ശിവ് നാടാറെ അറിയുമോ? മകള്‍ക്ക് 115 കോടി രൂപയുടെ വീട്, പാവങ്ങള്‍ക്കായി ദിവസവും 3 കോടി രൂപ
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും ധനികരിലൊരാളാണ് ശിവ് നാടാര്‍. 2023ലെ ഫോബ്‌സ് പട്ടികയില്‍ മുകേഷ് അംബാനി, ഗൗതം അദാനി, സൈറസ് പൂനാവാല എന്നിവര്‍ക്ക് പിന്നില്‍ നാലാമത്തെ ധനികനായി ശിവ് നാടാര്‍ ഇടംപിടിച്ചു. രാജ്യത്തെ ഏറ്റവും പ്രചോദനാത്മക വ്യക്തികളില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. സമ്പാദിക്കുന്നില്‍ വലിയൊരുപങ്കും സമൂഹത്തിന് തിരികെ നല്‍കുന്നതില്‍ വിശ്വസിക്കുന്ന ശതകോടീശ്വരനായ ശിവ് നാടാറിന്റെ കുടുംബം ശിവ് നാടാര്‍ ഫൌണ്ടേഷന്‍ എന്ന ഒരു ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ നടത്തുന്നു.
ഫൗണ്ടേഷന്‍ പ്രാഥമികമായി വിദ്യാഭ്യാസ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. 2022 ല്‍, ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയേക്കാള്‍ വളരെ കൂടുതല്‍ ചാരിറ്റിയിലൂടെ വിതരണം ചെയ്തു. വെറും 12 മാസത്തിനുള്ളില്‍ 1000 കോടി രൂപ ചെലവഴിച്ചതോടെ ഇന്ത്യയിലെ ഏറ്റവും വലിയ സംഭാവന നല്‍കിയ വ്യക്തിയായി അദ്ദേഹം. ഹുറൂണ്‍ ഇന്ത്യ ലിസ്റ്റ് 2022 പ്രകാരം ശിവ് നാടാര്‍ 1161 കോടി രൂപയാണ് സംഭാവന ചെയ്തത്. 484 കോടി രൂപ സംഭാവന നല്‍കിയ അസിം പ്രേംജിയേക്കാള്‍ ഏറെ മുന്നിലാണ് അദ്ദേഹം. 411 കോടി രൂപ സംഭാവന ചെയ്ത മുകേഷ് അംബാനി പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.
1945ല്‍ തമിഴ്‌നാട്ടിലെ മൂലപോഴിയിലാണ് ശിവ് നാടാര്‍ ജനിച്ചത്. മധ്യവര്‍ഗ കുടുംബത്തിലെ അംഗമായിരുന്നു. കോയമ്പത്തൂരിലെ പ്രശസ്തമായ പിഎസ്ജി കോളേജ് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കി. 21 വയസ്സ് വരെ അദ്ദേഹത്തിന് ഇംഗ്ലീഷില്‍ സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. 1967ല്‍ അദ്ദേഹം പൂനെയിലെ കൂപ്പര്‍ എഞ്ചിനീയറിംഗ് ലിമിറ്റഡില്‍ ജോലി ചെയ്യാന്‍ തുടങ്ങി. പിന്നീട് ചില സുഹൃത്തുക്കള്‍ക്കൊപ്പം തുടങ്ങിയ ഐടി കമ്പനിയാണ് എച്ച്‌സിഎല്‍. 1991ലെ മൂന്ന് വലിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നാടാറിന്റെ നേതൃത്വത്തിലുള്ള കമ്പനി പരമാവധി പ്രയോജനപ്പെടുത്തിയതോടെ ഇന്ത്യയിലെ മുന്‍നിര ഐടി കമ്പനിയായി എച്ച്‌സിഎല്‍ മാറുകയായിരുന്നു.
ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് പ്രകാരം അദ്ദേഹത്തിന്റെ നിലവിലെ ആസ്തി 25.3 ബില്യണ്‍ ഡോളര്‍ (2,07,700 കോടി രൂപ) ആണ്. ഇതുവരെ ശിവ് നാടാര്‍ ഫൗണ്ടേഷന് മൊത്തം 9000 കോടി രൂപ സംഭാവന ചെയ്തിട്ടുണ്ട്. 2020ല്‍ ശിവ് നാടാര്‍ കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. അദ്ദേഹത്തിന്റെ മകള്‍ റോഷ്‌നി നാടാര്‍ മല്‍ഹോത്രയാണ് ഇപ്പോള്‍ ഐടി ഭീമന്റെ നേതൃത്വം ഏറ്റെടുത്ത് നടത്തുന്നത്. 80, 000 കോടിയിലധികം ആസ്തിയുള്ള അവര്‍ ഇന്ത്യയിലെ ഏറ്റവും ധനികരായ വനിതകളില്‍ ഒരാളാണ്.
2014ല്‍ ശിവ് നാടാര്‍ ദേശീയ തലസ്ഥാനത്തെ ഫ്രണ്ട്‌സ് കോളനി ഈസ്റ്റ് ഏരിയയില്‍ 115 കോടി രൂപയ്ക്ക് ഒരു വീട് വാങ്ങി. അദ്ദേഹം ആ വീട് റോഷ്‌നി നാടാറിന് സമ്മാനിച്ചു. 1,930 ചതുരശ്ര യാര്‍ഡ് ആണ് വീടിന്റെ വിസ്തീര്‍ണ്ണം. ബിസിനസുകാരനായ ശിഖര്‍ മല്‍ഹോത്രയെയാണ് റോഷ്‌നി നാടാര്‍ വിവാഹം കഴിച്ചത്.