വിമാനം ഏറ്റവും സുരക്ഷിതമായ യാത്രാ സംവിധാനം, ടേക്ക് ഓഫിലും ലാന്‍ഡിങ്ങിലും അപകട സാധ്യത, കേരളത്തിലും നാല് വിമാനത്താവളങ്ങള്‍, ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മുരളി തുമ്മാരുകുടി

അഹമ്മദാബാദിലുണ്ടായ വിമാന അപകടത്തിന്റെ പശ്ചാത്തലത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് യുഎന്‍ മുന്‍ ദുരന്തനിവാരണ തലവനായ മുരളി തുമ്മാരുകുടി.

 

വിമാനാപകടങ്ങള്‍ അപൂര്‍വ്വം എങ്കിലും കൂടുതലും ഉണ്ടാകുന്നത് ടേക്ക് ഓഫിനും ലാന്റിങ്ങിനും ആണ്. ഇത്തരത്തില്‍ ഉള്ള സാഹചര്യങ്ങള്‍ നേരിടാന്‍ നമ്മള്‍ തയ്യാറായിരിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.

 

കൊച്ചി: അഹമ്മദാബാദിലുണ്ടായ വിമാന അപകടത്തിന്റെ പശ്ചാത്തലത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് യുഎന്‍ മുന്‍ ദുരന്തനിവാരണ തലവനായ മുരളി തുമ്മാരുകുടി. വിമാനാപകടങ്ങള്‍ അപൂര്‍വ്വം എങ്കിലും കൂടുതലും ഉണ്ടാകുന്നത് ടേക്ക് ഓഫിനും ലാന്റിങ്ങിനും ആണ്. ഇത്തരത്തില്‍ ഉള്ള സാഹചര്യങ്ങള്‍ നേരിടാന്‍ നമ്മള്‍ തയ്യാറായിരിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

വിമാനാപകടം, കപ്പലപകടങ്ങള്‍ 

അഹമ്മദാബാദിലെ വിമാനാപകടത്തിന്റെ വാര്‍ത്ത ശ്രദ്ധിക്കുന്നു. ലണ്ടനിലേക്കുള്ള അക 171 വിമാനം ആണ് ടേക് ഓഫിന് ശേഷം തകര്‍ന്നു വീണത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

പൊതുവില്‍ ഏറ്റവും സുരക്ഷിതമായ യാത്രാ സംവിധാനമാണ് യാത്രാ വിമാനങ്ങള്‍. പക്ഷെ ഇടക്കൊക്കെ ഇത്തരം അപകടങ്ങള്‍ ഉണ്ടാകാറുണ്ട്. ടേക്ക് ഓഫിന് തൊട്ടടുത്താണ് അപകടം ഉണ്ടായതെങ്കില്‍ കുറച്ചാളുകള്‍ എങ്കിലും രക്ഷപെടാന്‍ സാധ്യത ഉണ്ട്. ജീവന്റെ നഷ്ടം പരമാവധി കുറയട്ടെ എന്ന് ആഗ്രഹിക്കുന്നു. 

കഴിഞ്ഞ ഒരു മാസമായി കേരള തീരത്തു നിന്നും രണ്ടു കപ്പല്‍ അപകടങ്ങളുടെ വാര്‍ത്തകള്‍ വന്നു. ഒന്നാമത്തേതില്‍ ആളപായം ഉണ്ടായില്ല. രണ്ടാമത്തെ അപകടത്തില്‍ നാല് കപ്പല്‍ ജോലിക്കാരെ കണ്ടില്ല എന്ന് ആദ്യത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. രക്ഷപെട്ടവര്‍ക്കും പൊള്ളലേറ്റിരുന്നു എന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

നമ്മുടെ വിമാനത്താവളങ്ങളും തുറമുഖങ്ങളും വിമാനപാതകളും കപ്പല്‍ ചാലുകളും ഒക്കെ കൂടുതല്‍ കൂടുതല്‍ തിരക്കേറിയതാകുമ്പോള്‍ അതനുസരിച്ച് അപകട സാധ്യതകളും വര്‍ദ്ധിക്കും. തുറമുഖങ്ങളും വിമാനത്താവളങ്ങളും ഒക്കെ നാട്ടില്‍ വരുത്തുന്ന വികസന സാധ്യതകള്‍ക്ക് വേണ്ടി തയ്യാറെടുക്കുമ്പോള്‍ തന്നെ അവ ഉണ്ടാക്കുന്ന അപകടങ്ങള്‍ക്ക് വേണ്ടിയും തയ്യാറെടുക്കേണ്ട ആവശ്യകത ഉണ്ട്. വിമാനത്താവളത്തിന് അടുത്തുള്ള ഫയര്‍ എന്‍ജിന്‍ മുതല്‍ ആശുപത്രികള്‍ വരെ കൂടുതല്‍ ആയി ഉണ്ടാകുന്ന റിസ്‌കുകള്‍ക്ക് തയ്യാറെടുക്കേണ്ടതുണ്ട്. 

വിഴിഞ്ഞം തുറമുഖത്തിന്റെ വികസനം നമ്മള്‍ ഏറെ നാളായി ശ്രദ്ധിക്കുന്നതാണെങ്കിലും കഴിഞ്ഞ ദിവസത്തെ 
കപ്പലപകടത്തിന്റെ സാഹചര്യത്തില്‍ കമ്പനിക്കെതിരെ 'കേസ് എടുക്കണമോ' എന്നുള്ള ചര്‍ച്ചകള്‍ പല ദിവസം നീണ്ടു. വാസ്തവത്തില്‍ എനിക്ക് ഇതല്പം അതിശയവുമായി തോന്നി. സ്വാതന്ത്ര്യം കിട്ടുന്ന കാലത്ത് തന്നെ നമുക്ക് തുറമുഖം ഒക്കെ ഉണ്ടല്ലോ?, ആദ്യമായിട്ടാണോ ഇവിടെ കപ്പല്‍ അപകടം ഉണ്ടാകുന്നത്?. അപ്പോള്‍ ഒരു കപ്പലപകടം ഉണ്ടായാല്‍ അതിന് ഒരു കേസ് രെജിസ്റ്റര്‍ ചെയ്യണമോ, ഉണ്ടെങ്കില്‍ ഏതു വകുപ്പില്‍ എന്നുള്ള കാര്യങ്ങള്‍ ഒക്കെ ഇതിന് മുന്‍പ് സംഭവിച്ചിട്ടുണ്ടാകുമല്ലോ?. ഇല്ലെങ്കില്‍ തന്നെ ആയിരക്കണക്കിന് കോടികള്‍ ചിലവഴിച്ചു പുതിയൊരു സംരംഭം ഉണ്ടാകുമ്പോള്‍ അതുണ്ടാക്കാന്‍ സാധ്യതയുള്ള ഷിപ്പിംഗിന്റെ വര്‍ദ്ധന, പോര്‍ട്ടിലോ പുറത്തോ ഉള്ള അപകടങ്ങളുടെ സാധ്യത, അവ നേരിടാനുള്ള തയ്യാറെടുപ്പുകള്‍, സംവിധാനങ്ങള്‍, ഇതൊക്കെ മുന്‍കൂര്‍ ചിന്തിക്കേണ്ടതല്ലേ?

ഇപ്പോള്‍ കപ്പലപകടവും അഗ്‌നിബാധയും ഒക്കെ കടലില്‍ ആണ് ഉണ്ടായത്. പക്ഷെ ലെബണനില്‍ സൂക്ഷിച്ചിരുന്ന ചരക്കില്‍ നിന്നും പൊട്ടിത്തെറി ഉണ്ടായത് തുറമുഖത്താണ്. നൂറു കണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു,  ലക്ഷക്കണക്കിന് ആളുകളുടെ കിടപ്പാടത്തിന് നാശമുണ്ടായി. എന്ത് പാഠങ്ങള്‍ ആണ് നമുക്ക് പഠിക്കാനുള്ളത്?
സുരക്ഷാ വിദഗ്ധര്‍ മാത്രമല്ല,  കപ്പല്‍ അപകടങ്ങള്‍ ഉണ്ടായാല്‍ അതിന്റെ പരിസ്ഥിതിയില്‍ ഉള്‍പ്പടെയുള്ള പ്രത്യാഘാതങ്ങള്‍ പഠിക്കാനുള്ള സംവിധാനങ്ങള്‍,  നഷ്ടപരിഹാരത്തിനുള്ള മാര്‍ഗ്ഗരേഖകള്‍, അതിനുള്ള ഇന്‍ഷുറന്‍സ് നിയമങ്ങളും രീതികളും ആയിട്ടുള്ള പരിചയം, ഇവ ഒക്കെ ഉള്ള ഇന്‍ഷുറന്‍സ് വിദഗ്ധര്‍, അഭിഭാഷകര്‍, പരിസ്ഥിതി വിദഗ്ധര്‍ ഇവരൊക്കെ നമുക്ക് ഉണ്ടോ ?   ഉണ്ടാകേണ്ടേ ? 

ഇപ്പോഴത്തെ വിമാനാപകടം കേരളത്തില്‍ അല്ലെങ്കിലും അതില്‍ നിന്നും നമ്മള്‍ പാഠങ്ങള്‍ പഠിക്കേണ്ടതായുണ്ട്.  
കേരളത്തില്‍ വിമാനത്താവളങ്ങള്‍ നാലുണ്ട്. കൊച്ചി വിമാനത്താവളം അതി വേഗത്തില്‍ വളരുകയാണ്. വിമാനാപകടങ്ങള്‍ അപൂര്‍വ്വം എങ്കിലും കൂടുതലും ഉണ്ടാകുന്നത് ടേക്ക് ഓഫിനും ലാന്റിങ്ങിനും ആണ്. ഇത്തരത്തില്‍ ഉള്ള സാഹചര്യങ്ങള്‍ നേരിടാന്‍ നമ്മള്‍ എത്രമാത്രം തയ്യാറാണ്?

സമാധാന കാലത്ത് പരിശീലനത്തിനായി നാം  എത്ര വിയര്‍ക്കുന്നുവോ യുദ്ധ  കാലത്ത് അത്രയും കുറച്ചു ചോരയാണ് ചിന്തുന്നത് എന്നൊരു ഇംഗ്‌ളീഷ് പഴമൊഴി ഉണ്ട്.  ലോകത്തെവിടെയും ഉണ്ടാകുന്ന അപകടങ്ങള്‍ നമ്മുടെ തന്നെ തയ്യാറെടുപ്പുകളെ പറ്റി ചിന്തിക്കാനുള്ള അവസരമാണ്. 
അപകടത്തില്‍ അഗാധമായ ദുഃഖം
സുരക്ഷിതരായിരിക്കുക