പതിനായിരങ്ങള്‍ വിലമതിക്കുന്ന ഷര്‍ട്ടും ജീന്‍സും ഷൂവും, ഓസിനോ സ്വന്തം പണം കൊണ്ടുവാങ്ങിയതോ, ലീഗ് കോണ്‍ഗ്രസ് മന്ത്രിമാര്‍ കോടീശ്വരന്മാരായോയെന്ന് കെടി ജലീല്‍
മുസ്ലീം ലീഗ് കോണ്‍ഗ്രസ് മന്ത്രിമാരുടെ ധൂര്‍ത്തും ആഡംബര ജീവിതവും ചര്‍ച്ചയാകുന്നതിനിടെ മുന്‍ മന്ത്രിയായിരുന്ന കെടി ജലീല്‍ ഫേസ്ബുക്കില്‍ വ്യക്തിപരമായ വിശദീകരണവുമായി രംഗത്തെത്തി.
കോഴിക്കോട്: മുസ്ലീം ലീഗ് കോണ്‍ഗ്രസ് മന്ത്രിമാരുടെ ധൂര്‍ത്തും ആഡംബര ജീവിതവും ചര്‍ച്ചയാകുന്നതിനിടെ മുന്‍ മന്ത്രിയായിരുന്ന കെടി ജലീല്‍ ഫേസ്ബുക്കില്‍ വ്യക്തിപരമായ വിശദീകരണവുമായി രംഗത്തെത്തി. ലാളിത്യം ഉപദേശിക്കുന്നവര്‍ സ്വന്തം ജീവിതത്തില്‍ എളിമയുടെ കണികപോലും തൊട്ടുതീണ്ടാത്തവരാണെന്നും, ബ്രാന്‍ഡഡ് വസ്ത്രങ്ങളും ആഭരണങ്ങളും ഉപയോഗിച്ച് പാര്‍ട്ടി പദവികള്‍ 'ഉരുക്കിത്തൂക്കി വിറ്റ്' നേടുന്നവരാണെന്നും അദ്ദേഹം ആരോപിച്ചു.
കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
ലീഗ്-കോണ്‍ഗ്രസ് മന്ത്രിമാര്‍ കോടീശ്വരന്‍മാരോ?
ലീഗിന്റെ ചിലമന്ത്രിമാരും എം.എല്‍.എമാരും കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള മന്ത്രിമാരും, എം.പിമാരും, MLA മാരും ഉപയോഗിക്കുന്ന പതിനായിരങ്ങള്‍ വിലമതിക്കുന്ന ഷര്‍ട്ടും, ജീന്‍സും, ഷൂവും, ലക്ഷങ്ങള്‍ വിലമതിക്കുന്ന വാച്ചും, മൊബൈലുകളും, ലാപ്‌ടോപ്പുകളും സ്വന്തം പണം കൊണ്ട് വാങ്ങിയതോ അതല്ല ഓസിന് കിട്ടിയതോ എന്ന ചര്‍ച്ച സജീവമായ സന്ദര്‍ഭത്തില്‍ വ്യക്തിപരമായ ചില വിശദീകരണങ്ങള്‍ ആവശ്യമാണെന്ന് തോന്നുന്നു.
ലാളിത്യം മറ്റുള്ളവരെ ഉപദേശിക്കുന്നവര്‍ സ്വന്തം ജീവിതത്തില്‍ എളിമയുടെ കണിക പോലും തൊട്ടുതീണ്ടാത്തവരാണ്. 'ബ്രാന്‍ഡഡ്' ഷര്‍ട്ടുകളിലും, തുണികളിലും, ജീന്‍സുകളിലും, ഷൂകളിലും, വാച്ചുകളിലും, മൊബൈലുകളിലും, 'സ്ലീപ്പിംഗ് പാര്‍ട്ട്ണര്‍ഷിപ്പു'കളിലും അഭിരമിക്കുന്നവര്‍ പാര്‍ട്ടിയിലും പൊതുരംഗത്തും വഹിക്കുന്ന പദവികള്‍ 'ഉരുക്കിത്തൂക്കിവിറ്റാണ്' അവയെല്ലാം നേടുന്നത്.
ഇവയൊക്കെ സ്വന്തം അണികള്‍ക്ക് നല്‍കുന്ന 'സന്ദേശം' ആരും കാണാതെ പോകരുത്. 'എങ്ങിനെയെങ്കിലും' പണമുണ്ടാക്കി നേതാക്കന്‍മാരെ വിലക്കു വാങ്ങാനാകും അനുയായികളുടെ ശ്രമം.
അഞ്ഞൂറ് രൂപയില്‍ കൂടുതല്‍ വിലയുള്ള തുണികള്‍ മന്ത്രിയായിരുന്നപ്പോള്‍ ഉള്‍പ്പടെ 20 കൊല്ലവും ഞാന്‍ ഉപയോഗിച്ചിട്ടില്ല. ഷര്‍ട്ടിന്റെ വിലയും അഞ്ഞൂറില്‍ കൂടാറില്ല. വിദേശത്ത് പോകുമ്പോള്‍ ഉപയോഗിക്കാന്‍ വാങ്ങുന്ന പാന്‍സിന് മുവ്വായിരത്തിനപ്പുറം വില ഉയരാതെ നോക്കിയിട്ടുണ്ട്. ടീ ഷര്‍ട്ടുകളുടെ കാര്യവും അങ്ങിനെത്തന്നെ. അയ്യായിരത്തിനപ്പുറം ഷൂവിന്റെ വില വരരുതെന്ന നിര്‍ബന്ധം എപ്പോഴും പുലര്‍ത്തി. ലക്ഷങ്ങള്‍ വിലയുള്ള വാച്ചോ മൊബൈലോ ഇതുവരെയും ഉപയോഗിച്ചിട്ടില്ല. മന്ത്രിയായിരിക്കെ ഒരു സുഹൃത്ത് തരാന്‍ ആഗ്രഹിച്ച ലാപ്‌ടോപ്പ് എന്റെ മണ്ഡലത്തിലെ പുറത്തൂര്‍ ഗവ: യു .പി സ്‌കൂളിന് നല്‍കാനാണ് ഞാന്‍ പറഞ്ഞത്.
പ്രത്യേക 'ബ്രാന്‍ഡി'ന്റെ ഉല്‍പ്പന്നങ്ങള്‍ വേണമെന്ന നിര്‍ബന്ധവും ജീവിതത്തില്‍ ഉണ്ടായിട്ടില്ല. ഖാഇദെമില്ലത്ത് ഇസ്മായില്‍ സാഹിബിന്റെയും കെ.എം സീതി സാഹിബിന്റെയും ജീവിതം വായിച്ച് വളര്‍ന്നതിനാല്‍, ഉടുതുണിക്ക് മറുതുണിയില്ലാത്ത ലക്ഷക്കണക്കിന് വരുന്ന മനുഷ്യര്‍ ജീവിക്കുന്ന നാട്ടിലാണ് നമ്മള്‍ ജനപ്രതിനിധികളും മന്ത്രിമാരുമായിട്ടുള്ളത് എന്ന ബോധം മനസ്സില്‍ നിധിപോലെയാണ് സൂക്ഷിച്ചത്.
മന്ത്രിയായ സമയത്ത് ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയാല്‍ കൂടെയുണ്ടാവുന്നവരുടേതടക്കം പണം കൊടുത്തത് ഞാന്‍ തന്നെയാണ്. പുറമെനിന്നുള്ള ആരെക്കൊണ്ടും കൊടുപ്പിക്കാതെ നോക്കി. അതുകൊണ്ടൊരു സ്വാധീനപ്പെടല്‍ ഒഴിവാക്കാന്‍. 20 വര്‍ഷത്തെ MLA ജീവിതം കഴിഞ്ഞ് അവസാനമാസത്തെ ശമ്പളം പിന്‍വലിച്ച് നോക്കിയപ്പോള്‍ ട്രഷറി അക്കൗണ്ടില്‍ ആകെ ശേഷിപ്പ് അയ്യായിരത്തില്‍ തഴെ രൂപ മാത്രം. സംശയമുള്ളവര്‍ക്ക് പരിശോധിക്കാം.
കേരളത്തിലെ അറിയപ്പെടുന്ന ഒരു സംഘടനയുടെ സംസ്ഥാന നേതാവും മാധ്യമ ചര്‍ച്ചകളിലെ സജീവ സാന്നിദ്ധ്യവുമായ ഒരു സുഹൃത്ത്, വ്യക്തിപരമായ അടുപ്പം കൊണ്ട്, എന്റെ രണ്ടാമത്തെ മകളുടെ വിവാഹത്തിന് സമ്മാനമായി കൊണ്ടുവന്ന 'സ്വര്‍ണ്ണച്ചെയ്ന്‍'' സ്‌നേഹപൂര്‍വ്വം നിരസിച്ചത് സാന്ദര്‍ഭികമായി ഓര്‍ക്കുന്നു. UDF മന്ത്രിമാരുടെയും MP, MLA എന്നിവരുടെയും ''കാട്ടിക്കൂട്ടലുകള്‍' കാണുമ്പോള്‍ പറഞ്ഞു പോയതാണ് ഇതൊക്കെ.
കടം വാങ്ങി കൊടുത്തില്ല എന്ന പരാതിയോ, തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കാര്യങ്ങള്‍ ഏല്‍പ്പിച്ചവര്‍ക്ക് ഒരു നയാപൈസയെങ്കിലും ബാക്കിവെച്ചു എന്ന പരാതിയോ ഇല്ലാതെയാണ് 20 കൊല്ലത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചത്. ആ ചാരിതാര്‍ത്ഥ്യത്തോടെയാണ് ഇപ്പോഴും പൊതു പ്രവര്‍ത്തന രംഗത്ത് തുടരുന്നത്.
ഇതെന്റെമാത്രം കാര്യമല്ല. ഇടതുപക്ഷത്തുള്ള ഒട്ടുമിക്ക പേരുടേയും അവസ്ഥയാണ്. UDF-കാരായ മന്ത്രിമാരെയും, എം.പിമാരെയും, എം.എല്‍.എമാരെയും, പോലെയല്ലാത്ത ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും നാട്ടിലുണ്ടെന്ന് ജനങ്ങള്‍ അറിയണം. അതിനുവേണ്ടി കൂടിയാണ് ഈ കുറിപ്പ്. അല്ലെങ്കില്‍ എല്ലാവരേയും ജനങ്ങള്‍ ഒരേ തുലാസിലിട്ട് തൂക്കും. അതുപാടില്ല.