എംകെ മുനീര്‍ ദരിദ്രനായതെങ്ങനെയെന്ന് സോഷ്യല്‍ മീഡിയ, കോടികളുടെ ആസ്തി കണക്കുകള്‍ പുറത്ത്, മകന്റെ അത്യാഡംബര വിവാഹത്തിന് കോടികളുടെ ചെലവ്, ഇന്ത്യാവിഷന്‍ ജീവനക്കാര്‍ക്ക് ലക്ഷങ്ങളുടെ കുടിശ്ശിക

മുസ്ലിം ലീഗ് നേതാവും കൊടുവള്ളി എംഎല്‍എയുമായ ഡോ. എം.കെ. മുനീറിന്റെ വീട് ജപ്തി ഭീഷണി നേരിട്ട വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി.

 

മുനീറിന്റെ നടക്കാവിലെ ക്രസന്റ് ഹൗസ് (മുഹമ്മദ് കോയയുടെ പഴയ വീട്) ലീഗിന് വൈകാരിക പ്രാധാന്യമുള്ളതാണ്. ജാഫര്‍ ഖാന്‍ കോളനിയിലെ പഴയ വീട് സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം വിറ്റശേഷമാണ് ഇവിടേക്ക് താമസം മാറ്റിയത്.

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും കൊടുവള്ളി എംഎല്‍എയുമായ ഡോ. എം.കെ. മുനീറിന്റെ വീട് ജപ്തി ഭീഷണി നേരിട്ട വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി. എന്നാല്‍, അദ്ദേഹം എങ്ങനെ ദരിദ്രനായി എന്ന ചോദ്യവും അതിനിടെ ഉയര്‍ന്നുവന്നു.

മുനീര്‍ നേരത്തെ വിവിധ തെരഞ്ഞെടുപ്പുകളില്‍ സത്യവാങ്മൂലത്തിലൂടെ കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ളതായി വെളിപ്പെടുത്തിയിരുന്നു. 2021ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ 4.34 കോടി രൂപയുടെ ആസ്തിയാണ് കാണിച്ചിരുന്നത്. 92 ലക്ഷം രൂപ ബാധ്യതയും. 2016 ലെ തിരഞ്ഞെടുപ്പില്‍ ആസ്തി ഏകദേശം 2.73 കോടി രൂപയായിരുന്നു. 2021 ലെത്തിയപ്പോള്‍ ആസ്തി ഏകദേശം 1.5 കോടി രൂപ വര്‍ധിച്ചു.

കോടികളുടെ ആസ്തിയുള്ള നേതാവ് എങ്ങനെ ദരിദ്രനായെന്നാണ് സോഷ്യല്‍ മീഡിയയിലെ ചില പോസ്റ്റുകള്‍ ചോദിക്കുന്നത്. വീടിന്റെ പുനര്‍നിര്‍മാണത്തിനായി 10 വര്‍ഷം മുന്‍പ് കോഴിക്കോട് ടൗണ്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ നിന്ന് 70 ലക്ഷം രൂപ വായ്പയെടുത്തതായി മുനീര്‍ തന്നെ വ്യക്തമാക്കിയിരുന്നു. 60 ലക്ഷം രൂപ തിരിച്ചടച്ചു. ബാക്കി പണം തിരിച്ചടക്കാന്‍ വൈകിയതോടെ അത് 58-59 ലക്ഷം രൂപയായി. ഒറ്റത്തവണ തുകയായി 49 ലക്ഷം അടച്ചാല്‍ വായ്പ അവസാനിപ്പിക്കാമെന്ന് റവന്യൂ റിക്കവറി ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു. മാര്‍ച്ച് 31-ന് മുന്‍പ് അടയ്ക്കാത്തപക്ഷം ജപ്തി നടപടികള്‍ നേരിടേണ്ടിവരുമെന്നും.

2016-ല്‍ മകന്‍ മുഫ്‌ലിഹിന്റെ വിവാഹത്തിനായുള്ള ഒരുക്കത്തിനായിരുന്നു വീട് മോടിപിടിപ്പിച്ചത്. രാഷ്ട്രീയ സാമൂഹ്യ രംഗത്തെ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത സ്റ്റാര്‍ സ്റ്റഡഡ് വിവാഹമായിരുന്നു അത്. വമ്പന്‍ തുക അതിനായി ചെലവഴിച്ചെന്ന് പറയപ്പെടുന്നു. ജീവിതത്തിലെ സമ്പാദ്യം മുഴുവന്‍ മകന്റെ വിവാഹത്തിന് എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ അന്നുതന്നെ ഉണ്ടായിരുന്നു.

മുനീറിന്റെ നടക്കാവിലെ ക്രസന്റ് ഹൗസ് (മുഹമ്മദ് കോയയുടെ പഴയ വീട്) ലീഗിന് വൈകാരിക പ്രാധാന്യമുള്ളതാണ്. ജാഫര്‍ ഖാന്‍ കോളനിയിലെ പഴയ വീട് സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം വിറ്റശേഷമാണ് ഇവിടേക്ക് താമസം മാറ്റിയത്.

ജപ്തി ഭീഷണി വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് ലീഗ് നേതൃത്വം ഇടപെട്ടു. പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ മുനീറിനെ വിളിച്ച് അന്വേഷിച്ചു. ലീഗ് സംസ്ഥാന കമ്മിറ്റിയുടെ അക്കൗണ്ടില്‍ നിന്ന് 49 ലക്ഷം രൂപ അടച്ച് വായ്പ തീര്‍ത്തു.

മുനീര്‍ നേരത്തെ കാണിച്ചിരുന്ന ആസ്തിയുമായി ബന്ധപ്പെട്ട് ഇപ്പോഴും ചര്‍ച്ചകള്‍ തുടരുകയാണ്. അതിനിടെ ഇന്ത്യാവിഷന്‍ ചാനലിലെ മുന്‍ ജീവനക്കാര്‍ ലക്ഷക്കണക്കിന് രൂപ മുനീര്‍ പ്രതിഫലമായി തരാനുണ്ടെന്ന് പ്രതികരിച്ചു. അന്ന് പിഎഫിലേക്ക് അടക്കാനായി നല്‍കിയ തുകപോലും അടക്കാത്തത് വലിയ വിവാദത്തിനിടയാക്കിയിരുന്നു.