മംഗളുരുവിലെ ഡീല്‍ വിഴിഞ്ഞം ഓഹരി കൈമാറ്റത്തിന് വേണ്ടിയോ? വിഡി സതീശന്‍ അന്നത്തെ ദുരൂഹ സന്ദര്‍ശനത്തെക്കുറിച്ച് തുറന്നുപറയണമെന്ന് തോമസ് ഐസക്
തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് തൊട്ടുമുന്‍പ് വിഡി സതീശന്‍ മംഗലാപുരത്ത് ചാര്‍ട്ടേഡ് വിമാനത്തിലെത്തിയത് വിഴിഞ്ഞം ഓഹരി കൈമാറ്റത്തിനായുള്ള ഡീലിനുവേണ്ടിയാണോയെന്ന് മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്.
അദാനിയുടെ കൈയ്യിലുള്ള ഓഹരികളില്‍ ഒരുഭാഗം കൈമാറാനുള്ള തീരുമാനം പുറത്തുവന്നതോടെയാണ് ഇത്തരമൊരു ചോദ്യവുമായി തോമസ് ഐസക് രംഗത്തെത്തിയത്.
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് തൊട്ടുമുന്‍പ് വിഡി സതീശന്‍ മംഗലാപുരത്ത് ചാര്‍ട്ടേഡ് വിമാനത്തിലെത്തിയത് വിഴിഞ്ഞം ഓഹരി കൈമാറ്റത്തിനായുള്ള ഡീലിനുവേണ്ടിയാണോയെന്ന് മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്. അദാനിയുടെ കൈയ്യിലുള്ള ഓഹരികളില്‍ ഒരുഭാഗം കൈമാറാനുള്ള തീരുമാനം പുറത്തുവന്നതോടെയാണ് ഇത്തരമൊരു ചോദ്യവുമായി തോമസ് ഐസക് രംഗത്തെത്തിയത്.
തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
സമുദ്ര മിഷന്‍ സംബന്ധിച്ച പുതിയ ബജറ്റിലെ നിര്‍ദ്ദേങ്ങള്‍ ഉയര്‍ത്തിയിരിക്കുന്ന ആശങ്കകളെ ശരിവയ്ക്കുന്നതാണ് അദാനിയുടെ വിഴിഞ്ഞം ഓഹരി കൈമാറ്റം. വിഴിഞ്ഞം പോര്‍ട്ടിന്റെ ഉടമസ്ഥനായ കേരള സര്‍ക്കാരിനോട് ചര്‍ച്ച ചെയ്യാതെ ഇത്തരമൊരു നടപടിക്ക് അദാനി കമ്പനി തയ്യാറായതിന്റെ പശ്ചാത്തലം പുതിയ ബജറ്റ് നിര്‍ദ്ദേശമാണ്.
മുഖ്യമന്ത്രി വി.ഡി. സതീശന്‍ കേരളത്തോട് വ്യക്തമാക്കേണ്ടുന്ന ഒരു കാര്യം അദാനി കമ്പനി അധികൃതരുമായി അനൗപചാരികമായി ഓഹരി കൈമാറ്റത്തെക്കുറിച്ച് ഏതെങ്കിലും ഘട്ടത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടോ എന്നതാണ്. തെരഞ്ഞെടുപ്പ് വിജയത്തെത്തുടര്‍ന്ന് മംഗലാപുരത്ത് അദാനി കമ്പനി പ്രതിനിധികളെ കാണുന്നതിന് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ ദുരുഹമായൊരു സന്ദര്‍ശനം അദ്ദേഹം നടത്തിയിരുന്നുവല്ലോ. കേരള സര്‍ക്കാരിനെ പൂര്‍ണ്ണമായും മറയത്ത് ഇരുത്തി ഇത്തരമൊരു നീക്കം അദാനി നടത്തിയെന്നത് അവിശ്വസനീയമാണ്.
കണ്‍സഷന്‍ എഗ്രിമെന്റ് ക്ലോസ് 5(3) പ്രകാരം അതോറിറ്റിയായ കേരള സര്‍ക്കാരിന്റെ അനുമതിയോടുകൂടി മാത്രമേ ഓഹരി വില്‍ക്കാനോ, കരാര്‍ വ്യവസ്ഥയില്‍ മാറ്റം വരുന്ന രീതിയില്‍ ഉടമസ്ഥതയില്‍ വ്യതിയാനം സൃഷ്ടിക്കാനോ സാധിക്കൂ എന്നാണ്. 25 ശതമാനത്തില്‍ കൂടുതല്‍ ഓഹരി വില്‍ക്കുന്നത് ഉടമസ്ഥാവകാശത്തിലുള്ള മാറ്റമായിട്ടാണ് (Change in Ownership) കണക്കാക്കുന്നത്. പത്രവാര്‍ത്ത കണ്ടാല്‍ അത് ഏകദേശം നടപ്പായി എന്ന മട്ടാണ്. അങ്ങനെ വരാനിടയായി എന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.
വിഎസ് സര്‍ക്കാരിന്റെ കാലത്ത് വിഴിഞ്ഞം പോര്‍ട്ടിനെ ലാന്റ് ലോഡ് മോഡലില്‍ വികസിപ്പിക്കാനാണ് നടപടി സ്വീകരിച്ചത്. കേരള സര്‍ക്കാര്‍ പണം മുടക്കി പോര്‍ട്ട് നിര്‍മ്മിക്കും. അതിന്റെ നടത്തിപ്പിന് റവന്യു ഷെയര്‍ മോഡലില്‍ ഒരു കമ്പനിയെ ഏല്‍പ്പിക്കും. ഇത് അട്ടിമറിച്ചത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കേന്ദ്ര സര്‍ക്കാരാണ്.
പിന്നീട് അധികാരത്തില്‍വന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് അദാനിയുമായിട്ട് ഏകപക്ഷീയമായി കരാര്‍ ഉണ്ടാക്കിയത്. അതുപ്രകാരം തുറമുഖത്തിന്റെ നിര്‍മ്മാണത്തിന്റെ 70 ശതമാനം തുക കേരളം വഹിക്കും. 30 ശതമാനം അദാനി കമ്പനിയും. 30 വര്‍ഷം കഴിഞ്ഞ് മാത്രമേ വരുമാനത്തില്‍ വിഹിതം കേരളത്തിന് കിട്ടിത്തുടങ്ങൂ. 40 വര്‍ഷം കഴിഞ്ഞേ കേരളത്തിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലേക്ക് തുറമുഖം വരൂ.
ഇടതുപക്ഷം ഈ ഉടമ്പടിയെ നിശിതമായിട്ട് വിമര്‍ശിച്ചു. സി&എജിയും അത് ശരിവച്ചു. മാത്രമല്ല, അദാനി മുടക്കുന്ന 30 ശതമാനം വരുന്ന 2500 കോടി രൂപ തുകയില്‍ നല്ലൊരുപങ്ക് യന്ത്രങ്ങളുടെയും മറ്റും ഊതിവീര്‍പ്പിച്ച വിലയാണെന്നും സി&എജി നിരീക്ഷിക്കുകയുണ്ടായി.
എങ്കിലും 2016-ലെ തെരഞ്ഞെടുപ്പിന് മുന്നേ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഒപ്പുവച്ച കരാര്‍ തള്ളിക്കളയില്ലായെന്ന് ഇടതുപക്ഷം പരസ്യമായി പ്രഖ്യാപിച്ചു. കാരണം, കേസുമൂലം തുറമുഖ നിര്‍മ്മാണം അനന്തമായി നീണ്ടുപോയാല്‍ വിഴിഞ്ഞം നമുക്ക് എന്നെന്നേക്കുമായി നമുക്ക് നഷ്ടപ്പെടാനിടയുണ്ട്. വിഴിഞ്ഞത്തിന് തൊട്ടടുത്ത് തമിഴ്‌നാട്ടിലെ കുളച്ചലില്‍ അദാനി തന്നെ പുതിയ തുറമുഖത്തിന് കരാര്‍ എടുത്തിരുന്നു.
യുഡിഎഫിന്റെ അട്ടിമറി സമരത്തെയും മറ്റും നേരിട്ട് വിഴിഞ്ഞം തുറമുഖത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കി. രണ്ടാംഘട്ടം പത്ത് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടിയും എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചു. വിഴിഞ്ഞത്തെ ആസ്ഥാനമാക്കി വികസന കോറിഡോറിനുള്ള നിര്‍ദ്ദേശങ്ങള്‍ക്കും രൂപം നല്‍കി.
ഈ സന്ദര്‍ഭത്തില്‍ അദാനിയുമായിട്ടുള്ള കരാറിന്റെ ഘടന മനസിലാക്കേണ്ടതുണ്ട്. അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡും കേരള സര്‍ക്കാരിന്റെ വിസാല്‍ എന്ന പൊതുമേഖലാ കമ്പനിയുമായിട്ടാണ് പിപിപി കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. അതുപ്രകാരം 61.5 ശതമാനം (5370 കോടി രൂപ) കേരള സര്‍ക്കാരാണ് ചെലവാക്കുന്നത്. 9.6 ശതമാനം (818 കോടി രൂപ) വയബിലിറ്റി ഗ്യാപ് ഫണ്ടിംങ് എന്ന നിലയില്‍ കേരളത്തിനു കേന്ദ്രം വായ്പ നല്‍കുന്ന പണമാണ്. അദാനി മുടക്കുന്നത് വെറും 28.9 ശതമാനം (2497 കോടി രൂപ) മാത്രമാണ്.
ഇപ്പോള്‍ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി 13000 കോടി രൂപയ്ക്ക് വിഴിഞ്ഞം പോര്‍ട്ടിനായി രൂപീകരിച്ച അദാനി കമ്പനിയുടെ 49 ശതമാനം ഓഹരികള്‍ വാങ്ങുന്നൂവെന്നാണ് റിപ്പോര്‍ട്ട്.
2497 കോടി രൂപ മുടക്കുന്ന അദാനി തന്റെ കമ്പനിയുടെ 49 ശതമാനം ഓഹരി 13000 കോടി രൂപയ്ക്ക് വില്‍ക്കുമ്പോള്‍ ആ ഡീലിന്റെ വലുപ്പം എത്രയാണെന്ന് മനസിലാക്കാനാകും. ഇത് കേരളത്തില്‍ നടത്തുന്ന മുതല്‍മുടക്കാണെന്ന് ദേശാഭിമാനി പത്രം തെറ്റിദ്ധരിച്ചൂവെന്ന് തോന്നുന്നു. ഇത് അദാനിയുടെ ഓഹരിക്ക് നല്‍കുന്ന വിലയാണ്. എന്നാല്‍ പോകുന്നത് അദാനിയുടെ പോക്കറ്റിലേക്കാണ്. ഇതാണ് ഡീലിന്റെ വലുപ്പം.
കേരളത്തിന്റെ തുറമുഖങ്ങളും തീരപ്രദേശങ്ങളും ഇത്തരത്തില്‍ കുത്തകകള്‍ക്കും വിദേശ കമ്പനികള്‍ക്കും കൈമാറുന്നതിനുള്ള നീക്കമല്ല സമുദ്ര മിഷനിലൂടെ നടത്തുന്നതെന്ന് മുഖ്യമന്ത്രി സതീശന് എങ്ങനെ ഉറപ്പു പറയാനാകും?
കേരളം മുഴുവന്‍ തീരദേശ, മലയോര ദേശീയപാത റോഡുകളാലും ഉള്‍നാടന്‍ ജലഗതാഗത മാര്‍ഗത്താലും തീരദേശ കപ്പല്‍ മാര്‍ഗത്താലും പരസ്പര ബന്ധിതമാക്കിയും വ്യവസായ കോറിഡോറുകളുടെയും പാര്‍ക്കുകളുടെയും ശൃംഖലകള്‍ സൃഷ്ടിച്ച് ഒരു വിജ്ഞാന തൊഴില്‍ സമ്പദ്ഘടനയായി പരിവര്‍ത്തനം ചെയ്യുന്നതിനാണ് എല്‍ഡിഎഫ് ലക്ഷ്യം വച്ചത്. കേരളം മുഴുവന്‍ പരന്നു കിടക്കുന്ന ഒരു പുതിയ സിലിക്കണ്‍വാലിയായി മാറണം. കേരളത്തിലെ പ്രകൃതി വിഭവങ്ങള്‍ക്കും മനുഷ്യവിഭവശേഷിക്കും അനുയോജ്യമായൊരു വികസനം ആയിരിക്കുമിത്.
ഇതിനു പകരം തുറമുഖങ്ങളെ അടിസ്ഥാനമാക്കി കപ്പല്‍ മാര്‍ഗ്ഗേണയുള്ള കയറ്റുമതി ഘനവ്യവസായങ്ങള്‍ സ്ഥാപിച്ച് പുതുയുഗ കേരളത്തെ സൃഷ്ടിക്കാനാണ് വി.ഡി. സതീശന്‍ ശ്രമിക്കുന്നത്. ഇത് ഉയര്‍ത്താന്‍ പോകുന്ന പ്രശ്‌നങ്ങളുടെ നാന്ദിയാണ് അദാനിയുടെ ഓഹരി വില്‍പ്പന.