നോക്കുകുത്തിയായി മട്ടന്നൂർ ടൗൺ സ്ക്വയർ ; തിരിഞ്ഞു നോക്കാനാളില്ലാതെ ജീർണിക്കുന്നു
ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ മട്ടന്നൂർ ടൗൺ സ്ക്വയർ ആരോരും തിരിഞ്ഞു നോക്കാനില്ലാതെ നശിക്കുന്നു. വിമാനതാവള നഗരമായ മട്ടന്നൂരിലെ ഇൻസ്പെക്ഷൻ ബംഗ്ളാവിന് അടുത്താണ് പ്രകൃതി രമണീയമായ സ്ഥലത്ത് ടൗൺ സ്ക്വയർ സ്ഥിതി ചെയ്യുത്തത്.
മട്ടന്നൂർ : ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ മട്ടന്നൂർ ടൗൺ സ്ക്വയർ ആരോരും തിരിഞ്ഞു നോക്കാനില്ലാതെ നശിക്കുന്നു. വിമാനതാവള നഗരമായ മട്ടന്നൂരിലെ ഇൻസ്പെക്ഷൻ ബംഗ്ളാവിന് അടുത്താണ് പ്രകൃതി രമണീയമായ സ്ഥലത്ത് ടൗൺ സ്ക്വയർ സ്ഥിതി ചെയ്യുത്തത്. 2015 ഡിസംബർ 18 നാണ് അന്നത്തെ ടൂറിസം വകുപ്പ് മന്ത്രി എ.പി അനിൽകുമാർ ടൗൺ സ്ക്വയറിൻ്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. 2018 മെയ് 14 ന് പ്രവൃത്തി പൂർത്തിയായ ടൗൺ സ്ക്വയർ അന്നത്തെ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നാടിന് സമർപ്പിക്കുകയും ചെയ്തു.
മട്ടന്നൂർ നഗരത്തിലെത്തുന്നവർക്ക് വിശ്രമിക്കാനുള്ള ബെഞ്ചുകളും ശൗചാലയവും ഉൾപ്പെടെ മരത്തണലിൽ ഒരുക്കിയ പാർക്കിന് സമാനമായാണ് ടൗൺ സ്ക്വയർ ഒരുക്കിയിരുന്നത്. ചെറിയ സാംസ്കാരികപരിപാടികൾ നടത്താൻ മിനി സ്റ്റേജും ഇവിടെയുണ്ട്. വിവിധ ആവശ്യങ്ങൾക്കായി മട്ടന്നൂർ നഗരത്തിലെത്തുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവർക്ക് സ്വസ്ഥമായി ഇരിക്കാൻ ഏറെ ഗുണപ്രദമായിരുന്നു ടൗൺ സ്ക്വയർ' ആദ്യകാലങ്ങളിൽ വിവിധ സാംസ്കാരിക പരിപാടികളും ഇവിടെ നടന്നിരുന്നു. എന്നാൽ വേണ്ടത്ര പരിപാലമില്ലാതെ ടൗൺ സ്ക്വയർ ജീർണിക്കാൻ തുടങ്ങിയതോടെ ആളുകൾ കയറാതായി. ഇപ്പോൾ വിരലിൽ എണ്ണുന്നവർ മാത്രമാണ് ചുട്ടുപൊള്ളുന്ന വെയിലിൽ തണൽ തേടി ഇവിടെയെത്തുന്നത്. ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ ഓഫീസും ശൗചാലയവും അടച്ചുപൂട്ടിയിട്ട് നാളുകളേറെയായി. മട്ടന്നൂർ ടൗൺ സ്ക്വയർ പഴയ രൂപത്തിൽ എത്തിക്കുന്നതിന് ഇനിയും ടൂറിസം പ്രമോഷൻ കൗൺസിൽ ഫണ്ട് ചെലവഴിക്കേണ്ടതായി വരും. ഇതിനായുള്ള കാത്തിരിപ്പിലാണ് വിമാനതാവള നഗരവാസികൾ.