കൊച്ചിയിലെ അമേരിക്കന്‍ കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടല്‍ എഐയുടെ പ്രത്യാഘാതം, ഐടി മേഖലയെ പിടിച്ചുകുലുക്കും

അമേരിക്കന്‍ കമ്പനിയായ കോറോഹെല്‍ത്തിന്റെ കൊച്ചിയിലെ ബ്രാഞ്ചില്‍ നടന്ന കൂട്ട പിരിച്ചുവിടല്‍ എഐയുടെ പ്രത്യാഘാതമാണെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്.

 

ഐടി മേഖലയിലെ പല കമ്പനികളേയും എഐയുടെ വരവ് പിടിച്ചുകുലുക്കും. സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ച് പഠനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി: അമേരിക്കന്‍ കമ്പനിയായ കോറോഹെല്‍ത്തിന്റെ കൊച്ചിയിലെ ബ്രാഞ്ചില്‍ നടന്ന കൂട്ട പിരിച്ചുവിടല്‍ എഐയുടെ പ്രത്യാഘാതമാണെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. ഐടി മേഖലയിലെ പല കമ്പനികളേയും എഐയുടെ വരവ് പിടിച്ചുകുലുക്കും. സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ച് പഠനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

ഇന്നത്തെ മലയാള മനോരമയുടെ സംഭ്രമജനകമായ തലക്കെട്ട് '800 പേര്‍ വഴിയാധാരം'' എന്നാണ്. കൂട്ടപ്പിരിച്ചുവിടലിനെതിരെ ഉമാ തോമസ് എംഎല്‍എ അമേരിക്കന്‍ കമ്പനിയുടെ പാലാരിവട്ടത്തെ ഓഫീസില്‍ ലേബര്‍ ഓഫീസറുമായി ചര്‍ച്ച ചെയ്യുന്ന ചിത്രവുമുണ്ട്. നാളെയാണ്... നാളെ... എന്ന് പറഞ്ഞുകൊണ്ടിരുന്ന AI-യുടെ പ്രത്യാഘാതങ്ങള്‍ നമ്മുടെ കേരളത്തിലും നാടകീയമായി അരങ്ങേറിയിരിക്കുകയാണ്.

കൊറോഹെല്‍ത്ത് (CorroHealth) ഒരു മെഡിക്കല്‍ കോഡിംങ് കമ്പനിയാണ്. വിദേശത്ത് ഡോക്ടറും രോഗിയും തമ്മിലുള്ള സംഭാഷണങ്ങള്‍ ശ്രവിച്ച് അവയെ മെഡിക്കല്‍ റെക്കോര്‍ഡുകളാക്കി മാറ്റുന്ന പണിയാണ് ഇവര്‍ ചെയ്യുന്നത്. ഇതിന് അന്തര്‍ദേശീയ കോഡിംങ് റൂള്‍ (ICD 11) നിലവിലുണ്ട്. 

ഇംഗ്ലീഷ് ഭാഷ നന്നായി അറിയണം. എന്ത് കുഴപ്പമുണ്ടെങ്കിലും ഇന്ത്യയില്‍ ഇത്തരക്കാരെ താരതമ്യേന സുലഭമായി ലഭിക്കുന്നത് കേരളത്തിലാണ്. അതുകൊണ്ടാണ് ഇതുപോലുള്ള കമ്പനികള്‍ കേരളത്തില്‍ ശാഖകള്‍ ആരംഭിച്ചത്. 
എന്നാല്‍ ഈ സ്ഥിതിവിശേഷം അതിവേഗം മാറാന്‍ പോവുകയാണ്. AI ഉപയോഗിച്ച് നമ്മളേക്കാള്‍ വൃത്തിയായി സംഭാഷണത്തെ മെഡിക്കല്‍ റെക്കോര്‍ഡാക്കി മാറ്റാന്‍ മാര്‍ഗ്ഗങ്ങളുണ്ട്. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ചിരിക്കുന്ന ''സാന്ത്വനമിത്ര'' പരിപാടിയില്‍ കിടപ്പുരോഗികളെ പരിചരിക്കുന്ന നേഴ്‌സ് ഫോണിലൂടെ പറയുന്ന ലക്ഷണങ്ങള്‍ ഡിജിറ്റല്‍ ഗ്രിഡ് തന്നെ മെഡിക്കല്‍ റെക്കോര്‍ഡാക്കി പി.എച്ച്.സിയില്‍ എത്തിക്കുന്നതിനുള്ള സംവിധാനവും പ്ലാന്‍ ചെയ്തിരുന്നു. പിന്നെയല്ലേ, അമേരിക്കയില്‍ ഡോക്ടര്‍ പറയുന്നത് മെഡിക്കല്‍ റെക്കോര്‍ഡാക്കാന്‍ പ്രയാസം. 

നൂറ് ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് AI മേഖലയില്‍ കഴിഞ്ഞ 1-2 വര്‍ഷംകൊണ്ട് നടന്നിട്ടുള്ളത്. ഈ മേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന അഭൂതപൂര്‍വ്വമായ വികാസമാണ് ട്രംപും ഇറാനും കിണഞ്ഞു ശ്രമിച്ചിട്ടും പാശ്ചാത്യ ലോകത്ത് മാന്ദ്യം ഇല്ലാതെ പോകാന്‍ കാരണം. 

AI-യുടെ ഈ മുന്നേറ്റം നമ്മുടെ സംസ്ഥാനത്തെയടക്കം ഐറ്റി മേഖലയെ പിടിച്ചുകുലുക്കാന്‍ പോവുകയാണ്. അതിന്റെ നാന്ദിയാണ് കൊറോഹെല്‍ത്ത് സംഭവം. AI മൂലം ജോലി പൂര്‍ണ്ണമായും ഇല്ലാതാകില്ല. മെഡിക്കല്‍ റെക്കോര്‍ഡുകള്‍ AI ഉണ്ടാക്കിയാലും അത് വാലിഡേറ്റ് ചെയ്യാന്‍ മനുഷ്യര്‍ തന്നെ വേണം. അത് ചെയ്യാന്‍ കേരളത്തേക്കാള്‍ കുറഞ്ഞ കൂലിക്ക് മറ്റു സംസ്ഥാനങ്ങളില്‍ ആളെക്കിട്ടും. അതുകൊണ്ട് ഇത്തരം കമ്പനികള്‍ അങ്ങോട്ടേക്കു ചേക്കാറാന്‍ സാധ്യത കൂടുതലാണ്.
ഇത് മെഡിക്കല്‍ കോഡിംങില്‍ മാത്രമല്ല, മറ്റു പല കമ്പനികളിലും ഇന്നുള്ള എന്‍ട്രി ലെവല്‍ ജോലികള്‍ പലതും ഇല്ലാതാക്കാം. നമ്മള്‍ ഈ സ്ഥിതിവിശേഷം നേരിടാന്‍ ബോധപൂര്‍വ്വം തയ്യാറാകേണ്ടതുണ്ട്.

ഒന്ന്, മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെയാണ്: ''രാവിലെ പതിവുപോലെ ജോലി ചെയ്യാന്‍ തുടങ്ങിയപ്പോള്‍ മൈക്കിലൂടെ അനൗണ്‍സ്‌മെന്റ് - എല്ലാവരെയും പിരിച്ചിവിടുന്ന ഇപ്പോള്‍ തന്നെ ഓഫീസ് വിടണം.'' കോറോ കമ്പനി ചെയ്തതുപോലുള്ള പിരിച്ചുവിടലുകള്‍ അനുവദിക്കാന്‍ കഴിയുന്നതല്ല. AIമൂലം ലേഓഫ് ഉണ്ടാകാനുള്ള സാധ്യത മുന്‍കൂട്ടി കമ്പനികള്‍ക്ക് അറിയാവുന്നതാണ്. ജീവനക്കാര്‍ക്ക് മുന്‍കൂട്ടി അറിയിപ്പ് നല്‍കണം. പുനപരിശീലനത്തിനുള്ള ഏര്‍പ്പാടും വേണം. 

രണ്ട്, സംസ്ഥാന സര്‍ക്കാര്‍ വിദഗ്ദരുടെ ഒരു സമിതിക്ക് രൂപം നല്‍കണം. ഏതെക്കെ BPO, IT മേഖലകളിലൂടെ ഇത്തരമൊരു അപകടം സംഭവിക്കാന്‍ സാധ്യതയുള്ളതെന്നു വിലയിരുത്തണം. ഈ മേഖലകളിലെ ജീവനക്കാരെ AI-യുമായി ബന്ധപ്പെട്ട അനിവാര്യമായ മറ്റു തൊഴിലുകള്‍ ചെയ്യുന്നതിനുള്ള പരിശീലനം നല്‍കാന്‍ ഏര്‍പ്പാടുണ്ടാക്കണം.