ലയണൽ മെസ്സി – വൺ ലാസ്റ്റ് ഡാൻസ്

2026 ഫുട്ബോൾ ലോകകപ്പിന് പന്തുരുളാൻ ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി. ജൂൺ 11 മുതൽ ഒരു മാസക്കാലത്തേക്ക് മറ്റെല്ലാം മറന്ന് ലോകം ഒരു പന്തിന് പിന്നാലെ ഓടി തുടങ്ങും.

 


2026 ഫുട്ബോൾ ലോകകപ്പിന് പന്തുരുളാൻ ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി. ജൂൺ 11 മുതൽ ഒരു മാസക്കാലത്തേക്ക് മറ്റെല്ലാം മറന്ന് ലോകം ഒരു പന്തിന് പിന്നാലെ ഓടി തുടങ്ങും. കളിക്കളത്തിൽ ഇന്ദ്രജാലങ്ങൾ തീർക്കുന്ന താരങ്ങൾ സ്ക്രീനുകളിലും മൊബൈൽ ഫോണുകളിലും, എന്തിന്, വഴിയോരങ്ങളിൽ വരെ നിറഞ്ഞ് നിൽക്കും. ലോകഫുട്ബോളിൽ ആരാധകർക്ക് പ്രിയപ്പെട്ട താരങ്ങൾ പുതിയ തലമുറയിൽ ഒട്ടേറെ ഉണ്ട്. എംബാപ്പെയും ഹാളണ്ടും യമാലും പെഡ്രിയും വിനീഷ്യസും ഡെംബല്ലെയും... ലിസ്റ്റ് നീണ്ടു കൊണ്ടേയിരിക്കുന്നു. എന്നാൽ ഈ പുതുരക്തത്തിനൊപ്പം ഇവരേക്കാൾ ഒക്കെ തലതൊട്ടപ്പൻ ആയി എല്ലാ ആരാധനകളും പ്രാർത്ഥനകളും സ്വന്തമാക്കുന്ന മറ്റൊരാൾ ഉണ്ട്. ആ മുപ്പത്തിയൊൻപത്കാരൻ അയാളുടെ അവസാന ലോകകപ്പിന് ബൂട്ട് കെട്ടുകയാണ്. അയാളുടെ പേര് ഇന്ന് ലോകത്തിന്റെ ഏത് കോണിലുമുള്ള കളിപ്രേമികൾക്കും മനപ്പാഠം ആണ്. ആരാധകർ സ്നേഹത്തോടെ ലിയോ മെസ്സി എന്ന് വിളിക്കുന്ന ലയണൽ ആന്ദ്രസ് മെസ്സി !

ലയണൽ മെസ്സി ഈ ലോകകപ്പിന് എത്തുന്നത് സമ്മർദ്ദങ്ങൾ ഏതും ഇല്ലാതെ ആണ്. കാരണം അയാൾ ഇപ്പോൾ ലോകചാമ്പ്യൻ ആണ്. ക്ലബ്ബിന് വേണ്ടി പുറത്തെടുക്കുന്ന പ്രകടനം രാജ്യത്തിന്‌ വേണ്ടി ആവർത്തിക്കുന്നില്ല എന്ന ക്രൂര വിമർശനം സധൈര്യം അതിജീവിച്ച ആളാണ്‌. 2022 ഖത്തർ ലോകകപ്പിലെ ആ മായികരാത്രിയിൽ സ്വർണ്ണക്കപ്പിൽ മുത്തമിട്ടതോടെ ഫുട്ബോൾ ലോകത്തിലെ മിശിഹ ആയി സംശയമേതും ഇല്ലാതെ അവരോധിക്കപ്പെട്ടവൻ ആണ്. അതിനാൽ ഇത്തവണ അയാൾ കളിക്കാൻ എത്തുന്നത് തന്റെ അവസാന രാജ്യാന്തര ടൂർണമെന്റ് ആസ്വദിക്കാൻ ആണ്. അതിനെല്ലാം അയാളെ പ്രാപ്തൻ ആക്കിയത് നാല് വർഷം മുമ്പുള്ള ഒരു ഡിസംബർ മാസത്തിലെ തണുത്ത രാത്രി ആയിരുന്നു. എന്നാൽ ഖത്തറിൽ കപ്പ് ഉയർത്തിയ മെസ്സിയുടെ വീരഗാഥയെ കുറിച്ച് അറിയും മുൻപ് അർജന്റീനിയൻ ജേഴ്സിയിൽ അയാൾ ഒഴുക്കിയ വിയർപ്പിനെ കുറിച്ചും രക്തത്തെ കുറിച്ചും അറിയണം. പിന്നിട്ട ദുഷ്ക്കരമായ നാളുകളെ കുറിച്ച് അറിയണം. ഒരു സിനിമാക്കഥയെ വെല്ലുന്ന ലയണൽ മെസ്സിയുടെ ഫുട്ബോൾ യാത്ര അവസാനത്തിലേക്ക് അടുക്കുമ്പോൾ ഒരു ഓർമ്മപ്പെടുത്തൽ ആവശ്യമാണ്‌. ഓരോ കായികപ്രേമിയുടെയും മനസ്സിൽ മെസ്സി എന്ന നാമം എങ്ങനെ കുറിക്കപ്പെട്ടു എന്ന്. ലയണൽ മെസ്സിയുടെ ലോകകപ്പ് യാത്രയെ നമുക്കൊന്ന് തിരിഞ്ഞ് നോക്കാം.

അർജന്റീന എന്ന സൗത്ത് അമേരിക്കൻ രാജ്യം ലോകത്തിന് മുമ്പിൽ ഏറ്റവും കൂടുതൽ അടയാളപ്പെട്ടിട്ടുള്ളത് അവരുടെ ഫുട്ബോൾ മികവിലൂടെ ആണ്. അർജന്റീന എന്നാൽ ലോകത്തിന് ഫുട്ബോൾ ആണ്... ഡീഗോ മറഡോണ ആണ്. മറഡോണ അർജന്റീനയ്ക്കായി സൃഷ്ടിച്ച ലെഗസി താരതമ്യങ്ങൾ ഇല്ലാത്തതാണ്. 1986 ലെ ലോകകപ്പ് വിജയത്തോടെ വ്യക്തിപ്രഭാവങ്ങളെ വഴിവിട്ട് ആരാധിക്കുന്ന അർജന്റീനിയൻ മണ്ണ് മറഡോണയെ ദൈവമായി കണ്ടു. മറഡോണ ബൂട്ട് അഴിച്ചതോടെ ആരാധകരുടെ കണ്ണുകൾ എല്ലാം തേടിയത് അങ്ങനെ ഒരു വീരപുരുഷനെ ആയിരുന്നു. പ്രതിഭയുടെ മിന്നലാട്ടങ്ങൾ കാണിച്ച് തുടങ്ങിയ എല്ലാരിലും മറഡോണയുടെ പിൻഗാമി എന്ന മേലങ്കി വന്നു വീണു. അത് ഒരേ സമയം അംഗീകാരവും അതിലുപരി ഒരു ഭാരവും ആയി. പ്രതിഭ ഉണ്ടായിട്ടും ഈ താരതമ്യത്താലും അമിതപ്രതീക്ഷയാലും കരിയറിൽ പൂർണ്ണത എത്താതെ പോയ കളിക്കാർ ഒട്ടേറെ ഉണ്ടായി അർജന്റീനയ്ക്ക്. ഒർട്ടേഗയും ബാറ്റിസ്റ്റ്യൂറ്റയും റിക്വൽമിയും അതിൽ ചിലർ മാത്രം. അതോടെ 86 ന് ശേഷം ഒരു ലോകകപ്പ് എന്നത് അർജന്റീനിയൻ ആരാധകർക്ക് ഒരു സ്വപ്നം മാത്രമായി അവശേഷിച്ചു. 

വർഷം 2005. മുടി നീട്ടി വളർത്തിയ, അഞ്ചടിയിലും അൽപ്പം കൂടി മാത്രം ഉയരമുള്ള, കാഴ്ചയിൽ അത്ര ബലവാൻ ഒന്നുമല്ലാത്ത ലയണൽ മെസ്സി എന്ന പതിനെട്ടുകാരൻ വാനോളം സ്വപ്നങ്ങളും മനസ്സിൽ ഏന്തി അർജന്റീനിയൻ നാഷണൽ ടീമിനായി അരങ്ങേറ്റം കുറിച്ചു. തുടക്കം തന്നെ പിഴച്ചു. ആദ്യ കളിയിൽ പകരക്കാരൻ ആയി ഇറങ്ങിയ മെസ്സി കളിക്കളത്തിൽ അവശേഷിച്ചത് സെക്കൻഡുകൾ മാത്രം. എതിർകളിക്കാരനെ കൈമുട്ടുകൊണ്ടിടിച്ചു എന്ന പിഴവിന് റെഡ് കാർഡ് നേടി അയാൾക്ക് കളിക്കളം വിടേണ്ടി വന്നു. ദുരന്തപര്യവസായി ആയ അരങ്ങേറ്റം. പക്ഷെ അയാൾ പിന്നീടും ടീമിൽ ഇടം പിടിച്ചു. കിട്ടുന്ന അവസരങ്ങളിൽ എല്ലാം തന്റെ പന്തടക്കവും വേഗവും കൊണ്ട് എതിരാളികൾക്ക് അവൻ തലവേദന സൃഷ്ടിച്ചു. അങ്ങനെ ഇരിക്കെ ജർമ്മനിയിൽ നടക്കുന്ന 2006 ലോകകപ്പ് വന്നെത്തി. പെക്കർമാന്റെ കീഴിൽ ഉള്ള അർജന്റീനിയൻ ടീമിൽ ആ 19 കാരനും ഇടംപിടിച്ചു. അപ്പോഴേക്കും മെസ്സി ഒരു അത്ഭുതബാലൻ ആണെന്ന വാർത്തകൾ പരന്നു തുടങ്ങിയിരുന്നു. കാരണം ബാഴ്സലോണയ്ക്കായി ക്ലബ്ബ് മത്സരങ്ങളിൽ അവൻ കാണിക്കുന്ന മികവ് ചില്ലറ ആയിരുന്നില്ല. മെസ്സിയും റിക്വൽമിയും ക്രെസ്പോയും ഒക്കെ അടങ്ങിയ ആ താരനിര ഇരുപത് വർഷങ്ങൾക്ക് ശേഷം കപ്പ് കൊണ്ടുവരുമെന്ന് തന്നെ ആരാധകർ ഉറച്ചു വിശ്വസിച്ചു.


കളിക്കളത്തിൽ സുന്ദരമായ നീക്കങ്ങൾ നടത്തി അർജന്റീന പ്രതീക്ഷ നൽകിക്കൊണ്ട് തന്നെ ലോകകപ്പ് മത്സരങ്ങൾ ആരംഭിച്ചു. സെർബിയക്കെതിരെ 24 പാസുകളിൽ നിന്ന് നേടിയ അതിമനോഹര ഗോൾ അർജന്റീനിയൻ ഫുട്ബോളിന്റെ എല്ലാ സൗന്ദര്യവും ഒപ്പിയെടുത്തതായിരുന്നു. ആ കളിയിൽ തന്നെ ആദ്യ ഗോൾ നേടി മെസ്സിയും തന്റെ വരവ് അറിയിച്ചു. പ്രീക്വാർട്ടറും അതിജീവിച്ച് ക്വാർട്ടറിൽ എത്തിയ അർജന്റീനയ്ക്ക് എതിരാളി ജർമ്മൻ പട ആയിരുന്നു. ബാലാക്കും ലാമും ക്ലോസെയും അണിനിരക്കുന്ന സുശക്തമായ ടീം. കളി ഓരോ നിമിഷവും മുറുകിക്കൊണ്ടിരുന്നു. ആദ്യ ഇലവനിൽ ഇല്ലാതിരുന്ന മെസ്സി ഏത് നിമിഷവും ഇറങ്ങും എന്ന പ്രതീക്ഷയിൽ ആരാധകർ കളികണ്ടിരുന്നു. എന്നാൽ അമിതാത്മവിശ്വാസം കൊണ്ടോ എന്തോ, അന്ന് മെസ്സിക്ക് കളിക്കാൻ കോച്ച് അവസരം നൽകിയില്ല. അധിക സമയവും കഴിഞ്ഞ് ഷൂട്ടൌട്ടിലേക്ക് നീണ്ട മത്സരത്തിൽ ഒടുവിൽ ജർമ്മനി ജയിച്ച് കയറി. ഒന്നും ചെയ്യാനാകാതെ നിസ്സഹായനായി സൈഡ് ബെഞ്ചിൽ ഇരുന്ന മെസ്സിയുടെ അന്നത്തെ ചിത്രം ഇന്നും ഏറെ പ്രശസ്തമാണ്. 

നാല് വർഷങ്ങൾക്ക് ശേഷം 2010 ൽ സൗത്ത് ആഫ്രിക്കൻ ലോകകപ്പ് വന്നപ്പോൾ മെസ്സി ഒരു ബാലൻ ആയിരുന്നില്ല. ഗോളടിയിലും കളിമികവിലും റെക്കോർഡുകൾ പലതും വാരിക്കൂട്ടിയ, മറഡോണയോടും പെലെയോടും പോലും വിദഗ്ദ്ധർ താരതമ്യം ചെയ്ത് തുടങ്ങിയ ഒരു 23 കാരൻ ആയിരുന്നു. ഇക്കുറി മറ്റൊരു പ്രത്യേകത കൂടി ഉണ്ട്. അർജന്റീന ടീമിനെ നയിക്കുന്ന കോച്ച് മറ്റാരുമല്ല, സാക്ഷാൽ ഡീഗോ മറഡോണ ആണ്. ദൈവവും ദൈവപുത്രനും ഒരുമിച്ചാൽ വിജയം സുനിശ്ചിതം. ആരാധകരുടെ മനസ്സിൽ അലയടിച്ച് കൊണ്ടിരുന്ന വാക്കുകളും ആഗ്രഹവും അതായിരുന്നു. അർജന്റീന വീണ്ടും നന്നായി തന്നെ തുടങ്ങി. ജബുലാനി പന്തും വുവുസെലയും ഷക്കീറയുടെ വക്ക വക്ക സോങ്ങും ഒക്കെ ആയി ലോകം ഒട്ടാകെ തരംഗം സൃഷ്ടിച്ച ആ ലോകകപ്പിൽ കളിക്കളത്തിലും സുന്ദര നിമിഷങ്ങൾ പിറന്നു. ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീന മൂന്നിൽ മൂന്നും ജയിച്ച് കയറിയപ്പോൾ ഗോളടിച്ചില്ലെങ്കിലും മെസ്സിയുടെ കളിമികവ് ഏറെ പ്രകടമായിരുന്നു. മിന്നൽ ഷോട്ടുകളും കുറിയ പാസുകളും മനോഹരമായ ഡ്രിബ്ലിംഗ് പാടവവും ആയി മെസ്സി ആരാധകരുടെ മനസ്സ് നിറച്ചു.

എന്നാൽ ഒരു ഗോൾ മാത്രം ആ കാലിൽ നിന്ന് അകന്നു നിന്നു. പ്രീ ക്വാർട്ടറിൽ മെക്സിക്കോയെയും മറികടന്ന അർജന്റീനയെ കാത്ത് ക്വാർട്ടറിൽ അതാ വീണ്ടും ജർമ്മനി. നാല് വർഷം മുന്നത്തെ ഷൂട്ടൌട്ട് ദുരന്തത്തിന്റെ വേദനകൾ മാഞ്ഞ് തുടങ്ങിയിട്ടില്ല. പക്ഷെ മറഡോണയിലും മെസ്സിയിലും വിശ്വസിച്ച് ആരാധകർ മനക്കോട്ട കെട്ടി. മെസ്സിയുടെ ഗോൾ എപ്പോൾ വരും എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ടീമിന് ഏറ്റവും ആവശ്യമായ സമയത്ത് അത് സംഭവിക്കും എന്ന് മറഡോണ ഉത്തരം നൽകി. എന്നാൽ ജർമ്മനിക്കെതിരെ കളിക്കാൻ ഇറങ്ങിയ ആ രാത്രി അതുണ്ടായില്ല. മെസ്സി തീർത്തും നിറം മങ്ങി പോയ മത്സരം അർജന്റീനയുടെ എല്ലാ പോരായ്മകളും തുറന്ന് കാട്ടപ്പെട്ട 90 മിനിറ്റുകൾ ആയിരുന്നു. സ്കോർ 4-0. നാണംകെട്ട തോൽവിയോടെ അർജന്റീന പുറത്തേക്ക്. വിമർശനങ്ങൾ കൂരമ്പുകൾ പോലെ എയ്യപ്പെട്ടു. മറഡോണ തന്റെ സ്ഥാനം രാജി വെച്ച് മാറി നിന്നു. വിമർശകർ അതുകൊണ്ടും അടങ്ങിയില്ല. ക്വാർട്ടർ വരെ മെസ്സി പുറത്തെടുത്ത കളിമികവ് മറന്നു കൊണ്ട്, ഗോൾ ഇല്ല എന്ന ഒറ്റ പേരിൽ, അമ്പേ പരാജയം എന്ന മട്ടിൽ മെസ്സിയെ എല്ലാരും മുദ്ര കുത്തി. ബാഴ്സലോണയ്ക്ക് വേണ്ടി പുറത്തെടുക്കുന്ന പ്രതിഭ അർജന്റീനിയൻ കുപ്പായത്തിൽ ആവർത്തിക്കുന്നില്ല എന്ന വിമർശനങ്ങൾ ഏറ്റവും കൂടുതൽ ഉയർന്ന് കേട്ട ദിവസങ്ങൾ. മെസ്സി നിശബ്ദനായി തുടർന്നു. നാല് വർഷം കഴിഞ്ഞുള്ള ബ്രസീലിയൻ ലോകകപ്പിലേക്ക് അയാൾ അപ്പോഴേ ദിവസങ്ങൾ എണ്ണി തുടങ്ങിയിരുന്നിരിക്കണം.

2014 ലോകകപ്പ്. അർജന്റീനയുടെ ചിരവൈരികൾ ആയ ബ്രസീലിന്റെ നാട്ടിൽ നടക്കുന്ന ലോകകപ്പ്. അവിടെ പോയി കപ്പടിച്ച് വന്നാൽ 28 വർഷത്തെ കാത്തിരിപ്പിന് ഇതിലും വലിയ പ്രതിഫലം ഉണ്ടാകില്ല എന്ന് ആരാധകർ വിശ്വസിച്ചു. റൊണാൾഡോയും നെയ്മറും റോബനും വാൻ പേഴ്സിയും ഉൾപ്പെടെയുള്ള മിന്നും താരങ്ങൾ പീക്ക് ഫോമിൽ. എല്ലാം കൊണ്ടും ആവേശഭരിതം ആയിരുന്നു ആ ലോകകപ്പ്. എന്നാൽ മെസ്സി അൽപ്പം കിതപ്പിലാണ് ലോകകപ്പിലേക്ക് എത്തിയത്. ബാഴ്സലോണയ്ക്ക് ഒപ്പം ഉള്ള തൊട്ട് മുന്നത്തെ സീസൺ അത്ര നല്ലതായിരുന്നില്ല മെസ്സിക്ക്. സീസൺ അവസാനം അടുപ്പിച്ച് വന്ന പരിക്കുകളും അയാളെ അലട്ടിയിരുന്നു. പക്ഷെ മെസ്സി ക്യാപ്ടൻ സ്ഥാനത്ത് എത്തിയ ശേഷം അർജന്റീന ആദ്യമായി ലോകകപ്പിന് ഇറങ്ങുകയാണ്. എല്ലാ സംശയങ്ങളും മാറ്റി വെച്ചേ മതിയാകൂ. സബെല്ലയുടെ കീഴിൽ മെസ്സിപ്പട ബ്രസീലിൽ പന്തുതട്ടി തുടങ്ങി. നാല് വർഷം മുന്നേ നടന്ന ലോകകപ്പിൽ ഒരു ഗോൾ പോലും നേടാൻ ആകാത്തതിന്റെ വാശി മെസ്സിയുടെ മനസ്സിൽ ഉണ്ടായിരുന്നിരിക്കാം. ബോസ്നിയക്കെതിരെ ഉള്ള ആദ്യ മത്സരത്തിന്റെ രണ്ടാം പകുതിയിൽ, സുന്ദരമായ ഒരു നീക്കത്തിന് ഒടുവിൽ മെസ്സിക്ക് മാത്രം സാധ്യമായ ഒരു ആംഗിളിൽ നിന്ന് ഗോൾ സൃഷ്ടിച്ച ശേഷമുള്ള മെസ്സിയുടെ ആഘോഷം കണ്ടാൽ അറിയാം, അയാൾ അത് എത്രത്തോളം ആഗ്രഹിച്ചിരുന്നു എന്ന്. നാല് വർഷത്തെ എല്ലാ ഭാരവും വിമർശനങ്ങളും അയാൾ അഴിച്ച് വെക്കപ്പെട്ട നിമിഷം ആയിരുന്നു അത്. ലോകം കാത്തിരുന്ന ഗോൾ എന്ന വിഖ്യാതമായ കമന്ററി അത് ശരി വെച്ചു.

രണ്ടാം മത്സരത്തിൽ ഇറാനെതിരെ തൊണ്ണൂറാം മിനിറ്റിൽ മെസ്സിയുടെ വിജയ ഗോൾ. മൂന്നാം മത്സരത്തിൽ നൈജീരിയക്ക് എതിരെ രണ്ട് ഗോളുകൾ. ആവറേജ് ആയ ഒരു ടീമിനെ മെസ്സി ഒറ്റയ്ക്ക് തോളിൽ ഏറ്റുന്ന കാഴ്ചയ്ക്കാണ് ലോകം അവിടെ സാക്ഷി ആയത്. പ്രീക്വാർട്ടറിലും ക്വാർട്ടറിലും മെസ്സിയുടെ കളിമികവ് പ്രകടമായിരുന്നു. ടീമിന്റെ കേന്ദ്രബിന്ദു ആയി അയാൾ ഗ്രൗണ്ടിൽ നൃത്തമാടി. സെമിയിൽ നെതർലൻഡ്‌സിനെ പെനാൽറ്റി ഷൂട്ടൌട്ടിൽ മറികടന്ന് ഒടുവിൽ അർജന്റീന ഫൈനലിൽ. 24 വർഷങ്ങൾക്ക് ശേഷം അർജന്റീന കളിക്കുന്ന ലോകകപ്പ് ഫൈനൽ. എതിരാളിയോ, വീണ്ടും ജർമ്മനി. 2006 ലും 2010 ലും അർജന്റീനയെ പരാജയത്തിന്റെ കയ്പ്പ്നീർ കുടിപ്പിച്ച വീരന്മാർ. ഇക്കുറി അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നുമായാണ് ജർമ്മനിയുടെ വരവ്. ഇവിടെയോ, മെസ്സിയുടെ ഒറ്റയാൾ പോരാട്ടത്തിൽ കിതയ്ക്കുന്ന അർജന്റീനയും. മറഡോണ 86 ൽ ചെയ്തത് മെസ്സി 2014 ൽ ആവർത്തിക്കുമോ എന്നറിയാൻ ലോകം ആ രാത്രിയിൽ മാരക്കാനയിലേക്ക് കണ്ണുനട്ടു. വിചാരിച്ച പോലെ എളുപ്പമായിരുന്നില്ല ജർമ്മനിക്ക് കാര്യങ്ങൾ. അർജന്റീന നന്നായി തന്നെ പൊരുതി. ഭാഗ്യം ഇരുപക്ഷത്തോടൊപ്പവും മാറി മാറി നിന്നു. മെസ്സിയുടെ സുന്ദര നീക്കങ്ങൾ പിറന്നു കൊണ്ടേയിരുന്നു. തൊണ്ണൂറ് മിനിറ്റുകൾക്ക് ശേഷവും സ്കോർ 0-0. കളി അധിക സമയത്തേക്ക്. പെനാൽറ്റി ഷൂട്ടൌട്ടിലേക്ക് കളി നീങ്ങും എന്ന് തോന്നിപ്പിച്ച്, അതിലേക്ക് മനസ്സും ശരീരവും എല്ലാരും ഒരുക്കിക്കൊണ്ടിരിക്കുമ്പോൾ ആണ്, അതാ 114 ആം മിനിറ്റിൽ ഒരു വെടിയുണ്ട പോലെ ജർമ്മൻ താരം മാരിയോ ഗോഡ്സെയുടെ ഗോൾ.

ജർമ്മനി 1-0 ന് മുമ്പിൽ. ഇനി വെറും നിമിഷങ്ങൾ മാത്രം ബാക്കി. ഒടുവിൽ 120 മിനിറ്റും കഴിഞ്ഞുള്ള ഇഞ്ചുറി ടൈമിൽ റെഫ്രി അർജന്റീനയ്ക്ക് ഒരു ഫ്രീകിക്ക് വിധിക്കുന്നു. മെസ്സിയാണ് എടുക്കാൻ നിൽക്കുന്നത്. ഈ ഷോട്ടോടെ കളി കഴിയും എന്ന് ഉറപ്പാണ്. സ്കോർ ചെയ്‌താൽ സമനില, പെനാൽറ്റി ഷൂട്ടൌട്ടിലേക്ക് വിധി നീട്ടി എടുക്കാം. ഇല്ലെങ്കിൽ തോൽവി. മെസ്സി കിക്ക് എടുത്തു. ഗോൾ പോസ്റ്റിനും മുകളിലൂടെ കാണികളെ ലക്ഷ്യമാക്കി ആ പന്ത് പിറന്നു. റെഫ്രി ഫൈനൽ വിസിൽ ഊതി. ജർമ്മനി ചാമ്പ്യന്മാർ. തൊട്ട് അരികെ എത്തിയിട്ടും അർജന്റീനയ്ക്ക് കപ്പ് നഷ്ടം. രണ്ടാം സ്ഥാനക്കാർക്ക് ഉള്ള മെഡൽ മേടിക്കാനും ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരനുള്ള പുരസ്ക്കാരം സ്വീകരിക്കാനും നടക്കുന്നതിനിടയിൽ മെസ്സി ആ അമൂല്ല്യ സ്വർണ്ണ കപ്പിലേക്ക് ഒന്ന് പാളി നോക്കി. തൊട്ട് അടുത്താണെങ്കിലും എത്ര അകലെയാണ് അത് എന്ന് മെസ്സിക്ക് ആ നിമിഷം തോന്നിയിരിക്കാം. കപ്പിലേക്ക് നോക്കുന്ന മെസ്സിയുടെ ആ ചിത്രം ആരാധകരുടെ മനസ്സിൽ ഒരു നോവായി ഇന്നും ഉണ്ട്.    

നാല് വർഷങ്ങൾക്ക് ശേഷം റഷ്യയിൽ നടന്ന 2018 ലോകകപ്പ് മെസ്സി ഏറ്റവും കൂടുതൽ മറക്കാൻ ആഗ്രഹിക്കുന്നതായിരിക്കും. അർജന്റീനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ദുർബ്ബലമായ ടീമുകളിൽ ഒന്ന്. തട്ടിത്തടഞ്ഞ് പ്രീക്വാർട്ടർ വരെ എത്തിയെങ്കിലും ഫ്രാൻസിനോട് തോറ്റ് പുറത്തേക്ക്. നൈജീരിയക്കെതിരെ ഗ്രൂപ്പ് ഘട്ടത്തിൽ നേടിയ സുന്ദരമായ ഒരു ഗോൾ ഒഴിച്ചാൽ മെസ്സിക്ക് എടുത്ത് പറയത്തക്ക സംഭാവനകൾ ഒന്നും ചെയ്യാൻ പറ്റാതെ പോയ ടൂർണമെന്റ്. ഒരു ലോകകപ്പ് ഒരിക്കലും മെസ്സിക്ക് സാധ്യമാകില്ല എന്ന് വിമർശകർ മാത്രമല്ല, ആരാധകരും മെല്ലെ വിശ്വസിച്ച് തുടങ്ങിയ സമയം.

2022. ഖത്തർ മണ്ണിൽ ലോകകപ്പ് എത്തി. ഏറ്റവും കൂടുതൽ മലയാളികൾ നേരിട്ട് കാണാൻ പോകുന്ന ലോകകപ്പ് ആയതിനാൽ ഇങ്ങ് ഇവിടെ കേരളത്തിലും ആവേശം അണമുട്ടി. മെസ്സിയുടെ അവസാന ലോകകപ്പ് ആയിരിക്കും ഇതെന്ന് ഏറെക്കുറെ ഉറപ്പ്. ഇപ്പോൾ തന്നെ വയസ്സ് 35 ആയി. ഒരു പ്ലേയർ റിട്ടയർമെന്റിനോട് അടുത്ത് കൊണ്ടിരിക്കുന്ന സമയം. എന്നാൽ മെസ്സി അപ്പോഴും പീക്ക് ഫോമിൽ ആയിരുന്നു. ഒരു വർഷം മുമ്പ് അർജന്റീനയ്ക്കായി മെസ്സി തന്റെ ആദ്യ ട്രോഫി കോപ്പ അമേരിക്കയിലൂടെ നേടിയതെ ഉള്ളു. അർജന്റീനയ്ക്കായി ഒന്നും ചെയ്യുന്നില്ല എന്ന ധാരണയിൽ അൽപ്പം കുറവുണ്ട്. എന്നാൽ കോപ്പ അമേരിക്ക പോലല്ല ലോകകപ്പ്. കളി അൽപ്പം കൂടി കടുക്കും. പക്ഷെ ഇത്തവണ അർജന്റീന എത്തുന്നത് മെസ്സി എന്ന ഒറ്റ പേരിന്റെ ധൈര്യത്തിൽ അല്ല. ശക്തമായ ഒരു ടീം അടിമുടി കെട്ടിപ്പടുത്തിട്ടുണ്ടായിരുന്നു ലയണൽ സ്കലോണി എന്ന ബുദ്ധിരാക്ഷസൻ. മെസ്സി തന്നെയാണ് തങ്ങളുടെ കുന്തമുന എങ്കിലും മെസ്സിയെ മാത്രം ആശ്രയിക്കുന്ന ഒരു ടീം ആയിരിക്കരുത് അർജന്റീന എന്ന പിടിവാശി അദ്ദേഹത്തിന് ഉണ്ടായിരുന്നു. അതുകൊണ്ട് ഇത്തവണ അർജന്റീനയുടെ വരവ് വെറുതെയല്ല എന്ന് വിമർശകർ പോലും അടക്കം പറഞ്ഞ് തുടങ്ങി. മെസ്സി പതിവ് പോലെ അപാര ഫോമിലും. ടൂർണമെന്റ് ഫേവറൈറ്റ്സ് ആയി അർജന്റീന കളി തുടങ്ങി. എന്നാൽ ആദ്യ മത്സരം തന്നെ അവിശ്വസനീയമായ ഒരു അട്ടിമറി ആണ് സംഭവിച്ചത്. സൗദി അറേബ്യ എന്ന കുഞ്ഞൻ ടീമിനോട് ഹോട്ട് ഫേവറൈറ്റ്സ് ആയ അർജന്റീന 2-1 ന് തോറ്റു. ലോകകപ്പിൽ എത്തിയാൽ അർജന്റീനയും മെസ്സിയും പൂച്ചകൾ തന്നെ എന്ന് വിമർശകർ ഏറ്റു പാടി. 

“ വേർ ഈസ് മെസ്സി ” എന്ന സ്ലോഗനുകൾ മെസ്സിയെ കളിയാക്കി ഖത്തർ നാട്ടിൽ പാടിക്കേട്ടു തുടങ്ങി. രണ്ടാം മത്സരം മെക്സിക്കോയ്ക്കെതിരെ. ഈ കളി തോറ്റാൽ അർജന്റീന പുറത്തേക്ക്. അത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേട് ആകും. ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചതോടെ ആരാധകരുടെ നെഞ്ചിടിപ്പ് വർദ്ധിച്ചു. എല്ലാരും ഒരു അപകടം മണത്തു. അപ്പോഴാണ്‌ 64 ആം മിനിറ്റിൽ അതുണ്ടായത്. ഡിമരിയയിൽ നിന്ന് വാങ്ങിച്ചെടുത്ത പന്ത് ഒരു സെക്കന്റ് പോലും പാഴാക്കാതെ ഗോൾവലയിലേക്ക് തൊടുക്കുന്ന മെസ്സി. നിലത്തൂടെ മിന്നൽ വേഗത്തിൽ പാഞ്ഞ പന്ത് ഗോൾ കീപ്പറിന്റെ കൈകളെ തോൽപ്പിച്ച് വല കുലുക്കി. സ്കോർ 1-0. ആവേശം അലതല്ലി. ടീം പിന്നിൽ നിൽക്കുമ്പോൾ കൈപിടിച്ച് ഉയർത്തേണ്ടത് അവരുടെ നായകൻ അല്ലാതെ മറ്റാര്. അർജന്റീനയ്ക്ക് അങ്ങനെ ഒരു ബൂസ്റ്റിംഗ് മാത്രം മതിയായിരുന്നു. പിന്നെ ലോകം സാക്ഷ്യം വഹിച്ചത് വർദ്ധിത വീര്യത്തോടെ ഒത്തൊരുമിച്ച് കളിക്കുന്ന ഒരു ടീമിനെ ആണ്. 

മെക്സിക്കോയെയും അടുത്ത കളിയിൽ പോളണ്ടിനെയും കീഴടക്കി പ്രീക്വാർട്ടറിലേക്ക്. അവിടെ ഓസ്ട്രേലിയക്കെതിരെ മെസ്സി തന്നെ ആദ്യ വെടി പൊട്ടിച്ചു. ടൂർണമെന്റിലെ മെസ്സിയുടെ അതുവരെ ഉള്ള ഏറ്റവും മികച്ച പ്രകടനം കണ്ട മത്സരം. 2-1 ന് ജയിച്ച് അർജന്റീന ക്വാർട്ടറിലേക്ക്. ഇത്തവണ എതിരാളികൾ നെതർലൻഡ്‌സ്‌. മെസ്സിയെ പൂട്ടും എന്നും അർജന്റീനയെ വീഴ്ത്തും എന്ന് കളിക്ക് മുമ്പേയുള്ള വെല്ലുവിളികളും പ്രഖ്യാപനങ്ങളും നെതർലൻഡ്‌സ്‌ ടീം ഉയർത്തുന്നു. വീറുറ്റ വാശിയിൽ തുടങ്ങിയ കളിയിൽ അർജന്റീന 2-0 ന് മുന്നിൽ എത്തി. മെസ്സി ഒരു ഗോൾ നേടിയും ഒന്ന് അടുപ്പിച്ചും ഷൈൻ ചെയ്ത് നിൽക്കുന്നു. അതിൽ മെസ്സിയുടെ നോ ലുക്ക് അസ്സിസ്റ്റ്‌ ഏറെ ചർച്ചാവിഷയമായ ഒരു പാസ് ആയിരുന്നു. മെസ്സി തന്റെ പീക്ക് ഫോമിൽ ആണെന്ന് ലോകം വിശ്വസിച്ച നിമിഷങ്ങൾ. പക്ഷെ കളി കഴിഞ്ഞിട്ടുണ്ടായില്ല. നെതർലൻഡ്‌സ്‌ തിരിച്ച് വന്നു. രണ്ട് ഗോൾ തിരികെ മടക്കി പെനാൽറ്റി ഷൂട്ടൌട്ടിലേക്ക് അവർ കളി നീട്ടിയെടുത്തു. എന്നാൽ ഗോളി എമിലിയാനോ മാർട്ടിനസ് അർജന്റീനയുടെ രക്ഷകൻ ആയി. വീറും വാശിയും നിറഞ്ഞ പോരാട്ടം അതിജീവിച്ച് അർജന്റീന സെമിയിലേക്ക്. സെമിയിൽ ക്രോയേഷ്യക്കെതിരെ അർജന്റീനയുടെ മാസ്റ്റർ ക്ലാസ്സ് പ്രകടനം ആയിരുന്നു കണ്ടത്. വീണ്ടും ഒരു ഗോളിലൂടെയും എണ്ണം പറഞ്ഞ ഒരു അസ്സിസ്റ്റിലൂടെയും മെസ്സി മാജിക്ക് കണ്ട മത്സരം. 3-0 ന് ജയിച്ച് അർജന്റീന ഫൈനലിൽ. എട്ട് വർഷങ്ങൾക്ക് ശേഷം മെസ്സിക്കും അർജന്റീനയ്ക്കും വീണ്ടും ഒരു ഫൈനൽ. എതിരാളികൾ നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസ് !

ഡിസംബർ 18 ലെ ആ രാത്രി ലോകം സാക്ഷ്യം വഹിച്ചത് ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്നിന് ആയിരുന്നു. ആദ്യം മെസ്സിയിലൂടെ ഗോൾ നേടി അർജന്റീന മുന്നിൽ. സുന്ദരമായ ഒരു ഗോളിലൂടെ അർജന്റീന ലീഡ് വർദ്ധിപ്പിക്കുന്നു. കളി തീരാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ എംബാപ്പെയുടെ രണ്ട് വെടിയുണ്ടകൾ. സ്കോർ 2-2. കളി അധിക സമയത്തേക്ക്. 108 ആ മിനിറ്റിൽ മെസ്സിയിലൂടെ വീണ്ടും അർജന്റീനയ്ക്ക് ലീഡ്. കളിയും കപ്പും നേടി എന്ന് ഉറപ്പിച്ച് നിൽക്കവേ 118 ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ ഫ്രാൻസ് വീണ്ടും ഒപ്പത്തിന് ഒപ്പം. 3-3. ലോകം അവിശ്വസനീയതയോടെ ആയിരുന്നു ആ കളി കണ്ടിരുന്നത്. എന്തൊരു മത്സരം. മെസ്സി എന്ന അതികായകാനും എംബാപ്പെ എന്ന തുടക്കാക്കാരനും തങ്ങളുടെ വജ്രായുധങ്ങൾ എല്ലാം പുറത്തെടുത്ത മത്സരം. ഒടുവിൽ പെനാൽറ്റി ഷൂട്ടൌട്ട്. ആദ്യ കിക്കിനായി മെസ്സി നടന്നടുത്തു. സ്റ്റേഡിയം നിശബ്ദമായി. ഇതിന് മുമ്പ് പെനാൽറ്റി സ്പോട്ടുകളിൽ നിന്ന് മെസ്സിക്ക് ഉണ്ടായിട്ടുള്ള പിഴവുകൾ എല്ലാം ആരാധകർ ഓർത്തെടുത്തിട്ടുണ്ടാകണം. എന്നാൽ മെസ്സി ഫോക്കസ്ഡ് ആയിരുന്നു. പന്തിനെ വലയിലേക്ക് മൃദുവായി തഴുകി വിട്ട് മെസ്സി നല്ല തുടക്കം കൊടുത്തു. മാർട്ടിനസ് വീണ്ടും ഹീറോ ആയി അവതരിച്ചപ്പോൾ അർജൻന്റീന വിജയത്തോട് അടുത്തു. അവസാന കിക്ക് എടുക്കാൻ ഡിഫൻഡർ മോണ്ടിയൽ നടന്നടുത്തു. മെസ്സി ആ നിമിഷം ആകാശത്തേക്ക് കണ്ണുകൾ ഉയർത്തി തന്റെ ഗ്രാൻഡ്‌ മായെ ഓർത്തു. മോണ്ടിയലിന് കിക്ക് പിഴച്ചില്ല. അർജന്റീന ലോക ചാമ്പ്യൻമാർ. മെസ്സി വിശ്വവിജയി. വർഷങ്ങൾ നീണ്ട വിമർശനങ്ങളും വേദനകളും ഇനി മറക്കാം. കരിയറിൽ ആകെ അവശേഷിച്ചിരുന്ന ഒരു പൊൻതൂവൽ മെസ്സിക്ക് ലോകകപ്പ് മാത്രമായിരുന്നു. ഒടുവിൽ അതും അയാളെ തേടി എത്തി. മികച്ച കളിക്കാരന് ഉള്ള പുരസ്ക്കാരം സ്വീകരിക്കാൻ മെസ്സി നടക്കവെ അയാൾ ആ സ്വർണ്ണ കപ്പിലേക്ക് ഒന്ന് നോക്കി. 2014 ഫൈനലിൽ തോറ്റ ശേഷം പരാജിതനായി അയാൾ അങ്ങനെ നോക്കിയിരുന്നു. എന്നാൽ ഇന്ന് ആ കപ്പ് അയാൾക്ക് ആണ്. കപ്പിന്റെ അടുത്തെത്തി അയാൾ അതിനെ ഒന്ന് ചുംബിച്ചു. ഏറ്റവും സ്നേഹത്തോടെയും കരുതലോടെയും. മറ്റാരേക്കാളും മെസ്സിക്ക് അറിയാം, എത്രത്തോളം അയാൾ അത് ആഗ്രഹിച്ചിരുന്നു എന്ന്. ലോകകപ്പ് വിജയി കൂടി ആയതോടെ സംശയം ഏതും ഇല്ലാതെ ഫുട്ബോൾ ലോകം അടിവരയിട്ടു. മെസ്സി തന്നെ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം. ലോകത്തിലെ എക്കാലത്തെയും ഏറ്റവും മികച്ചവൻ.

വീണ്ടും ഒരിക്കൽ കൂടി അർജന്റീനയെ നയിച്ച് കൊണ്ട് മെസ്സി ഇക്കുറി ടൂർണമെന്റിന് ഇറങ്ങുമ്പോൾ അയാൾക്ക് ഭാരങ്ങൾ ഒന്നുമില്ല. നീലയും വെള്ളയും കലർന്ന ആ കുപ്പായത്തിലെ അവസാന മത്സരങ്ങൾ ആണിത് എന്ന് അയാൾക്ക് നന്നായി അറിയാം. ഇവിടെയും അയാൾ തന്റെ നൂറ് ശതമാനം ടീമിനായി അർപ്പിക്കും. ഏത് മോശം സാഹചര്യത്തിലും ടീമിനോടുള്ള മെസ്സിയുടെ ആത്മാർപ്പണം അങ്ങനെ ആയിരുന്നു. ഇക്കുറി ഭാഗ്യം കടാക്ഷിച്ച് അയാൾ വീണ്ടും ആ കപ്പിൽ മുത്തമിടുമോ എന്ന് നമുക്ക് അറിയില്ല. പക്ഷെ അയാൾ നമ്മളെ ഇതിനോടകം തന്നെ വേണ്ടുവോളം ആനന്ദിപ്പിച്ച് കഴിഞ്ഞു. ഇനി വിമർശനങ്ങളോ ക്രൂര വാക്കുകളോ ഇല്ലാതെ ആ സുന്ദരമായ കരിയറിനോട് യാത്ര പറയാൻ അയാളെ നമുക്ക് അനുവദിക്കാം.

നന്ദി ലിയോ... എത്ര തന്നെ തിരിച്ചടികളും തോൽവികളും ഉണ്ടായാലും, കഠിനാദ്ധ്വാനം ശീലമാക്കിയാൽ വിജയം ഒരിക്കൽ കാത്തിരിക്കുന്നുണ്ടാവും എന്ന പ്രതീക്ഷ ഓരോ മനുഷ്യനും നൽകിയതിന്...!