ഖലീൽ ജിബ്രാൻ ലെബനോനിൻ്റെ ആത്മാവ്
ഹരികൃഷ്ണൻ. ആർ
പ്രണയം അവളുടെ ഉറക്കത്തിൽ നിന്ന് ഉണരാൻ മടിച്ചപ്പോൾ മൗനത്തിൽ ചെന്നപ്പെട്ട ഭൂമിയെ വിളിച്ചുണർത്തിയ ലെബനോൻ കവിയും പ്രവാചകനുമായിരുന്നു നൂറ്റാണ്ടുകളുടെ ഇതിഹാസം എന്ന് ഇന്നും വിശേഷിപ്പിച്ച് പോരുന്ന ഖലീൽ ജിബ്രാൻ . ഈ മഹാ എഴുത്തുകാരൻ്റെ തൂലികയിൽ നിന്നും അടർന്നു വീഴാത്തതായി ഒന്നും തന്നെ ഭൂമിയിൽ ഇല്ലെന്ന് തന്നെ പറയാം .
നിറനിലാവ് കാന്തി ചൊരിഞ്ഞ് ഭംഗിയോടെ ലെബനോൻ നഗരത്തിന് മുകളിൽ ഉദിച്ചുയർന്നത് ഒരു പക്ഷെ തൻ്റെ മകനായ ഖലീൽ ജിബ്രാനെ ഒരു നോക്ക് കാണാനും ഗാഢമായി ആലിംഗനം ചെയ്യുവാനും വേണ്ടി തന്നെ എന്നും ഇന്നും ആ വിശുദ്ധ ഭൂമി വിശ്വസിച്ചു പോരുന്നു . തൻ്റെ പ്രണയത്തിൻ്റെ വേരുകൾ ഭൂമിയുടെ ആഴങ്ങളിൽ തന്നെ എന്ന് വിശ്വസിച്ചു പോരുന്ന കവി തൻ്റെ കൗമാരകാലത്ത് ജോസഫൈൻ എന്ന തൻ്റെ പ്രണയ പുഷ്പത്തിൻ്റെ കൈകൾ ചേർത്ത് പിടിച്ച് ഇങ്ങനെ പറഞ്ഞു നമ്മുടെ പ്രണയത്തിന് ആകാശത്തു നിന്നും ചന്ദ്രനെ ഭൂമിയിലെത്തിക്കാനാകട്ടെ .
പ്രണയം കാരുണ്യത്തോടെ നീ വിളമ്പുമ്പോൾ അത് സ്വീകരിക്കാൻ ഭൂമി എന്നോട് പറയുന്ന പോലെ . അതായിരുന്നു ജിബ്രാൻ്റെ പ്രണയം .ഭൂമിക്കും സൂര്യനുമിടയിലായി പൊഴിഞ്ഞു വീഴുന്ന മലർവാടികളിൽ നിൻ്റെ സൗരഭം നിറയുന്നു സെൽമ എന്ന് സെൽമ കരാമി എന്ന തൻ്റെ കാമുകിയെ പ്രഭാതത്തിൽ സന്ദർശിച്ച് പറഞ്ഞതും ഖലീൽ ജിബ്രാൻ എന്ന ഈ പ്രണയ ഭിക്ഷു ആയിരുന്നു .
വിശുദ്ധ പ്രണയത്തിൻ്റെ ഭാവഗീതങ്ങൾ അതായിരുന്നു ജിബ്രാൻ്റെ കഥകളും കവിതകളും .
പ്രണയം കൊതിക്കുന്ന ആർക്കും ആത്മാവിൽ സൂക്ഷിക്കാൻ കരുതി വെച്ച പ്രണയ ഗീതങ്ങളായിരുന്നു മുന്തിരിവള്ളിയും നെയ്യാമ്പലുകളും എന്ന കൃതിയിൽ ജിബ്രാൻ വരച്ചിട്ടത് .
ചുംബിക്കുമ്പോൾ മാത്രം ദൈവം നമുക്ക് ചിറകുകൾ തരുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഒരു സ്വപ്നാടകനെ പോലെ ഭൂമിയിലെ നെയ്യാമ്പലുകളെ തിരഞ്ഞു നടന്നു .
പ്രണയിക്കുമ്പോൾ നമ്മൾ ഒരു ധാന്യത്തെ പോലെ അലിഞ്ഞ് ഇല്ലാതാകുന്നുവെന്ന് എഴുതിയ ജിബ്രാൻ പാശ്ചാത്യ ലോകത്ത് ഇന്നും ഒരു കാവ്യോപകാസൻ ആയി നില കൊള്ളുന്നു .
മാനവരാശിയിലെ ചുണ്ടിലെ ഏറ്റവും മധുരമായ പദമാകുന്നു അമ്മ എന്ന് എഴുതിയതും ഖലീൽ ജിബ്രാൻ തന്നെയായിരുന്നു .
സ്വപ്നത്തിന് പോലും അപ്രാപ്യമായ ഭവനങ്ങളിൽ എൻ്റെ പ്രണയം കൂട് കൂട്ടിയിരിക്കുന്നു അവിടെ നിൻ്റെ പുഞ്ചിരി തൂകുന്ന മുഖം കാണുന്നുവെന്ന് തൻ്റെ കാമുകിയെ നോക്കി ഒരിക്കൽ ജിബ്രാൻ പറഞ്ഞു . മരങ്ങൾ ആകാശത്തിലെഴുതിയ കവിതകൾ പോലെയാണ് നിൻ്റെ മുടിയിഴകൾ എന്നെ ചുംബിക്കുന്നതെന്നും അദ്ദേഹം കാമുകിയായ സെൽമ കരാമിയോട് മന്ദഹസിച്ച് പറഞ്ഞു .
പ്രണയം കൊണ്ട് ലോകത്തെ കീഴടക്കിയ ഖലീൽ ജിബ്രാൻ നിങ്ങളെ ആയിരം പൗർണമി ചുംബിച്ചിരിക്കും അതുമല്ലെങ്കിൽ തുഷാര ബിന്ദുക്കൾ നിങ്ങൾക്ക് കൗതുക ഭവനം ഒരുക്കിയിരിക്കും .ഈ അക്ഷര മുറ്റത്തെ കളി വള്ളം തുഴയാൻ നിങ്ങളെ തിരഞ്ഞെടുത്ത ഭൂമിയിലെ മാലാഖമാർ നിങ്ങളെ നനുത്ത ചുംബന പൂക്കൾ കൊണ്ട് പൊതിയട്ടെ .ആ ചുംബനത്താൽ നിങ്ങൾ ഭൂമിയെ ഒരിക്കൽ കൂടി സന്ദർശിച്ചാലും .