ബിരിയാണി എന്ന് കേട്ടയുടന്‍ കുട്ടികള്‍ക്ക് പൊരിച്ച കോഴിയും ബിരിയാണിയും ഉച്ചഭക്ഷണമാക്കരുത്, വേണ്ടത് ആരോഗ്യകരമായ ഭക്ഷണം, കേരളം ജീവിതശൈലീ രോഗങ്ങളുടെ തലസ്ഥാനം

സംസ്ഥാനത്തെ അംഗനവാടികളിലെ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പ്രതികരിച്ച് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി.

 

ജീവിതശൈലീ രോഗങ്ങളുടെ തലസ്ഥാനമാകുന്ന കേരളത്തില്‍ കുട്ടികള്‍ക്ക് വേണ്ടത് ആരോഗ്യകരമായ ഭക്ഷണമാണെന്നും പൊരിച്ച കോഴിയും ബിരിയാണിയുമല്ലെന്നുമാണ് മുരളി തുമ്മാരുകുടി പറയുന്നത്.

കൊച്ചി: സംസ്ഥാനത്തെ അംഗനവാടികളിലെ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പ്രതികരിച്ച് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. ഉപ്പുമാവിന് പകരം ബിരിയാണി ആക്കണം എന്ന ഒരു കുട്ടിയുടെ വീഡിയോ വൈറലായതിന്റെ പിന്നാലെ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉച്ചഭക്ഷണം പരിഷ്‌കരിക്കുന്നത് ആലോചിക്കുമെന്ന് പറഞ്ഞിരുന്നു.

ജീവിതശൈലീ രോഗങ്ങളുടെ തലസ്ഥാനമാകുന്ന കേരളത്തില്‍ കുട്ടികള്‍ക്ക് വേണ്ടത് ആരോഗ്യകരമായ ഭക്ഷണമാണെന്നും പൊരിച്ച കോഴിയും ബിരിയാണിയുമല്ലെന്നുമാണ് മുരളി തുമ്മാരുകുടി പറയുന്നത്. ആരോഗ്യകരമായ ഭക്ഷണശീലം കുട്ടികളില്‍ നിന്നും തുടങ്ങണം. വികസിതരാജ്യങ്ങളില്‍ ഒക്കെ സ്‌കൂള്‍ കുട്ടികള്‍ക്ക് ആരോഗ്യകരമായ ഭക്ഷണം എന്താകണം എന്നത് സമൂഹം ഏറെ ശ്രദ്ധിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറയുന്നു.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

ഉപ്പുമാവില്‍ നിന്നും ബിര്‍ണാണിയിലേക്ക്

കേരളത്തിലെ ഒരു ആംഗന്‍വാടിയിലെയോ നേഴ്‌സറിയിലെയോ ഒരു കുട്ടി തനിക്ക് ഉച്ചഭക്ഷണമായി ഉപ്പുമാവ് വേണ്ട ബിരിയാണിയും പൊരിച്ച കോഴിയും മതിയെന്ന് പറയുന്ന വീഡിയോ വൈറല്‍ ആയല്ലോ.

ഉച്ചഭക്ഷണം എന്താണ് നല്‍കുന്നതെന്ന് പരിഗണിക്കും എന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. നല്ല കാര്യമാണ്. കുട്ടികള്‍ക്ക് ആരോഗ്യകരമായ ഭക്ഷണം നല്‍കണം, ആരോഗ്യകരമായ ഭക്ഷണം ഒരു ശീലമാക്കുന്നത് ചെറുപ്പകാലത്ത് തന്നെ തുടങ്ങണം.

പക്ഷെ ആംഗന്‍ വാടികളിലോ സ്‌കൂളുകളിലോ ഇനി മുതല്‍ പൊരിച്ച കോഴിയും ബിരിയാണിയും ഉച്ചഭക്ഷണമാക്കുന്നത് ഒരു നല്ല കാര്യമല്ല. ഇപ്പോള്‍ തന്നെ മലയാളികളുടെ ഭക്ഷണശീലം ഏറെ അനാരോഗ്യകരമാണ്. അതെ സമയം തന്നെ വേണ്ടത്ര വ്യായാമങ്ങള്‍ ചെയ്യുന്നുമില്ല. കേരളം  ജീവിത ശൈലീ രോഗങ്ങളുടെ തലസ്ഥാനമാകുന്നു.
ഈ തലമുറയില്‍ ഇത് മാറാന്‍ പോകുന്നുണ്ട് എന്ന് തോന്നുന്നില്ല. വ്‌ലോഗുകാരും അണ്‍ലിമിറ്റഡ് കുഴിമന്തിക്കാരും ദിവസേന സദ്യക്കാരും പോത്തിന്‍ കാലുകാരും ഒക്കെയായി മൂന്നു നേരത്തെ ഭക്ഷണം ഒരു നേരം കഴിക്കുന്ന സ്വഭാവം രൂപപ്പെട്ടു കഴിഞ്ഞു.

അതിനി മധ്യവയസ്സില്‍ തന്നെ ജീവിതത്തിന്റെ ഗുണനിലവാരം കുറക്കുന്ന ജീവിതശൈലീരോഗങ്ങള്‍ ആയി, ചികിത്സാചിലവുകള്‍ താങ്ങാന്‍ വ്യക്തികള്‍ക്കും സമൂഹത്തിന്റെ ആരോഗ്യപരിപാലന ചിലവുകള്‍ കൈകാര്യം ചെയ്യാന്‍ സര്‍ക്കാരിനും സാധിക്കാത്ത ഒരു പ്രതിസന്ധിയില്‍ എത്തുമ്പോള്‍ മാത്രമേ ഈ മാറ്റത്തിന്റെ ഗുരുതരാവസ്ഥ നമ്മള്‍ മനസ്സിലാക്കുകയുള്ളൂ.

പക്ഷെ പുതിയ തലമുറയെ എങ്കിലും രക്ഷിക്കാന്‍ നമുക്ക് സാധ്യതയുണ്ട്.
വികസിതരാജ്യങ്ങളില്‍ ഒക്കെ സ്‌കൂള്‍ കുട്ടികള്‍ക്ക് ആരോഗ്യകരമായ ഭക്ഷണം എന്താകണം എന്നത് സമൂഹം ഏറെ ശ്രദ്ധിക്കുന്ന കാര്യമാണ്. ജാമി ഒലിവറേപ്പോലെയുള്ള അതിപ്രശസ്തരായ ഷെഫുമാര്‍ കുട്ടികള്‍ക്ക് ആരോഗ്യകരവും എന്നാല്‍ കുട്ടികള്‍ക്ക് കണ്ണിനും നാവിനും അസാധ്യകരവുമായ ഭക്ഷണം എങ്ങനെ ഉണ്ടാക്കാം എന്നതിനെപ്പറ്റി ടെലിവിഷനില്‍ ക്ളാസ്സുകള്‍ എടുക്കുന്നു.

ഒരു കുട്ടിയുടെ നിഷ്‌കളങ്കമായ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഉപ്പുമാവ് മാറ്റി ബിരിയാണിയാക്കുകയല്ല, കേരളത്തിലെ ഡയട്ടീഷ്യന്മാരും, ഡോക്ടര്‍മാരും,  സെലിബ്രിറ്റി ഷെഫുമാരും ഒക്കെ ചേര്‍ന്ന് എങ്ങനെയാണ് കേരളത്തിന്റെ സാഹചര്യത്തിന് യോജിച്ച കുട്ടികള്‍ ഇഷ്ടപ്പെടുന്ന, അവര്‍ക്ക് ആരോഗ്യകരമായ, അവരില്‍ ആരോഗ്യ ശീലങ്ങള്‍ വളര്‍ത്തുന്ന ഉച്ചഭക്ഷണം സ്‌കൂളുകളില്‍ കൊടുക്കുന്നതും അവരുടെ കുടുംബങ്ങളിലേക്ക് ആരോഗ്യകരമായ ഭക്ഷണത്തിന്റെ സന്ദേശം എത്തിക്കുക്കുന്നതും എങ്ങനെയാണെന്ന് ചര്‍ച്ച ചെയ്യാനുള്ള അവസരമാണ്.

അതിനെ ആംഗന്‍വാടിയില്‍ ബിരിയാണി ഫെസ്റ്റിവല്‍ നടത്തി കളയരുത്. കുട്ടികളുടേയും സമൂഹത്തിന്റെയും ഭാവിയുടെ പ്രശ്‌നമാണ്.