ഗൗരി ശങ്കരത്തിലെ ഈണങ്ങളിൽ എം .ജയചന്ദ്രൻ
ഹരികൃഷ്ണൻ. ആർ
കാല്പനികതയുടെ ആഴങ്ങളെ തൊട്ടറിഞ്ഞ ഗാനങ്ങളായിരുന്നു ഗൗരിശങ്കരം എന്ന ചിത്രത്തിനായി എം.ജയചന്ദ്രൻ ഒരുക്കിയ സംഗീതം .സംഗീതത്തിൻ്റെ ഗാനപ്രപഞ്ചത്തിൽ നിന്നും ഹൃദയത്തിൽ തൊട്ട് നിൽക്കുന്ന ഈണങ്ങൾ ജയചന്ദ്രൻ ഈ ചിത്രത്തിനായി ഒരുക്കുകയായിരുന്നു .
ഗ്രാമീണ സംസ്കൃതിയിൽ നിന്നും ഉടലെടുത്ത ഇഴപിരിയാത്ത സ്നേഹ ബന്ധം ആ ഗാനങ്ങളിലെങ്ങും അസാമാന്യമായി നിറഞ്ഞു നിന്നുവെന്നു തന്നെ പറയാം .ഗൃഹാതുരത്തിൽ ചെന്നു മുട്ടുന്ന ഗാനങ്ങൾ എല്ലാം തന്നെ ഒന്നിനൊന്ന് മികച്ചവയായിരുന്നു . മാത്രമല്ല മലയാളികളോട് ഏറെ അടുക്കുന്നവയും .
കിനാവുകൾ പെയ്തൊഴിയുന്ന തണുത്ത കാറ്റു പോലെ ഗൗരിശങ്കരത്തിലെ ഓരോ ഗാനങ്ങളും മലയാളി ഗാനാസ്വാദകരെ ഏറെ ഇഷ്ടപ്പെടുത്തി .രാഗങ്ങളുടെ ചുവട് പിടിച്ച് അദ്ദേഹം ഒരുക്കിയ കേസരിയ എന്ന ഗാനം മധു ബാലകൃഷ്ണൻ്റെ ആലാപന മാധുരിയിൽ സംഗീത ആസ്വദകരെ ആ പാട്ടിലേക്ക് ഏറെ അടുപ്പിച്ചു .
വരികളും , ഓർക്കസ്ട്രേഷനും എല്ലാം കൊണ്ടും ഗാനം ഇന്നും മലയാളികൾക്ക് ഏറെ പ്രീയപ്പെട്ട ഗാനങ്ങളിലൊന്നാണ് .കണ്ണിൽ കണ്ണിൽ മിന്നും കണ്ണാടിയിൽ എന്ന ഗാനം പിണക്കത്തിന് ശേഷമുള്ള ഇണക്കം എത്ര മധുരമോ അത്ര മനോഹരമായ ഒരു അനുഭവമായിരുന്നു മലയാളികൾക്ക് നൽകിയത് .
സംഗീതജ്ഞൻ എന്ന നിലയിൽ എം.ജയചന്ദ്രനെ ഏറെ മുമ്പോട്ട് കൊണ്ടു പോയ ഗാനങ്ങളായിരുന്നു ഗൗരി ശങ്കരത്തിലേത് .ഉറങ്ങാതെ രാവുറങ്ങി എന്ന ഗാനവും ജയചന്ദ്രനിലെ സംഗീതജ്ഞനെ പുറത്ത് കൊണ്ടുവരുന്ന ഒരു ഗാനമായിരുന്നു .
കാലത്തിൻ്റെ ചിറകിലേറി ഇന്നലകളുടെ ഓർമ്മകളെ ഉണർത്തിയെടുക്കുന്ന ഗാനങ്ങളെ ഗൗരിശങ്കരം എന്ന ചിത്രത്തിലൂടെ എം.ജയചന്ദ്രൻ നമുക്ക് സമ്മാനിക്കുകയായിരുന്നു . വൃന്ദാവനത്തിലെ കൃഷ്ണനും രാധയും തമ്മിലുള്ള കുസൃതിയും , ഇണക്കവും , പിണക്കവുമെല്ലാം ഇതിലെ ഓരോ ഗാനങ്ങളിലും ഒത്തു ചേർന്നുവെന്ന് പറയാം .