മധ്യപ്രദേശ് ബിജെപി മുഖ്യമന്ത്രി വാങ്ങിക്കൂട്ടിയത് 335 ഏക്കറോളം സ്ഥലം, ചുളു വിലയ്ക്ക് വാങ്ങിയ ഭൂമി പ്ലോട്ടുകളാക്കി റിയല്‍ എസ്‌റ്റേറ്റ് കമ്പനികള്‍

മുഖ്യമന്ത്രി മോഹന്‍ യാദവിനെതിരെ ഉയര്‍ന്ന ഭൂമി കുംഭകോണം മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കുന്നു.

 

യാദവിന്റെ ഭരണകാലത്ത് ഉജ്ജയ്‌നി മാസ്റ്റര്‍ പ്ലാന്‍ 2035 പ്രകാരം റോഡുകള്‍, ഇന്‍ഫ്രാസ്ട്രക്ച്ചര്‍, മഹാകാല്‍ കോറിഡോര്‍ തുടങ്ങിയവ നടപ്പാക്കി.  കുടുംബം വാങ്ങിയ ഭൂമി ഈ വികസന മേഖലകളിലാണ്.

ന്യൂഡല്‍ഹി: മുഖ്യമന്ത്രി മോഹന്‍ യാദവിനെതിരെ ഉയര്‍ന്ന ഭൂമി കുംഭകോണം മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. മോഹന്‍ യാദവിന്റെ കുടുംബം ഉജ്ജയ്‌നിയിലും ചുറ്റുമുള്ള പ്രദേശങ്ങളിലും ഏകദേശം 45 കോടി രൂപയ്ക്ക് 335 ഏക്കറോളം ഭൂമി സ്വന്തമാക്കിയെന്നാണ് പ്രതിപക്ഷ ആരോപണം.

മോഹന്‍ യാദവ് മുഖ്യമന്ത്രിയായ 2023 ഡിസംബര്‍ മുതല്‍ 2025 വരെ കുടുംബാംഗങ്ങളും അനുബന്ധ റിയല്‍ എസ്റ്റേറ്റ് കമ്പനികളും 137 പ്ലോട്ടുകളായി ഏകദേശം 168 ഏക്കര്‍ ഭൂമി വാങ്ങി. മൊത്തം 194ലധികം പ്ലോട്ടുകള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

യാദവിന്റെ ഭരണകാലത്ത് ഉജ്ജയ്‌നി മാസ്റ്റര്‍ പ്ലാന്‍ 2035 പ്രകാരം റോഡുകള്‍, ഇന്‍ഫ്രാസ്ട്രക്ച്ചര്‍, മഹാകാല്‍ കോറിഡോര്‍ തുടങ്ങിയവ നടപ്പാക്കി.  കുടുംബം വാങ്ങിയ ഭൂമി ഈ വികസന മേഖലകളിലാണ്. വികസനപ്രഖ്യാപനങ്ങള്‍ക്ക് ശേഷം ഭൂമിയുടെ വില വര്‍ധിച്ചു, സ്വകാര്യ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് പൊതു പദ്ധതികള്‍ രൂപപ്പെടുത്തിയെന്നാണ് ആരോപണം.

2021 മുതല്‍ 2023 വരെ കുടുംബത്തിന്റെ ഭൂമി 8 ഏക്കറില്‍ നിന്ന് 50 ഏക്കറായി വര്‍ധിച്ചു. മുഖ്യമന്ത്രിയായ ശേഷം അതിവേഗം ആസ്തികള്‍ വര്‍ധിച്ചതായി കാണാം. ഭാര്യ, മകന്‍, മരുമകള്‍, സഹോദരി, അനന്തരവന്മാര്‍ തുടങ്ങിയവരുടെ പേരിലും കമ്പനികളിലുമാണ് ഇടപാടുകള്‍.

പ്രതിപക്ഷം ഇതിനെ മഹാകാല്‍ ഭൂമിയുടെ കൊള്ള എന്ന് വിശേഷിപ്പിക്കുന്നു. ഭരണാധികാരം ദുരുപയോഗം ചെയ്ത് സ്വകാര്യ ലാഭത്തിന് ഉപയോഗിച്ചെന്നാണ് ആരോപണം.

മധ്യപ്രദേശ് കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. മോഹന്‍ യാദവ് രാജിവെച്ച് സുപ്രീം കോടതി ജഡ്ജി നേതൃത്വത്തിലുള്ള ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ മോദിയെയും ബിജെപിയെയും ചോദ്യം ചെയ്തു. എഎപി, സമാജ്വാദി പാര്‍ട്ടി തുടങ്ങിയവരും പ്രതിഷേധത്തിന് പിന്തുണ നല്‍കി.

മുഖ്യമന്ത്രിയായ ശേഷം പുതിയ ഭൂമി വാങ്ങിയിട്ടില്ലെന്നാണ് മോഹന്‍ യാദവിന്റെ പ്രതികരണം. കുടുംബം വര്‍ഷങ്ങളായി റിയല്‍ എസ്റ്റേറ്റ് ബിസിനസ് ചെയ്യുന്നു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വാദിച്ചു.

അന്വേഷണം നടന്നാല്‍ മാത്രമേ സത്യം പുറത്തുവരൂ. നിലവില്‍ ബിജെപി സര്‍ക്കാരിന്റെ വിശ്വാസ്യതയെ ഏറെ തകര്‍ക്കുന്ന വിവാദമാണിത്. ജനങ്ങള്‍ ഭരണത്തിന്റെ ധാര്‍മികതയും സുതാര്യതയും ആവശ്യപ്പെടുന്നത് ന്യായമാണ്.