ഒടുവില്‍ അവര്‍ മമ്മൂട്ടിയേയും തേടിയെത്തി, ഇത് ഗുജറാത്തല്ല കേരളമാണ്, വൈറലായി കെടി ജലീലിന്റെ പോസ്റ്റ്

നടന്‍ മമ്മൂട്ടിക്കെതിരെ സംഘപരിവാര്‍ പ്രൊഫൈലുകളില്‍ നിന്നും വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പ്രതികരിച്ച എംഎല്‍എയും മുന്‍ മന്ത്രിയുമായ കെടി ജലീല്‍.
 

കൊച്ചി: നടന്‍ മമ്മൂട്ടിക്കെതിരെ സംഘപരിവാര്‍ പ്രൊഫൈലുകളില്‍ നിന്നും വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പ്രതികരിച്ച് എംഎല്‍എയും മുന്‍ മന്ത്രിയുമായ കെടി ജലീല്‍. പുഴു സിനിമയുമായി ബന്ധപ്പെട്ട് സംവിധായികയുടെ ഭര്‍ത്താവ് നല്‍കിയ അഭിമുഖത്തിനുശേഷമാണ് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായ വിദ്വേഷ പ്രചരണം ആരംഭിച്ചത്. എന്നാല്‍, ഒരു കാര്‍മേഘം കൊണ്ടും പ്രതിഭയുടെ ആ പ്രഭവകേന്ദ്രത്തെ മറക്കാന്‍ ഒരുശക്തിക്കും കഴിയില്ലെന്നും മമ്മൂട്ടിയുടെ മനസ്സിന്റെ തിളക്കമളക്കാന്‍ 'മതേതരോമീറ്ററുമായി' ആരും നടക്കേണ്ടതില്ലെന്നും പറഞ്ഞ ജലീല്‍ ഇത് കേരളമാണ്, ഗുജറാത്തല്ലെന്നും ഓര്‍മിപ്പിച്ചു.

കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്,


അവസാനം ''അവര്‍' മമ്മൂട്ടിയേയും തേടിയെത്തി!

പത്മശ്രീ മമ്മൂട്ടിയുടെ യഥാര്‍ത്ഥ പേര് മുഹമ്മദ് കുട്ടി ഇസ്മായില്‍ പാനിപ്പറമ്പില്‍ എന്നാണ്. ഇന്ത്യന്‍ സിനിമയിലെ  ഇതിഹാസമാണ് ആ മൂന്നക്ഷരം. മലയാള സിനിമയ്ക്ക് മമ്മൂട്ടി എന്ന മഹാനടന്‍ നല്‍കിയ സംഭാവനകള്‍ അതുല്യമാണ്. നാല് പതിറ്റാണ്ടിലധികമായി തുടരുന്ന അദ്ദേഹത്തിന്റെ നടനവൈഭവം ഇനിയും അതിന്റെ പാരമ്യതയിലേക്കുള്ള പാതയിലാണ്. മമ്മൂട്ടിയുടെ ഏറ്റവും അവസാനം ഇറങ്ങിയ കാതല്‍, ഭ്രമയുഗം എന്നീ സിനിമകള്‍ സാക്ഷ്യപ്പെടുത്തുന്നതും മറ്റൊന്നല്ല. താന്‍ ജീവിച്ച കാലം നടന വിസ്മയം തീര്‍ത്ത് അടയാളപ്പെടുത്താന്‍ സിനിമാ ലോകത്ത് സാധിച്ച അത്യപൂര്‍വ്വ പ്രതിഭാസമാണ് മമ്മൂട്ടി. അസാധാരണമായ അഭിനയ ചാതുരികൊണ്ടും വൈവിദ്ധ്യമാര്‍ന്ന രൂപഭാവങ്ങള്‍ കൊണ്ടും മലയാള സിനിമാ വ്യവസായത്തെ അദ്ദേഹം തിലകച്ചാര്‍ത്തണിയിച്ചു.

1951 സെപ്റ്റംബര്‍ 7ന് എറണാങ്കുളത്തിനടുത്ത ചെമ്പുവിലാണ് മമ്മൂട്ടി ജനിച്ചത്. മഹാരാജാസ് കോളേജില്‍ നിന്ന് ബിരുദവും എറണാങ്കുളം ഗവ: ലോകോളേജില്‍ നിന്ന് നിയമപഠനവും പൂര്‍ത്തിയാക്കിയ അദ്ദേഹം 1971-ല്‍ പുറത്തിറങ്ങിയ 'അനുഭവങ്ങള്‍ പാളിച്ചകള്‍' ??എന്ന ചിത്രത്തിലൂടെയാണ്  അഭിനയരംഗത്തേക്ക് കാലെടുത്തുവെച്ചത്.  1980-ല്‍ പുറത്തിറങ്ങിയ 'മേള'ത്തിലെ തകര്‍പ്പന്‍ വേഷം മലയാള സിനിമയുടെ ചക്രവര്‍ത്തിപഥത്തിലേക്കുള്ള യാത്രക്ക് തുടക്കമിടാന്‍ കാരണമായി. ഓരോ സിനിമകള്‍ പുറത്തുവരുമ്പോഴും മമ്മൂട്ടി കൂടതല്‍ കൂടുതല്‍ അജയ്യനായി. പിന്നിട്ടതിനെക്കാള്‍ എത്രയോ ദൂരം ഇനിയും തന്റെ കഴിവ് പുറത്തെടുക്കാന്‍ മുന്നേട്ടു പോകേണ്ടതുണ്ടെന്ന തിരിച്ചറിവാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കിയത്. തനിക്ക് ലഭിച്ച അംഗീകാരപ്പതക്കങ്ങള്‍ നേടിയ നേട്ടത്തിന്റെ പേരിലല്ല, ഇനിയും കരസ്ഥമാക്കാനിരിക്കുന്ന അത്യപൂര്‍വ്വ സിദ്ധിയെ തേടുന്ന അന്വേഷണകുതുകി എന്ന നിലയിലാണെന്ന് മമ്മൂട്ടി ഓരോ നിമിഷവും പറയാതെ പറഞ്ഞുകൊണ്ടേയിരുന്നു.
മലയാള സിനിമയ്ക്ക് മമ്മൂട്ടി നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്. തീവ്രമായ മനുഷ്യ വികാരങ്ങളെ അതിന്റെ സമ്പൂര്‍ണ്ണതയില്‍ വാക്കിലും നോക്കിലും ചലനത്തിലും മുഖപേശികളുടെ വലിവിലും ചുണ്ടുകളുടെ വിറയിലും കണ്ണുകളുടെ ശൗര്യതയിലും ആര്‍ദ്രതയിലും അദ്ദേഹം പ്രതിഫലിപ്പിച്ചു. ആക്ഷന്‍-പായ്ക്ക്ഡ് ത്രില്ലറുകള്‍ അനായാസം കൈകാര്യം ചെയ്ത മമ്മൂട്ടി, അതിസൂക്ഷ്മമായാണ് വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയത്. 'വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍', 'യവനിക' 'ഒരു വടക്കന്‍ വീരഗാഥ', 'മതിലുകള്‍', 'ഡോ. ബാബാസാഹേബ് അംബേദ്കര്‍', 'തനിയാവര്‍ത്തനം', 'പാലേരി മാണിക്യം:ഒരു പാതിരാ കൊലപാതകത്തിന്റെ കഥ', 'കാഴ്ച', 'ഭൂതക്കണ്ണാടി', 'ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്', 'വിധേയന്‍', 'അമരം', 'ധ്രുവം', 'പൊന്തന്‍മാട' 'കറുത്തപക്ഷികള്‍', 'കയ്യെഴുത്ത്', 'ഒരേകടല്‍', 'പ്രാഞ്ചിയേട്ടന്‍', 'പേരന്‍പ്', 'പത്തേമാരി', 'പുഴു', 'നന്‍പകല്‍ നേരത്ത് മയക്കം', 'കാതല്‍', 'ഭ്രമയുഗം' തുടങ്ങി നാനൂറിലധികം സിനിമകളില്‍ മമ്മൂട്ടി അഭ്രപാളികളില്‍ തിമര്‍ത്താടി. എല്ലാം ഒന്നിനൊന്ന് മെച്ചം.

മലയാള സിനിമയ്ക്കപ്പുറം ഇന്ത്യന്‍ സിനിമയും മമ്മൂട്ടിയുടെ അഭിനയ മികവില്‍ കോള്‍മയിര്‍കൊണ്ടു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളില്‍ നിരൂപക പ്രശംസ നേടിയ നിരവധി ചിത്രങ്ങളില്‍ വേഷമിടാന്‍ കഴിഞ്ഞ മലയാളി താരമെന്ന ബഹുമതി മമ്മൂട്ടിക്ക് മാത്രം അവകാശപ്പെട്ടതാണ്. മമ്മൂട്ടിയുടെ അവിസ്മരണീയമായ പ്രതിഭാവിലാസത്തെ തേടി നിരവധി പുരസ്‌കാരങ്ങളാണ് എത്തിയത്. 'മതിലുകള്‍' (1990), 'പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ' (2009), 'പേരന്‍പ്' (2019) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡിന് അര്‍ഹനായ മമ്മൂട്ടി, ഒന്‍പത് തവണയാണ് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് അവകാശിയായത്. പതിനൊന്ന് തവണ ഫിലിംക്രിറ്റിക്‌സ് അവാര്‍ഡും, പതിമൂന്ന് തവണ ഫിലിംഫെയര്‍ അവാര്‍ഡും തന്റെ നേട്ടങ്ങളുടെ പട്ടികയില്‍ അദ്ദേഹം തുന്നിച്ചേര്‍ത്തു. 1998-ല്‍, ഇന്ത്യന്‍ സിനിമക്ക് മമ്മൂട്ടി സമ്മാനിച്ച സംഭാവനകള്‍ കണക്കിലെടുത്ത് ഇന്ത്യയിലെ നാലാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മശ്രീ നല്‍കി രാജ്യം അദ്ദേഹത്തെ  ആദരിച്ചു. കേരള, കാലിക്കറ്റ് സര്‍വകലാശാലകള്‍ കലയുടെ കുലപതിയായ മമ്മൂട്ടിക്ക് ഡീലിറ്റ് ബിരുദം നല്‍കി ബഹുമാനിച്ചു.

അഭിനയത്തിന്റെ ക്രാഫ്റ്റിനോടുള്ള സമര്‍പ്പണവും താന്‍ അവതരിപ്പിക്കുന്ന ഓരോ കഥാപാത്രത്തിനും  ജീവന്‍ പകരാനുള്ള അത്യപാരമായ കഴിവും മമ്മൂട്ടിയെ പ്രേക്ഷകരുടെയും നിരൂപകരുടെയും ഇഷ്ടനടനാക്കി. എളിയ തുടക്കത്തില്‍ ആരംഭിച്ച് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ബഹുമാന്യനായ നടന്മാരില്‍ ഒരാളായി മാറിയ പത്മശ്രീ മമ്മൂട്ടി, കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും ജീവിക്കുന്ന ഉദാഹരണമാണ്. തന്റെ ശ്രദ്ധേയമായ പ്രകടനത്തിലൂടെ പ്രേക്ഷകരെ ത്രസിപ്പിക്കുക മാത്രമല്ല, അഭിനേതാക്കളുടെ തലമുറകളെ പ്രചോദിപ്പിക്കുകയും ചെയ്തു മലയാളത്തിന്റെ ആ നടനവൈഭവം. മമ്മൂട്ടി മലയാളത്തിന്റെയും ഇന്ത്യന്‍ സിനിമയുടെയും യഥാര്‍ത്ഥ ഐക്കണായി എഴുപത് പിന്നിട്ടിട്ടും തുടരുന്നത് മികവും കഴിവും എല്ലാ അതിര്‍വരമ്പുകള്‍ക്കും അതീതമാണെന്ന പരമസത്യമാണ് വിളംബരം ചെയ്യുന്നത്.
മമ്മൂട്ടിയെ ഏതെങ്കിലും അതിര്‍വരമ്പില്‍ പരിമിതപ്പെടുത്തി നിര്‍ത്താനുള്ള പാഴ്ശ്രമം ആരും നടത്തേണ്ട. എല്ലാ സങ്കുചിത വളയങ്ങള്‍ക്കുമപ്പുറം മഴവില്‍ പോലെ ആകാശത്ത് സപ്തവര്‍ണ്ണങ്ങളില്‍ മമ്മൂട്ടി പതിഞ്ഞ് നില്‍ക്കും. ഒരു കാര്‍മേഘം കൊണ്ടും പ്രതിഭയുടെ ആ പ്രഭവകേന്ദ്രത്തെ മറക്കാന്‍ ഒരുശക്തിക്കും കഴിയില്ല. മമ്മൂട്ടിയുടെ മനസ്സിന്റെ തിളക്കമളക്കാന്‍ 'മതേതരോമീറ്ററുമായി' ആരും നടക്കേണ്ട. ഇത് കേരളമാണ്, ഗുജറാത്തല്ല.