സാദിഖലി തങ്ങളെ അപമാനിക്കാനുള്ള ശ്രമം കരുതിയിരിക്കുക, മാന്യനും കുലീനുമായ വ്യക്തി, കുല്‍സിത നീക്കങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് കെടി ജലീല്‍

മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ നടക്കുന്ന ആരോപണങ്ങള്‍ തള്ളിക്കളയണമെന്ന് കെടി ജലീല്‍ എംഎല്‍എ.

 

വ്യാജ ചത്രങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന പ്രചരണങ്ങള്‍ക്കെതിരെ പോലീസ് ഇടപെടല്‍ ശക്തമാക്കണം. സ്‌കൂള്‍ പഠന കാലം തൊട്ട് വ്യക്തിപരമായി അറിയുന്ന വ്യക്തിയാണ് ശിഹാബ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട്: മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ നടക്കുന്ന ആരോപണങ്ങള്‍ തള്ളിക്കളയണമെന്ന് കെടി ജലീല്‍ എംഎല്‍എ. വ്യാജ ചത്രങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന പ്രചരണങ്ങള്‍ക്കെതിരെ പോലീസ് ഇടപെടല്‍ ശക്തമാക്കണം. സ്‌കൂള്‍ പഠന കാലം തൊട്ട് വ്യക്തിപരമായി അറിയുന്ന വ്യക്തിയാണ് ശിഹാബ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.

കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

സാദിഖലി തങ്ങളെ അപമാനിക്കാനുള്ള ശ്രമം കരുതിയിരിക്കുക.

കക്ഷി രാഷ്ട്രീയ ഭേദമന്യെ ബഹുമാനിക്കുന്ന വ്യക്തിയാണ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ഞാന്‍ ഉള്‍കൊള്ളുന്ന തൊഴുവാനൂര്‍ മഹല്ലിന്റെ ഖാളി കൂടിയാണ് ആദരണീയനായ തങ്ങള്‍. അദ്ദേഹത്തെ സമൂഹ മദ്ധ്യത്തില്‍ താറടിച്ചു കാണിക്കാന്‍ നടത്തുന്ന കുല്‍സിത നീക്കങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം. പുതിയ സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ആരെയും എന്തും ആക്കാന്‍ സാധിക്കും.

സാദിഖലി തങ്ങളെ സ്‌കൂള്‍ പഠന കാലം തൊട്ട് വ്യക്തിപരമായി എനിക്കറിയാം. എന്റെ മൂന്നു വര്‍ഷം സീനിയറായി ചേളാരി 'സമസ്താലയ'ത്തില്‍ ഞങ്ങള്‍ ഒരുമിച്ച് പഠിച്ചവരാണ്. അന്ന് മുതല്‍ക്കേ സാദിഖലി തങ്ങളെ എനിക്ക് വളരെ അടുത്തറിയാം. മാന്യമായ പെരുമാറ്റം കൊണ്ടും കുലീനമായ സമീപനം കൊണ്ടും എന്റെ മനസ്സില്‍ ഇടം നേടിയ വ്യക്തിയാണ് സാദിഖലി തങ്ങള്‍. രാഷ്ട്രീയമായി ഞാന്‍ അദ്ദേഹത്തെ വിമര്‍ശിച്ചിട്ടുണ്ട്. ആ വിമര്‍ശനം മേലിലും തുടരും. പക്ഷെ ഒരിക്കലും വ്യക്തിഹത്യ നടത്തിയിട്ടില്ല. നടത്തുകയുമില്ല.

സാദിഖലി തങ്ങളുടെ സഹധര്‍മ്മിണി സുല്‍ഫത്ത് ബീവി, പി.എസ്.എം.ഒ കോളേജില്‍ എന്റെ ക്ലാസ്‌മേറ്റാണ്. ഇംഗ്ലീഷിനും അറബിക്കിനും ഞങ്ങള്‍ ഒരേ ക്ലാസിലായിരുന്നു. സാദിഖലി തങ്ങള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന നിര്‍മ്മിത ബുദ്ധി (AI) ഉപയോഗിച്ചുള്ള ചിത്രങ്ങള്‍ തീര്‍ത്തും വ്യാജമാണ്. ഏതു മാന്യനേയും മോശമാക്കാന്‍ ഇതുപോലുള്ള വഴികള്‍ സ്വീകരിക്കുന്നവര്‍ ചെയ്യുന്ന മഹാപരാധം മാപ്പര്‍ഹിക്കാത്തതാണ്. ശക്തമായ നിയമ നടപടി വ്യാജ പ്രചരണങ്ങള്‍ക്കെതിരെ സ്വീകരിക്കുമെന്ന ലീഗ് നേതൃത്വത്തിന്റെ നിലപാട് സ്വാഗതാര്‍ഹമാണ്. പോലീസ് ശക്തമായ ഇടപെടല്‍ നടത്തണം. കുറ്റക്കാരെ കര്‍ശനമായി ശിക്ഷിക്കണം. മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് കാര്യങ്ങളുടെ ഗൗരവം ധരിപ്പിക്കും. ഇക്കാര്യത്തില്‍ സാദിഖലി തങ്ങള്‍ക്കൊപ്പം.