക്കാതിരിക്കുക. അത് ലഭിക്കുന്നവരുടെ അഭിമാനത്തിന്റെ പ്രശ്‌നം കൂടിയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

ദുരിതാശ്വാസം, പഴയ തുണിയും പച്ചക്കറിയും.

ലോകത്തെവിടെയും ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ആ നാട്ടില്‍ ഉള്ളവരും മറുനാട്ടിലുള്ളവരും അവിടേക്ക് സഹായങ്ങള്‍ അയക്കുന്ന രീതി ഉണ്ട്. ഇത് തികച്ചും ശരിയും മനുഷ്യ സഹജവും ആണ്.

ഇത്തരം സഹായങ്ങള്‍ പലപ്പോഴും നല്‍കുന്നത് വസ്തുവകകള്‍ ആയിട്ടാണ്. ദുരന്തന്തിന്റെ ആദ്യ ദിവസങ്ങളില്‍ ഭക്ഷണവും വസ്ത്രവും പുതപ്പും ഒക്കെ എത്തിച്ചു കൊടുക്കേണ്ടത് അത്യാവശ്യവുമാണ്. ദുരന്തത്തിന്റെ രീതിയും പ്രദേശവും അനുസരിച്ച് മൂന്നോ നാലോ ദിവസം കഴിഞ്ഞാല്‍ അങ്ങോട്ട് വസ്തുവകകള്‍ അയക്കുന്നത് പല തരത്തില്‍ ബുദ്ധിമുട്ടുണ്ടാക്കുകയാണ് ചെയ്യുന്നത്.

ഒന്നാമത് പല സ്ഥലങ്ങളില്‍ നിന്നും വരുന്ന അനവധി വസ്തുക്കളുടെ ഇന്‍വെന്ററി, സ്റ്റോറേജ്, വിതരണം എന്നിവ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍. പല രാജ്യങ്ങളിലും എയര്‍പോര്‍ട്ടിലെ റണ്‍വേയുടെ ചുറ്റും തന്നെ ദുരിതാശ്വാസ വസ്തുക്കള്‍ കൂട്ടമായി കൂട്ടിയിട്ടിരിക്കുന്നതും ഇത്തരം സാഹചര്യങ്ങളില്‍ സ്ഥിരം കാഴ്ചയാണ്.
രണ്ടാമത്തേത് ഇങ്ങനെ വരുന്ന പലതും ദുരന്തപ്രദേശത്ത് ആവശ്യമില്ലാത്തതായിരിക്കും. ദുരന്തം കൈകാര്യം ചെയ്യുന്ന ഭാരിച്ച ഉത്തരവാദിത്തമുള്ളവര്‍ക്ക് ഇത് അനാവശ്യ ബുദ്ധിമുട്ടാകുന്നു.

മൂന്നാമത്തേത് ആളുകള്‍ അയക്കുന്ന മരുന്നുകള്‍ പോലുള്ള വസ്തുക്കള്‍ കൃത്യമായ കാലാവധിക്കുള്ളില്‍ ഉപയോഗിക്കേണ്ടതായതിനാല്‍ ഡേറ്റ് കഴിഞ്ഞാല്‍ പിന്നെ അത് നശിപ്പിച്ചുകളയേണ്ട അധിക ബുദ്ധിമുട്ടുമുണ്ട്. അന്താരാഷ്ട്രമായി ഒരു രാജ്യത്തെ മരുന്നുകള്‍ മറ്റു രാജ്യങ്ങളില്‍ ഉപയോഗിക്കാന്‍ നിയന്ത്രണങ്ങള്‍ പോലുമുണ്ട്. ഇവയും നശിപ്പിച്ചുകളയേണ്ടതായി വരും.

ആളുകള്‍ക്ക് ആവശ്യമില്ലാത്ത തുണിത്തരങ്ങള്‍, പച്ചക്കറികളും ബേക്കറി പലഹാരങ്ങളും ഉള്‍പ്പെടെ വേഗത്തില്‍ ചീത്തയാകുന്ന വസ്തുക്കള്‍ എന്നിവയും അത് എത്തുന്ന പ്രദേശത്ത് കുഴപ്പം ഉണ്ടാക്കുന്നു.

ഇതൊന്നും കൂടാതെ മറ്റൊരു പ്രധാന കാരണം കൂടിയുണ്ട്. ഒരു രാജ്യത്തോ പ്രദേശത്തോ വലിയ ദുരന്തങ്ങള്‍ ഉണ്ടായാല്‍ അവിടുത്തെ മൊത്തം സമ്പദ്വ്യവസ്ഥ നിശ്ചലമാവുമല്ലോ. അതിന് ജീവന്‍ വക്കണമെങ്കില്‍ ആ പ്രദേശത്തുള്ള കച്ചവടം നടക്കണം. അതിന് ആ നാട്ടിലേക്ക് പണം വരികയും വസ്തുക്കളുടെ ആവശ്യം ഉണ്ടാവുകയും വേണം. ഒരു നാട്ടിലേക്ക് അടുത്ത ആറു മാസത്തേക്ക് വേണ്ട അരിയും തുണിയും എല്ലാം പുറമേനിന്ന് എത്തിയാല്‍ ആ പ്രദേശങ്ങളിലെ കച്ചവടരംഗത്തുള്ളവരുടെ കച്ചവടം പൂട്ടിപ്പോകുന്ന സ്ഥിതി ഉണ്ടാകും.

ഇതൊക്കെ ലോകത്ത് അനവധി പ്രദേശങ്ങളില്‍ കണ്ടിട്ടുള്ളത് കൊണ്ട് പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ദുരന്തം ഉണ്ടാകുമ്പോള്‍ നമ്മളും എന്തെങ്കിലും ചെയ്യണമെന്നും അത് പ്രകടമായിത്തന്നെ വേണമെന്നുമുള്ള ആഗ്രഹം ആളുകളില്‍ ഉണ്ടാകുന്നത് കൊണ്ട് കേരളത്തിലും ഇത്തരത്തില്‍ ആവശ്യത്തില്‍ കൂടുതല്‍ സാധനങ്ങളും, ഉപയോഗിച്ച തുണികളും, കേടാവുന്ന വസ്തുക്കളും ലോറിക്കണക്കിന് അയക്കുന്ന രീതി പണ്ടും ഉണ്ടായിട്ടുണ്ട്.

മുന്‍പൊക്കെ ദുരന്തം ഉണ്ടാകുമ്പോള്‍ ഞാന്‍ ഇത് മുന്‍കൂട്ടി പറഞ്ഞിരുന്നു. മൂന്നോ നാലോ ദിവസം കഴിഞ്ഞാല്‍ സഹായം പണമായി നല്‍കുന്നതാണ് നല്ലതെന്നും ദുരന്തത്തില്‍ പെട്ടവരുടെ കയ്യില്‍ ഏറ്റവും വേഗത്തില്‍ പണം എത്തിക്കുന്നതാണ് നല്ലതെന്നുമുള്ള കാര്യം പലപ്പോഴും എഴുതിയിട്ടുണ്ട്.
എന്നാല്‍ പൊതുവെ സമൂഹത്തിന് ഇക്കാര്യം ഓര്‍മ്മിപ്പിക്കുന്നത് അത്ര ഇഷ്ടമല്ല. ദുരന്തത്തില്‍ പെട്ടവര്‍ക്ക് എന്തെങ്കിലും സഹായം കിട്ടുന്നത് തടയുകയാണ് ഉദ്ദേശം എന്ന തരത്തിലും 'ഇയ്യാള്‍ക്ക് ദുരന്തത്തെ പറ്റി എന്തറിയാം?' എന്ന തരത്തിലും കമന്റുകള്‍ വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണ പല ആളുകളും ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തില്‍ ഞാന്‍ ഒന്നും പറഞ്ഞിരുന്നില്ല.

രണ്ടുദിവസമായി വയനാട്ടില്‍ കുന്നുകൂടുന്ന ദുരിതാശ്വാസ സഹായവസ്തുക്കളുടെ വീഡിയോ കണ്ടപ്പോള്‍ ആവശ്യത്തിലധികവും പെട്ടെന്ന് കേടായി പോകുന്നതുമായ സഹായങ്ങള്‍ എത്തിയിട്ടുണ്ട് എന്ന് മനസ്സിലായി. ഇന്നിപ്പോള്‍ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കേള്‍ക്കുന്നു.

ആവശ്യത്തില്‍ അധികം വസ്തുവകകള്‍ എത്തിയിട്ടുണ്ട്. ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നു. അതില്‍ പെട്ടെന്ന് കേടാവുന്ന പച്ചക്കറികളും ബേക്കറിസാധനങ്ങളും ഉണ്ട്. എട്ടു ടണ്‍ പഴയ തുണിയാണ് എത്തിയിരിക്കുന്നത്. ഇനി അത് ഡിസ്‌പോസ് ചെയ്യേണ്ട ഉത്തരവാദിത്തം കൂടി സര്‍ക്കാരിന് ഉണ്ട്.
അതുകൊണ്ട് ഒരിക്കല്‍ കൂടി പറയാം.

ദൂരെ ദിക്കില്‍ ദുരന്തം ഉണ്ടായാല്‍ വസ്തുവകകള്‍ അയക്കാതിരിക്കുന്നതാണ് നല്ലത്. വേഗത്തില്‍ ചെയ്യാമെങ്കില്‍ പണം സ്വരൂപിക്കുക, ദുരന്തം നടന്നതിന് ഏറ്റവും അടുത്ത് ദുരന്തബാധിതമല്ലാത്ത ടൗണുകളിലും നഗരങ്ങളിലും നിന്ന് ആവശ്യമായ വസ്തുക്കള്‍ വാങ്ങുക. ആസ്സാമില്‍ പ്രളയം ഉണ്ടായപ്പോള്‍ കേരളത്തില്‍ നിന്നും കുപ്പിവെള്ളം കയറ്റി അയക്കുന്ന കാഴ്ച ഒരിക്കല്‍ കണ്ടതാണ്!

ഒരാഴ്ച കഴിഞ്ഞാല്‍ കുറച്ചെങ്കിലും പണം ദുരന്തബാധിതരുടെ അടുത്ത് എത്തിക്കാനുള്ള വഴി നോക്കുക. കൂടുതല്‍ ധനസഹായം കൊടുക്കാന്‍ കഴിവും താല്പര്യവും ഉള്ളവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ, വിശ്വാസയോഗ്യമായ മറ്റു ഏജന്‍സികള്‍ വഴിയോ പണമായി കൊടുക്കുക.


ഒരു കാരണവശാലും പഴയ വസ്തുക്കള്‍ കൊടുക്കാതിരിക്കുക. അത് ലഭിക്കുന്നവരുടെ അഭിമാനത്തിന്റെ പ്രശ്‌നം കൂടിയാണ്. നാളെ അപകടത്തില്‍ പെടുന്നതും ക്യാമ്പില്‍ ഇരിക്കുന്നതും നിങ്ങള്‍ ആണെന്ന് ചിന്തിക്കുക. അന്ന് ആരെങ്കിലും ഉപയോഗിച്ച തുണി കിട്ടാനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്?