എയര്‍ബാഗ് അമര്‍ന്ന് രണ്ടുവയസുകാരിയുടെ മരണം, കുട്ടികളെ ഒരിക്കലും മുന്‍സീറ്റിലിരുത്തി യാത്ര ചെയ്യരുത്, നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
കൊച്ചി: വാഹനാപകടത്തെ തുടര്‍ന്ന് എയര്‍ബാഗ് മുഖത്തമര്‍ന്ന് രണ്ടുവയസുകാരി മരിച്ച സംഭവം ഏവരേയും സങ്കടപ്പെടുത്തുന്നതാണ്. മലപ്പുറത്ത് കഴിഞ്ഞദിവസം കാറും ടാങ്കറും കൂട്ടയിടിച്ചുണ്ടായ അപടത്തിലാണ് അമ്മയുടെ മടിയിലിരിക്കുകയായിരുന്ന കുഞ്ഞിന്റെ മുഖത്ത് എയര്‍ബാഗ് അമര്‍ന്നത്. ചാപ്പനങ്ങാടി തെക്കത്ത് നസീറിന്റെയും റംഷീനയുടേയും മകള്‍ ഇഫയാണ് മരിച്ചത്.
കുട്ടിയുടെ പിതാവ് രണ്ടുദിവസം മുന്‍പാണ് വിദേശത്തുനിന്ന് വന്നത്. അയാളുടെ സഹോദരന്റെ വിവാഹം നടക്കാനിരിക്കെയാണ് അപകടം. അപകടത്തില്‍ മറ്റാര്‍ക്കും പരിക്കില്ല. ചെറിയൊരു അപകടമായി മാറേണ്ടിയിരുന്ന സംഭവം കുഞ്ഞിന്റെ ജീവനെടുക്കാനിടയായത് മുന്നിലിരുത്തിയുള്ള യാത്രയാണ്. കുട്ടികളെ വാഹനത്തിന്റെ മുന്നിലിരുത്തി യാത്ര ചെയ്യരുതെന്ന കാര്യം പലര്‍ക്കും അറിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
ചെറിയ കുട്ടികള്‍ക്ക് എല്ലായിപ്പോഴും വാഹനത്തിന്റെ മുന്നിലിരുന്ന് യാത്ര ചെയ്യാനാണ് ഏറെയിഷ്ടം. അതിനായി അവര്‍ വാശിപിടിക്കുകയും ചെയ്യും. എന്നാല്‍, മാതാപിതാക്കള്‍ ഇതൊരിക്കലും അനുവദിച്ചുകൊടുക്കരുത്. പിന്‍സീറ്റാണ് കുട്ടികള്‍ക്ക് സുരക്ഷിതം. കുട്ടികള്‍ ഒരിക്കലും മുന്നില്‍ ഇരിക്കാന്‍ പാടില്ല എന്നതിന് ഒരു കാരണമുണ്ട്.
കുറഞ്ഞത് 5 അടി ഉയരവും 68 കിലോ ഭാരവുമുള്ള മുതിര്‍ന്നവരെ സംരക്ഷിക്കുന്നതിനാണ് എയര്‍ബാഗുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മുന്‍ സീറ്റില്‍ ഇരിക്കുമ്പോള്‍ ഒരു കുട്ടി സീറ്റ് ബെല്‍റ്റ് ശരിയായി ധരിച്ചാലും, അവര്‍ സുരക്ഷിതരല്ല. അപകടമുണ്ടായാല്‍, എയര്‍ബാഗിന്റെ ബലത്തില്‍ കുട്ടിക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഒരു പാസഞ്ചര്‍ എയര്‍ബാഗ്, വിന്യസിക്കുമ്പോള്‍, ഒരു സെക്കന്‍ഡിന്റെ 1/20ല്‍ കാര്യമായ അളവിലുള്ള ബലം യാത്രക്കാരന് നല്‍കുന്നു. മുതിര്‍ന്നവര്‍ക്ക് ഇത് അപകടകരമല്ല, പക്ഷേ ഒരു കുട്ടിക്ക് ഇത് വിനാശകരമായേക്കാം.
എയര്‍ബാഗിന്റെ ആഘാതം മൂലം ഒരു കുട്ടിക്ക് തലയ്ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യതയുണ്ട്. അവരെ സീറ്റില്‍ നിന്ന് ഉയര്‍ത്തി കാറിന്റെ മുകളില്‍ ഇടിക്കാനുള്ള സാധ്യതയും ഏറെയാണ്. ഒരു കുട്ടിക്ക് ഏറ്റവും സുരക്ഷിതമായ സ്ഥലം പിന്‍സീറ്റിന്റെ മധ്യഭാഗമാണ്. നന്നേ ചെറിയ കുട്ടികള്‍ ചൈല്‍ഡ് സീറ്റിന്റെ സഹായത്തോടെ പുറകിലായിരിക്കണം.
മുലയൂട്ടുന്ന അമ്മമാര്‍ ചിലപ്പോള്‍ അവരുടെ കൈക്കുഞ്ഞുങ്ങളുമായി മുന്നില്‍ ഇരിക്കും. അത് ഒരിക്കലും സംഭവിക്കാന്‍ പാടില്ല. കൂടാതെ, നിങ്ങള്‍ക്കും സ്റ്റിയറിംഗ് വീലിനും ഇടയില്‍ കുട്ടിയുമായി വാഹനമോടിക്കരുത്. ആരെങ്കിലും അങ്ങനെ ചെയ്യുമോ എന്ന് ചോദിക്കരുത്. അങ്ങിനെ വാഹനമോടിക്കുന്നവരുമുണ്ട്.
യാത്രയിലുടനീളം, സീറ്റ് ബെല്‍റ്റിന് പിന്നില്‍ ഒതുങ്ങി ഇരിക്കുന്നതിനേക്കാള്‍, മുന്‍സീറ്റില്‍ നില്‍ക്കാനും ചാടാനും പിഞ്ചുകുഞ്ഞുങ്ങള്‍ ആഗ്രഹിക്കും. ഇത് കൂടുതല്‍ അപകടകരമാണ്. അവരുടെ സുരക്ഷയുടെ ഉത്തരവാദിത്തം മുതിര്‍ന്നവര്‍ക്കാണ്.
12 വയസിന് മുകളിലുള്ള കുട്ടികളെ മുന്‍സീറ്റിലിരുത്തുന്നുണ്ടെങ്കിലും മുന്‍കരുതലുകളെടുക്കണം. മുന്‍ സീറ്റ് കഴിയുന്നത്ര പിന്നിലേക്ക് നീക്കുക. റോഡ് അപകടങ്ങള്‍ മിക്കവാറും ഡാഷ്ബോര്‍ഡിനെ ബാധിക്കും. കുട്ടി എപ്പോഴും സീറ്റ് ബെല്‍റ്റ് ശരിയായി ഘടിപ്പിച്ചിട്ടുണ്ടെന്നും ശരിയായ രീതയിലാണെന്നും ഉറപ്പാക്കുക. ഇത് കുട്ടിയെ ഡാഷ്ബോര്‍ഡില്‍ നിന്ന് അകറ്റി നിര്‍ത്തുന്നു, അതിനാല്‍ സുരക്ഷിതവുമാണ്.