ആരാണ് കാസര്‍കോട്ടെ അശ്വിനി?, ഉണ്ണിത്താന് കോളടിച്ചോ? ആശയക്കുഴപ്പത്തിലായി അണികള്‍
കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ ആശയക്കുഴപ്പിലായി അണികള്‍. പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ പലര്‍ക്കും അറയില്ല. എം എല്‍ അശ്വിനിയെന്ന പുതുമുഖത്തെയാണ് ബിജെപിക്ക് ഭേദപ്പെട്ട വോട്ടുകള്‍ കിട്ടുന്ന മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. നേരത്തെ സംസ്ഥാന നേതാക്കള്‍ മാത്രം മത്സരിച്ചിരുന്ന മണ്ഡലമാണിത്.
ഒ രാജഗോപാലും കെ സുരേന്ദ്രനുമെല്ലാം മത്സരിച്ച മണ്ഡലത്തിലെ വനിതാ സ്ഥാനാര്‍ത്ഥിയെക്കുറിച്ച് ഭൂരിപക്ഷം അണികള്‍ക്കും അറയില്ലെന്നതാണ് സത്യം. ബംഗളൂരുവില്‍ ജനിച്ച ഇവര്‍ മഞ്ചേശ്വരം വോര്‍ക്കാടി പജ്വയിലാണ് താമസം. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വോര്‍ക്കാടി ഡിവിഷന്‍ അംഗമാണ്. ബ്ലോക്ക് പഞ്ചായത്ത് അംഗമായശേഷം മഹിളാമോര്‍ച്ച ദേശീയ കൗണ്‍സില്‍ അംഗവും തമിഴ്നാട് സഹപ്രഭാരിയുമാക്കി.
ദക്ഷിണ കന്നഡയിലെ ആര്‍എസ്എസ് നേതൃത്വത്തിന്റെ സ്വാധീനത്തിലാണ് കാസര്‍കോട് ജില്ലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായത്. കാസര്‍കോട്, മഞ്ചേശ്വരം നിയോജകമണ്ഡലങ്ങളിലെ ആര്‍എസ്എസ് പ്രവര്‍ത്തനം ദക്ഷിണ കന്നഡയിലെ സംഘടനാസംവിധാനത്തിനുകീഴിലാണ്. അശ്വിനിയുടെ സ്ഥാനാര്‍ഥിത്വത്തിന് ഇവരുടെ പിന്തുണയുണ്ട്. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും അശ്വിനിയെ പിന്തുണച്ചെന്നാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവര്‍ സുരേന്ദ്രനുവേണ്ടി പ്രവര്‍ത്തിച്ചിരുന്നു.
പ്രമുഖരായ പല സംസ്ഥാന നേതാക്കളും നോട്ടമിട്ട സീറ്റാണിത്. മുന്‍ സംസ്ഥാന പ്രസിഡന്റ് പി കെ കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ശ്രീകാന്ത്, ജില്ലാ പ്രസിഡന്റ് രവീശതന്ത്രി കുണ്ടാര്‍ എന്നിവരെല്ലാം സീറ്റിനായി നോട്ടമിട്ടെങ്കിലും കേന്ദ്രത്തിലുള്ള പിടിപാട് അശ്വിനിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ നിര്‍ണായകമായി. ഗ്രൂപ്പുതിരിഞ്ഞ് പോരടിക്കുന്ന ജില്ലയിലെ നേതാക്കള്‍ക്കുള്ള അടിയാണ് ദേശീയ നേതൃത്വം നല്‍കിയതെന്ന് ഒരുവിഭാഗം പറയുന്നു.
2019ല്‍ സംസ്ഥാനമെങ്ങും ബിജെപി നേട്ടമുണ്ടാക്കിയപ്പോള്‍ കാസര്‍കോട് വോട്ട് വിഹിതം കുറയുകയാണുണ്ടായത്. രവീശ തന്ത്രി കുണ്ടാര്‍ ആയിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിലെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അട്ടിമറി വിജയം നേടിയ മണ്ഡലത്തില്‍ സിപിഎമ്മിലെ സതീഷ് ചന്ദ്രന്‍ 40,438 വോട്ടുകള്‍ക്ക് തോറ്റു. 4 ശതമാനത്തിലധികം വോട്ടുകളാണ് ഉണ്ണിത്താന് വര്‍ധിപ്പിച്ചത്.
ബിജെപി ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതോടെ ഉണ്ണിത്താന് തുടര്‍ച്ചയായ രണ്ടാംതവണയും ജയിക്കാനായേക്കുമെന്നാണ് വിലയിരുത്തലുകള്‍. ബിജെപി വോട്ടുകള്‍ നേടാന്‍ കഴിവുള്ള നേതാവാണ് ഉണ്ണിത്താന്‍. അതേസമയം, ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വവുമായുള്ള ഉടക്കും മുസ്ലീംലീഗ് വോട്ടുകളിലുണ്ടായേക്കാവുന്ന ഇടിവും രാജ്‌മോഹന്‍ ഉണ്ണിത്താന് തിരിച്ചടിയായേക്കാം.