അപകടം നടന്ന് രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട്, ഇതല്ല പ്രൊഫഷണല്‍ രീതി, അറസ്റ്റും ചര്‍ച്ചയും കൊണ്ട് പൊടിതട്ടിപ്പോകരുതെന്ന് മുരളി തുമ്മാരുകുടി

എംഎല്‍എ ഉമ തോമസിന് വീണ് പരിക്കേല്‍ക്കാനിടയായ സാഹചര്യവുമായി ബന്ധപ്പെട്ട സുരക്ഷാ സംവിധാനം ഏറെ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്ന് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി.

 
ഒരപകടം ഉണ്ടായിക്കഴിഞ്ഞാല്‍ ധൃതിപിടിച്ച് അന്വേഷണം നടത്തി നാലു പേരെ അറസ്റ്റ് ചെയ്ത് പൊതുവികാരത്തെ സംതൃപ്തിപ്പെടുത്തുന്നതല്ല പ്രൊഫഷണലായിട്ടുള്ള സുരക്ഷാരീതി.

കൊച്ചി: എംഎല്‍എ ഉമ തോമസിന് വീണ് പരിക്കേല്‍ക്കാനിടയായ സാഹചര്യവുമായി ബന്ധപ്പെട്ട സുരക്ഷാ സംവിധാനം ഏറെ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്ന് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. സംഭവം നടന്ന് രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കുന്നതല്ല പ്രൊഫഷണല്‍ രീതി. ഒരു കമ്മറ്റിയെ നിയോഗിച്ച് മാസങ്ങളോളം പഠനം നടത്തിവേണം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാനെന്നും സുരക്ഷാ സംവിധാനം സംബന്ധിച്ച് ചട്ടങ്ങള്‍ വേണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

സുരക്ഷയും വീഴ്ചയും

2017 ജൂണിലാണ് ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവറില്‍ അഗ്‌നിബാധ ഉണ്ടാകുന്നത്. ഈ സംഭവത്തിലെ സുരക്ഷാവീഴ്ചകള്‍ പഠിക്കാന്‍ നിയമിച്ച കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കുന്നത് 2024 സെപ്റ്റംബര്‍ നാലിനാണ്.
ഈ ലണ്ടന്‍കാര്‍ ഒക്കെ നമ്മള്‍ മലയാളികളെ കണ്ടു പഠിക്കേണ്ടതാണ്. 2024 ഡിസംബര്‍ 29 ന് വൈകീട്ട് ആണ് ശ്രീമതി ഉമാ തോമസ് എം.എല്‍.എക്ക് സ്റ്റേജില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേല്‍ക്കുന്നത്. ഇന്നിപ്പോള്‍ 2024 ഡിസംബര്‍ 31 രാവിലെ ആയപ്പോഴേക്കും സംയുക്ത സുരക്ഷാ പരിശോധനാ റിപ്പോര്‍ട്ട് വന്നു കഴിഞ്ഞു. 48 മണിക്കൂര്‍ പോലും ആയിട്ടില്ല.

ഇനി കുറച്ചുപേരെ അറസ്റ്റ് ചെയ്യണം, കുറച്ചു ടി വി ചര്‍ച്ചകള്‍ നടത്തണം, പ്രസ്താവന നടത്തണം. അതോടെ ആ ഉത്തരവാദിത്തം കഴിഞ്ഞു. പിന്നെ പുതുവര്‍ഷമായി.
അടുത്ത അപകടം വരെ ഇതിനെപ്പറ്റി ഇനി ആരും ഓര്‍ക്കില്ല. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ ഒക്കെ ജാമ്യം കിട്ടിപ്പോകും. അവര്‍ പിന്നെയും സ്റ്റേജ് കെട്ടും, അപകടമുണ്ടാക്കും. 'സുരക്ഷാ വീഴ്ചകള്‍' തുടരും. നഷ്ടം അപകടത്തില്‍ പെട്ട ആള്‍ക്കും കുടുംബത്തിനും മാത്രം. ജയിലില്‍ പോയവരൊക്കെ പതുക്കെ അവിടുന്ന് പൊടിയും തട്ടി പോകും.

ഓരോ വര്‍ഷവും പതിനായിരക്കണക്കിന് അപകടങ്ങളാണ് കേരളത്തില്‍ ഉണ്ടാകുന്നത്. റോഡപകടം തന്നെ നാല്പതിനായിരത്തോളം വരും. എണ്ണൂറോളം ആളുകളാണ് ഓരോവര്‍ഷവും ഉയരത്തില്‍ നിന്നു വീണുമരിക്കുന്നത്.
നമ്മുടെ കെട്ടിട നിര്‍മ്മാണരംഗം എടുത്താല്‍ ശരാശരി ദിവസം ഒരാളെങ്കിലും സുരക്ഷിതരമല്ലാതെ ഉയരങ്ങളില്‍ ജോലി ചെയ്യുന്നതിനിടെ വീണ് മരിക്കുന്നുണ്ടാകും. അതിന്റെ പത്തിരട്ടിയെങ്കിലും നടുവൊടിഞ്ഞ് കിടക്കുന്നുമുണ്ടാകും. ഇതിന്റെയൊന്നും കണക്ക് പോലും ആരും സൂക്ഷിക്കുന്നില്ല. ഇവിടെയാണ് 'സുരക്ഷാ പരിശോധന'യുടെ പ്രസക്തി.

കൊച്ചിയിലെ സംഭവത്തില്‍ വീഴ്ച ഉണ്ടായതില്‍ നിന്നു തന്നെ സുരക്ഷാ വീഴ്ച വ്യക്തമാണ്. അതിന് സ്‌പെക്കുലേഷനോ ഇന്റെറോഗേഷനോ ഒന്നും വേണ്ട.
ഒരപകടം ഉണ്ടായിക്കഴിഞ്ഞാല്‍ ധൃതിപിടിച്ച് അന്വേഷണം നടത്തി നാലു പേരെ അറസ്റ്റ് ചെയ്ത് പൊതുവികാരത്തെ സംതൃപ്തിപ്പെടുത്തുന്നതല്ല പ്രൊഫഷണലായിട്ടുള്ള സുരക്ഷാരീതി.
മറിച്ച് അപകടമുണ്ടാകാനിടയുള്ള സാഹചര്യത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തണം. ഉദാഹരണത്തിന്,

1. സ്റ്റേജിന്റെ സുരക്ഷിതമായ ഉയരം എത്രയായിരിക്കണം എന്നതില്‍ നമുക്ക് ചട്ടങ്ങള്‍ ഉണ്ടോ? ഇത് കുട്ടികള്‍ പഠിക്കുന്ന സ്ഥാപനങ്ങള്‍ക്കും കല്യാണമണ്ഡപങ്ങള്‍ക്കും എല്ലാം ഒരുപോലെയാണോ?
2. ചട്ടം ഉണ്ടെങ്കില്‍ ആരാണ് ഈ ചട്ടം ഉണ്ടാക്കിയത്? ഏത് സര്‍ക്കാര്‍ വകുപ്പാണ് ഇത് പരിശോധിച്ച് ഉറപ്പു വരുത്തേണ്ടത്?
3. തല്‍ക്കാലികമായി സ്റ്റേജുകള്‍ ഉണ്ടാക്കുമ്പോള്‍ അതിന്റെ സുരക്ഷാചട്ടങ്ങള്‍ എന്തെല്ലാമാണ്?
4. ചട്ടം ഉണ്ടെങ്കില്‍ ആരാണ് ഈ ചട്ടം ഉണ്ടാക്കിയത്, ഏത് സര്‍ക്കാര്‍ വകുപ്പാണ് ഇത് പരിശോധിച്ച് ഉറപ്പു വരുത്തേണ്ടത്?
5. നല്ല സുരക്ഷാനിയമങ്ങള്‍ ഉള്ള രാജ്യങ്ങളില്‍ Scaffolding (കെട്ടിടം പണിയിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്കായി നിര്‍മ്മിക്കുന്ന താല്‍ക്കാലിക തട്ട്)  വളരെ കര്‍ശനമായി നിയന്ത്രിക്കപ്പെടുന്ന ഒന്നാണ്. അതിന്റെ  ഡിസൈന്‍, നിര്‍മ്മാണ വസ്തുക്കള്‍, നിര്‍മ്മിക്കുന്നവരുടെ പരിശീലനം, ലോഡ് ടെസ്റ്റിംഗ്, ടെസ്റ്റ് ചെയ്യുന്നവരുടെ പരിശീലനം എല്ലാത്തിനും നിയമങ്ങള്‍ ഉള്ളതാണ്. നമുക്ക് ഇത്തരം നിയമങ്ങള്‍ ഉണ്ടോ?
6. നിയമങ്ങള്‍ ഉണ്ടെങ്കില്‍ ആരാണ് ഈ നിയമം ഉണ്ടാക്കിയത്, ഏത് സര്‍ക്കാര്‍ വകുപ്പാണ് ഇത് പരിശോധിച്ച് ഉറപ്പു വരുത്തേണ്ടത്?
7. ഉയരത്തില്‍ ജോലി ചെയ്യുന്നതിന് കര്‍ശനമായ സുരക്ഷാ നിയമങ്ങള്‍ ഉണ്ട്. പതിനഞ്ചടി ഉയരത്തില്‍ സ്റ്റേജ് കെട്ടി പരിപാടി നടത്തുമ്പോള്‍ അത് ഒരു 'working at heights' സാഹചര്യമല്ലേ? കേരളത്തില്‍ ഇത്തരം നിയമങ്ങള്‍ ഉണ്ടോ?
8. നിയമങ്ങള്‍ ഉണ്ടെങ്കില്‍ ആരാണ് ഈ നിയമം ഉണ്ടാക്കിയത്, ഏത് സര്‍ക്കാര്‍ വകുപ്പാണ് ഇത് പരിശോധിച്ച് ഉറപ്പു വരുത്തേണ്ടത്?
9. ഒരു പരിപാടി നടത്തുമ്പോള്‍ അപകടസാധ്യത എപ്പോഴുമുണ്ട്. എന്ത് സുരക്ഷാക്രമീകരണങ്ങള്‍ വേണമെന്നാണ് നിയമം അനുശാസിക്കുന്നത്? പരിശീലനം ലഭിച്ച ആളുകള്‍, ഉപകരണങ്ങള്‍, ക്രൗഡ് മാനേജ്‌മെന്റ്, ട്രാഫിക് മാനേജ്‌മെന്റ്, എമര്‍ജന്‍സി റെസ്‌പോണ്‍സ്?
10. എത്ര ആളുകള്‍ കൂടുമ്പോഴാണ് ഇത്തരം സംവിധാനങ്ങള്‍ ഉണ്ടാകേണ്ടത്? ഏതുതരം പരിപാടികള്‍ക്ക്? സാംസ്‌കാരികം? വിവാഹം? രാഷ്ട്രീയസമ്മേളനം? മതസമ്മേളനം?
10. നിയമങ്ങള്‍ ഉണ്ടെങ്കില്‍ ആരാണ് ഈ നിയമം ഉണ്ടാക്കിയത്, ഏത് സര്‍ക്കാര്‍ വകുപ്പാണ് ഇത് പരിശോധിച്ച് ഉറപ്പു വരുത്തേണ്ടത്?
11. മുന്‍പറഞ്ഞ കാര്യങ്ങളില്‍ നിയമവും ചട്ടവും ഉറപ്പുവരുത്തേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണ്ടെങ്കില്‍ അക്കാര്യം ഉറപ്പുവരുത്തിയിരുന്നുവോ?
ഈ ചോദ്യങ്ങളില്‍ പലതിന്റേയും ഉത്തരം നമുക്ക് വേണ്ടത്ര നിയമങ്ങള്‍ ഇല്ല, പരിശീലനം ലഭിച്ച തൊഴിലാളികളോ ഉദ്യോഗസ്ഥരോ ഇല്ല എന്നൊക്കെയാകും. അപ്പോള്‍ ആ നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കുക, അതിന്റെ മേല്‍നോട്ടത്തിന് സര്‍ക്കാരില്‍ ഉത്തരവാദിത്തപ്പെട്ട വകുപ്പുകള്‍ ഉണ്ടാക്കുക, പരിശീലനം ലഭിച്ച തൊഴിലാളികള്‍ ഉണ്ടാവുക, പരിശീലിപ്പിക്കാന്‍ സ്ഥാപനങ്ങള്‍ ഉണ്ടാക്കുക എന്നിങ്ങനെ ഏറെ മാറ്റങ്ങള്‍ വേണ്ടിവരും. ഈ മാറ്റങ്ങള്‍ വരുമ്പോഴാണ് അപകടങ്ങള്‍ കുറയുന്നത്. മലയാളികളുടെ 'റെക്കോര്‍ഡ്' പൊങ്ങച്ചത്തെ തന്ത്രപൂര്‍വ്വം മുതലൈടുക്കാന്‍ ശ്രമിച്ചവര്‍ രണ്ടാഴ്ച ജയിലില്‍ കിടന്നാലൊന്നും നമ്മുടെ സുരക്ഷാ സംസ്‌കാരം മാറുകയില്ല.
അതുകൊണ്ടാണ് മറ്റിടങ്ങളില്‍ റിപ്പോര്‍ട്ട് ഉണ്ടാക്കാന്‍ മാസങ്ങളോ വര്‍ഷങ്ങളോ എടുക്കുന്നത്.

ഇക്കാര്യത്തില്‍ എന്റെ നിര്‍ദ്ദേശം ഇതാണ്. അറസ്റ്റും കോലാഹലവും ചര്‍ച്ചയും ഒക്കെ നടന്നോട്ടെ. പക്ഷെ ഒരാഴ്ച കഴിയുമ്പോള്‍ സുരക്ഷ വിഷയത്തിലും incident investigation ലും പ്രൊഫഷണലായി പരിശീലനം ലഭിച്ച Josy John നെ പോലെയുള്ള ഒരാളുടെ നേതൃത്വത്തില്‍ ഒരു കേരളത്തിലെ 'event Managment' വിഷയത്തിലെ സുരക്ഷാ സംവിധാനത്തെപ്പറ്റി വിശദമായി പഠിക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഒരു കമ്മിറ്റിയെ നിയമിക്കുക, ആറുമാസം സമയം നല്‍കുക. അടുത്ത തദ്ദേശസ്വയംഭരണസമിതികള്‍ വരുമ്പോഴേക്ക് വേണ്ടത്ര നിയമവും ചട്ടവും നിയമസഭ പാസാക്കിയെടുക്കുക. വെന്റിലേറ്ററില്‍ കിടക്കുന്ന നിങ്ങളുടെ സഹപ്രവര്‍ത്തകക്കും സമൂഹത്തിനും നല്‍കാവുന്ന ഏറ്റവും വലിയ സംഭാവന അതായിരിക്കും.
കാരണം വെന്റിലേറ്ററില്‍ കിടക്കുന്നത് ഒരു എം.എല്‍.എ. മാത്രമല്ല മലയാളി സമൂഹത്തിന്റെ മൊത്തം സുരക്ഷാബോധം കൂടിയാണ്.