വീണയുടെ മാസപ്പടിയില്‍ ട്വിസ്റ്റ്, പറഞ്ഞുകുടുങ്ങി കുഴല്‍നാടന്‍, വീണിടത്ത് ഉരുളലോടുരുളല്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ സിഎംആര്‍എല്‍ കമ്പനിയില്‍ നിന്നും അവിഹിതമായി പണം വാങ്ങിയെന്ന മാധ്യമ വാര്‍ത്തയെ ഏറ്റുപിടിച്ച് രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍ ഒടുവില്‍ മലക്കംമറിയുന്നു.
 

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ സിഎംആര്‍എല്‍ കമ്പനിയില്‍ നിന്നും അവിഹിതമായി പണം വാങ്ങിയെന്ന മാധ്യമ വാര്‍ത്തയെ ഏറ്റുപിടിച്ച് രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍ ഒടുവില്‍ മലക്കംമറിയുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പുറത്തുവന്ന വാര്‍ത്ത തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനായി കുഴല്‍നാടനും കോണ്‍ഗ്രസും ഉപയോഗിച്ചിരുന്നു.

വീണാ വിജയന്‍ തന്റെ ഐടി കമ്പനി എക്‌സാലോജിക്കുമായി സിഎംആര്‍എല്‍ ഉണ്ടാക്കിയ കരാര്‍ പ്രകാരമാണ് പണം വാങ്ങിയതെന്നും കൃത്യമായി നികുതി അടച്ചിട്ടുണ്ടെന്നുമായിരുന്നു നേരത്തെ സിപിഎം വിശദീകരണം. ഇക്കാര്യം സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട് ജിഎസ്ടി കമ്മീഷണര്‍ കഴിഞ്ഞദിവസം ധനവകുപ്പിന് സമര്‍പ്പിച്ചതോടെ മാത്യു കുഴല്‍നാടന്റെ ആരോപണങ്ങളെല്ലാം പൊളിഞ്ഞുവീണു.

വീണ സിഎംആര്‍എല്ലില്‍ നിന്നും വാങ്ങിയ തുകയ്ക്ക് ഐജിഎസ്ടി അടച്ചിട്ടില്ലെന്നും ആയതിനാല്‍ അത് കൈക്കൂലിയില്‍പ്പെടുന്ന മാസപ്പെടിയാണെന്നുമായിരുന്നു നേരത്തെ കുഴല്‍നാടന്‍ പറഞ്ഞിരുന്നത്. നികുതി അടച്ചിട്ടുണ്ടെങ്കില്‍ തെളിവു നല്‍കാനും അങ്ങിനെയെങ്കില്‍ താന്‍ മാപ്പു പറയാന്‍ തയ്യാറെണെന്നും കുഴല്‍നാടന്‍ വെല്ലുവിളിച്ചു. എന്നാല്‍, നികുതി അടച്ച വിശദാംശങ്ങള്‍ പുറത്തുവന്നതോടെ എംഎല്‍എ വീണിടത്തുകിടന്ന് ഉരുളുകയാണ്.

വീണ നികുതി നല്‍കിയെന്ന ധനമന്ത്രിയുടെ കത്ത് ഇതുവരെ തനിക്ക് കിട്ടിയിട്ടില്ല. മാധ്യമങ്ങളില്‍ നിന്നാണ് ധനവകുപ്പിന്റെ കത്ത് ലഭിച്ചത്. 1.72 കോടി രൂപയ്ക്ക് നികുതി അടച്ചെന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളതെന്നും കുഴല്‍നാടന്‍ ചോദിച്ചു. നികുതിയടച്ച രേഖ പുറത്തുവന്നതോടെ മാധ്യമങ്ങള്‍ തന്നെ വിചാരണ ചെയ്തുവെന്നും കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ കുഴല്‍നാടന്‍ ആരോപിച്ചു.

വീണ നികുതി അടച്ചെന്ന് വ്യക്തമായതോടെ വാങ്ങിയ പണം മാസപ്പടിയെന്ന് വിളിക്കാനാകില്ല. വീണ സിഎംആര്‍എല്ലിന് സേവനം നല്‍കാതെയാണ് പണം നല്‍കിയതെങ്കില്‍ അതിന് പരാതി നല്‍കേണ്ടത് കരിമണല്‍ കമ്പനിയാണ്. അവര്‍ പരാതി നല്‍കിയിട്ടുമില്ല. നേരത്തെ വെല്ലുവിളിച്ച കാര്യങ്ങള്‍ പൊളിഞ്ഞുവീഴുകയും മാപ്പു പറയേണ്ട അവസ്ഥയില്‍ എത്തുകയും ചെയ്തതോടെ ജനങ്ങള്‍ തീരുമാനിക്കട്ടെയെന്ന് പറഞ്ഞ് കുഴല്‍നാടന്‍ ഉരുളലോടുരുളലാണ്.

കുറ്റബോധം കൊണ്ട് തലതാഴ്ത്തി മുഖ്യമന്ത്രിയോടും കുടുംബത്തോടും മാപ്പ് പറയുന്നതിന് പകരം വീണിടം വിദ്യയാക്കുകയാണ് കുഴല്‍നാടനെന്ന് സിപിഎം പരിഹസിച്ചു. ഉത്തരവാദിത്തത്തോടെയാണ് എംഎല്‍എ ആരോപണം ഉന്നയിക്കുന്നതെങ്കില്‍ അദ്ദേഹത്തിന് കോടതിയില്‍ പോകാം. ആരും തടസമില്ല. ഓരോ ദിവസവും കള്ളപ്രചരണവുമായി വരരുത്. എംഎല്‍എ ഉന്നയിച്ച രണ്ടു വിഷയങ്ങള്‍ക്കും രേഖാപരമായി മറുപടി കിട്ടിയിട്ടുണ്ടെന്നും സിപിഎം കേന്ദ്രകമ്മറ്റി അംഗം എ കെ ബാലന്‍ പറഞ്ഞു.