നെറ്റിപ്പട്ടം കെട്ടി ആന നടന്നുപോകുമ്പോള്‍ സ്ഥിരമായി ആനപ്പിണ്ഡത്തിലേക്ക് ക്യാമറ വെക്കുന്നവര്‍, മാധ്യമങ്ങള്‍ക്കെതിരെ മുരളി തുമ്മാരുകുടി

നവകേരള സദസ്സുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ നെഗറ്റീവ് വാര്‍ത്തകളുമായി എത്തുന്ന മാധ്യമങ്ങള്‍ക്കെതിരെ യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. നെറ്റിപ്പട്ടവും കെട്ടി, ചെവിയും ആട്ടി ഗംഭീരഭാവത്തോടെ ഒരു ആന നടന്നുപോകുമ്പോള്‍ സ്ഥിരമായി ആനപിണ്ഡത്തിലേക്ക് കാമറയും വച്ചിരിക്കുന്നവരുടെ കാലിനടിയില്‍ നിന്നും മണ്ണ് ഊര്‍ന്നു പോകുന്നത് അവര്‍ കാണുന്നില്ലേയെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹസിക്കുന്നു.
 

കൊച്ചി: നവകേരള സദസ്സുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ നെഗറ്റീവ് വാര്‍ത്തകളുമായി എത്തുന്ന മാധ്യമങ്ങള്‍ക്കെതിരെ യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. നെറ്റിപ്പട്ടവും കെട്ടി, ചെവിയും ആട്ടി ഗംഭീരഭാവത്തോടെ ഒരു ആന നടന്നുപോകുമ്പോള്‍ സ്ഥിരമായി ആനപിണ്ഡത്തിലേക്ക് കാമറയും വച്ചിരിക്കുന്നവരുടെ കാലിനടിയില്‍ നിന്നും മണ്ണ് ഊര്‍ന്നു പോകുന്നത് അവര്‍ കാണുന്നില്ലേയെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹസിക്കുന്നു.

നവകേരള സദസ്സ് ആരംഭിച്ചതുമുതല്‍ മാധ്യമങ്ങള്‍ നടത്തുന്ന നെഗറ്റീവ് വാര്‍ത്തകള്‍ക്കെതിരെ നേരത്തേയും അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്. ബസ്സിന്റെ ആഡംബരത്തെക്കുറിച്ച് വാര്‍ത്ത് നല്‍കിയ മാധ്യമങ്ങളെ അദ്ദേഹം പരിഹസിക്കുകയുണ്ടായി. വണ്ടി ചെളിയില്‍ പൂണ്ടു, വണ്ടിയുടെ ചില്ല് മാറ്റി, എന്നിങ്ങനെ. ഇനി ഡീസല്‍ അടിക്കുന്നതും ടയര്‍ മാറ്റുന്നതും കൂടി മാത്രമേ വരാനുള്ളൂയെന്ന് തുമ്മാരുകുടി പറയുന്നു.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

കാഴ്ച ശരിയല്ല: നവകേരളത്തില്‍ മാധ്യമങ്ങള്‍ കാണുന്നത്  

നവകേരള യാത്രയും നവകേരള സദസ്സും തുടങ്ങിയതില്‍ പിന്നെ എല്ലാ ദിവസ്സവും അത് ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്. ലോകത്തില്‍ തന്നെ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഭവം എന്ന് ഞാന്‍ പറഞ്ഞല്ലോ.

പത്ര മാധ്യമങ്ങള്‍  ശ്രദ്ധിക്കുകയാണെങ്കില്‍ പൊതുവെ നെഗറ്റീവ് കവറേജ് ആണ് കാണുന്നത്. വണ്ടി ചെളിയില്‍ പൂണ്ടു, വണ്ടിയുടെ ചില്ല് മാറ്റി, എന്നിങ്ങനെ. ഇനി ഡീസല്‍ അടിക്കുന്നതും ടയര്‍ മാറ്റുന്നതും കൂടി മാത്രമേ വരാനുള്ളു.
ടെലിവിഷന്‍ ചര്‍ച്ചകള്‍ ഞാന്‍ പണ്ടേ ശ്രദ്ധിക്കാറില്ല. അവിടെയും കാര്യങ്ങള്‍ വ്യത്യസ്തമാകാന്‍ വഴിയില്ല.

പക്ഷെ സാമൂഹ്യ മാധ്യമങ്ങള്‍ ഉള്ളത്  കൊണ്ട് കാര്യങ്ങള്‍ ഇടനിലക്കാരില്ലാതെ നമുക്ക് നേരിട്ട് കാണാമല്ലോ. വളരെ കൃത്യമായ പ്ലാനിങ്ങോടെ ആണ് യാത്ര പുരോഗമിക്കുന്നത്. ഓരോ മീറ്റിംഗിലും മൂന്നു മന്ത്രിമാര്‍ സംസാരിക്കുന്നു, വികസന നേട്ടങ്ങള്‍ പറയുന്നു. മുഖ്യമന്ത്രി തന്നെയാണ് പ്രധാന താരം. അദ്ദേഹം പതിവ് പോലെ കാര്യങ്ങള്‍ കൃത്യമായി പറയുന്നു.

എല്ലായിടത്തും ജനങ്ങള്‍ ഏറെ ഉണ്ട്. അതൊരു അതിശയമല്ല. കേരളത്തില്‍ ഏതൊരു സ്ഥലത്തും വന്‍ ജനപങ്കാളിത്തമുള്ള യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ സി പി എമ്മിന് സാധിക്കും. പക്ഷെ അത് മാത്രമല്ല. നമ്മുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു മന്ത്രിസഭ മുഴുവന്‍ ഒരുമിച്ച് നാട്ടിലേക്കിറങ്ങുന്നത്. ഭരണപക്ഷം അല്ലെങ്കിലും രാഷ്ട്രീയത്തില്‍ ഇല്ലെങ്കിലും അതിലൊക്കെ സാധാരണ ആളുകള്‍ക്ക് താല്പര്യം ഉണ്ടാകുമല്ലോ.

തൊള്ളായിരത്തി എഴുപത്തി മുന്നിലാണെന്ന് തോന്നുന്നു ലക്ഷം വീട് പദ്ധതി ഉല്‍ഘാടനം ചെയ്യാന്‍ ശ്രീമതി ഇന്ദിരാഗാന്ധി കൊലെഞ്ചേരിയിലേക്ക് വെങ്ങോല വഴി പോയത്. അന്ന് അവധി കിട്ടിയതാണോ അവധി ദിനമാണോ എന്നോര്‍മ്മയില്ല. ഞങ്ങള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ ജനങ്ങള്‍ മുഴുവന്‍  പി പി റോഡിന്റെ ഇരു വശത്തും ഉണ്ടായിരുന്നു. അതില്‍ രാഷ്ട്രീയം ഒന്നുമില്ല. അന്ന് ഈ പത്രങ്ങള്‍ ഒക്കെ അന്നും ഉണ്ടായിരുന്നു, പക്ഷെ ഇപ്പോള്‍ പറയുന്ന   'പൊരി വെയില്‍' ഒന്നും പത്രങ്ങളില്‍ കണ്ടതായി ഓര്‍മ്മയുമില്ല. കാലാവസ്ഥ വ്യതിയാനം ആയിരിക്കണം.

വിവിധ സ്ഥലങ്ങളില്‍ ആയി  ശ്രീമതി വീണ ജോര്‍ജ്ജ്, ശ്രീ പി രാജീവ്, ശ്രീ എം ബി രാജേഷ്  ശ്രീ മുഹമ്മദ്ഇ റിയാസ് ഇവരുടെ  ഒക്കെ പ്രസംഗം ഞാന്‍ മുഴുവന്‍ കേട്ടിരുന്നു. എല്ലാവരും നന്നായി സംസാരിക്കുന്നവരാണ്, അവരുടെ വകുപ്പിലെ കാര്യങ്ങള്‍ നന്നായി  പഠിച്ചിട്ടുള്ളവരാണ്, രാഷ്ട്രീയത്തെ പറ്റി കൃത്യമായ കാഴ്ചപ്പാടുകള്‍ ഉള്ളവരാണ്. അവരുടെ പ്രസംഗങ്ങള്‍  നമ്മുടെ അടുത്ത തലമുറ നേതൃത്വത്തെ പറ്റി ആത്മവിശ്വാസം ഉണ്ടാക്കുന്നതാണ്.
ആത്മവിശ്വാസം കിട്ടാത്തത് നമ്മുടെ അടുത്ത തലമുറ മാധ്യമങ്ങളെ പറ്റിയാണ്. പൊതുവെ കൂടുതല്‍ യുവാക്കള്‍ ഉള്ള മേഖലയാണ് മാധ്യമങ്ങള്‍. എന്നിട്ടും എന്തുകൊണ്ടാണ് ഇവരൊക്കെ മൊത്തം നെഗറ്റിവിറ്റിയുടെ പുറകേ പോകുന്നത്?.  നെറ്റിപ്പട്ടവും കെട്ടി, ചെവിയും ആട്ടി ഗംഭീരഭാവത്തോടെ ഒരു   ആന നടന്നുപോകുമ്പോള്‍ സ്ഥിരമായി  ആനപിണ്ഡത്തിലേക്ക് കാമറയും വച്ചിരിക്കുന്നവരുടെ കാലിനടിയില്‍ നിന്നും മണ്ണ് ഊര്‍ന്നു പോകുന്നത് അവര്‍ കാണുന്നില്ലേ?

എന്റെ അടുത്ത് കരിയര്‍ കൗണ്‌സലിങ്ങിനായി വരുന്നവരോട് ഞാന്‍ ജേര്‍ണലിസം ഒരു തൊഴിലായി എടുക്കുന്നതിനെ ഏറെ നിരുത്സാഹപ്പെടുത്താറുണ്ട്. കാരണം സാമൂഹ്യമാധ്യമങ്ങളുടെയും നിര്‍മ്മിത ബുദ്ധിയുടെയും കാലത്ത് ജേര്‍ണലിസത്തിന് ഒരു നല്ല  ഭാവി ഞാന്‍ കാണുന്നില്ല.  ഇത്തരത്തിലുള്ള മാധ്യമ പ്രവര്‍ത്തനം കാണുമ്പോള്‍ അത് ഭാവിയല്ല വര്‍ത്തമാനം ആണെന്ന് തോന്നുന്നു.