വണ്ടി മോഡിഫിക്കേഷനെ പൂക്കി ചിരിയോടെ സ്വാഗതം ചെയ്യുന്ന മുഖ്യമന്ത്രി, ബ്രേക്കില്ലാതെ പോകുന്ന യുവാക്കളെ ആര് പിടിച്ചുകെട്ടും, ദുര്‍ബല വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കും, ദിവസങ്ങള്‍ക്കുള്ളില്‍ ഊരിപ്പോകാം

കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ വാഹനം ഇപ്പോള്‍ ഒരു ലഹരിയായി മാറിയിരിക്കുന്നു.

 

തിരഞ്ഞെടുപ്പ് കാലത്ത് യുവാക്കളുടെ ആവശ്യം കേട്ട് സുരക്ഷയ്ക്ക് ഭീഷണിയില്ലാത്ത മോഡിഫിക്കേഷനുകള്‍ അനുവദിക്കുമെന്ന് പറഞ്ഞ് അധികാരത്തിയ യുഡിഎഫ് സര്‍ക്കാരിന്റെ നയം യുവാക്കളെ പ്രചോദിപ്പിച്ചെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നത്.

തിരുവനന്തപുരം: കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ വാഹനം ഇപ്പോള്‍ ഒരു ലഹരിയായി മാറിയിരിക്കുന്നു. മദ്യം, അതിവേഗം, മോഡിഫൈ ചെയ്ത വാഹനങ്ങള്‍  ഇവയുടെ സംയോജനം നിരത്തുകളെ അപകടക്കെണിയാക്കി മാറ്റിയിരിക്കുകയാണ്.

തിരഞ്ഞെടുപ്പ് കാലത്ത് യുവാക്കളുടെ ആവശ്യം കേട്ട് സുരക്ഷയ്ക്ക് ഭീഷണിയില്ലാത്ത മോഡിഫിക്കേഷനുകള്‍ അനുവദിക്കുമെന്ന് പറഞ്ഞ് അധികാരത്തിയ യുഡിഎഫ് സര്‍ക്കാരിന്റെ നയം യുവാക്കളെ പ്രചോദിപ്പിച്ചെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നത്.

വാഹനവും അതിവേഗവും ലഹരിയായി മാറ്റിയ യുവതലമുറയ്ക്ക് യുഡിഎഫിന്റെ പിന്തുണ ഏറെ സഹായകരമായിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. കേന്ദ്ര നിയമം കര്‍ശനമായതുകൊണ്ട് മാത്രമാണ് കേരളത്തില്‍ ഒരു പരിധിക്കപ്പുറത്തേക്കുള്ള മോഡിഫിക്കേഷന് സാധിക്കാത്തത്. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് നിയമം കര്‍ശനമായി നടപ്പാക്കുന്നതില്‍ അലസതയുണ്ടാക്കുന്നു.

നിയമപരമായി സംസ്ഥാനത്തിന് കേന്ദ്ര മോട്ടോര്‍ വാഹന നിയമം മറികടക്കാന്‍ കഴിയില്ല. ഉച്ചത്തിലുള്ള എക്സ്ഹോസ്റ്റ്, അനുവദനീയമല്ലാത്ത ലൈറ്റുകള്‍, സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന മാറ്റങ്ങള്‍ എന്നിവയെല്ലാം നിരോധിതമാണ്. ഇന്‍ഷുറന്‍സ് കമ്പനികളും മോഡിഫൈ ചെയ്ത വാഹനങ്ങളില്‍ അപകടം സംഭവിച്ചാല്‍ ക്ലെയിം നിരസിക്കാം. 

കേരളത്തില്‍ യുവാക്കളുടെ ഇടയില്‍ വാഹനം ഒരു സ്റ്റാറ്റസ് സിംബലും ആവേശവുമായി മാറിയിട്ടുണ്ട്. രാത്രി ഡ്രൈവുകള്‍, സ്ട്രീറ്റ് റേസിങ്, മദ്യപിച്ച് ഓടിക്കല്‍, അമിതവേഗം ഇവ സാധാരണമായി. പരിശോധനകള്‍ അപൂര്‍വമായതോടെ അപകടങ്ങള്‍ പതിവായി.

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡില്‍ 19 കാരന്‍ സുഹൈല്‍ സജീവ് മിനി കൂപ്പര്‍ അമിതവേഗത്തിലും മദ്യലഹരിയിലും ഓടിച്ച് സ്‌കൂട്ടറിലെ മൂന്ന് യുവാക്കളെയാണ് ഇല്ലാതാക്കിയത്. ചേരാനെല്ലൂരില്‍ 17 കാരന്‍ (അഡീഷണല്‍ ജഡ്ജിയുടെ മകന്‍) പിതാവിന്റെ മെഴ്സിഡസ് ബെന്‍സ് ഓടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്റെ ജീവനെടുത്തു. കണ്ണൂര്‍, തൃശ്ശൂര്‍ തുടങ്ങിയ ഇടങ്ങളിലും യുവാക്കള്‍ ഉള്‍പ്പെട്ട അപകടങ്ങള്‍ തുടര്‍ച്ചയായി.

അപകടങ്ങള്‍ സംഭവിച്ചാല്‍ പലപ്പോഴും ദുര്‍ബല വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുന്നത് ഡ്രൈവര്‍മാര്‍ക്ക് തുണയാകുന്നു. ജാമ്യം ദിവസങ്ങള്‍ക്കുള്ളില്‍ ലഭിക്കുന്നു. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം ജാമ്യം ലഭിക്കും. ശിക്ഷ അപൂര്‍വം. പരിശോധനകള്‍ കുറവ്, നൈറ്റ് പട്രോളിങ് ദുര്‍ബലം, മദ്യപിച്ച് ഓടിക്കുന്നവരെ പിടിക്കാനും താത്പര്യമില്ല.

മോഡിഫൈ ചെയ്ത വാഹനങ്ങള്‍ അപകടത്തില്‍ പെട്ടാല്‍ അവയുടെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. പക്ഷേ നടപ്പാക്കല്‍ മന്ദഗതിയിലാണ്.

വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ ചിരി യുവാക്കളെ ആകര്‍ഷിച്ചു. പക്ഷേ, അത് ഉത്തരവാദിത്തമില്ലാത്ത ആവേശത്തിന് കൂടുതല്‍ ഇന്ധനമായി. വാഹന മോഡിഫിക്കേഷന്‍ സുരക്ഷിതമായി അനുവദിക്കുന്നത് നല്ലതാണ്. അതോടൊപ്പം കര്‍ശനമായ പരിശോധന, അമിതവേഗത്തിനും മദ്യപിച്ച് ഓടിക്കലിനും കനത്ത ശിക്ഷ, ദ്രുതഗതിയിലുള്ള ജാമ്യ നിയന്ത്രണം, യുവാക്കളെ ലക്ഷ്യമിട്ട ബോധവല്‍ക്കരണം എന്നിവ അനിവാര്യം.

ബ്രേക്കില്ലാതെ പോകുന്ന യുവത്വത്തെ നിയന്ത്രിക്കാന്‍ നിയമവും സര്‍ക്കാരും മാത്രം മതിയാകില്ല. കുടുംബം, സമൂഹം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവയെല്ലാം ഒരുമിച്ച് നിലകൊള്ളണം.