ഇഡി കുരുക്കുമുറുക്കിയത് കേരളത്തില്‍, കുരുക്കില്‍ കുടുങ്ങിയത് കര്‍ണാടകത്തിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി, ചക്കിന് വെച്ചത് കൊക്കിന് കൊണ്ടെന്ന് കെടി ജലീല്‍, ബെന്നി ബെഹനാന്‍ കത്തയക്കുന്നില്ലേയെന്ന് ചോദ്യം
കള്ളപ്പണക്കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കുടുംബത്തിന്റെ 300 കോടി രൂപ ഇഡി പിടിച്ചെടുത്തത് സംബന്ധിച്ച് പ്രതികരണവുമായി കെടി ജലീല്‍ എംഎല്‍എ.
താനുള്‍പ്പെടെ കേരളത്തിലെ ഇടതുപക്ഷ നേതാക്കളെ കുരുക്കാന്‍ നടന്ന ഇഡി ഒടുവില്‍ കുടുക്കിയത് കോണ്‍ഗ്രസ് മുഖ്യമന്ത്രിയെയാണെന്ന് ജലീല്‍ പറഞ്ഞു.
കൊച്ചി: കള്ളപ്പണക്കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കുടുംബത്തിന്റെ 300 കോടി രൂപ ഇഡി പിടിച്ചെടുത്തത് സംബന്ധിച്ച് പ്രതികരണവുമായി കെടി ജലീല്‍ എംഎല്‍എ. താനുള്‍പ്പെടെ കേരളത്തിലെ ഇടതുപക്ഷ നേതാക്കളെ കുരുക്കാന്‍ നടന്ന ഇഡി ഒടുവില്‍ കുടുക്കിയത് കോണ്‍ഗ്രസ് മുഖ്യമന്ത്രിയെയാണെന്ന് ജലീല്‍ പറഞ്ഞു. തനിക്കെതിരെ അന്വേഷണം നടത്താന്‍ കേന്ദ്ര ഏജന്‍സിക്ക് കത്തയച്ച ബെന്നി ബെഹനാന്‍ വീണ്ടും കത്തയക്കണമെന്നും ജലീല്‍ പരിഹസിക്കുന്നുണ്ട്.
കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
ചക്കിനു വെച്ചു, കൊക്കിന് കൊണ്ടു!
കോണ്‍ഗ്രസ്സ്-ബി.ജെ.പി-ലീഗ്-ഇ.ഡി സംയുക്ത സഖ്യം തുരുതുരാ വെടി ഉതിര്‍ത്തത് കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ. കൊണ്ടത് പക്ഷെ കര്‍ണാടക മുഖ്യമന്ത്രി സിതാരാമയ്യക്ക്. അദ്ദേഹത്തിന്റെയും ഭാര്യയുടെയും 300 കോടി വിപണി മൂല്യമുള്ള സ്വത്തുവഹകളാണ് ഇ.ഡി കണ്ടുകെട്ടിയത്. ഞാനുള്‍പ്പടെയുള്ള എത്ര ഇടതുപക്ഷ പ്രവര്‍ത്തകരെയാണ് കള്ളപ്പണം ലക്ഷ്യമിട്ട് ഇ.ഡി വല വീശിയത്? ഞങ്ങളുടെ ഒരു രോമത്തില്‍ തൊടാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് സാധിച്ചോ?
ഓണക്കോടിയല്ലാതെ മറ്റൊരു 'കോടിയും' ഞങ്ങളുടെ പക്കല്‍ കണ്ടെത്താന്‍ അവര്‍ക്കു കഴിഞ്ഞോ? ഇതിപ്പോള്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഒന്നാം പ്രതിയും, ഭാര്യ രണ്ടാം പ്രതിയുമായ ഭൂമി ഇടപാട് കേസില്‍ ഇ.ഡി കണ്ടുകെട്ടിയത് ഒന്നും രണ്ടും കോടിയല്ല, 300 കോടി! കള്ളപ്പണത്തിന്റെ കാര്യം പറഞ്ഞ് ബെന്നി ബഹനാന്‍ എം.പി ഉടനടി പ്രധാനമന്ത്രിക്ക് ഒരു കത്തെഴുതണം. പണ്ട് റംസാന്‍ കിറ്റ് വിതരണം ചെയ്തതിന്റെ പേരില്‍ എന്നെ ജയിലിലടക്കണം എന്നു പറഞ്ഞ് കത്തെഴുതിയതിന്റെ കോപ്പി അദ്ദേഹത്തിന്റെ കയ്യില്‍ ഇല്ലെങ്കില്‍ ഞാന്‍ എത്തിച്ചു തരാം.