സി.പി.എമ്മിനെ വെട്ടിലാക്കി മനു തോമസിന്റെ 'രാജാവ്' പ്രയോഗം: ആരാണ് യഥാർത്ഥത്തിൽ ഈ പാർട്ടി...?
കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന പ്രസ്ഥാനം വെറും നേതൃത്വമാണോ അതോ അണികൾ കൂടിയാണോ എന്ന അടിസ്ഥാന ചോദ്യമുയർത്തി പാർട്ടി വിട്ട യുവനേതാവ് മനു തോമസ് നടത്തുന്ന നിരീക്ഷണങ്ങൾ രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചയാകുന്നു.
തീരുമാനങ്ങൾ എടുക്കുന്ന രാജാവ് ആരാണെന്ന ചോദ്യം ഉയർത്തുന്നതിലൂടെ, പാർട്ടിക്കുള്ളിലെ വ്യക്തികേന്ദ്രീകൃതമായ നയരൂപീകരണത്തെയാണ് മനു തോമസ് ലക്ഷ്യം വെക്കുന്നത്
കണ്ണൂർ: കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന പ്രസ്ഥാനം വെറും നേതൃത്വമാണോ അതോ അണികൾ കൂടിയാണോ എന്ന അടിസ്ഥാന ചോദ്യമുയർത്തി പാർട്ടി വിട്ട യുവനേതാവ് മനു തോമസ് നടത്തുന്ന നിരീക്ഷണങ്ങൾ രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചയാകുന്നു.
'ആരാണ് പാർട്ടി?' എന്ന തലക്കെട്ടോടെ സോഷ്യൽ മീഡിയയിൽ അദ്ദേഹം പങ്കുവെച്ച കുറിപ്പ്, സി.പി.എമ്മിന്റെ സംഘടനാ ഘടനയ്ക്കുള്ളിലെ ജനാധിപത്യം എത്രത്തോളം ദുർബലമാണെന്ന ഗുരുതരമായ ആരോപണമാണ് മുന്നോട്ടുവെക്കുന്നത്. പാർട്ടിയെന്നത് അദൃശ്യമായ ഒരു സാങ്കൽപ്പിക സ്വത്വമായി അണികൾക്കിടയിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുകയാണെന്നും, എന്നാൽ യഥാർത്ഥത്തിൽ തീരുമാനങ്ങൾ എടുക്കുന്നത് ഒന്നോ രണ്ടോ വ്യക്തികൾ കേന്ദ്രീകരിച്ചുള്ള അധികാര കേന്ദ്രങ്ങളാണെന്നും അദ്ദേഹം വാദിക്കുന്നു.
ഡെമോക്രാറ്റിക് സെൻട്രലിസം അഥവാ കേന്ദ്രീകൃത ജനാധിപത്യം എന്ന പാർട്ടി തത്വത്തെ ആധുനിക കാലത്ത് പുനപരിശോധിക്കേണ്ടതുണ്ടെന്ന് മനു തോമസ് ഓർമ്മിപ്പിക്കുന്നു. പാർട്ടിക്കുള്ളിലെ ചർച്ചകൾ വെറും പ്രഹസനമായി മാറിയിരിക്കുന്നു എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ആക്ഷേപം. അധികാരമുള്ള ഒരു വ്യക്തി സ്വന്തം താത്പര്യങ്ങൾ പാർട്ടി ഫോറങ്ങളിൽ അവതരിപ്പിക്കുമ്പോൾ, അതിനോട് വിയോജിപ്പുള്ളവർ പോലും ഭയം മൂലമോ വ്യക്തിപരമായ നഷ്ടങ്ങൾ ഭയന്നോ മൗനം പാലിക്കുന്നു. ഈ 'മൃഗീയമായ പൊതുമൗനത്തെ' എല്ലാവരുടെയും അംഗീകാരമായി മിനിറ്റ്സ് ബുക്കുകളിൽ രേഖപ്പെടുത്തുകയും പിന്നീട് അത് 'പാർട്ടി തീരുമാനം' എന്ന ലേബലിൽ അടിച്ചേൽപ്പിക്കുകയുമാണ് ചെയ്യുന്നത്. വ്യക്തിയെയല്ല പാർട്ടിയെയാണ് അനുസരിക്കേണ്ടത് എന്ന വികാരാധീനമായ ആഹ്വാനത്തിലൂടെ വ്യക്തിപരമായ തീരുമാനങ്ങളെ പാർട്ടി തീരുമാനങ്ങളായി വ്യാഖ്യാനിക്കുന്ന 'ഗിമ്മിക്ക്' ആണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം തുറന്നടിക്കുന്നു.
തീരുമാനങ്ങൾ എടുക്കുന്ന രാജാവ് ആരാണെന്ന ചോദ്യം ഉയർത്തുന്നതിലൂടെ, പാർട്ടിക്കുള്ളിലെ വ്യക്തികേന്ദ്രീകൃതമായ നയരൂപീകരണത്തെയാണ് മനു തോമസ് ലക്ഷ്യം വെക്കുന്നത്. കീഴ്ഘടകങ്ങൾക്ക് മേൽഘടകത്തിന്റെ തീരുമാനങ്ങളിൽ മാറ്റം വരുത്താൻ അവകാശമില്ലാത്ത അവസ്ഥയും, വിയോജിക്കുന്നവരെ പാർട്ടി വിരുദ്ധരായി ചിത്രീകരിക്കുന്ന രീതിയും പാർട്ടിയുടെ ജനാധിപത്യ സ്വഭാവത്തെ നശിപ്പിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. പാർട്ടിയിൽ നിന്ന് പുറത്തുപോയ ശേഷം മനു തോമസ് നടത്തുന്ന ഈ ആത്മപരിശോധനയും വിമർശനങ്ങളും, പാർട്ടി അണികൾക്കിടയിലും പൊതുസമൂഹത്തിലും വലിയ തോതിലുള്ള സംവാദങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്.
മനു തോമസിൻ്റെ പോസ്റ്റ് പൂർണ്ണ രൂപത്തിൽ താഴെ കൊടുക്കുന്നു:
ആരാണ് ... പാർട്ടി...?
കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന നേതൃത്വവും അതിൻ്റെ അംഗങ്ങളും മാത്രമാണോ അതിനപുറത്ത് പാർട്ടിയിൽ വിശ്വാസമർപ്പിക്കുന്ന ആയിരക്കണക്കിന് ബഹുജനങ്ങളും കൂടെ ചേർന്നതാണോ. .. ഈ പാർട്ടി
അങ്ങനെയൊക്കെയാണ് പൊതുവെ പറയപ്പെടുന്നത്
കേന്ദ്രീകൃത ജനാധിപത്യത്തെ (ഇത് എന്ത് തരം ജനാധിപത്യമാണ് എന്ന് ഈ കാലത്ത് പുനരാലോചിക്കേണ്ടതുണ്ട്, പഠനവിധേയമാക്കേണ്ടതുണ്ട്)
എന്തായാലും ഈ ജനാധിപത്യ തത്വത്തെ സംഘടനാ തലത്തിൽ എടുത്ത് പ്രവർത്തിപ്പിക്കുന്നു എന്ന് അവകാശപെടുന്ന സി. പി.ഐ. എം അതിൻ്റെ ാപാർട്ടി എന്ന സാങ്കല്പിക സ്വത്വത്തെ അണികൾക്കിടയിൽ പ്രതിഷ്ഠിച്ചിരിക്കുന്നതും ഇപ്രകാരമാണ്.
പക്ഷെ പാർട്ടിയിൽ ഇക്കാലത്ത് കണ്ടുവരുന്ന പ്രവണത ചില വ്യക്തികേന്ദ്രീയ നയങ്ങൾ ഈ ക്ഷീണിച്ച ജനാധിപത്യ ഘടനയെ പോലും ദുർബലപ്പെടുത്തുന്നു എന്നതാണ്
ഇവിടെ വിഷയം സംഘടനയിൽ തീരുമാനങ്ങൾ എടുക്കുന്നത് ആര് എന്നതാണ്
പാർട്ടിയാകെ ചേർന്നാണോ....?അതോ
പാർട്ടിയിൽ അധികാരമുള്ള ഒരു വ്യക്തിയാണോ...?
അല്ലെങ്കിൽ ഒന്നിലധികം വ്യക്തികൾ ഉൾപ്പെടുന്ന അധികാര കേന്ദ്രമാണോ...? എന്നതാണ്
അങ്ങനെയെങ്കിൽ ഈ തീരുമാനം പാർട്ടി തീരുമാനമായി വ്യാഖ്യാനിക്കപ്പെടുന്നത് എങ്ങനെയാണ് ..? എന്തുകൊണ്ടാണ്
കേന്ദ്രീകൃത നേതൃത്വം എടുത്ത തീരുമാനത്തെ കീഴ് കമ്മറ്റികൾക്ക് മാറ്റാൻ അവകാശമില്ല ...പാർട്ടി മെമ്പർക്ക് അവകാശമില്ല... ,പിന്നെ പാർട്ടി അണികളുടെ കാര്യം പറയേണ്ടതില്ലല്ലോ..!
അപ്പോൾ പാർട്ടിയിലെ അധികാരകേന്ദ്രമായി മാറിയ ഒരു വ്യക്തി അല്ലെങ്കിൽ രണ്ട് പേർ ചേർന്ന് എടുക്കുന്ന തീരുമാനം ജനാധിപത്യപരമായി തീരുമാനിച്ചു. എന്ന് പൊതുസമൂഹത്തിനോട് വിശദീകരിക്കുന്നതിലൂടെ കാര്യം വ്യക്തമാണ് . പാർട്ടിയിലെ നേതൃത്വമായ ഒരാൾ അയാളുടെ മനസിന് ഇണങ്ങിയ അയാൾക്ക് സൗകര്യപ്രദമായ ഒരു തീരുമാനം പാർട്ടി ഫോറത്തിന് മുന്നിൽ അവതരിപ്പിക്കുന്നു.അത് ഇങ്ങനെയൊക്കെ പലകാര്യങ്ങൾ കൊണ്ട് മെച്ചപ്പെട്ടതാണെന്ന് ബാക്കി അംഗങ്ങളെ ബോധിപ്പിക്കാൻ ശ്രമിക്കുന്നു.
സ്വാഭാവികമായി ബോധ്യമാകാത്തവർ അത് ചോദ്യം ചെയ്യണം പക്ഷെ അത് ഉണ്ടാകുന്നില്ല കാരണം... ബോധ്യമാകാത്തതാണെങ്കിലും പാർട്ടിയിലെ അധികാര കേന്ദ്രമായി മുന്നിൽ നില്ക്കുന്നയാളെ എതിർക്കുക്കുന്നത് വ്യക്തിപരമായി തനിക്ക് ഗുണകരമല്ല എന്ന തിരിച്ചറിവ് ഈ അംഗത്തിന് ഉണ്ടാകുന്നു,
ഇങ്ങനെ പൊതു മൗനം പാലിക്കപ്പെടുന്നു ,അപ്പോൾ ഈ പൊതുവായ മൗനം കണക്കിലെടുത്ത് എല്ലാവരുടെയും അഭിപ്രായപ്രകാരാമാണ് തീരുമാനം എടുത്തത് എന്ന് മിനുട്സ് ചെയ്യപ്പെടുന്നു .ഇതിനിടയിൽ ദുർബലമായ എതിർപ്പ് ഉണ്ടായാലുംമൃഗീയമായ പൊതുമൗനം അതിനെ അവഗണിക്കാറാണ് പതിവ്
പാർട്ടി എന്നതിൻ്റെ എല്ലാ ജനാധിപത്യ സ്വഭാവത്തെയും നിർജീവമാക്കി (അത് പലതരം ഭയം-മൂലമാവാം)
ഒന്നോ രണ്ടോ ആളുകളായി പാർട്ടി മാറുന്നു; ഇവരെടുക്കുന്ന ഏതു തീരുമാനവും പാർട്ടി തീരുമാനമാകുന്നു. മുകളിൽ പറഞ്ഞ സംഘടനാ തത്വം വച്ച് ഈ തീരുമാനം നടപ്പിലാക്കാൻ കീഴ്ഘടകങ്ങൾ ബാധ്യസ്ഥരാകുന്നു. ഇതിൽ ആരെങ്കിലും വിയോജിച്ചാൽ പാർട്ടിയാണ് വലുത് വ്യക്തികൾ ഇതിന് കീഴെയാണ് എന്ന താത്വികമായ ഭീഷണിപ്പെടുത്തലുകൾ ഉണ്ടാകുന്നു .
ഇവിടെ നിങ്ങളെല്ലാം ഈ തീരുമാനമെടുത്ത എനിക്ക് കീഴ്പ്പെടണം എന്ന് പറയാൻ കഴിയാത്തതുകൊണ്ട് പകരം പാർട്ടിക്ക് കീഴ്പ്പെടണം എന്ന വാചകം തിരുകികയറ്റിയാൽ എല്ലാവരും കൈയടിക്കുന്നു.
എക്കാലത്തും ചർച്ചകൾക്ക് യാതോരു കുറവും ഉള്ള പാർട്ടിയല്ല സി. പി.ഐ. എം. എല്ലാ കമ്മറ്റികൾക്കും ചർച്ച ചെയ്യാൻ അധികാരമുണ്ട് അത് വ്യവസ്ഥാപിത ചർച്ചകൾക്ക് മാത്രമായിരിക്കും.പക്ഷെ സംഘടന തീരുമാനം മേൽ പറഞ്ഞ അധികാര കേന്ദ്രത്തിലെ വ്യക്തി എടുത്തതുതന്നെയായിരിക്കും.
ഇതൊരു ഗിമ്മിക്കാണ്
നിങ്ങൾക്ക് ജനാധിപത്യ അവകാശമുണ്ട് എന്ന് പ്രതീതി സൃഷ്ടിക്കുക പക്ഷെ നടപ്പിലാക്കുന്ന തീരുമാനം രാജാവിൻ്റെതു തന്നെയായിരിരിക്കും.
ആരാണ് രാജാവ്....?
(തുടരും)
#political #CPIM