എത്ര തിരക്കായാലും അംബാനി ആഴ്ചയിലൊരിക്കല്‍ ഭക്ഷണം കഴിക്കാനെത്തുന്ന ഒരു റെസ്‌റ്റൊറന്റുണ്ട്, കോളേജ് കാലത്ത് തുടങ്ങിയ ഇഷ്ടം

ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ മുന്‍പന്തിയില്‍ ഉള്ള വ്യക്തിയാണ് ഇന്ത്യന്‍ വ്യവസായി മുകേഷ് അംബാനി. കഴിഞ്ഞദിവസം അദ്ദേഹത്തിന്റെ മകന്‍ ആനന്ദ് അംബാനിയുടെ വിവാഹം കെങ്കേമമാക്കിയത് ലോകമെങ്ങുമുള്ള മാധ്യമങ്ങളില്‍ പ്രധാന വാര്‍ത്തയായിരുന്നു.
 

മുംബൈ: ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ മുന്‍പന്തിയില്‍ ഉള്ള വ്യക്തിയാണ് ഇന്ത്യന്‍ വ്യവസായി മുകേഷ് അംബാനി. കഴിഞ്ഞദിവസം അദ്ദേഹത്തിന്റെ മകന്‍ ആനന്ദ് അംബാനിയുടെ വിവാഹം കെങ്കേമമാക്കിയത് ലോകമെങ്ങുമുള്ള മാധ്യമങ്ങളില്‍ പ്രധാന വാര്‍ത്തയായിരുന്നു. സഹസ്രകോടികള്‍ വാരിയെറിഞ്ഞുള്ള വിവാഹ മാമാങ്കത്തിനിടെ മുകേഷ് അംബാനി മുളക് ഭജി ആസ്വദിക്കുന്ന വീഡിയോ വൈറലായിരുന്നു. ഭക്ഷണത്തോടുള്ള മുകേഷിന്റെ പ്രിയം നേരത്തേയും വാര്‍ത്താപ്രാധാന്യം നേടിയിട്ടുണ്ട്. എത്ര തിരക്കായാലും മുംബൈയിലെ ഒരു റെസ്റ്റൊറന്റില്‍ ആഴ്ചയിലൊരിക്കലെങ്കിലും ഇദ്ദേഹം ഭക്ഷണം കഴിക്കാനെത്തും.

കഫേ മൈസൂര്‍ എന്ന പതിറ്റാണ്ടുകളുടെ പഴക്കമുള്ള ദക്ഷിണേന്ത്യന്‍ ഭക്ഷണം ലഭിക്കുന്ന റെസ്‌റ്റൊറന്റാണിത്. 1975 നും 1979 നും ഇടയില്‍ അദ്ദേഹം മുംബൈയിലെ കഫേ മൈസൂരില്‍ നിന്ന് ഭക്ഷണം ആസ്വദിച്ചതായി അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിരുന്നു. കോളേജ് പഠനകാലത്ത് തുടങ്ങിയ ദക്ഷിണേന്ത്യന്‍ ഭക്ഷണങ്ങളോടുള്ള അംബാനിയുടെ ഇഷ്ടം ഇന്നും തുടരുന്നു. ഇഡ്ഡലിയും ദോശും ഓര്‍ഡര്‍ ചെയ്യാന്‍ ഇപ്പോഴും ആഴ്ചയിലൊരിക്കല്‍ അവിടെയെത്തും.

ദക്ഷിണേന്ത്യന്‍ ഭക്ഷണത്തിനായുള്ള മുംബൈയിലെ ഏറ്റവും പഴക്കം ചെന്ന റെസ്റ്റോറന്റാണ് കഫേ മൈസൂര്‍. 1936-ലാണ് കഫേ മൈസൂര്‍ സ്ഥാപിതമായത്, സഹസ്ഥാപകനായ നാഗേഷ് രാമ നായക്ക് ആണ് റെസ്‌റ്റൊറന്റിന്റെ വിജയത്തിന് പിന്നില്‍.

മുംബൈ ഈസ്റ്റില്‍ ഡോ. ബാബാ സാഹിബ് അംബേദ്കര്‍ റോഡിലാണ് കഫേ മൈസൂര്‍ സ്ഥിതി ചെയ്യുന്നത്. രാവിലെ 8 മുതല്‍ രാത്രി 10 വരെയാണ് ഇതിന്റെ പ്രവര്‍ത്തനം. ആഴ്ചയില്‍ 6 ദിവസവും പ്രവര്‍ത്തിക്കുന്നു, എല്ലാ ബുധനാഴ്ചയും അവധിയാണ്. ദക്ഷിണേന്ത്യന്‍ വിഭവങ്ങളുടെ വിപുലമായ ഒരു മെനു ഇവിടെയുണ്ട്. കൂടാതെ ഉത്തരേന്ത്യന്‍ ഭക്ഷണ ഇനങ്ങളും, സാന്‍ഡ്വിച്ചുകള്‍, മധുരപലഹാരങ്ങള്‍, പാനീയങ്ങള്‍ എന്നിവയും ഇവിടെ ലഭ്യമാണ്.

ഏകദേശം 81 ദോശ ഇനങ്ങള്‍ റെസ്റ്റൊറന്റിന്റെ പ്രത്യേകതയാണ്. ഓണ്‍ലൈന്‍ വഴിയും ഭക്ഷണം വിതരണം ചെയ്യും. ഡിജിറ്റല്‍ റസ്റ്റോറന്റിലൂടെ ഇഡ്ഡലി, വട, ചോറ്, ഉപ്പുമാവ്, പൂരികള്‍, സ്‌നാക്ക്സ്, സാന്‍ഡ്വിച്ചുകള്‍, പലഹാരങ്ങള്‍, ലസ്സി ഫലൂദ, കൂടാതെ മില്‍ക്ക് ഷേക്കുകള്‍ എന്നിവ ലഭിക്കും.