മുദ്രപത്രം വിറ്റുജീവിക്കുന്ന ശക്തമായ ലോബി, ഇനിയും ഇവ വേണോയെന്ന് മുരളി തുമ്മാരുകുടി
കൊച്ചി: മുദ്രപത്രത്തിന്റെ പേരില്‍ കോടികളുടെ അഴിമതി നടക്കുന്നുണ്ടെന്ന ആരോപണം പതിറ്റാണ്ടുകള്‍ക്കു മുന്‍പേ ശക്തമാണ്. വിദേശ രാജ്യങ്ങളില്‍ നിന്നും കാലങ്ങള്‍ക്കു മുന്‍പേ ഉപേക്ഷിച്ച സംഗതിയാണ് ഇതെന്നും ഇവിടെ ഒരു നൂറ്റാണ്ട് മുന്‍പെങ്കിലും എടുത്തു കളയേണ്ടതായിരുന്നു എന്നും യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി പറയുന്നു. മുദ്രപത്രം ഉള്‍പ്പെടെ എടുത്തുകളയാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നെന്ന വാര്‍ത്ത പങ്കുവെച്ചാണ് മുരളി തുമ്മാരുകുടി ഇതേക്കുറിച്ച് പ്രതികരിച്ചത്.
മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,
ആധാരമെഴുത്തും സ്റ്റാമ്പ് പേപ്പറും
ഏതോ കാലഘട്ടത്തിന്റെ ഫോസിലുകള്‍ ആണ് ഇവ രണ്ടും. ഒരു നൂറ്റാണ്ട് മുന്‍പെങ്കിലും എടുത്തു കളയേണ്ടതായിരുന്നു.
കഴിഞ്ഞ നൂറ്റാണ്ടില്‍ ഒരിക്കല്‍ ലണ്ടനിലെ ബുക്ക് സ്റ്റോറില്‍ പോയപ്പോള്‍ മനുഷ്യന് സാധാരണഗതിയില്‍ ആവശ്യമുള്ള കരാറുകള്‍ എല്ലാം, വില്പത്രം ഉള്‍പ്പടെ, ഉണ്ടാക്കാന്‍ ഉള്ള വ്യത്യസ്തമായ ഫോമുകള്‍ കണ്ടിരുന്നു. അതില്‍ നമ്മുടെ അല്ലെങ്കില്‍ നമ്മുടേയും നമ്മള് കരാറില്‍ ആകുന്ന വ്യക്തിയുടെയും പേര് എഴുതി,
Also Read:- മികച്ച ഫുട്ബോളറായി രാജ്യത്തിനായി ബൂട്ട് അണിയണമെന്ന സ്വപ്നം ബാക്കിയാക്കി അഷ്മിൽ മടങ്ങി
സ്റ്റാന്‍ഡേര്‍ഡ് ആയ കണ്ടീഷനില്‍ നിന്നും വേണ്ടാത്തത് എടുത്ത് കളഞ്ഞു, പ്രത്യേകം എന്തെങ്കിലും കൂട്ടി ചേര്‍ക്കാന്‍ ഉണ്ടെങ്കില്‍ കൂട്ടി ചേര്‍ത്ത് ഒപ്പിട്ട് കൊടുക്കേണ്ട കാര്യമേ ഉള്ളൂ. വില്‍ പത്രം വാങ്ങുകയോ, എഴുത്തുകാരെ അന്വേഷിച്ചു പോവുകയോ, എഴുത്തുകാര്‍ എഴുതിയത് മനസ്സിലാക്കാന്‍ പിന്നെ വക്കീല്‍ ഗുമസ്തന്മാരെ അന്വേഷിക്കുകയോ ഒന്നും വേണ്ട.
അന്ന് തന്നെ ഞാന്‍ എന്റെ വക്കീല്‍ സുഹൃത്തുക്കളോട് ഇക്കാര്യം പറഞ്ഞിരുന്നു. പക്ഷെ ആധാരം എഴുത്തും മുദ്രപ്പത്രവില്പനയും ഒക്കെ കൊണ്ട് ജീവിക്കുന്ന ശക്തമായ ഒരു ലോബി ഉണ്ട്, അതുകൊണ്ട് ഇത് കേരളത്തില്‍ നടക്കില്ല എന്നാണ് അവര്‍ മറുപടി പറഞ്ഞത്. സത്യമാണോ എന്നറിയില്ല.
ഇപ്പോള്‍ അക്കാര്യത്തില്‍ ചര്‍ച്ചകള്‍ വരുന്നു. കാലം മാറുന്നു എന്നറിയുന്നതില്‍ സന്തോഷമുണ്ട്. അടുത്ത നൂറ്റാണ്ടില്‍ എങ്കിലും സ്റ്റാമ്പ് പേപ്പര്‍ ഒക്കെ മ്യൂസിയത്തില്‍ മാത്രം കാണാം എന്ന പ്രതീക്ഷയോടെ.