'തനിയാവര്‍ത്തനത്തിലെ' അമ്മയാണ് വയനാട്ടിലെ വിജയന്‍, കോണ്‍ഗ്രസ് ചതിച്ചു, നേതാക്കളെ കല്‍തുറങ്കിലടക്കണമെന്ന് കെടി ജലീല്‍
വയനാട്ടില്‍ ആത്മഹത്യ ചെയ്ത കോണ്‍ഗ്രസ് ട്രഷറര്‍ എന്‍എം വിജയന്റെ കുടുംബത്തിന് പിന്തുണയുമായി കെടി ജലീല്‍ എംഎല്‍എ
സാമ്പത്തിക ബാധ്യത വരുത്തിവെച്ച് ചതിച്ചത് കോണ്‍ഗ്രസുകാരാണ്. അദ്ദേഹത്തിന്റെ കുടുംബത്തെ ചേര്‍ത്തുപിടിക്കണമെന്നും ജലീല്‍ വ്യക്തമാക്കി.
കോഴിക്കോട്: വയനാട്ടില്‍ ആത്മഹത്യ ചെയ്ത കോണ്‍ഗ്രസ് ട്രഷറര്‍ എന്‍എം വിജയന്റെ കുടുംബത്തിന് പിന്തുണയുമായി കെടി ജലീല്‍ എംഎല്‍എ. തനിയാവര്‍ത്തനത്തിലെ അമ്മയാണ് വിജയനെന്ന് ജലീല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. സാമ്പത്തിക ബാധ്യത വരുത്തിവെച്ച് ചതിച്ചത് കോണ്‍ഗ്രസുകാരാണ്. അദ്ദേഹത്തിന്റെ കുടുംബത്തെ ചേര്‍ത്തുപിടിക്കണമെന്നും ജലീല്‍ വ്യക്തമാക്കി.
കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
വയനാട്ടില്‍ നടന്ന രണ്ട് ആത്മഹത്യകള്‍ 'തനിയാവര്‍ത്തനം' സിനിമയെ ഓര്‍മ്മിപ്പിക്കുന്നു. ഭ്രാന്തനാക്കപ്പെട്ട് ചങ്ങലയില്‍ തളച്ചിടപ്പെട്ട മകന് ചോറില്‍ വിഷം കലര്‍ത്തി നല്‍കിയ ശേഷം, അതേ പാത്രത്തില്‍ നിന്ന് വിഷച്ചോറ് സ്വയം കഴിച്ച് മരിക്കുന്ന അമ്മയും മകനുമാണ് വിജയനിലൂടെയും മകനിലൂടെയും വയനാട്ടില്‍ വീണ്ടും പുനര്‍ജനിച്ചത്. പൊതുപ്രവര്‍ത്തന രംഗത്ത് കേട്ടുകേള്‍വിയില്ലാത്തതാണ് താമരശ്ശേരി ചുരത്തിന് മുകളില്‍ നിന്ന് കേരളം കേട്ടത്. വഞ്ചിക്കപ്പെട്ട വയനാട് ഡി.സി.സി ട്രഷറര്‍ വിജയന്‍ എന്ന കോണ്‍ഗ്രസ് നേതാവ് തന്റെ ഭിന്നശേഷിക്കാരനായ മകന് വിഷം കൊടുത്ത ശേഷം സ്വയം വിഷം കഴിച്ച് മരിച്ചത് ഒരു മരണക്കുറിപ്പ് എഴുതി വെച്ച ശേഷമാണ്. കെ.പി.സി.സി പ്രസിഡണ്ടും പ്രതിപക്ഷ നേതാവും കത്ത് ഗൗനിച്ച മട്ടില്ല. എസ്.ഐ സെലക്ഷന്‍ കിട്ടിയിട്ട് അതിന് പോലും പോകാന്‍ അനുവദിക്കാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകനാക്കി നിര്‍ത്തി പ്രവര്‍ത്തിപ്പിച്ച വിജയന്റെ വീടിന്റെ പ്രമാണം കോണ്‍ഗ്രസ് നേതാക്കള്‍ ബാങ്കില്‍ നിന്ന് എടുത്തു കൊടുക്കുന്നില്ലെങ്കില്‍, അതെടുത്ത് നല്‍കി ആ കുടുംബത്തെ രക്ഷിക്കേണ്ട ബാദ്ധ്യത കേരളത്തിലെ പൊതുപ്രസ്ഥാനങ്ങള്‍ ഏറ്റെടുക്കണം.
അതിന് ഏതെങ്കിലും പൊതുപ്രസ്ഥാനം മുന്നോട്ടു വന്നാല്‍ എനിക്ക് കഴിയുന്ന വിഹിതം ഞാനവര്‍ക്ക് അയച്ച് കൊടുക്കും. പൊതുപ്രവര്‍ത്തനത്തിനിടയില്‍ ഹൃദയശൂന്യന്‍മാരായ സഹപ്രവര്‍ത്തകരാല്‍ ചതിക്കപ്പെട്ട് ഇനിമേലില്‍ ഒരു പൊതുപ്രവര്‍ത്തകനും ജീവിതത്തിന്റെ തിരശ്ശീല സ്വയം പിടിച്ചു വലിച്ചു താഴ്ത്താന്‍ ഇടവരരുത്. സ്വന്തം വീട്ടില്‍ നിന്ന് തെരുവിലേക്ക് ഇറങ്ങേണ്ടി വന്നാല്‍ വിജയന്റെ ശേഷിക്കുന്ന കുടുംബാംഗങ്ങള്‍ എന്തു ചെയ്യുമെന്ന് നമുക്ക് പ്രവചിക്കാനാവില്ല. പണം പിടുങ്ങി വിജയനെ വഞ്ചിച്ച നേതാക്കളെ കല്‍തുറുങ്കില്‍ അടക്കണം. വിജയന്റെ കുടുംബത്തെ ഇടനെഞ്ചോട് ചേര്‍ത്തു പിടിക്കണം.