മുസ്ലീം സ്ത്രീക്കും ജീവനാംശമെന്ന് സുപ്രീം കോടതി, ശരീയത്തിനുവേണ്ടി മുസ്ലീം സംഘടനകള്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നുണ്ടാക്കിയ നിയമത്തിന് പ്രസക്തിയില്ല, വര്‍ഗീയവാദികള്‍ നിശബ്ദരായി
ന്യൂഡല്‍ഹി: വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് ക്രിമിനല്‍ നടപടിച്ചട്ടത്തിലെ സെക്ഷന്‍ 125 പ്രകാരം ഭര്‍ത്താവില്‍ നിന്ന് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന സുപ്രീംകോടതിയുടെ ചരിത്രപ്രധാന്യമുള്ള വിധി കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.
വിവാഹമോചിതയായ ഭാര്യക്ക് ജീവനാംശം നല്‍കാനുള്ള നിര്‍ദേശത്തെ ചോദ്യം ചെയ്ത മുസ്ലീം യുവാവിന്റെ ഹര്‍ജി തള്ളിയാണ് ജസ്റ്റിസ് ബി വി നാഗരത്ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് വിധി പറഞ്ഞത്. എല്ലാ സ്ത്രീകള്‍ക്കും സെക്ഷന്‍ 125 ബാധകമാകുമെന്ന നിഗമനത്തോടെയാണ് ക്രിമിനല്‍ അപ്പീല്‍ തള്ളുന്നതെന്ന് ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു.
1985-ലെ ഷാ ബാനോ കേസില്‍ സുപ്രീംകോടതി ജീവനാംശം നല്‍കാന്‍ വിധിച്ചത് ഏറെ കോളിളക്കമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് ശരീയത്ത് നിയമത്തിനായി മുസ്ലീം സംഘടനകള്‍ രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തിയതോടെ രാജീവ് ഗാന്ധി സര്‍ക്കാര്‍ 1986ല്‍ മറ്റൊരു നിയമം പാസാക്കുകയായിരുന്നു. ആ നിയമത്തിന് പ്രസക്തിയില്ലെന്ന് ചൂണ്ടിക്കാട്ടുന്നതാണ് ഇപ്പോഴത്തെ സുപ്രീംകോടതി വിധി.
ചരിത്രപ്രാധാന്യമുള്ള ഒരു വിധി പുറത്തുവന്നതോടെ മത മൗലിക വാദികള്‍ നിശബ്ദരാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെജെ ജേക്കബ് പറഞ്ഞു. ഹിന്ദു മുസ്ലീം മതമൗലിക വാദികള്‍ ഒരുപോലെ നിശബ്ദരായെന്നും വര്‍ഗീയതയ്ക്ക് രാജ്യത്ത് സ്ഥാനമില്ലെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
കെജെ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
ചില നിശ്ശബ്ദതകള്‍ നിങ്ങള്‍ കേട്ടില്ലേ?ശ്രദ്ധിച്ചില്ലേ?
വിവാഹമോചിതയായ മുസ്ലിം സ്ത്രീയ്ക്ക് ജീവനാംശം ലഭിക്കാന്‍ ക്രിമിനല്‍ നടപടി ചട്ടം 125 പ്രകാരം അവകാശമുണ്ടെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി വിധിച്ചു. ജീവനാംശ കാലാവധി മൂന്നുമാസം മാത്രം എന്ന് നിശ്ചയിച്ച രാജീവ് ഗാന്ധി സര്‍ക്കാര്‍ പാസാക്കിയ 1986-ലെ നിയമത്തിനും മേലാണ് എല്ലാ സ്ത്രീകള്‍ക്കുംവേണ്ടി നിയമിച്ച മതനിരപേക്ഷ നിയമം എന്നും കോടതി ഉറപ്പിച്ചു.
നിങ്ങളൊരു ബഹളവും കേട്ടില്ലല്ലോ?
എങ്ങും കനത്ത നിശ്ശബ്ദത.
'ഹിന്ദു ഹിന്ദു എന്ന് പറഞ്ഞുകൊണ്ട് ചിലര്‍ ചെയ്യുന്നത് മുഴുവന്‍ അക്രമം' എന്ന് ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞയുടനെ 'എല്ലാ ഹിന്ദുക്കളും അക്രമകാരികളാണ് എന്ന് പറയുന്നത് അങ്ങേയറ്റം ഗുരുതരമായ കാര്യമാണ്' എന്ന് പറഞ്ഞു പ്രധാനമന്ത്രി നരേന്ദ്ര മോദി എണീറ്റു. പിറകെ കേന്ദ്രമന്ത്രിസഭയിലേയും ബി ജെ പി യിലെയും പ്രമുഖരും ഹിന്ദുക്കളെ അപമാനിക്കുന്നു എന്ന് പറഞ്ഞു വന്‍ കോലാഹലം.
പിറ്റേദിവസം കനത്ത നിശ്ശബ്ദത. ആര്‍ക്കും അനക്കമില്ല. മോദി പോലും മറുപടിപ്രസംഗത്തില്‍ ഇക്കാര്യം അറിഞ്ഞതായി ഭാവിച്ചില്ല. പരിവാരവും നിശ്ശബ്ദം.
ഇന്ത്യന്‍ രാഷ്ട്രീയം മതനിരപേക്ഷതയില്‍നിന്നും വര്‍ഗീയതയില്‍ക്കൂടി കയറിയിറങ്ങി ഒരു വട്ടം പൂര്‍ത്തിയാക്കി എന്ന് ഞാന്‍ ഈ നിശ്ശബ്ദതകളെ വ്യാഖ്യാനിക്കും.
***
എങ്ങിനെയാണ് തുടങ്ങിയത്?
1985-ലെ ഷാ ബാനോ കേസിലെ വിധി ഓര്‍ക്കുക. വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീയ്ക്ക് ചെലവിന് കൊടുക്കാന്‍ മുകളില്‍ പറഞ്ഞ അതേ ക്രിമിനല്‍ നടപടിച്ചട്ടം 125 അനുസരിച്ചു മുന്‍ ഭര്‍ത്താവിന് ബാധ്യതയുണ്ടെന്നും അത് മൂന്നുമാസത്തേക്കു മാത്രമേയുള്ളൂ എന്ന മുസ്ലിം വ്യക്തി നിയമത്തിലെ വ്യവസ്ഥയ്ക്ക് മേലാണ് ഈ ചട്ടം എന്നും സുപ്രീം കോടതി അന്ന് വിധിച്ചു. നിരാലംബരായ മനുഷ്യര്‍ക്കുവേണ്ടി നിര്‍മ്മിച്ചിരിക്കുന്നതാണ് ആ നിയമം; അങ്ങിനെയുള്ളൊരാള്‍ ഏതു മതത്തില്‍പ്പെട്ടു എന്നതിന് എന്തര്‍ത്ഥമാണുള്ളത് എന്ന് വിധിന്യായമെഴുതിയ അന്നത്തെ ചീഫ് ജസ്റ്റിസ് വൈ വി ചന്ദ്രചൂഡ്, ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ അച്ഛന്‍, ചോദിച്ചു.
ആകാശത്തിന്റെ ഒരു ഭാഗം ഇടിയാന്‍ തുടങ്ങി; മുസ്ലിം മതമൗലികവാദികള്‍ കോപിച്ചു; ശരിയത്ത് നിയമത്തില്‍ കൈകടത്താന്‍ പാടില്ല എന്നുപറഞ്ഞായിരുന്നു ബഹളം. അശരണരായ മനുഷ്യര്‍ക്ക് ആശ്വാസം കൊടുക്കുന്ന പരിപാടിയല്ല, പോട്ടെ എന്നുവയ്ക്കാന്‍ ഇക്കൂട്ടര്‍ തയ്യാറായില്ല.
റാലികള്‍, പ്രകടനങ്ങള്‍... രാജ്യമെങ്ങും വന്‍ പ്രതിഷേധം നടന്നു.
പേടിച്ചുപോയ രാജീവ് ഗാന്ധി--ഓര്‍ക്കണം 414
സീറ്റായിരുന്നു കോണ്‍ഗ്രസിന് 1984-ലെ തെരഞ്ഞെടുപ്പില്‍ കിട്ടിയത്; സഖ്യകക്ഷികളുടെ വേറെയും--കോടതി വിധി മറികടക്കാന്‍ നിയമം കൊണ്ടുവന്നു. വിവാഹമോചിതരായ മുസ്ലിം സ്ത്രീകളുടെ സംരക്ഷണ നിയമം (The Muslim women (protection of rights on divorce) Act, 1986) എന്ന് പേരിട്ടുണ്ടാക്കിയ ആ നിയമപ്രകാരം ഇദ്ദ കാലത്തിനുശേഷം സ്ത്രീയ്ക്ക് സ്വയം സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ ആ ഉത്തരവാദിത്തം വഖ്ഫ് ബോര്‍ഡ് ഏറ്റെടുക്കണം.
ഫലത്തില്‍ മതനിരപേക്ഷത എന്ന ആശയത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന ഒന്നായി കോണ്‍ഗ്രസ് സര്‍ക്കാര്‍ പാസാക്കിയ ആ നിയമം മാറി. ക്രിമിനല്‍ നടപടിച്ചട്ടത്തിന്റെ ബാധ്യതയില്‍നിന്നു മുസ്ലിം പുരുഷന്മാരെയും ആനുകൂല്യത്തില്‍നിന്നു മുസ്ലിം സ്ത്രീകളെയും ഒഴിവാക്കുന്ന ഒരു നിയമം നിലനില്‍ക്കുന്ന നാട് പിന്നെ മത നിരപേക്ഷത എന്ന് പറഞ്ഞു നടന്നിട്ടു കാര്യമൊന്നുമില്ല.
കോണ്‍ഗ്രസില്‍ ചെറിയ മുറുമുറുപ്പുണ്ടായതല്ലാതെ വലിയ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. രാജീവ് ഗാന്ധിയും അദ്ദേഹത്തിന്റെ ബന്ധു അരുണ്‍ നെഹ്റുവടക്കമുള്ള കിച്ചന്‍ ക്യാബിനറ്റും ചില ഉദ്യോഗസ്ഥന്മാരുമടങ്ങിയ ഒരു അരാഷ്ട്രീയക്കൂട്ടം നിര്‍മ്മിച്ച ആ നിയമത്തില്‍ പ്രതിഷേധിച്ചാണ് ആരിഫ് മുഹമ്മദ് ഖാന്‍ എന്ന ചെറുപ്പക്കാരനായ കോണ്‍ഗ്രസുകാരന്‍ പാര്‍ട്ടി വിട്ടത്. രാജീവ് ഗാന്ധി എന്ന ചോദ്യം ചെയ്യപ്പെടാത്ത നേതാവിനെതിരെ അദ്ദേഹവും ഒരു ചെറിയ സംഘവും ഉണ്ടാക്കിയ കലാപം നമ്മുടെ നാടിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള ഏടുകളിലൊന്നാണ്. (അദ്ദേഹത്തിന്റെ പ്രേതമായിരിക്കണം ഇപ്പോള്‍ പിച്ചും പേയും പറഞ്ഞു വെള്ളയമ്പലത്തു ചുറ്റിത്തിരിയുന്നത്. അത് നമ്മുടെ വിധി.)
മുസ്ലിം മത മൗലികവാദികള്‍ക്കു കോണ്‍ഗ്രസ് സര്‍ക്കാര്‍ വഴങ്ങിയത് ഹിന്ദുത്വ രാഷ്ട്രീയക്കാര്‍ക്ക് അവസരമായി. പണ്ഡിറ്റ് നെഹ്റു പൂട്ടിയിട്ട 'രാമക്ഷേത്രം' അജണ്ടയായി മുന്നോട്ടുകൊണ്ടുവരാന്‍ അവര്‍ക്കതൊരായുധമായി. മുസ്ലിം പ്രീണനം നടത്തുന്ന കോണ്‍ഗ്രസ് ഹിന്ദുക്കളോട് കാണിക്കുന്ന 'ക്രൂരത' അവര്‍ നാട്ടില്‍ പറഞ്ഞുനടക്കാന്‍ തുടങ്ങി. 'ഹിന്ദു അപകടത്തില്‍' എന്ന വായ്ത്താരി അന്ന് തുടങ്ങി.
വീണ്ടും രാജീവ് ഗാന്ധി ഭയന്നു. അതെ അനുചരക്കൂട്ടം ചുറ്റും കൂടി. അതേ സ്വഭാവത്തിലുള്ള നിര്‍ദ്ദേശം മുന്നോട്ടുവച്ചു. മുസ്ലിം മൗലികവാദികളെ തൃപ്തിപ്പെടുത്തിയതുപോലെ ഹിന്ദുത്വക്കാരെയും തൃപ്തിപ്പെടുത്തുക. അങ്ങിനെ പണ്ഡിറ്റ് നെഹ്റു പൂട്ടിയിട്ട അയോധ്യയിലെ രാമന്റെ പൂജാസ്ഥലം തുറന്നുകൊടുക്കാന്‍ തീരുമാനമായി.
പിന്നീടങ്ങോട്ട് ഹിന്ദുത്വയുടെ തേരോട്ടം. ക്ഷേത്ര ശിലാന്യാസം, രഥയാത്ര, ബാബ്റി മസ്ജിദ് പൊളിക്കല്‍, അവിടെ ക്ഷേത്രം പണിയല്‍, പ്രതിഷ്ഠ. ഇതിനിടയില്‍ രാജ്യം വര്‍ഗീയമായി വിഭജിക്കപ്പെട്ടു; രാജ്യം മുന്‍പോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത ഹിന്ദുത്വ ശക്തികള്‍ 'ഹിന്ദു അപകടത്തില്‍' എന്ന് പറഞ്ഞു വോട്ടുവാങ്ങി; അധികാരത്തിന്റെ ബലത്തില്‍ നമ്മുടെ നാടിന്റെ ചരിത്രം തിരുത്തിക്കുറിക്കാനുള്ള പണി തുടങ്ങി.
***
പക്ഷെ കഴിഞ്ഞ തെരഞ്ഞടുപ്പ് ആ ശ്രമങ്ങള്‍ക്ക് തടയിട്ടു. രാമക്ഷേത്രം ഒരു ആര്‍എസ്എസ് പ്രോജക്ടാണെന്നു മനുഷ്യര്‍ക്ക്, രാമഭക്തര്‍ക്കു പോലും, മനസിലായി. ആരാണ് ഹിന്ദുവിനെ അപകടപ്പെടുത്തുന്നതെന്നു അവര്‍ തിരിച്ചറിഞ്ഞു. തൊഴിലില്ലായ്മയും വിലക്കയറ്റവും മൂലം പൊറുതിമുട്ടിയ മനുഷ്യര്‍ വര്‍ഗീയതയുടെ മറവില്‍ രക്ഷപ്പെടാനുള്ള രാശിരീയക്കാരുടെ ശ്രമത്തിനു വഴിപ്പെട്ടില്ല. നാടിന്റെ സമ്പത്തുമുഴുവന്‍ കുത്തകകള്‍ക്ക് തീറെഴുതിക്കൊടുത്തിട്ടു 'ഹിന്ദു അപകടത്തില്‍' എന്ന് പറഞ്ഞിട്ട് കാര്യമില്ല എന്ന് അവര്‍ ഹിന്ദുത്വ രാഷ്ട്രീയക്കാരെ ബോധ്യപ്പെടുത്തി. വളരെ സൂക്ഷിച്ചു പതിറ്റാണ്ടുകളെടുത്തു അവര്‍ പണിതുയര്‍ത്തിയ സോഷ്യല്‍ എന്‍ജിനീയറിങ് നെടുകെ പൊളിഞ്ഞു. നമ്മുടെ നാട്ടില്‍ അന്നുവരെ ആരും പറയാത്ത ഹിന്ദുത്വ വര്‍ഗീയത പ്രധാനമന്ത്രിയുടെ നേതൃത്തില്‍ നിരന്തരം പറഞ്ഞിട്ടും കഴിഞ്ഞ രണ്ടുപ്രാവശ്യം കേവല ഭൂരിപക്ഷം കിട്ടിയ ബി ജെ പി യ്ക്ക് ഇക്കുറി അതിനു കഴിഞ്ഞില്ല. ഹിന്ദി ഹൃദയഭൂമിയില്‍, അയോധ്യയില്‍ ആ പരിപ്പ് വേകാതെ കിടന്നു.
ആ ഷോക്ക് എത്രത്തോളം ഹിന്ദുത്വ രാഷ്ട്രീയക്കാര്‍ തിരിച്ചറിഞ്ഞു എന്നതിന്റെ ഉദാഹരണമാണ് രാഹുല്‍ ഗാന്ധിയുടെ ചെലവില്‍ 'ഹിന്ദു അപകടത്തില്‍' 'ഹിന്ദുക്കളെ അപമാനിക്കുന്നു' എന്ന കള്ളക്കരച്ചില്‍ ഒറ്റദിവസം കൊണ്ടവസാനിച്ചത്. ഇന്ത്യന്‍ ജനാധിപത്യം അപകടത്തിലാണ് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതിനെ 'ബസവേശ്വരനെ അപമാനിക്കുന്നു' എന്ന് ഭാഷാന്തരം ചെയ്തയാളാണ് മോദി; പക്ഷെ ഇക്കുറി മിണ്ടിയില്ല. ന്യൂനപക്ഷങ്ങളടക്കമുള്ള ദുര്‍ബല വിഭാഗങ്ങള്‍ക്ക് സമ്പത്തിന്റെ ന്യായമായ വിതരണം ഉറപ്പുവരുത്തണം എന്ന് പണ്ട് ഒരു കോണ്‍ഗ്രസ് പ്രധാനമന്ത്രി പ്രസംഗിച്ചത് 'ഇന്ത്യ സഖ്യം അധികാരത്തില്‍ വന്നാല്‍ നിങ്ങളുടെ അമ്മ പെങ്ങന്മാരുടെ താലി പറിച്ചു നുഴഞ്ഞുകയറ്റക്കാര്‍ക്കു കൊടുക്കും' എന്ന് പറയാന്‍ പ്രത്യേകിച്ച് യാതൊരു പ്രശ്‌നവുമില്ലാതെയിരുന്ന ആളാണ് മോദി; പക്ഷെ ഇപ്പോള്‍ മിണ്ടാട്ടമില്ല. പോരെങ്കില്‍ രാഹുല്‍ പറഞ്ഞത് ശരിയാണെന്നു ബദരീനാഥിലെ ശങ്കരാചാര്യര്‍ പറയുക കൂടി ചെയ്തു.
ഇപ്പുറത്ത് നോക്കൂ. ഈ പൊല്ലാപ്പുകള്‍ക്കു ആധാരമായ 1985-ലെ സുപ്രീം കോടതി വിധി ഒരിക്കല്‍ക്കൂടി സുപ്രീം കോടതി ശരിവച്ചിരിക്കുന്നു! അന്ന് ബഹളമുണ്ടാക്കിയവരെ ഒന്നും ഇന്ന് കാണുന്നില്ല. ന്യൂനപക്ഷ മത മൗലികവാദം ആരെയാണ് സഹായിക്കുക എന്ന ബോധം ചിലപ്പോള്‍ അവര്‍ക്കിടയില്‍ത്തന്നെ വന്നതായിരിക്കും; അല്ലെങ്കില്‍ ഇമ്മാതിരി വര്‍ത്തമാനം മുസ്ലിങ്ങള്‍ക്കിടയില്‍ത്തന്നെ ചെലവാകില്ല എന്ന ബോധ്യം കൊണ്ടായിരിക്കും; ഇക്കൂട്ടര്‍ ആരെയാണ് സഹായിക്കുക എന്ന് അവര്‍ക്കറിയാമല്ലോ.
മൂന്നാമതൊരു കാരണം കൂടിയുണ്ട്. മുസ്ലിം മൗലികവാദികളുടെ ഉന്നം എപ്പോഴും മത നിരപേക്ഷ സര്‍ക്കാരുകളാണ്. പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രം നിരോധിച്ചപ്പോള്‍ പ്രതിഷേധിച്ചു അക്രമം നടത്തിയത് എല്‍ ഡി എഫ് ഭരിക്കുന്ന കേരളത്തിലും ഡി എം കെ ഭരിക്കുന്ന തമിഴ്‌നാട്ടിലുമാണ്. കേന്ദ്രത്തില്‍ ഇപ്പോള്‍ അങ്ങിനെയൊരു ഭരണകൂടം നിലവിലില്ലാത്തതുകൊണ്ടു സുപ്രീം കോടതിവിധിയ്‌ക്കെതിരെ നിയമ നിര്‍മ്മാണം ആവശ്യപ്പെടാന്‍ വകുപ്പില്ല.
ഏതിനും ഇക്കൂട്ടരും നിശ്ശബ്ദരാണ്.
മതനിരപേക്ഷ നിയമം ഇപ്പോള്‍ നാട്ടില്‍ നടപ്പിലാണ്.
ഹിന്ദു-മുസ്ലിം വര്‍ഗ്ഗീയതകള്‍ ഇതോടെ ഇല്ലാതെയായി എന്നല്ല പറഞ്ഞുവരുന്നത്. പക്ഷെ അവയുടെ സംഹാര ശേഷി നന്നായി കുറഞ്ഞു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അപ്പോള്‍ 'മതം അപകടത്തില്‍' എന്ന് പറഞ്ഞിറങ്ങുന്നവര്‍ ഒന്നറച്ചു നില്‍ക്കുന്നു. മതവിശ്വാസികള്‍ ഇവരുടെ തനിനിറം മനസ്സിലാക്കിയിരിക്കുന്നു എന്ന് വേണം കരുതാന്‍.
കഴിഞ്ഞ നാല്‍പതു വര്‍ഷത്തില്‍ ആദ്യമായാണ് വര്‍ഗീയവാദികള്‍ നിശ്ശബ്ദരാകുന്നത്. അവര്‍ നിശ്ശബ്ദരാക്കപ്പെടുന്നത്. അവര്‍ക്കു സ്വയം സംശയം തോന്നിത്തുടങ്ങുന്നത്.
***
കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം ഞാന്‍ സംസാരിച്ചവരും എന്നോട് സംസാരിച്ചവരുമായ ഇടതുപക്ഷക്കാര്‍ വലിയ നിരാശയിലാണ്. ഇടതുകോട്ടകളില്‍ എതിരാളികള്‍ക്ക്, പ്രത്യേകിച്ച് ബി ജെ പി യ്ക്ക്, കിട്ടിയ വോട്ടുകളുടെ കണക്കു അവരില്‍ ചിലര്‍ എനിക്കയച്ചുതന്നിരുന്നു; അമ്പരപ്പിക്കുന്ന കണക്കുകള്‍.
സത്യത്തില്‍ നിരാശപ്പെടാനുള്ള വകുപ്പുണ്ട്.
എനിക്ക് പക്ഷെ അവരോടു പറയാനുള്ളത് നമ്മുടെ രാജ്യം വര്‍ഗീയതയെ തള്ളിപ്പറഞ്ഞു തുടങ്ങുന്നതിന്റെ ലക്ഷണങ്ങള്‍ അവര്‍ കാണണം എന്നാണ്. ഹിന്ദുത്വ വര്‍ഗീയതയെ അതിന്റെ ജന്മഭൂമിയില്‍ത്തന്നെ ഹിന്ദുവിശ്വാസികള്‍ തള്ളിപ്പറഞ്ഞെങ്കില്‍, മതത്തിന്റെ പേരില്‍ വെറുതെ ചപ്പടാച്ചി പറഞ്ഞു നടന്നവര്‍ തങ്ങളെ പറ്റിക്കുകയായിരുന്നു എന്ന് അവര്‍ക്കു തിരിച്ചറിയാന്‍ പറ്റിയെങ്കില്‍, മലയാളിയ്ക്കും അതൊക്കെ പറ്റേണ്ടതല്ലേ?
പറ്റുമെന്നാണ് എന്റെ ബോധ്യം.
യഥാര്‍ത്ഥ ചോദ്യം ആ തിരിച്ചറിവുണ്ടായാലും അവര്‍ ഇടതുപക്ഷത്തേക്ക് തിരിച്ചു വരുമോ എന്നതാണ്.
എന്തുകൊണ്ട് ആ വോട്ടുകള്‍ നഷ്ടമായി എന്നതിനെപ്പറ്റിയുള്ള ആത്മപരിശോധന ഇടതുപാര്‍ട്ടികള്‍, പ്രത്യേകിച്ചും സി പി എം നടത്തിത്തുടങ്ങി. യു ഡി എഫിനും വോട്ടുകുറഞ്ഞു എല്‍ ഡി എഫിനും വോട്ടുകുറഞ്ഞു; ഞങ്ങളുടേത് കൂടുതല്‍ കുറഞ്ഞതുകൊണ്ടു ഞങ്ങള്‍ തോറ്റു എന്ന ലളിത വ്യാഖ്യാനമല്ല അതിനപ്പുറത്തേക്കുള്ള കാരണങ്ങള്‍ കുറെയേറെ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുമെന്ന് പാര്‍ട്ടി നേതൃത്വം പറഞ്ഞിട്ടുണ്ട്.
ആ ജനാധിപത്യ പ്രക്രിയ അങ്ങേയറ്റം നിശിതമായ രീതിയില്‍ നടക്കുകയും തിരുത്തേണ്ടത് തിരുത്തുകയും ചെയ്താല്‍ ആ മനുഷ്യരൊക്കെ ഇടതുപക്ഷ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരും എന്നുതന്നെയാണ് എന്റെ തോന്നല്‍.
ഭരണത്തിലിരുന്നപ്പോള്‍ അഴിമതിയും വീതംവയ്പ്പും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കുകയും അധികാരത്തിനു പുറത്തെത്തുമ്പോള്‍ കുത്തിത്തിരുപ്പും കൂടോത്രവുമൊക്കെയായി നടക്കുകയും ചെയ്യുന്ന ആളുകളെ തിരിച്ചറിയാതിരിക്കാന്‍ മാത്രം ബുദ്ധിയില്ലാത്തവരല്ല കേരളീയര്‍ എന്ന് നമ്മള്‍ കരുതണം. .
മത നിരപേക്ഷ രാഷ്ട്രീയത്തിന് പരിക്ക് പറ്റുന്നതൊന്നും ഇടതു പക്ഷം ചെയ്യില്ല എന്നുറപ്പിക്കുക. വിമര്‍ശനവും സ്വയം വിമര്ശനവുമെന്ന കമ്യൂണിസ്റ്റ് രീതിയ്ക്ക് കാവല്‍ നില്‍ക്കുക.
ഇത്രയുമായാല്‍ സഖാക്കളായ എന്റെ സുഹൃത്തുക്കള്‍ക്ക് നിരാശപ്പെടേണ്ടി വരില്ല എന്നെനിക്കുറപ്പുണ്ട്.