വാഹന മോഡിഫിക്കേഷനില്‍ ജെന്‍സിയെ പറ്റിച്ചു, ഓരോ മാറ്റത്തിനും കിട്ടും 5,000 രൂപ പിഴ, 100 ദിനം ആകുമ്പോഴേക്കും യുഡിഎഫ് തെരഞ്ഞെടുപ്പ് വാഗ്ദാനം പാഴായി
കേരളത്തിലെ യുവാക്കളും വാഹന പ്രേമികളും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വാഹന മോഡിഫിക്കേഷന്‍ സ്വാതന്ത്ര്യം ഇപ്പോള്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് തിരിച്ചുപോയിരിക്കുന്നു.
കേന്ദ്ര നിയമപ്രകാരം മോഡിഫിക്കേഷന്‍ അനുവദിക്കില്ലെന്ന് ഉറപ്പായിരുന്നെങ്കിലും അത്തരമൊരു വാഗ്ദാനം യുഡിഎഫ് നല്‍കിയിരുന്നു.
തിരുവനന്തപുരം: കേരളത്തിലെ യുവാക്കളും വാഹന പ്രേമികളും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വാഹന മോഡിഫിക്കേഷന്‍ സ്വാതന്ത്ര്യം ഇപ്പോള്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് തിരിച്ചുപോയിരിക്കുന്നു. യുഡിഎഫ് തെരഞ്ഞെടുപ്പ് വാഗ്ദാനവും വി.ഡി. സതീശന്റെ ഉറപ്പുകളും ആദ്യ 100 ദിവസത്തിനിടെ പാഴായി.
കേന്ദ്ര നിയമപ്രകാരം മോഡിഫിക്കേഷന്‍ അനുവദിക്കില്ലെന്ന് ഉറപ്പായിരുന്നെങ്കിലും അത്തരമൊരു വാഗ്ദാനം യുഡിഎഫ് നല്‍കിയിരുന്നു. എന്നാല്‍, നിയമപരമായ തടസ്സങ്ങളും ഹൈക്കോടതിയുടെ കര്‍ശന ഉത്തരവും വന്നതോടെ ഓരോ അനധികൃത മാറ്റത്തിനും 5,000 രൂപ വീതം പിഴ ചുമത്തണമെന്നാണ് നിര്‍ദ്ദേശം.
തെരഞ്ഞെടുപ്പിന് മുന്‍പ് വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് വി.ഡി. സതീശന്‍ പറഞ്ഞത് വൈറലായിരുന്നു. പിള്ളേര് മോഡിഫൈ ചെയ്യട്ടെ, അപകടകരമല്ലാത്ത മോഡിഫിക്കേഷനുകള്‍ തെറ്റല്ല. യുവാക്കളുടെ ആഗ്രഹമാണതെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിലെത്തിയ ശേഷവും സതീശന്‍ ഇത് ആവര്‍ത്തിച്ചു.
മുന്‍ ലെഫ്റ്റ് സര്‍ക്കാരിന്റെ കാലത്ത് മോട്ടോര്‍ വാഹന വകുപ്പ് (എംവിഡി) മോഡിഫിക്കേഷനുകള്‍ക്കെതിരെ കര്‍ശനമായി നടപടിയെടുത്തിരുന്നു. ലൈറ്റുകള്‍, സൈലന്‍സര്‍, ഹോണ്‍ തുടങ്ങിയ ചെറിയ മാറ്റങ്ങള്‍ക്ക് പോലും 5,000 രൂപയും അതിലധികവും പിഴ ചുമത്തി. ഇതിനെതിരെ യുവാക്കള്‍ക്കിടയില്‍ പ്രതിഷേധം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ യുഡിഎഫ് വാഗ്ദാനം ഏറെ ജനപ്രിയമായി.
അധികാരമേറ്റതിന് ശേഷം സര്‍ക്കാര്‍ നടപടി തുടങ്ങി. 2026 ജൂണില്‍ ഗതാഗത കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 18 തരം മോഡിഫിക്കേഷനുകള്‍ക്ക് അനുമതി ഇല്ലാതെ തന്നെ ചെയ്യാമെന്ന് നിര്‍ദേശിച്ചു. എന്നാല്‍, ഇത് നേരത്തേയും അനുവദിച്ചിരുന്ന മോഡിഫിക്കേഷന്‍ ആയിരുന്നു.
കേന്ദ്ര മോട്ടോര്‍ വാഹന നിയമവും സെന്‍ട്രല്‍ മോട്ടോര്‍ വാഹന റൂള്‍സും ആണ് ഇവിടെ പ്രധാനം. സെക്ഷന്‍ 52 പ്രകാരം വാഹനത്തിന്റെ ഘടനയിലോ ഡിസൈനിലോ അനധികൃത മാറ്റം വരുത്താന്‍ പാടില്ല. സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര നിയമം മാറ്റാന്‍ അധികാരമില്ല. പാര്‍ലമെന്റിന് മാത്രമേ അത് സാധ്യമാകൂ. സുപ്രീം കോടതി ഉള്‍പ്പെടെയുള്ള കോടതികള്‍ റോഡ് സുരക്ഷയും മലിനീകരണ നിയന്ത്രണവും മുന്‍നിര്‍ത്തി കര്‍ശന നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇന്‍ഷുറന്‍സ് കമ്പനികളും അനധികൃത മോഡിഫിക്കേഷന്‍ ഉള്ള വാഹനങ്ങളില്‍ അപകടമുണ്ടായാല്‍ ക്ലെയിം നിരസിക്കാം. അതിനാല്‍ വാഗ്ദാനം നിയമപരമായി നടപ്പാക്കാന്‍ പ്രയാസമായിരുന്നു.
കഴിഞ്ഞദിവസം കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് (ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ) വാഹന മോഡിഫിക്കേഷനുകള്‍ക്കെതിരെ ശക്തമായ ഉത്തരവാണ് പുറപ്പെടുവിച്ചത്. അടൂരിലെ പ്രളയരക്ഷാ പ്രവര്‍ത്തനത്തിന് ഉപയോഗിച്ച മഹീന്ദ്ര ഥാര്‍ ജീപ്പില്‍ ആറ് അധിക ലൈറ്റുകള്‍ ഉണ്ടായിരുന്നിട്ടും ആകെ 5,000 രൂപ മാത്രം പിഴ ചുമത്തിയത് കോടതി വിമര്‍ശിച്ചു. ഓരോ അനധികൃത മാറ്റത്തിനും പ്രത്യേകം 5,000 രൂപ പിഴ ഈടാക്കണമെന്ന് നിര്‍ദേശിച്ചു.
എംവിഡി എന്‍ഫോഴ്സ്മെന്റ് വിഭാഗവും പൊലീസും കൂട്ടായി നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഉത്തരവിന് ശേഷം എംവിഡി നടപടികള്‍ ശക്തമാക്കി. ഓരോ മാറ്റത്തിനും പ്രത്യേക പിഴ, വാഹനം യഥാസ്ഥിതിയിലാക്കി വീണ്ടും പരിശോധന, റീല്‍സിനായി മോഡിഫൈ ചെയ്ത വാഹനങ്ങള്‍ തിരിച്ചറിയല്‍ തുടങ്ങിയ നിര്‍ദേശങ്ങള്‍ നല്‍കി.
യുഡിഎഫ് വാഗ്ദാനം യുവാക്കളെ ആകര്‍ഷിച്ചെങ്കിലും കേന്ദ്ര നിയമം, സുപ്രീം കോടതി വിധികള്‍, ഹൈക്കോടതിയുടെ തുടര്‍ച്ചയായ ഉത്തരവുകള്‍ എന്നിവയെ മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെന്ന് ഉറപ്പായിരുന്നു. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കുമ്പോള്‍ നിയമപരമായ യാഥാര്‍ത്ഥ്യങ്ങള്‍ വ്യക്തമാക്കാത്തത് ജെന്‍സിയെ പറ്റിച്ചതായി വിമര്‍ശനം ഉയരുന്നു. ഇപ്പോള്‍ മോഡിഫിക്കേഷന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ നിയമം പരിശോധിച്ച്, അനുമതി വേണ്ടവയ്ക്ക് എംവിഡിയെ സമീപിച്ച് മാത്രമേ നീങ്ങാവൂ. അല്ലെങ്കില്‍ കനത്ത പിഴയും നിയമനടപടികളും നേരിടേണ്ടിവരും.