സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കുട്ടിക്കളിയല്ല, ക്രിക്കറ്റ് കമന്ററി ആവേശം പോലെ അവതാരകര്‍ തള്ളരുത്, ഒരു ഫാക്ട് ചെക്കിങ്ങുമില്ലെന്ന് മുരളി തുമ്മാരുകുടി

ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ചാനലുകളെ രൂക്ഷമായി വിമര്‍ശിച്ച് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി.

 

രണ്ടു രാജ്യങ്ങള്‍ തമ്മില്‍ ഉള്ള സംഘര്‍ഷമാണെന്ന് ഔചിത്യം പോലും കാണിക്കാതെ, ഒരു ക്രിക്കറ്റ് മത്സരം റിപ്പോര്‍ട്ട് ചെയ്യുന്ന തരത്തില്‍ ഉള്ള ആവേശവും കമന്ററിയും ആണ്. ടി ആര്‍ പി നോക്കി ആഞ്ഞു തള്ളുകയാണ് അവതാരകര്‍.

കൊച്ചി: ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ചാനലുകളെ രൂക്ഷമായി വിമര്‍ശിച്ച് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. രണ്ടു രാജ്യങ്ങള്‍ തമ്മില്‍ ഉള്ള സംഘര്‍ഷമാണെന്ന് ഔചിത്യം പോലും കാണിക്കാതെ, ഒരു ക്രിക്കറ്റ് മത്സരം റിപ്പോര്‍ട്ട് ചെയ്യുന്ന തരത്തില്‍ ഉള്ള ആവേശവും കമന്ററിയും ആണ്. ടി ആര്‍ പി നോക്കി ആഞ്ഞു തള്ളുകയാണ് അവതാരകര്‍. അതീവ ജാഗ്രതയോടെയാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടതെന്നും അക്കാര്യം പഠിക്കണമെന്നും അദ്ദേഹം ഉപദേശിക്കുന്നു.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍
ഇന്‍ഡോ-പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ ശ്രദ്ധിക്കുന്നു.
താല്പര്യവും അറിവും ഉള്ള വിഷയം ആണെങ്കിലും ഈ വിഷയത്തെ പറ്റി എഴുതുന്നതിന് പരിമിതികള്‍ ഉണ്ട്.
എന്നാല്‍ ഈ വിഷയം നമ്മുടെ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെ പറ്റി കുറച്ചു കാര്യങ്ങള്‍ പറയാതെ വയ്യ.

രണ്ടു രാജ്യങ്ങള്‍ തമ്മില്‍ ഉള്ള സംഘര്‍ഷമാണെന്ന് ഔചിത്യം പോലും കാണിക്കാതെ, ഒരു ക്രിക്കറ്റ് മത്സരം റിപ്പോര്‍ട്ട് ചെയ്യുന്ന തരത്തില്‍ ഉള്ള ആവേശവും കമന്ററിയും ആണ്. ഒന്നോടൊന്നു മത്സരിച്ച്. ഫാക്ട് ചെക്കിങ്ങ് ഒന്നുമില്ല, എവിടെനിന്നോ ഒക്കെ വരുന്ന വിഷ്വലുകള്‍, പലപ്പോഴും മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവ, ചിലതൊക്കെ അനിമേഷനും നിര്‍മ്മിതബുദ്ധിയും കൊണ്ട് നിര്‍മ്മിച്ചവ. ഇതൊന്നും വിഷയമല്ലാത്ത തരത്തില്‍ ടി ആര്‍ പി നോക്കി ആഞ്ഞു തള്ളുന്ന അവതാരകര്‍.

ആദ്യത്തെ ആവേശത്തിന് ശേഷം അല്പം ഓവര്‍ ആയി എന്ന് ചാനലുകള്‍ക്ക് തന്നെ തോന്നി എന്ന് തോന്നുന്നു. സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ വന്നതും കാര്യമാകാം. രണ്ടാണെങ്കിലും ആവേശവും തള്ളലും ഒന്ന് കുറഞ്ഞിട്ടുണ്ട്.
പക്ഷെ കൂടുതല്‍ വിഷമിപ്പിച്ചത് മുന്‍ നിരയില്‍ നിന്നും കണ്ട ഒരു ക്ലിപ്പ് ആണ്. ഒരു ഹെല്‍മെറ്റ് പോലും ധരിക്കാതെ ഒരാള്‍ മൊബൈല്‍ ഫോണ്‍ നോക്കി റിപ്പോര്‍ട്ട് ചെയ്യുന്നു, സമീപത്ത് ഷെല്‍ വന്നു വീഴുന്നു.
സംഘര്‍ഷമേഘലകളിലെ റിപ്പോര്‍ട്ട് ഏറെ ശ്രദ്ധയോടെ ചെയ്യേണ്ട ഒന്നാണ്. മുകളില്‍ നിന്നും താഴെ നിന്നും വശത്തുനിന്നും ഒക്കെയായി പല അപകട സാദ്ധ്യതകള്‍ ഉണ്ട്. അതിനൊക്കെ തയ്യാറെടുത്തിട്ട് വേണം അവിടെ റിപ്പോര്‍ട്ടിംഗിന് പോകാന്‍. വ്യക്തിസുരക്ഷാ ഉപകരണങ്ങള്‍ പലതുണ്ട്. കറണ്ടില്ലെങ്കിലും കമ്മ്യൂണിക്കേഷന്‍ നിലനിര്‍ത്താന്‍ വേണ്ട സംവിധാനങ്ങള്‍ വേണം, ജേര്‍ണലിസ്റ്റ് ആണെന്ന് മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ ഉള്ള അടയാളങ്ങള്‍ വേണം. ഇതൊന്നും ഇല്ലാതെ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നത് പോലെ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നത് അപകടമാണ്, ആത്മഹത്യാപരമാണ്, മണ്ടത്തരമാണ്.
സാധാരണഗതിയില്‍ ഒരു സ്ഥാപനം അവിടുത്തെ ജീവനക്കാരെ അപകടം ഉള്ള സാഹചര്യത്തിലേക്ക് പറഞ്ഞുവിടുമ്പോള്‍ ഒരു 'ഡ്യൂട്ടി ഓഫ് കെയര്‍' ഉണ്ട്. അത്യാവശ്യമെങ്കില്‍ മാത്രം വേണം അത് ചെയ്യാന്‍. അങ്ങനെ ചെയ്യുമ്പോള്‍ വേണ്ട എല്ലാ പരിശീലനം, വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍, കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍, ആവശ്യത്തില്‍ കൂടുതല്‍ പണം ഒക്കെ കൊടുത്തിട്ട് വേണം. കണ്ടിടത്തോളം ഇത്തരം പരിശീലനമോ സുരക്ഷാ ഉപകരണങ്ങളോ ഒന്നും കൊടുത്ത മട്ടില്ല.

രണ്ടായിരത്തി പതിമൂന്നില്‍ 'ദുരന്ത സാഹചര്യങ്ങളില്‍ എങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്' എന്നതിനെ പറ്റി കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ക്ക്  ഒരു പരിശീലനം നല്‍കിയാല്‍  നന്നായിരിക്കും എന്ന് ഞാന്‍ അന്ന് പ്രസ്സ് അക്കാദമി ചെയര്‍മാന്‍ ആയിരുന്ന എന്‍ പി രാജേന്ദ്രനോടും  ഡിസാസ്റ്റര്‍ മാനേജമെന്റ് അതോറിറ്റിയിലെ KKerala State Disaster Management Authority - KSDMAശേഖറിനോടും SSekhar Lukose Kuriakoseപറഞ്ഞു. രണ്ടുപേരും ഉടന്‍ സമ്മതിക്കുകയും ചെയ്തു. ശ്രീ കേശവ് മോഹന്‍ KKeshav Mohanഡിസാസ്റ്റര്‍ മാനേജ്മന്റ് അക്കാദമിയില്‍ (@ILDM) പരിശീലനം സംഘടിപ്പിച്ചു. എല്ലാ വിഷ്വല്‍ പ്രിന്റ് മാധ്യമങ്ങളെയും അറിയിച്ചു. സൗജ്യന്യമായി താമസവും അറേഞ്ച് ചെയ്തു. ഡിസാസ്റ്റര്‍ രംഗത്ത് റിപ്പോര്‍ട്ട് ചെയ്ത് പരിചയമുള്ള ഏറെ ആളുകളെ പരിശീലകരായി കൊണ്ടുവരികയും ചെയ്തു. നിര്‍ഭാഗ്യവശാല്‍ ഒരു മാധ്യമത്തില്‍ നിന്ന് പോലും ആരും അവിടെ വന്നില്ല. കുറച്ചു ജേര്‍ണലിസം വിദ്യാര്‍ത്ഥികളെ ഒക്കെ വിളിച്ചിരുത്തി വിളിച്ചു വരുത്തിയ പരിശീലകരുടെ മുന്നില്‍  നാണം കെടാതെ രക്ഷ പെട്ടു.

പക്ഷെ രണ്ടായിരത്തി പതിനെട്ടില്‍ കുട്ടനാട്ടില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്ത ഒരു മാധ്യമപ്രവര്‍ത്തകന്‍ നിര്‍ഭാഗ്യവശാല്‍ മരണപ്പെട്ടു. അതിന് ശേഷം വീണ്ടും മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി ഒരു പരിശീലന ക്ളാസ്സ് നടത്തി. അന്ന് മുറി നിറച്ചും ആളായിരുന്നു.  അമ്പതിലേറെ  ജേര്‍ണലിസ്റ്റുകള്‍ എത്തി.

ഞാന്‍ പറഞ്ഞുവരുന്നത്, സംഘര്‍ഷമേഖലകളില്‍ ഒക്കെ റിപ്പോര്‍ട്ട് ചെയ്യുന്നത് നിസ്സാരമായി കാണരുത്. അതിനെ പറ്റി അറിയാനും പരിശീലനം നേടാനും വേണ്ടത്ര വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കാനും ഒക്കെ നിങ്ങളില്‍ ഒരാള്‍ക്ക് അപകടം ഉണ്ടാകാന്‍ വേണ്ടി നോക്കി നില്‍ക്കേണ്ട ആവശ്യവുമില്ല.

സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട.  ഒന്ന് രണ്ടു മാര്‍ഗ രേഖകള്‍ ലിങ്കില്‍ ഉണ്ട്.  അന്താരാഷ്ട്രമായി യുദ്ധ രംഗങ്ങളില്‍  ഏറെ പരിചയം ഉള്ള  അഞ്ജന AAnjana Sankarഒക്കെ നാട്ടില്‍ ഉണ്ട്. അവരുടെ കയ്യില്‍ നിന്നൊക്കെ നിര്‍ദ്ദേശങ്ങള്‍ എടുക്കുക.
സുരക്ഷിതരായിരിക്കുക, മാധ്യമപ്രവര്‍ത്തകരും മറ്റുള്ളവരും