ഗുജറാത്ത് കലാപത്തിന് പിന്നിൽ മോദിയോ ?

മോളിവുഡിന് സ്വപ്നം കാണാൻ പറ്റാത്ത അത്രയും ഉയരങ്ങളിലേക്ക് കുതിക്കുകയാണ് എമ്പുരാൻ. സിനിമ റിലീസ് ചെയത് 48 മണിക്കൂറിൽ 100 കോടി ക്ലബ്ബിലെത്തി.

 

മോളിവുഡിന് സ്വപ്നം കാണാൻ പറ്റാത്ത അത്രയും ഉയരങ്ങളിലേക്ക് കുതിക്കുകയാണ് എമ്പുരാൻ. സിനിമ റിലീസ് ചെയത് 48 മണിക്കൂറിൽ 100 കോടി ക്ലബ്ബിലെത്തി. അഞ്ചാം ദിവസം തന്നെ 200 കോടി ക്ലബ്ബിലും ഇടം പിടിച്ചു. മലയാളത്തിൽ ഇനി ഇങ്ങനെ ഒരു മേക്കിം​ഗ് വരില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. പൃഥ്വിരാജ്- മോഹൻലാൽ കൂട്ടുകെട്ടിലെ എമ്പുരാൻ മികച്ച പ്രതികരണത്തോടെ മുന്നേറുന്നതിനൊപ്പം
 ചർച്ചയായിക്കൊണ്ടിരിക്കുകയാണ് ഗോധ്ര ട്രെയിൻ തീപിടുത്തവും നരോദ പാട്യ സംഭവവും ബാബു ബജ്റംഗിയും ഗുജറാത്ത് കലാപവും.

 2002 ഫെബ്രുവരി 27-ന് രാവിലെ സബർമതി എക്സ്പ്രെസ്സ് തീവണ്ടിയിലുണ്ടായ തീപിടുത്തമാണ് എല്ലാത്തിൻ്റേയും തുടക്കം.
സബർമതി എക്സ്പ്രസ് ട്രെയിൻ ​ഗുജറാത്തിലെ ഗോധ്ര ജങ്ഷൻ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽ എത്തുമ്പോൾ ഏകദേശം അഞ്ചുമണിക്കൂർ വൈകിയിരുന്നു. ട്രെയിനിൽ വലിയ തിരക്കും ഇരട്ടിയോളം യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാരിൽ ഭൂരിപക്ഷവും അയോദ്ധ്യയിൽനിന്നു മടങ്ങുന്ന കർസേവകരായിരുന്നു. ട്രെയിനിൽ 'ജയ് ശ്രീറാം' വിളികൾ ഉയർന്നിരുന്നു. കർസേവകരും സ്റ്റേഷനിലുണ്ടായ മുസ്ലീം കടക്കാരും തമ്മിൽ ചെറിയ തോതിൽ വാക്കുതർക്കങ്ങൾ ഉണ്ടായിരുന്നു. പിന്നീട് വണ്ടി പുറപ്പെട്ട് കുറച്ച് ദൂരം മുന്നോട്ടുപോയി. അപ്രതീക്ഷിതമായി ആരോ ട്രെയിനിന്റെ ചെയിൻ വലിച്ചുനിർത്തി. അവിടെ ഒരാൾക്കൂട്ടം ട്രെയിനിന് നേരെ നടന്നടുത്തു. ആ സമയത്താണ് ട്രെയിന്റെ ഒരു ബോ​ഗി കത്തിനശിക്കുന്നതും 59 പേർ മരണപ്പെടുന്നതും.

ഗോധ്ര ദുരന്തത്തെ തുടർന്ന് റെയിൽവേ മന്ത്രാലയം നിയമിച്ച ബാനർജി കമ്മീഷൻ, സംഭവം യാദൃശ്ചികമായ തീപ്പിടുത്തമാണെന്ന് കണ്ടെത്തി. പക്ഷെ ​തീപ്പിടുത്തം ഉണ്ടായപ്പോൾ ട്രെയിനിൻ്റെ വാതിലുകൾ ആരോക്കെയോ മനപൂർവ്വം പൂട്ടിയതാണെന്നും, അല്ലെങ്കിൽ യാത്രക്കാർക്ക് രക്ഷപ്പെടാമായിരുന്നെന്നും, ഇത് ഗോധ്രയിലെ മുസ്‌ലിം ജനക്കൂട്ടം ആസൂത്രിതമായി നടത്തിയ തീവെപ്പാണെന്നും ഗുജറാത്ത് സർക്കാർ നിയമിച്ച നാനാവതി-മേത്ത കമ്മീഷൻ കണക്കാക്കുകയായിരുന്നു. അതെ സമയം, തീപ്പിടുത്തത്തിന്റെ കാരണം ഇപ്പോഴും ഒരു തർക്കവിഷയവും അജ്ഞാതമായി തുടരുകയാണ്.

ഗോധ്രയുടെ തുടർച്ചയായിരുന്നു ഗുജറാത്തിൽ ഒരാഴ്ചയോളം നീണ്ടുനിന്ന വർഗ്ഗീയകലാപവും കൂട്ടക്കൊലയും. അഹമ്മദാബാദിൽ തുടങ്ങിയ കലാപം സംസ്ഥാനമെങ്ങും വ്യാപിച്ചു.  കലാപസമയത്ത് അഹമ്മദാബാദിന് അടുത്തുള്ള നരോദയിൽ 2002 ഫെബ്രുവരി 28 ന് നടന്ന കൂട്ട വംശഹത്യയാണ് നരോദപാട്യ കൂട്ടക്കൊല. ഈ വംശഹത്യയിൽ ഭാരതീയ ജനതാ പാർട്ടിയുടേയും, ബജ്രംഗദളിന്റെയും പ്രവർത്തകരെന്ന് ആരോപിക്കപ്പെടുന്ന അയ്യായിരത്തോളം വരുന്ന ജനക്കൂട്ടം മുസ്ലിംകളെ കൊലപ്പെടുത്തി. ഈ കലാപത്തിൽ കൂട്ടബലാൽസംഘം, മാനഭംഗം, ആളുകളെ ഒറ്റക്കും കൂട്ടമായും തീവെച്ച് കൊലപ്പെടുത്തി. 2002 ലെ ഗുജറാത്ത് കലാപകാലത്ത് നടന്ന അക്രമങ്ങളിലെ ഏറ്റവും വലിയ കൂട്ടക്കൊലയാണിത് എന്ന് വിലയിരുത്തപ്പെടുന്നു.

ആക്രമണങ്ങളിൽ ആയിരത്തോളം പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ പറയുന്നത്, എന്നാൽ അനൗദ്യോഗിക കണക്ക് പ്രകാരം മരണം രണ്ടായിരത്തിലധികമാണെന്നാണ് സൂചിപ്പിക്കുന്നത്. കലാപ സമയത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെയും അവിടുത്തെ ഭരണകൂടത്തിന്റെയും നിലപാട് വിവാദമായി. കലാപത്തിന് മോദി രഹസ്യപിന്തുണ നൽകിയെന്ന് ആരോപണം ഉയർന്നു. കലാപത്തിന്റെ മുഖ്യ ആസൂത്രകൻ ബാബു ബജ്റംഗി തനിക്ക് ജാമ്യം ലഭിക്കാൻ നരേന്ദ്ര ഭായി, അതായത് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ ഇടപെടലിനെ കുറച്ച് സംസാരിക്കുന്ന വീഡിയോ ക്ലിപ്പും ചർച്ചാ വിഷയമായിരുന്നു.

allowfullscreen

​ഗുജറാത്ത് കലാപം തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമായി. കലാപം നടന്ന വർഷത്തിൽ ഉൾപ്പെടെ ​ഗുജറാത്തിൽ വലിയ ഭൂരിപക്ഷത്തിൽ ബിജെപി അധികാരത്തിലെത്തി. ​ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്നും ഇന്ത്യൻ പ്രധാനമന്ത്രിയായി മോദി മാറി. ബാബറി മസ്ജീദ് തകർത്തതിന് ശേഷം ഇന്ത്യയിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന് വേരുകൾ നൽകിയ മറ്റൊരു സംഭവമായി ​ഗുജറാത്ത് കലാപം മാറി. 2008-ൽ, സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം സംഭവവുമായി ബന്ധപ്പെട്ട് വിവിധ അന്വേഷണങ്ങൾ നടത്തി. 2012-ൽ SIT റിപ്പോർട്ട് നരേന്ദ്ര മോദി അടക്കമുള്ള ഉന്നത ഭരണാധികാരികൾക്ക് നേരെയുള്ള കുറ്റാരോപണങ്ങൾക്ക് തെളിവുകളില്ലെന്ന് വ്യക്തമാക്കി. പിന്നീടും അന്വേഷണങ്ങൾ പലത് നടന്നെങ്കിലും നരേന്ദ്ര മോദിയെ കുറ്റക്കാരനാക്കാനുള്ള തെളിവുകൾ ഉണ്ടായില്ല.

എന്തായാലും എമ്പുരാനിൽ ​ഗുജറാത്ത് കലാപത്തെ കുറിച്ച് പരാമർശിച്ചതിന് പിന്നാലെ ​ദേശീയ അന്താരാഷ്ട്ര വേദികളിൽ വിവാദങ്ങൾ ഉയരുകയാണ്. കാലമെത്ര കഴിഞ്ഞാലും വീണ്ടും ഉയർന്നുവരും ഗോധ്ര ട്രെയിൻ തീപിടുത്തവും ഗുജറാത്ത് കലാപത്തിൽ ഇരകളായ നിരപരാധികളുടെ നിലവിളികളും..