വെള്ളത്താല്‍ ചുറ്റപ്പെട്ട കുട്ടനാട്ടുകാര്‍ക്ക് കുടിക്കാന്‍ വെള്ളമില്ല; കുടിവെള്ളം വേണമെങ്കില്‍ തീ വില നല്‍കണമെന്ന് നാട്ടുകാര്‍
കുട്ടനാട്: വെള്ളത്തിന് നടുവിലുള്ള തുരുത്താണ് കുട്ടനാട്. വെള്ളത്തിന് നടുവിലാണ് ജീവിതമെങ്കിലും കുടിവെള്ളം വേണമെങ്കില്‍ കുട്ടനാട്ടുകാര്‍ പണം നല്‍കണം. അതേ കുടിവെള്ളം വേണമെങ്കില്‍ ചോദിക്കുന്ന പണം നല്‍കണം. കുട്ടനാട്ടുകാര്‍ക്ക് ശുദ്ധജലം ലഭ്യമാക്കാന്‍ പല പദ്ധതികള്‍ നടപ്പിലാക്കിയെങ്കിലും ഒന്നും തന്നെ ഫലം കണ്ടില്ല.
വെള്ളം ഒഴുകുന്നപോലെ കുട്ടനാട്ടുകാരുടെ കുടിവെള്ള പ്രശ്‌നം തീരാതെ ഒഴുകുകയാണ്, പുഴപോലെ. കോടികള്‍ ചെലവഴിച്ചു എന്നല്ലാതെ ശുദ്ധജലക്ഷാമത്തിനു പരിഹാരമായില്ല. ഒരു വര്‍ഷം മുന്‍പ് നീരേറ്റുപുറം പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കാന്‍ 250 കോടി രൂപ അനുവദിച്ചിരുന്നു. ഒരു വര്‍ഷം ഒന്നും നടത്താതിരുന്ന ശേഷം ഇപ്പോള്‍ കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി രണ്ടു മാസം മുന്‍പ് കിഫ്ബി വഴി 325 കോടിയായി തുക ഉയര്‍ത്തി വിതരണ ശൃംഖല തന്നെ മാറ്റി കുട്ടനാട്ടിലുടനീളം വെള്ളം എത്തിക്കാനാണ് പദ്ധതി.
പ്ലാന്റ് സ്ഥിതിചെയ്യുന്ന തലവടി പഞ്ചായത്തില്‍ പോലും വെള്ളം ഇല്ലാത്ത അവസ്ഥയാണ്. 18 വര്‍ഷം മുന്‍പ് കുട്ടനാട്ടില്‍ വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ച ഉപരിതല ടാങ്കുകള്‍ വഴി ഒരു തുള്ളി വെള്ളം പോലും വിതരണം ചെയ്യാന്‍ പോലും കഴിഞ്ഞിട്ടില്ല. കോടികള്‍ ചെലവഴിച്ചെങ്കിലും കുട്ടനാട്ടുകാര്‍ ഇന്നും കുടിക്കുന്നത് നദികളിലെ മലിന ജലമാണ്.
കുട്ടനാടിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ പതിറ്റാണ്ടുകളായി ഒരു തുള്ളി വെള്ളം എത്താത്ത സ്ഥലങ്ങള്‍ ഉണ്ട്. വര്‍ഷത്തില്‍ ഭൂരിഭാഗം സമയവും വെള്ളത്തില്‍ കഴിയുന്ന കുട്ടനാട്ടുകാര്‍ക്ക് 500 ലീറ്റര്‍ വെള്ളത്തിന് 400 രൂപ കൊടുക്കം. കാവാലം പഞ്ചായത്തിലെ ജനങ്ങള്‍ തുരുത്തി ഭാഗത്തുള്ള സ്വകാര്യ കിണറുകളില്‍ നിന്നുള്ള വെള്ളം ടാങ്കില്‍ എത്തിച്ചാണ് ഉപയോഗം നടത്തുന്നത്.
മാസം 1000 രൂപയാണ് ചെലവ്. ചൂട് കൂടിയതോടെ 5 ദിവസം മുന്‍പ് ബുക്കു ചെയ്താല്‍ മാത്രമേ അതും ലഭിക്കുകയുള്ളൂ. 40 വര്‍ഷം മുന്‍പ് കാവാലം ഗവ. ഹൈസ്‌കൂളിനു സമീപം ഉപരിതല ടാങ്ക് നിര്‍മിച്ച് വെള്ളം വിതരണം ചെയ്യാന്‍ പദ്ധതി ഇട്ടെങ്കിലും തൂണുകള്‍ മാത്രം സ്ഥാപിച്ചു. ഇന്ന് എല്ലാം തുരുമ്പിച്ച് നശിച്ചു.