പൂരത്തിന്റെ പ്രഭകുറയുന്നു, ലോകത്തെ അത്യപൂര്‍വമായ ആഘോഷം, വീഴ്ച സംഭവിക്കുന്നതാര്‍ക്ക്? മുരളി തുമ്മാരുകുടി പറയുന്നു
തൃശൂര്‍: മറ്റൊരു തൃശൂര്‍ പൂരം കൂടി സമാപിക്കുമ്പോള്‍ വിവാദം ഒഴിയുന്നില്ല. രാത്രിയില്‍ നടത്തേണ്ട വെടിക്കെട്ട് പകല്‍ സമയത്ത് നടത്താനിടയായ സാഹചര്യവും പോലീസ് നിയന്ത്രണങ്ങളും ചെറിയ നിര്‍ദ്ദേശം പോലും അംഗീകരിക്കാത്ത ദേവസ്വവുമെല്ലാം പൂരത്തിന്റെ പൊലിമ ഇല്ലാതാക്കാന്‍ കാരണക്കാരാണ്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യമായതിനാല്‍ ഇത് രാഷ്ട്രീയമായി ഉപയോഗിക്കാനും എല്ലാ കക്ഷികളും രംഗത്തെത്തിക്കഴിഞ്ഞു.
പൂരം വിവാദത്തില്‍ കലാശിക്കുമ്പോള്‍ ഇതേക്കുറിച്ച് പ്രതികരിക്കുകയാണ് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. ലോകത്തെ അത്യപൂര്‍വും അതിമനോഹരവുമായ ഈ ആഘോഷം ലക്ഷക്കണക്കിന് വിനോദ സഞ്ചാരികളെ ആകര്‍ഷക്കേണ്ട ഒന്നാണെന്നും ഈ രീതിയില്‍ പൂരത്തിന്റെ പ്രഭ കെടുത്തരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പൂരം നടത്തിപ്പിന് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങളുണ്ടാകണമെന്നും അതുവഴി ലോകത്തിന്റെ പൈതൃകമായി നൂറ്റാണ്ടുകളോളം നില നിര്‍ത്താന്‍ സാധിക്കണമെന്നും മുരളി തുമ്മാരുകുടി നിര്‍ദ്ദേശിച്ചു.
മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,
പ്രഭകുറയുന്ന പ്രഭാപൂരം
ദൃശ്യങ്ങളുടെയും ശബ്ദങ്ങളുടെയും കൃത്യമായ കൊറിയോഗ്രഫിയിലൂടെ നിര്‍മ്മിക്കുന്ന ലോകത്തിലെ തന്നെ അപൂര്‍വ്വവും അതിമനോഹരവുമായ ഒരു ആഘോഷവും ആചാരവുമാണ് തൃശൂര്‍ പൂരം.
തൃശൂരിലുളളവരുടെ ഒരു വികാരവും മൊത്തം മലയാളികള്‍ക്ക് അഭിമാനവുമാണ് പൂരം.
നന്നായി ഡോകുമെന്റ് ചെയ്താല്‍ ലോക പൈതൃകപ്പട്ടികയില്‍ എളുപ്പത്തില്‍ എത്താവുന്ന ഒന്ന്, പണ്ടേ എത്തേണ്ട ഒന്ന്.
അല്പം കൂടി പ്ലാനിങ്ങോടെ നടത്തുകയും മാര്‍ക്കറ്റ് ചെയ്യുകയും ചെയ്താല്‍ ലോകപ്രശസ്തമാകാവുന്നതും ലോകത്തെവിടെനിന്നും ദശലക്ഷക്കണക്കിന് ആളുകളെ ആകര്‍ഷിക്കാന്‍ പറ്റുകയും ചെയ്യുന്ന ഒന്ന്.
പക്ഷേ അടുത്ത കുറച്ചു കാലങ്ങള്‍ ആയി, ഓരോ വര്‍ഷവും ഓരോ പ്രശ്‌നങ്ങളും, നിയന്ത്രണങ്ങളും വാഗ്വാദങ്ങളും ആയി പൂരത്തിന്റെ പ്രഭ കുറഞ്ഞു വരികയാണ്.
ഈ വര്‍ഷം പൂരം പകുതി വഴി നിറുത്തി വക്കുകയും രാത്രി നടക്കേണ്ട വെടിക്കെട്ട് പകല്‍ ആവുകയും ചെയ്തതോടെ ശോഭ ഏറെ കുറഞ്ഞു.
ഇതിന് ഏറെ കാരണങ്ങള്‍ ഉണ്ട്. വലിയ ആള്‍ക്കൂട്ടം നിയന്ത്രിക്കാനുളള പ്രശ്‌നങ്ങള്‍, ഏറെ ആനകളെ നിയമം അനുസരിച്ചും സുരക്ഷിതമായും എഴുന്നിള്ളിക്കുന്നതിലെ പ്രശ്‌നങ്ങള്‍, കരിമരുന്ന് പ്രയോഗത്തിലെ സുരക്ഷാ പ്രശ്‌നങ്ങളും നിയന്ത്രണങ്ങളും.
ഇന്നലത്തെ പ്രശ്‌നത്തിന്റെ പേരില്‍ പോലീസിനെ ഒറ്റയടിക്ക് കുറ്റപ്പെടുത്തുക എളുപ്പമാണ്. പക്ഷെ ഏതെങ്കിലും തരത്തില്‍ ഒരു സുരക്ഷാ വിഷയം അവിടെ ഉണടായിരുന്നെങ്കില്‍ പിന്നെ നമ്മള്‍ ഒക്കെ അതിന്റെ പേരിലാകും അവരെ കുറ്റപ്പെടുത്തുന്നത്.
പുറ്റിങ്ങലില്‍ വെടിക്കെട്ട് അപകടം ഉണ്ടായ അന്ന് വൈകീട്ട് ചാനല്‍ ചര്‍ച്ചകളില്‍ എന്നോടുള്‍പ്പടെ ചോദിച്ച ചോദ്യം ഇത് 'പോലീസിന്റെ വീഴ്ച്ച ആണോ ജില്ലാ ഭരണകൂടത്തിന്റെ വീഴ്ച ആണോ' എന്നാണ്. ഒരു വിഷയത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ മനസിലാക്കുക നമ്മുടെ ശീലമല്ല. ആരെയെങ്കിലും ഉടന്‍ കുറ്റവാളി ആക്കുക, അമ്പലക്കമ്മിറ്റിയെ അറസ്റ്റ് ചെയ്യുക, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആണെങ്കില്‍ സസ്പെന്‍ഡ് ചെയ്യുക, ഇതൊക്കെ കണ്ടാലേ നമ്മുടെ കലി അടങ്ങൂ. അതുകൊണ്ടാണ് ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ പ്രതികരിക്കുന്നത്.
അതേ സമയം എന്തെങ്കിലും പ്രശ്‌നം ഉണ്ടാകുമ്പോഴോ ഉണ്ടാകും എന്ന് കരുതുമ്പോഴോ അതങ്ങ് നിരോധിക്കാം എന്നൊരു പൊതുരീതിയും നമുക്കുണ്ട്. ഏറെ തെറ്റാണ്. പുറ്റിങ്ങലില്‍ അപകടം ഉണ്ടായ അന്ന് മിക്കവാറും ആളുകള്‍ 'വെടിക്കെട്ട് കേരളത്തില്‍ ഒട്ടാകെ നിരോധിക്കണം' എന്ന് അഭിപ്രായപ്പെട്ടിരുന്നു. പൊതുബോധവും അന്ന് അതിന്റെ കൂടെ ആയിരുന്നു.
പക്ഷെ അതിമനോഹരമായ ഒരു കലയാണ് കരിമരുന്നു പ്രയോഗം, ലോകത്തില്‍ എത്രയോ ഇടങ്ങളില്‍ എത്രയോ വലിയ കരിമരുന്നു പ്രയോഗങ്ങള്‍ സുരക്ഷിതമായി നടക്കുന്നു. കരിമരുന്ന് പ്രയോഗം യൂണിവേഴ്‌സിറ്റികളില്‍ പോലും പഠിപ്പിക്കുന്നു. അപ്പോള്‍ ആണ് ഡസന്‍ കണക്കിന് യൂണിവേഴ്‌സിറ്റികളും നൂറിലേറെ എഞ്ചിനീയറിങ്ങ് കോളേജിലും ആയിരത്തോളം പൊളി ടെക്‌നിക്കും ഐ ടി ഐ യും ഒക്കെ ഉണ്ടായിട്ടും ഒരു സ്ഥലത്തു പോലും കരിമരുന്നു പ്രയോഗം പഠിപ്പിക്കാത്ത നാട്ടില്‍ നൂറ്റാണ്ടുകള്‍ ആയി നിലനില്‍ക്കുന്ന ഈ നൈപുണ്യം ഇല്ലാതാക്കുന്ന തീരുമാനം എടുക്കാന്‍ നാം എടുത്തു ചാടുന്നത്.
തൃശൂര്‍ പൂരത്തെ സുരക്ഷിതമായി നടത്താനും, നമ്മുടെ അഭിമാനമായി, ലോകത്തിന്റെ പൈതൃകമായി നൂറ്റാണ്ടുകളോളം നില നിര്‍ത്താനും ലോകമെമ്പാടുമുള്ള ആളുകളെ ഇങ്ങോട്ട് ആകര്ഷിക്കാനുമുള്ള ശ്രമങ്ങള്‍ ആണ് നമ്മള്‍ നടത്തേണ്ടത്.
ഇത് സാധ്യമാണ്, നമ്മുടെ ഒത്തൊരുമിച്ചുള്ള ശ്രമം മാത്രം മതി.