വിവാഹ പന്തലില്‍ വധുവിന്റെ അമ്മയുടെ അമ്പരപ്പിക്കുന്ന പെരുമാറ്റം, വരന്‍ ഇറങ്ങിപ്പോയി

വിവാഹ ദിവസം തന്നെ വിവാഹം മുടങ്ങുന്ന വാര്‍ത്ത ഉത്തരേന്ത്യയില്‍ നിന്നും പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. വരന്റെ മദ്യപാനവും മറ്റുമായിരുന്നു ഇത്തരം സംഭവങ്ങളിലേക്ക് നയിച്ചിരുന്നതെങ്കില്‍ ഉത്തര്‍പ്രദേശിലെ സംഭാലില്‍ കഴിഞ്ഞദിവസം ഒരു വിവാഹം മുടങ്ങിയത് വധുവിന്റെ അമ്മയുടെ പുകവലിയും നൃത്തവും കണ്ടാണ്.
 

ന്യൂഡല്‍ഹി: വിവാഹ ദിവസം തന്നെ വിവാഹം മുടങ്ങുന്ന വാര്‍ത്ത ഉത്തരേന്ത്യയില്‍ നിന്നും പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. വരന്റെ മദ്യപാനവും മറ്റുമായിരുന്നു ഇത്തരം സംഭവങ്ങളിലേക്ക് നയിച്ചിരുന്നതെങ്കില്‍ ഉത്തര്‍പ്രദേശിലെ സംഭാലില്‍ കഴിഞ്ഞദിവസം ഒരു വിവാഹം മുടങ്ങിയത് വധുവിന്റെ അമ്മയുടെ പുകവലിയും നൃത്തവും കണ്ടാണ്.

ഉത്തരേന്ത്യയില്‍ വിവാഹങ്ങള്‍ ഒട്ടേറെ ദിവസങ്ങളലായി നടക്കാറുള്ള ചടങ്ങുകളാണ്. കുടുംബാംഗങ്ങളെല്ലാം നൃത്തം ചെയ്യുകയും മറ്റും ചെയ്യുന്നത് അവിടെ പതിവ് രീതിയാണ്. എന്നാല്‍, അവരുടെ പുകവലി വരനെ അമ്പരപ്പിക്കുകതന്നെ ചെയ്തു. സംഭാല്‍ ജില്ലയിലെ സരയാത്രിന്‍ സ്വദേശിയായ യുവാവും രാജ്പുരയില്‍ നിന്നുള്ള പെണ്‍കുട്ടിയും തമ്മിലായിരുന്നു വിവാഹം.

വരനും അതിഥികളും വിവാഹ വേദിയില്‍ എത്തിയപ്പോള്‍, വരനെയും കുടുംബത്തെയും അമ്പരപ്പിക്കുന്ന അസാധാരണമായ കാഴ്ചയാണ് അവിടെയുണ്ടായത്. വിവാഹ ചടങ്ങുകള്‍ ആരംഭിക്കുന്നതിനായി വരന്‍ മണ്ഡപത്തില്‍ ക്ഷമയോടെ കാത്തിരിക്കുമ്പോള്‍, അതിഥികള്‍ മറുവശത്ത് ഭക്ഷണം കഴിക്കുകയും സന്തോഷത്തോടെ നൃത്തം ചെയ്യുകയും ചെയ്തു.

ആഘോഷങ്ങള്‍ക്കിടയില്‍ വധവിന്റെ അമ്മയുടെ പെരുമാറ്റം വരന് ഇഷ്ടമായില്ല. അവര്‍ ആള്‍ക്കൂട്ടത്തോടൊപ്പം നൃത്തം ചെയ്യുകയും സിഗരറ്റ് വലിക്കുകയും ചെയ്തതാണ് കാരണം. അമ്മായിയമ്മയുടെ പുകവലി കണ്ടതോടെ വരന്‍ വിവാഹ ചടങ്ങുകള്‍ നിര്‍ത്തി മടങ്ങാനൊരുങ്ങി. സംഭവം ഇരുവീട്ടുകാരും തമ്മില്‍ രൂക്ഷമായ തര്‍ക്കത്തിനാണ് ഇടയാക്കിയത്. നിരാശനായ വരനും കുടുംബവും വീട്ടിലേക്കും വധു അമ്മയോടൊപ്പവും മടങ്ങി.

സംഭവത്തെ തുടര്‍ന്ന് ഇരു കുടുംബങ്ങളും തമ്മില്‍ പഞ്ചായത്തുനടത്തി. സ്ഥിതിഗതികള്‍ പരിഹരിക്കുന്നതിനും മധ്യസ്ഥത കണ്ടെത്തുന്നതിനും സമുദായ അംഗങ്ങള്‍ ഇടപെട്ടതോടെ അഭിപ്രായവ്യത്യാസങ്ങള്‍ മറികടന്ന് ബന്ധം പുനഃസ്ഥാപിക്കാന്‍ രണ്ടും കുടുംബങ്ങളും തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ട്.