ജയിക്കുന്ന സീറ്റ് കിട്ടിയില്ലെങ്കില്‍ പാര്‍ട്ടി വിടും, ശിവകുമാറിനെ റാഞ്ചാന്‍ ബിജെപി, സുധാകരന് പിന്നാലെ കോണ്‍ഗ്രസിന് തലവേദനയായി മറ്റു നേതാക്കളും
നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വീണ്ടും തലവേദന.
തിരുവനന്തപുരം അല്ലെങ്കില്‍ അരുവിക്കര മണ്ഡലം വേണമെന്നാണ് ശിവകുമാറിന്റെ ഉറച്ച ആവശ്യം. ദീപാദാസ് മുന്‍ഷി പാറാശാല സീറ്റ് വാഗ്ദാനം ചെയ്‌തെങ്കിലും ശിവകുമാര്‍ അത് നിരസിച്ചു.
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വീണ്ടും തലവേദന. കണ്ണൂര്‍ എംപിയും മുന്‍ കെപിസിസി പ്രസിഡന്റുമായ കെ. സുധാകരന് പിന്നാലെ മുന്‍മന്ത്രി വി.എസ്. ശിവകുമാര്‍ കടുത്ത ആവശ്യവുമായി പാര്‍ട്ടിക്ക് മുന്നിലെത്തിയതായാണ് റിപ്പോര്‍ട്ട്.
തിരുവനന്തപുരം അല്ലെങ്കില്‍ അരുവിക്കര മണ്ഡലം വേണമെന്നാണ് ശിവകുമാറിന്റെ ഉറച്ച ആവശ്യം. ദീപാദാസ് മുന്‍ഷി പാറാശാല സീറ്റ് വാഗ്ദാനം ചെയ്‌തെങ്കിലും ശിവകുമാര്‍ അത് നിരസിച്ചു.
സുരക്ഷിത സീറ്റ് വേണം. കിട്ടിയില്ലെങ്കില്‍ മറ്റ് വഴി നോക്കും എന്നതാണ് ശിവകുമാറിന്റെ നിലപാട്. ബിജെപി നേതൃത്വവുമായി ശിവകുമാര്‍ ചര്‍ച്ച നടത്തയതായി കോണ്‍ഗ്രസ് സംശയിക്കുന്നു. തിരുവനന്തപുരം സെന്‍ട്രലില്‍ സിഎംപി നേതാവ് സി.പി. ജോണിന് മുന്‍തൂക്കമുള്ള സാഹചര്യത്തിലാണ് ശിവകുമാര്‍ തന്റെ ആവശ്യം ശക്തമാക്കിയത്. അതേസമയം, അരുവക്കരയില്‍ മുന്‍ എംഎല്‍എ കെ.എസ്. ശബരിനാഥനാണ് മുന്‍ഗണന.
കെ. സുധാകരന്റെ പ്രശ്‌നം നേരത്തെ തന്നെ കോണ്‍ഗ്രസിനെ വിഷമിപ്പിച്ചിരുന്നു. കണ്ണൂര്‍ അസംബ്ലി സീറ്റില്‍ മത്സരിക്കാന്‍ 100 ശതമാനം തീരുമാനമുണ്ടെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. എന്നാല്‍, എംപിമാര്‍ അസംബ്ലി തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന നിലപാടില്‍ ഹൈക്കമാന്‍ഡ് ഉറച്ചുനില്‍ക്കുകയാണ്.
രണ്ട് മുതിര്‍ന്ന നേതാക്കളുടെ ഒരേസമയത്തുള്ള സമ്മര്‍ദ്ദം കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നതാണ്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ സീറ്റ് നിര്‍ണയത്തിലും സമവായമില്ല. കേരള കോണ്‍ഗ്രസ് (ജോസഫ്) ഗ്രൂപ്പുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകളും തടസ്സപ്പെട്ടു.
ഹൈക്കമാന്‍ഡ് സ്ഥാനാര്‍ത്ഥി പട്ടികയുടെ ആദ്യ ഘട്ടം ഉടന്‍ പ്രഖ്യാപിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആഭ്യന്തര ഭിന്നതകള്‍ തുടരുകയാണ്. ബിജെപി തിരുവനന്തപുരത്ത് ശക്തമായ മത്സരം നടത്തുന്ന സാഹചര്യത്തില്‍ ശിവകുമാറിന്റെ ഇടപെടല്‍ പാര്‍ട്ടിക്ക് കടുത്ത വെല്ലുവിളിയാണ്.
കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രതിസന്ധി യുഡിഎഫിന്റെ മൊത്തം തന്ത്രത്തെയും ബാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ബിജെപിയും എല്‍ഡിഎഫും ഭിന്നതകള്‍ മുതലെടുക്കാന്‍ ശ്രമിക്കുമെന്നതും വ്യക്തം.