ക്ലാസെടുക്കല്‍ രാഷ്ട്രീയക്കാര്‍ക്ക് മാത്രം മതിയോ, സ്വന്തം സ്ഥാപനത്തില്‍ വേണ്ടേ? മാതൃഭൂമിയിലെ അശ്ലീല തത്പരനായ മേലുദ്യോഗസ്ഥന്‍ കാരണം രാജിവെച്ചെന്ന് അഞ്ജന ശശി
മാതൃഭൂമി പത്രത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായിരുന്ന അഞ്ജന ശശി മേലുദ്യോഗസ്ഥന്റെ പീഡനത്തെ തുടര്‍ന്ന് രാജിവെച്ചു.
പീഡന പരാതിയില്‍ സ്ഥാപനം അന്വേഷിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
കോഴിക്കോട്: മാതൃഭൂമി പത്രത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായിരുന്ന അഞ്ജന ശശി മേലുദ്യോഗസ്ഥന്റെ പീഡനത്തെ തുടര്‍ന്ന് രാജിവെച്ചു. പീഡന പരാതിയില്‍ സ്ഥാപനം അന്വേഷിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
കഴിഞ്ഞ വേജ് ബോര്‍ഡ് സമരകാലത്തെ നാട് കടത്തലിന് നേതൃത്വം കൊടുത്ത സീനിയര്‍ എച്ച്. ആര്‍ മാനേജര്‍ ആനന്ദിനെതിരെ പരാതി നല്‍കി എന്ന കാരണത്തില്‍ ക്രൂരമായ സ്ത്രീവേട്ടയാണ് നടന്നതെന്ന് അഞ്ജന നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇയാള്‍ക്കെതിരേ മേലധികാരികള്‍ക്ക് പരാതി നല്‍കി എന്നതിന്റെ പേരില്‍ രണ്ടുവര്‍ഷമായി പീഡനം നേരിടുകയാണെന്നും അഞ്ജന ശശി പറയുകയുണ്ടായി.
അഞ്ജന ശശിയുടെ ഫേസ്ബുക്ക് പോസ്റ്റ്,
ഞാന്‍ മാതൃഭൂമിയില്‍ നിന്ന് രാജിവെച്ചു!
എന്തിന് രാജിവെച്ചു? സ്ഥാപനത്തിനുള്ളില്‍ നിന്നുതന്നെ പോരാടാമായിരുന്നില്ലേ? എന്നൊക്കെ രാജി വിവരം അറിഞ്ഞപ്പോള്‍ പലരും ചോദിച്ചിരുന്നു. ഇത്തരത്തില്‍ ഫോണിലും നേരിട്ടുമൊക്കെ ചോദിച്ചവരോട് എന്തുകൊണ്ട് ഇങ്ങനെ ചെയ്യേണ്ടിവന്നു എന്നത് പിന്നീട് വിശദമായി എഴുതാം എന്നും പറഞ്ഞിരുന്നു. ഈ വിഷയത്തിലുള്ള ആദ്യ പോസ്റ്റാണിത്.
മാതൃഭൂമി പത്രത്തില്‍ നിന്നും കഴിഞ്ഞ 17 വര്‍ഷത്തെ സേവനത്തിനുശേഷം സെപ്റ്റംബര്‍ 28 ന് ആണ് രാജി നല്‍കിയത്. ദ്വയാത്ഥ പ്രയോഗ വിദഗ്ദ്ധനായ, അശ്ലീല ആംഗ്യ ഭാഷയോട് അമിതമായ അഭിനിവേശമുള്ള, തീര്‍ത്തും സ്ത്രീവിരുദ്ധനായ ഒരു മേലുദ്യോഗസ്ഥന്റെ പെരുമാറ്റ ദൂഷ്യം മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാനേജ്‌മെന്റിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. അന്ന് തൊട്ട് രഹസ്യമായും പരസ്യമായും പ്രസ്തുത വ്യക്തി എനിക്കെതിരെ നടത്തിവന്ന പ്രതികാര നടപടികള്‍ എല്ലാ പരിധികളും ലംഘിച്ചപ്പോഴാണ് രാജിവെച്ച് നിയമവ്യവസ്ഥയുടെ പിന്തുണയോടെ പോരാടാം എന്ന തീരുമാനത്തിലെത്തിയത്.
പരസ്യപ്രതികരണത്തിനുമുമ്പ് നിയമവഴിയില്‍ ചെയ്തുതീര്‍ക്കേണ്ട ചില പ്രധാന കാര്യങ്ങള്‍ ഉണ്ടായിരുന്നു. എന്നെ അവഹേളിച്ച സീനിയര്‍ ജനറല്‍ മാനേജറെ വെള്ളപൂശിക്കൊണ്ട് സ്ഥാപനം (ആ വ്യക്തി തന്നെ) തയ്യാറാക്കിയ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് സഹിതം കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ പ്രസ്‌ക്ലബ്ബ് സുഹൃത്തുക്കളോടൊപ്പംപോയി അയാള്‍ക്കെതിരെ പരാതി നല്‍കുക എന്നതാണ് ആദ്യം ചെയ്തത്. മാതൃഭൂമിയില്‍ ഒന്നോ രണ്ടോ മാസത്തില്‍ സാധാരണ എല്ലാ ICC അന്വേഷണവും പൂര്‍ത്തിയാകാറുണ്ട്. എന്നാല്‍ എന്റെ പുന: പരാതിയിലുള്ള അന്വേഷണം മാത്രം മാസങ്ങള്‍ വലിച്ചുനീട്ടപ്പെട്ടിരുന്നതിനാല്‍ പരാതി പോലീസിലെത്തുമ്പോഴേക്കും സംഭവദിവസത്തില്‍ നിന്ന് മൂന്നുവര്‍ഷം പിന്നിട്ടു.
ആയതിനാല്‍ IPC 509 പ്രകാരം കേസെടുക്കാനാകുമോ എന്ന് പോലീസ് ഒന്ന് ശങ്കിക്കുകയും നിയമോപദേശത്തിനായി പരാതി പബ്ലിക് പ്രോസിക്യൂട്ടറുടെ പരിഗണനക്ക് വിടുകയും ചെയ്തു. എന്നാല്‍ സംഭവം നടന്നതിന്റെ പിറ്റേദിവസം തന്നെ സ്ഥാപന ഉടമയ്ക്ക് പരാതി നല്‍കിയത് തെളിവായി ഉള്ളതിനാല്‍ അത് പരിഗണിച്ച് കേസെടുക്കാം എന്ന നിയമോപദേശം പബ്ലിക് പ്രോസിക്യൂട്ടറില്‍ നിന്ന് ലഭിച്ചതിനാല്‍ രതിഭാഷ വിദ്ഗ്ധനെതിരെ 0739/2024 നമ്പറില്‍ FIR ചെയ്യപ്പെട്ടു. വലിയ സന്തോഷം!
രാജി വാര്‍ത്തയായപ്പോഴാണ് ടിയാനെക്കുറിച്ചുള്ള പരാതി പ്രളയങ്ങളും പിന്നാമ്പുറക്കഥകളും എന്നെ തേടിയെത്തിയത്. കമ്പനിയുടെ FM വിഭാഗത്തിലെ 15 ഓളം പേരുള്ള മീറ്റിഗിനിടയില്‍ രാത്രി ഷിഫ്റ്റുകളില്‍ ജോലി ഭാരം കൂടുതലാണെന്ന് പരാതി പറഞ്ഞ കുഞ്ഞുപ്രായമുള്ള RJ പെണ്‍കുട്ടികളോട് ''ജോലിഭാരം കൂടുന്നതിന് മാത്രമേ നിങ്ങള്‍ക്ക് പ്രശ്‌നമുള്ളോ? രാത്രിയിലെ രതിഭാരം ഒരു പ്രശ്‌നമാവുന്നില്ലേ ??'' എന്ന് വൃത്തികെട്ട ശരീരഭാഷയോടെ പറഞ്ഞതും അതുകേട്ട് അവര്‍ കണ്ണുതള്ളിനിന്നതും ഞാനറിഞ്ഞ ഒരു സംഭവം.
കൊച്ചി യൂണിറ്റിലെ എഡിറ്റോറിയല്‍ മീറ്റിംഗില്‍ പത്രക്കാരെ പേജിനേഷന്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അന്ന് HR വിദഗ്ധനായിരുന്ന ടിയാന്‍, (കേള്‍ക്കുമ്പോള്‍ ചിരിവരുന്നുണ്ട് അല്ലേ!) 'പേജു ചെയ്യേണ്ടത് ഇങ്ങനെയല്ല, ഒരു രതിസുഖം അനുഭവിക്കുന്ന പോലെ വേണം പേജിനേഷനിലേര്‍പ്പെടാന്‍'' എന്നൊക്കെ സ്വതസിദ്ധമായ വഷളന്‍ ഭാവത്തോടെ വളരെ സീരിയസായി തട്ടിവിട്ടിട്ടുണ്ടത്രേ.. (അതും വളരെ സീനിയറായ എല്ലാവരും ബഹുമാനിക്കുന്ന ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകവരെ ഉള്‍പ്പെട്ട മീറ്റിംഗില്‍! )
ഇത്തരത്തില്‍ 'രതിഭാരം' നാവില്‍നിന്നിറക്കാന്‍ ബുദ്ധിമുട്ടുള്ള ആളാണ് ഈ ചാമി എന്ന് നേരത്തേ അറിഞ്ഞിരുന്നെങ്കില്‍ എന്നെ റൂമില്‍ വിളിച്ചുവരുത്തി അവഹേളിച്ചതിനുള്ള പരാതി പണ്ടേക്കുപണ്ടേ കോഴിക്കോട് ടൗണ്‍ സ്റ്റേഷനില്‍ റജിസ്ട്രര്‍ ചെയ്യപ്പെടുമായിരുന്നു. എന്തായാലും ഇനിയും വിട്ടാല്‍ ശരിയാകില്ല എന്ന ഉറച്ച തീരുമാനത്തില്‍ പോലീസിനൊപ്പം മാതൃഭൂമിയുടെ പടികള്‍ ഒരിക്കല്‍ കൂടി കയറി.
അന്ന് ആ മനുഷ്യന്‍ ഇരിക്കുകയും എന്നെ അവഹേളിക്കുകയും തിളച്ച് മറിയുകയും ചെയ്ത ആ പീഡന മുറി അന്വേണ ഉദ്യോഗസ്ഥനായ ഇന്‍സ്‌പെക്ടര്‍ക്ക് കാണിച്ചുകൊടുത്തു. പൊലീസ് ഉദ്യോഗ്‌സഥര്‍ തങ്ങളുടെ ക്രൈം സീന്‍ നടപടികള്‍ പൂര്‍ത്തിയാക്കുമ്പോള്‍, ഞാന്‍ അനുഭവിച്ച അവഹേളനത്തിന്റെ ഓര്‍മ്മകള്‍ മനസ്സിലേക്ക് തിക്കിക്കയറി വന്നത് മറയ്ക്കാനായി പതിവുപോലെ ചിരിക്കുകയും ചുറ്റും കണ്ട ആളുകളോട് സംസാരിക്കുകയും ചെയ്തു.
തൊട്ടടുത്തൊരു ദിവസം തന്നെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരായി നടന്ന സംഭവങ്ങളെക്കുറിച്ചുള്ള 164 എ പ്രകാരമുള്ള രഹസ്യമൊഴി നല്‍കി. പിന്നീട് മാതൃഭൂമിയില്‍ എന്റെ പരാതി അന്വേഷിച്ച ആഭ്യന്തര അന്വേഷണ കമ്മിറ്റിയുടെ (ICC) ഘടനയെക്കുറിച്ചും റിപ്പോര്‍ട്ടിലെ പൊരുത്തക്കേടുകളെക്കുറിച്ചും ആരോപണവിധേയനെ എങ്ങനെയും രക്ഷിച്ചെടുക്കാനുള്ള കമ്മറ്റിയുടെ വെള്ള പൂശലിനുമെതിരെയും നിയമ നടപടി സ്വീകരിക്കുക എന്നതായിരുന്നു അടുത്തപടി. തൊഴില്‍വകുപ്പിലെ റീജിയണല്‍ ജോയിന്റെ കമ്മീഷണര്‍ക്ക് നിയമവിദഗ്ധരുടെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ അപ്പീല്‍ സമര്‍പ്പിച്ചു. അവിടെനിന്ന് ഹൈക്കോടതിയിലേക്ക് അപ്പീല്‍ റഫര്‍ ചെയ്യാനാണ് സാധ്യതയെന്നതിനാല്‍ ബഹു. ഹൈക്കോടതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനുള്ള തയ്യാറെടുപ്പുകളിലാണ് ഞാന്‍.
എന്റെ കൂടെ ആളെക്കൂട്ടി, എനിക്കനുകൂലമായി ''ഗ്വാ ഗ്വാ'' വിളികള്‍ സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യമെങ്കില്‍ എന്റെ സോഷ്യല്‍ മീഡിയാ പോസ്റ്റുകള്‍ നേരത്തേ വന്നേനെ! എന്നാല്‍ അതിനപ്പുറം ഒരു സ്ത്രീക്ക് ഒരു സ്വകാര്യ സ്ഥാപനത്തില്‍നിന്ന് എന്ത് നീതികിട്ടും എന്നറിയാനുള്ള അന്വേഷണം കൂടിയാക്കി ഇതിനെ മാറ്റുക എന്നതാണ് ഇക്കാര്യത്തില്‍ ഞാന്‍ കൈക്കൊണ്ട സമീപനം. അതുകൊണ്ടാണ് ഈ നിലയത്തില്‍ നിന്ന് ഇക്കാര്യത്തില്‍ ഇതുവരെ FB പോസ്റ്റുകള്‍ കാണാതിരുന്നത്. എന്തായാലും സിനിമയെപ്പോലെ പത്രപ്രവര്‍ത്തനമേഖലയും ഒട്ടും സ്തീ സൗഹൃദമല്ല എന്ന എന്റെ വലിയ തിരിച്ചറിവ് ഇനിയുള്ള യാത്രകളില്‍ നിരവധി പേര്‍ക്ക് കരുത്തേകും എന്നുതന്നെയാണ് വിശ്വാസം.
തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്ക് എതിരെ നടക്കുന്ന ഹരാസ്‌മെന്റുകള്‍ക്ക് എതിരെ സംരക്ഷണം നല്‍കുക എന്ന ഉദ്ദേശത്തില്‍ 2013 ലെ POSH Act പ്രകാരം പല തൊഴിലിടങ്ങളിലും തൊഴിലുടമയാല്‍ രൂപീകരിക്കപ്പെടുന്ന ഇന്റേണല്‍ കംപ്ലെയന്‍സ് കമ്മിറ്റി എന്ന സംവിധാനത്തിന് മിക്കയിടത്തും ഒരു കുഴപ്പമുണ്ട്. ആരോപണവിധേയന്‍ താഴേക്കിടയിലുള്ള ഒരു തൊഴിലാളി ആണെങ്കില്‍ ചിലപ്പോള്‍ ഐ സി സി കമ്മിറ്റികള്‍ സ്ത്രീപക്ഷത്തുനിന്ന് കൃത്യമായ അന്വേഷണം നടത്തി ഒരു മാസത്തിനുള്ളില്‍ ആരോപണവിധേയന്റെ കാര്യത്തില്‍ തീരുമാനമാക്കും. മിക്കപ്പോഴും അവന്‍ പിന്നെ സ്ഥാപനത്തില്‍ കാണില്ല!
ഇനി ആരോപണവിധേയന്‍ ടോപ് മാനേജ്‌മെന്റ് പൊസിഷനില്‍ ഇരിക്കുന്ന ആരെങ്കിലും ആണെങ്കിലോ?
ലോകത്തിലെ ഏറ്റവും മുട്ടിലിഴയുന്ന കൂട്ടായ്മയെ നിങ്ങള്‍ക്ക് കാണാം. ''എന്റെ തമ്പ്രാന്‍ നല്ലോനാ, അങ്ങേരിതൊന്നും ചെയ്യൂല'' എന്ന് ആദ്യം ആര് പറയണം എങ്ങനെ പറയണം എന്ന മല്‍സരം മാത്രമായിരിക്കും ആരോപണവിധേയന്റെ താഴെ ജോലിയെടുക്കുന്ന കമ്മിറ്റി അഗങ്ങള്‍ക്ക്! ഇനി ആര്‍ക്കെങ്കിലും മറിച്ചെന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കില്‍ പിന്നെ അവര്‍ക്ക് ആ സ്ഥാപനത്തില്‍ ജോലിയില്‍ തുടരുക ബുദ്ധിമുട്ടായിരിക്കും! അതിലും നല്ലത് ആരോപണമുന്നയിച്ച ഇരയെ ഒരു വഴിക്കാക്കി അവരെ സ്ഥാപനത്തില്‍ നിന്ന് പുറത്തുപോകാന്‍ വഴിയൊരുക്കുക എന്നതാണ്.
ആരോപണ വിധേയന്‍ ഉയര്‍ന്ന സാമൂഹിക പശ്ചാത്തലമുള്ളവനാണെങ്കില്‍ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ ഖാപ്പ് പഞ്ചായത്തുകള്‍ കാണിക്കുന്ന സര്‍ക്കസുകളില്‍ നിന്ന് ഒരു വ്യത്യാസവും ICC കളില്‍ നിന്ന് പ്രതീക്ഷിക്കരുത്. പണ്ടാണെങ്കില്‍ നല്ലോണം സദ്യയും പാല്‍പ്പായവും വിരിക്കാന്‍ മെത്തപ്പായയും കിട്ടുന്നതായിരുന്നു സ്മാര്‍ത്ത വിചാരണകൂട്ടായ്മയിലേക്ക് ആളുകള്‍ ഇടിച്ചുകയറാന്‍ കാരണം. ഇന്ന് Ac ട്രെയിന്‍ ടിക്കറ്റും പഞ്ച നക്ഷത്ര ഹോട്ടല്‍ സൗകര്യങ്ങളും അലവന്‍സുമെന്ന മാറ്റമുണ്ട് എന്നുമാത്രം! പിന്നെ ആരോപണവിധേയനെ രക്ഷിച്ചെടുത്താല്‍ ജോലിയില്‍ തുടരാം മുടങ്ങാതെ ശമ്പളം വാങ്ങാം, അഥവാ കത്ത് നല്‍കി പിരിഞ്ഞുപോകാനിരിക്കുകയാണെങ്കില്‍ അതുവരെയുള്ള ആനുകൂല്യങ്ങള്‍ ഒട്ടും കുറയാതെ വാങ്ങാം തുടങ്ങിയ മെച്ചങ്ങളും!
ദ്വയാര്‍ത്ഥ തൊഴിലാളി പീഢകനില്‍ നിന്ന് ഞാനുള്‍പ്പെടെ ഒരാള്‍ക്കും ഇനി ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകില്ല എന്നും പ്രതികാര നടപടികള്‍ ഉണ്ടാകില്ല എന്നുമുള്ള മാനേജ്‌മെന്റിന്റെ ഉറപ്പ് വിശ്വസിച്ചാണ് ഇത്രകാലം മാതൃഭൂമിയില്‍ തുടര്‍ന്നത്. ഈ പ്രശ്‌നങ്ങള്‍ക്കിടയിലും ജോലിയില്‍ വീഴ്ച വരുത്തിയിട്ടില്ല. ഇക്കാലയളവില്‍ മെമ്മോ/ കാണിക്കല്‍ നോട്ടീസ് ഒന്നുപോലും എനിക്ക് കൈപ്പറ്റേണ്ടി വന്നിട്ടില്ല!
എന്നാല്‍ അന്വേഷണത്തില്‍ പ്രമോഷന്‍ തടഞ്ഞതിലുള്ള പകയില്‍ ഞാന്‍ ഉന്നയിച്ച വ്യാജപരാതിയാണ് ഇത് എന്ന പ്രതിയുടെ വാദം അതേ പടി മാനേജ്‌മെന്റിന് നിവര്‍ത്തികേടുകൊണ്ട് ഏറ്റെടുക്കേണ്ടിവന്നപ്പോള്‍ എനിക്ക് പ്രമോഷനല്ല, ഈ വിഷയത്തില്‍ ഞാനുള്‍പ്പെടെ സ്ഥാപനത്തിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ഉളള നീതിയാണ് വേണ്ടതെന്ന നിലപാട് ഉറക്കെ പ്രഖ്യാപിക്കാനാണ് ഞാന്‍ രാജി വെച്ചത്.!
സ്ഥാപനത്തിന് പുറത്തുപോയ ഒരാള്‍ക്ക് പ്രമോഷന്‍ ലഭിക്കേണ്ടതില്ലല്ലോ!
ആയതുകൊണ്ട് സ്ത്രീ ജനങ്ങളെ, വഷളനായ ഒരു ഉയര്‍ന്ന സഹപ്രവര്‍ത്തകനില്‍ നിന്ന് നിങ്ങള്‍ക്ക് എന്തെങ്കിലും പ്രയാസം നേരിട്ടാല്‍ ഒരിക്കലും മാനേജ്‌മെന്റിനോട് പരാതി പറഞ്ഞ് അവര്‍ക്ക് അത് ഒതുക്കി തീര്‍ക്കാനോ ഒത്തുതീര്‍പ്പാക്കാനോ അവസരം നല്‍കരുത്. നേരെ പോയി ഒരു പോലീസ് കംപ്ലെയിന്റ് നല്‍കുക. ടോപ് മാനേജ്‌മെന്‌റില്‍ ഉള്ള ഒരാള്‍ക്കെതിരെയും ഒരു ഇന്റേണല്‍ കമ്മിറ്റിയും എതിര്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സാധ്യതയില്ല എന്ന് മനസ്സിലാക്കുക!
എന്തുകൊണ്ടെന്ന് നിങ്ങള്‍ക്ക് മനസ്സിലാകാന്‍ ഞാനൊരു ഉദാഹരണം പറയാം. ഗോവിന്ദച്ചാമിയുടെ അച്ഛന്‍ റെയില്‍വേയിലെ ഒരു ഉന്നത ഉദ്യോഗസ്ഥനായിരുന്നു എന്ന് കരുതുക. വേറെവിടെയും ജോലി കിട്ടിയാലും അവിടെയൊന്നും ഗതിപിടിക്കാന്‍ സാധ്യതയില്ല എന്നറിയുന്നതിനാല്‍ സ്വാഭാവികമായും മകനെ അയാള്‍ റെയില്‍വേയില്‍ തിരുകിക്കയറ്റും. കൈയിലിരുപ്പ് കാരണം സ്ഥാപനത്തില്‍ നിന്ന് പണ്ടൊരിക്കല്‍ പുറത്തായെങ്കിലും പഠിച്ച തൊഴില്‍വെച്ച് വേറെയെവിടെയും ഗതിപിടിക്കാത്തതിനാല്‍ വീണ്ടും ശുപാര്‍ശയില്‍ റെയില്‍വേയില്‍തന്നെ തിരിച്ചുകയറാന്‍ ചാമിക്ക് പറ്റി എന്നും വിചാരിക്കുക! ഇങ്ങനയിരിക്കുമ്പോള്‍ റെയില്‍വേയുടെ ചില ഉന്നതരുടെ ചില രഹസ്യങ്ങളുടെ താക്കോല്‍ കഷ്ടകാലത്തിന് ആളുടെ കൈയില്‍തന്നെ കിട്ടുന്നു. (കഷ്ടകാലം ഏതു നല്ല സ്ഥാപനത്തിലേക്കും മനുഷ്യരൂപത്തില്‍ ട്രെയിന്‍ കയറി വരാം!). സ്വാഭാവികമായും ആള്‍ റെയില്‍വേയില്‍ ഉന്നത പദവയിലേക്ക് തടസമില്ലാതെ ഒഴുകിനീങ്ങും!
ഇങ്ങനെയൊക്കെ ശക്തനായി വളര്‍ന്നു പടര്‍ന്നു പന്തലിച്ച ചാമിയദ്ദേഹം ട്രെയിനില്‍ യാത്രചെയ്യുമ്പോള്‍ വാക്കുകള്‍കൊണ്ടും ആംഗ്യംകൊണ്ടും അപമാനിച്ചു എന്ന് മറ്റൊരു റെയില്‍വേ ജീവനക്കാരി പരാതി ഉന്നയിക്കുന്ന സാഹചര്യം വന്നു എന്നും ഈ പരാതി പോലീസിന് പോകാതെ റെയില്‍വേയിലെ ചാമിയുടെയും ബോസിനാണ് സമര്‍പ്പിക്കുന്നത് എന്ന് വെക്കുക.
തീര്‍ച്ചയായും ഒത്തുതീര്‍പ്പ് ശ്രമങ്ങളായിരിക്കും ആദ്യം നടക്കുക. പിന്നെ അവശേഷിക്കുന്ന വഴി ICC അന്വേഷണമാണ്! അതു പ്രഖ്യാപിക്കപ്പെട്ടാല്‍ കഷ്ടകാലത്തിന് ഗോവിന്ദച്ചാമി സ്വന്തമായി ഒരു മൊഴി എഴുതി നല്‍കും. അയാള്‍ എന്തു എഴുതി നല്‍കിയാലും അടിയില്‍ ഒപ്പിടുന്ന ശില്‍ബന്ധികള്‍ അതിനടിയില്‍ ശൂ വരക്കും.!
ഞാന്‍ അന്നേദിവസം ട്രെയിനിലേ ഉണ്ടായിരുന്നില്ല എന്നൊരു മൊഴിയായിരിക്കും മിക്കപ്പോഴും നല്‍കുക മലയാളത്തില്‍ തെറിപറഞ്ഞ ആള്‍ മിക്കപ്പോഴും എനിക്ക് മലയാളം അത്ര ഈശിയല്ല! ഞാന്‍ ഇംഗ്ലീഷ് മാത്രമേ സഹപ്രവര്‍ത്തകരോട് സ്പീച്ചാറുള്ളു എന്നൊക്കെ ചിലപ്പോള്‍ ചാമി മൊഴി നല്‍കും.
ശിങ്കിടികള്‍ അതില്‍ സംശയമേയില്ല എന്ന മട്ടില്‍ വാലിട്ടടിച്ച് അതും അംഗീകരിക്കും!
ഇതാണ് ICC വന്നതുകൊണ്ട് ഉന്നത ഗോവിന്ദച്ചാമിമാര്‍ക്കുണ്ടായ ഗുണം! ദോഷമെന്താണെന്നുവെച്ചാല്‍ പിന്നീടൊരിക്കല്‍ ദൗര്‍ഭാഗ്യകരമായ ഒരു ദിനത്തില്‍ മുന്നില്‍പെടുന്ന പാവം സൗമ്യമാര്‍ക്ക് ഇയാളുടെ രതിഭാരം കാരണം ജീവന്‍ നഷ്ടപ്പെടാന്‍ സാധ്യത തെളിയുന്നു എന്നതാണ്.
പക്ഷേ ഇതേ കേസ് പോലീസ് അന്വേഷത്തിലേക്ക് പോയിരുന്നെങ്കിലോ? പോലീസിന് ശമ്പളം നല്‍കുന്നത് റെയില്‍വേ അല്ലാത്തതിനാലും അന്വേഷണ ഉദ്യോഗസ്ഥരെ ട്രാന്‍സ്ഫര്‍ ചെയ്യാനോ ഉപദ്രവിക്കാനോ റെയില്‍വേയിലെ ചാമി അനുകൂലികള്‍ക്ക് സാധിക്കാത്തതിനാലും അന്വേഷണം അതിന്റെ വഴിക്ക് നടക്കും. സൗമ്യമാര്‍ ഭാവിയില്‍ സുരക്ഷിതരായിരിക്കും!