ഇ20 പെട്രോള്‍ ഉപയോഗിച്ചതോടെ എഞ്ചിന്‍ വാല്‍വുകള്‍ മാറ്റാന്‍ 3.5 ലക്ഷം രൂപ വേണ്ടിവന്നെന്ന് സൂപ്പര്‍ താരത്തിന്റെ സഹോദരന്‍

തെലുഗു സിനിമാ നടനും സൂപ്പര്‍താരം മഹേഷ് ബാബുവിന്റെ അര്‍ദ്ധ സഹോദരനുമായ നരേഷ് വിജയകൃഷ്ണ കേന്ദ്ര സര്‍ക്കാരിന്റെ ഇ20 പെട്രോളിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.

 

തന്റെ എക്‌സ് അക്കൗണ്ടിലൂടെ വിശദമായ പോസ്റ്റ് പങ്കുവെച്ച അദ്ദേഹം, ഈ ഇന്ധനം ബൈക്ക് ഉപയോക്താക്കള്‍ മുതല്‍ ഹൈ-എന്‍ഡ് കാര്‍ ഉടമകള്‍ വരെ തിരിച്ചടിയുണ്ടാക്കുന്നതായി വിശേഷിപ്പിച്ചു.

ന്യൂഡല്‍ഹി: തെലുഗു സിനിമാ നടനും സൂപ്പര്‍താരം മഹേഷ് ബാബുവിന്റെ അര്‍ദ്ധ സഹോദരനുമായ നരേഷ് വിജയകൃഷ്ണ കേന്ദ്ര സര്‍ക്കാരിന്റെ ഇ20 പെട്രോളിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.

തന്റെ എക്‌സ് അക്കൗണ്ടിലൂടെ വിശദമായ പോസ്റ്റ് പങ്കുവെച്ച അദ്ദേഹം, ഈ ഇന്ധനം ബൈക്ക് ഉപയോക്താക്കള്‍ മുതല്‍ ഹൈ-എന്‍ഡ് കാര്‍ ഉടമകള്‍ വരെ തിരിച്ചടിയുണ്ടാക്കുന്നതായി വിശേഷിപ്പിച്ചു.

ബിജെപി അനുഭാവിയായ ഒരു സുഹൃത്തിന്റെ പുതിയ ടൊയോട്ട കാമ്രിയുടെ എഞ്ചിന്‍ വാല്‍വുകള്‍ മാറ്റുന്നതിനായി 3.5 ലക്ഷം രൂപ ചെലവഴിക്കേണ്ടി വന്നതായി നരേഷ് പറഞ്ഞു. ഇ20 പെട്രോളാണ് കാരണമെന്നാണ് ആരോപണം. തന്റെ പോര്‍ഷെ പനാമെര (ഏകദേശം 2-2.7 കോടി രൂപ വിലമതിക്കുന്നത്) യില്‍ ഇതേ പ്രശ്‌നം ഉണ്ടായാല്‍ റിപ്പയര്‍ ചെലവ് 12 ലക്ഷം രൂപ വരും. റിസ്‌ക് ഒഴിവാക്കാന്‍ താന്‍ 100 ഒക്ടെയ്ന്‍ പെട്രോളിലേക്ക് (ലിറ്ററിന് 165 രൂപ) മാറിയതായും അദ്ദേഹം വ്യക്തമാക്കി.

താന്‍ രാജ്യവിരുദ്ധനല്ലെന്ന് വ്യക്തമാക്കിയ നരേഷ്, ബിജെപിയുടെ മുന്‍ നേതാവ് എന്ന നിലയില്‍ പാര്‍ട്ടിയുടെ ചിന്താഗതിയെ മതിക്കുന്നുവെങ്കിലും ഈ നയം അവസരവാദപരവും അനാവശ്യമായി തിടുക്കപ്പെട്ടതാണെന്നും വിമര്‍ശിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ കോടിക്കണക്കിന് ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ തകര്‍ക്കുന്നത് ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബ്രസീല്‍ പോലുള്ള രാജ്യങ്ങള്‍ എഥനോള്‍ മിശ്രണം ഘട്ടംഘട്ടമായി നടപ്പാക്കിയതിന് വിപരീതമായി ഇന്ത്യയില്‍ ത്വരിതഗതിയിലുള്ള നടപ്പാക്കല്‍ പ്രശ്‌നമുണ്ടാക്കിയതായും അദ്ദേഹം പറയുന്നു.

നരേഷ് സമീപകാലത്ത് തന്റെ പുതിയ ലഗ്‌സറി പോര്‍ഷെ പനാമെര G3 ടര്‍ബോ വാങ്ങിയത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ടോളിവുഡില്‍ ഈ മോഡലിന്റെ ആദ്യ ഉടമയായ അദ്ദേഹമാണ് ഇപ്പോള്‍ ഇ20 പെട്രോളിനെതിരെ ശക്തമായ നിലപാട് എടുത്തിരിക്കുന്നത്.

വിഷയം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. ചില ഓട്ടോമൊബൈല്‍ കമ്പനികള്‍ ഇ20 അനുയോജ്യമാണെന്ന് ഉറപ്പുനല്‍കുന്നുണ്ടെങ്കിലും, പല ഉപയോക്താക്കളും മൈലേജ് കുറവ്, എഞ്ചിന്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയ പരാതികള്‍ ഉയര്‍ത്തുന്നു.