വേണോ കരിയും കരിമരുന്ന് പ്രയോഗവും, മനുഷ്യനും പ്രകൃതിക്കും നാശമുണ്ടാക്കുന്നത് നിര്‍ത്തലാക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം

തിരുവമ്പാടി ദേവസ്വത്തിന്റെ തൃശൂര്‍ പൂരത്തിനായി വെടിക്കെട്ട് സാമഗ്രികള്‍ തയ്യാറാക്കുന്ന ഷെഡ്ഡുകളില്‍ വന്‍ സ്‌ഫോടനമുണ്ടായതിനെ തുടര്‍ന്ന് ഒട്ടേറെ പേര്‍ക്ക് ജീവന്‍ നഷ്ടമായതോടെ കരിമരുന്ന് പ്രയോഗം നിര്‍ത്തലാക്കണമെന്ന ആഹ്വാനവുമായി സോഷ്യല്‍ മീഡിയ.

 

തൃശൂര്‍ പൂരം കേരളത്തിന്റെ സാംസ്‌കാരിക അഭിമാനമാണ്. പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങളുടെ കുടമാറ്റം, മേളഘോഷം, ആനകളുടെ അണിനിര, പുലരുന്നതിനു മുമ്പുള്ള വെടിക്കെട്ട് ഇതെല്ലാം ലക്ഷക്കണക്കിന് ആളുകളെ ആകര്‍ഷിക്കുന്നു.

തൃശൂര്‍: തിരുവമ്പാടി ദേവസ്വത്തിന്റെ തൃശൂര്‍ പൂരത്തിനായി വെടിക്കെട്ട് സാമഗ്രികള്‍ തയ്യാറാക്കുന്ന ഷെഡ്ഡുകളില്‍ വന്‍ സ്‌ഫോടനമുണ്ടായതിനെ തുടര്‍ന്ന് ഒട്ടേറെ പേര്‍ക്ക് ജീവന്‍ നഷ്ടമായതോടെ കരിമരുന്ന് പ്രയോഗം നിര്‍ത്തലാക്കണമെന്ന ആഹ്വാനവുമായി സോഷ്യല്‍ മീഡിയ.

ഇത് ഒരു അപകടം മാത്രമല്ല, സംസ്‌കാരത്തിന്റെ ചോദ്യചിഹ്നമാണ്. ഇത്തരമൊരു ദുരന്തം നമ്മോട് ചോദിക്കുന്നത് മനുഷ്യനും പ്രകൃതിക്കും നാശമുണ്ടാക്കുന്ന ആനയും കരിമരുന്നും ഇനിയും വേണോ എന്നാണ്. കോടികള്‍ വാരിയെറിഞ്ഞുള്ള ശബ്ദഘോഷം സമൂഹത്തിനും മനുഷ്യനും നല്ലതല്ല. ആചാരങ്ങളെ ചടങ്ങുകളാക്കി മാത്രം പരിമിതപ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

തൃശൂര്‍ പൂരം കേരളത്തിന്റെ സാംസ്‌കാരിക അഭിമാനമാണ്. പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങളുടെ കുടമാറ്റം, മേളഘോഷം, ആനകളുടെ അണിനിര, പുലരുന്നതിനു മുമ്പുള്ള വെടിക്കെട്ട് ഇതെല്ലാം ലക്ഷക്കണക്കിന് ആളുകളെ ആകര്‍ഷിക്കുന്നു. പക്ഷേ ഈ ഭംഗിയുടെ പിന്നില്‍ മറഞ്ഞിരിക്കുന്നത് മനുഷ്യന്റെയും ജീവികളുടെയും വേദനയാണ്.

തൃശൂരില്‍ മാത്രമല്ല, കേരളത്തിലെ ക്ഷേത്രോത്സവങ്ങളില്‍ വെടിക്കെട്ട് അപകടങ്ങള്‍ പലതവണയായി ആവര്‍ത്തിക്കുന്നു. ഇത്തവണ തിരുവമ്പാടി വെടിക്കെട്ട് ലൈസന്‍സിയുടെ യൂണിറ്റില്‍ സാമ്പിള്‍ വെടിക്കെട്ടിന് വേണ്ടി തയ്യാറാക്കിയ സാമഗ്രികളാണ് സ്‌ഫോടനത്തിന് കാരണമായത്. 40-ഓളം തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു എന്നാണ് വിവരം. ചിലര്‍ ഓടി രക്ഷപ്പെട്ടു.

കരിമരുന്ന് നിര്‍മാണം അപകടകരമാണ്. സുരക്ഷാ മാനദണ്ഡങ്ങള്‍ പലപ്പോഴും ലംഘിക്കപ്പെടുന്നു. ലൈസന്‍സ്, സ്റ്റോറേജ്, വര്‍ക്കിങ് ക്രമം എല്ലാം പേപ്പറില്‍ മാത്രമാണ്. ഒരു പൂരത്തിനായി ഓരോ ദേവസ്വവും ലക്ഷക്കണക്കിന് രൂപ മുതല്‍ കോടികള്‍ വരേയാണ് ചെലവഴിക്കുന്നത്.

പൂരത്തിന്റെ മറ്റൊരു പ്രധാന ഘടകമാണ് ആനകള്‍. ആനകളെ അണിനിരത്തിയുള്ള കുടമാറ്റം, കടുത്ത ചൂടില്‍ മണിക്കൂറുകളോളം നടത്തം, രാത്രിയില്‍ വെടിക്കെട്ടിന്റെ ഭീകര ശബ്ദം. ആനകള്‍ക്ക് ഭക്ഷണമോ വെള്ളമോ പോലും നല്‍കാതെ നിര്‍ത്തുന്നതായും മൃഗസ്‌നേഹികള്‍ ആരോപിക്കുന്നു. സുപ്രീം കോടതിയും കേരള ഹൈക്കോടതിയും ആനകള്‍ക്കെതിരായ ക്രൂരതയ്‌ക്കെതിരെ നിയമങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. ആനകള്‍ക്ക് വെടിക്കെട്ടിന്റെ ശബ്ദം അസഹ്യമാണ്. പലപ്പോഴും അവ ഭയന്നോടുകയോ ആക്രമിക്കുകയോ ചെയ്യുന്നു.

പൂരം ഒരു സാംസ്‌കാരിക ഉത്സവമാണ്. അതിന്റെ ആത്മാവ് ഭക്തിയും ഐക്യവും സൗഹൃദവുമാണ്. ആനയില്ലാതെയും വെടിക്കെട്ടില്ലാതെയും പൂരം നടത്താം. ലൈറ്റ് ഷോകള്‍, ലേസര്‍ ഡിസ്‌പ്ലേകള്‍, ഡ്രോണുകള്‍, പഞ്ചവാദ്യവും മേളവും മാത്രമായാല്‍ പുതിയ തലമുറയ്ക്ക് ആകര്‍ഷകമാകും. ലോകത്ത് പല ഉത്സവങ്ങളും പരിസ്ഥിതി സൗഹൃദമായി മാറിയിട്ടുണ്ട്. നമ്മള്‍ക്കും എന്തുകൊണ്ട് മാറിക്കൂടാ.

ദേവസ്വ ബോര്‍ഡുകള്‍, സര്‍ക്കാര്‍, ഭക്തസമൂഹം  എല്ലാവരും ഒന്നിച്ച് ചിന്തിക്കട്ടെ. പൂരം നിലനിര്‍ത്താം. പക്ഷേ ആനയും കരിമരുന്നുമില്ലാതെ. അത് കൂടുതല്‍ മനോഹരവും മാനുഷികവുമാകും.