മഹാരാഷ്ട്രയില്‍ വോട്ടെണ്ണിയപ്പോള്‍ പോള്‍ ചെയ്തതിനേക്കാള്‍ 5 ലക്ഷത്തിലധികം വോട്ടുകള്‍ അധികം, വോട്ടിങ് യന്ത്രത്തില്‍ തട്ടിപ്പ് നടന്നോ?

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ ഡാറ്റയുടെ വിശകലനത്തില്‍ എണ്ണിയ വോട്ടുകളും പോളിംഗും തമ്മില്‍ പൊരുത്തക്കേടെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

എട്ട് മണ്ഡലങ്ങളില്‍ വോട്ടുകള്‍ പോളിംഗ് ചെയ്തതിലും കുറവായിരുന്നപ്പോള്‍, ബാക്കി 280 മണ്ഡലങ്ങളില്‍ വോട്ടുകള്‍ പോളിംഗ് ചെയ്തതിലും കൂടുതലായിരുന്നു.

 

ന്യൂഡല്‍ഹി: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ ഡാറ്റയുടെ വിശകലനത്തില്‍ എണ്ണിയ വോട്ടുകളും പോളിംഗും തമ്മില്‍ പൊരുത്തക്കേടെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഡാറ്റ പ്രകാരം, അന്തിമ വോട്ടര്‍ ടേണ്‍ഔട്ട് 66.05% ആയിരുന്നു. അതായത് 64,088,195 വോട്ടുകള്‍ ആകെ പോള്‍ ചെയ്തു (30,649,318 സ്ത്രീകള്‍, 33,437,057 പുരുഷന്മാര്‍, 1820 ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍). എന്നാല്‍, വോട്ടുകള്‍ എണ്ണിയപ്പോള്‍ 64,592,508 ആണ്. ഇത് പോളിംഗ് ചെയ്ത മൊത്തം വോട്ടുകളേക്കാല്‍ 5,04,313 അധികമാണ്.

എട്ട് മണ്ഡലങ്ങളില്‍ വോട്ടുകള്‍ പോളിംഗ് ചെയ്തതിലും കുറവായിരുന്നപ്പോള്‍, ബാക്കി 280 മണ്ഡലങ്ങളില്‍ വോട്ടുകള്‍ പോളിംഗ് ചെയ്തതിലും കൂടുതലായിരുന്നു. ഏറ്റവും വലിയ പൊരുത്തക്കേടുകള്‍ അഷ്ടി മണ്ഡലത്തില്‍ 4,538 അധിക വോട്ടുകളും, ഒസ്മാനാബാദ് മണ്ഡലത്തില്‍ 4,155 വോട്ടുകളും ആണ്.

മെയ് 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍ ടേണ്‍ഔട്ട് ഡാറ്റയും ഫോം 17സി-യും സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ന്നിരുന്നു. അന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് സുപ്രീം കോടതിയില്‍ ഓരോ പോളിംഗ് ഘട്ടത്തിനും 48 മണിക്കൂറിനുള്ളില്‍ പോളിംഗ് സ്റ്റേഷന്‍ അടിസ്ഥാനത്തിലുള്ള വോട്ടര്‍ ടേണ്‍ഔട്ട് ഡാറ്റ പുറത്തുവിടണമെന്ന് അപേക്ഷിച്ചു. എന്നാല്‍, സുപ്രീം കോടതി ഈ അപേക്ഷ തള്ളുകയും, ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ വാദങ്ങള്‍ അംഗീകരിക്കുകയും ചെയ്തു.

ഇലക്ഷന്‍ കമ്മീഷന്‍ ഫോം 17സി ഡാറ്റ സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാര്‍ക്ക് നല്‍കുന്നുവെങ്കിലും, വെബ്‌സൈറ്റുകളില്‍ ഇവ കാണിക്കാറില്ല. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ നിലവിലെ പൊരുത്തക്കേടുകള്‍ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ഡാറ്റയുടെ പ്രാധാന്യത്തെക്കുറിച്ച് അടിവരയിടുന്നതാണ്.

ഇത്തരം പൊരുത്തക്കേടുകളുടെ തുടര്‍ച്ച ഡാറ്റ ശേഖരണവും പരിശോധനാ രീതികളും കൃത്യമാണോ എന്ന ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. വോട്ടെടുപ്പിന് ശേഷം വിവരങ്ങള്‍ പുറത്തുവിടാന്‍ ദിവസങ്ങളോളമെടുക്കുന്നത് ദുരൂഹമാണ്. ഇലക്ഷന്‍ കമ്മീഷനെക്കുറിച്ച് പ്രതിപക്ഷം ആരോപണം ഉന്നയിക്കുമ്പോള്‍ കൃത്യമായ ഡാറ്റ പുറത്തുവിടാന്‍ തയ്യാറാകേണ്ടതാണ്.