ഇത്തവണ ഓണം ബമ്പര്‍ ആര്‍ക്കടിച്ചാലും ഒരു കാര്യം ഉറപ്പാണ്..

ഏറെനാളത്തെ കാത്തിരിപ്പിനുശേഷം ഈ വര്‍ഷത്തെ ഓണം ബമ്പര്‍ നറുക്കെടുപ്പ് ബുധനാഴ്ച നടക്കുകയാണ്. ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഓണം ബമ്പര്‍ നറുക്കെടുപ്പ് നടത്തും. ആകെ 80 ലക്ഷത്തോളം ലോട്ടറികള്‍ അച്ചടിച്ചപ്പോള്‍ 73 ലക്ഷം വിറ്റഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.
 

തിരുവനന്തപുരം: ഏറെനാളത്തെ കാത്തിരിപ്പിനുശേഷം ഈ വര്‍ഷത്തെ ഓണം ബമ്പര്‍ നറുക്കെടുപ്പ് ബുധനാഴ്ച നടക്കുകയാണ്. ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഓണം ബമ്പര്‍ നറുക്കെടുപ്പ് നടത്തും. ആകെ 80 ലക്ഷത്തോളം ലോട്ടറികള്‍ അച്ചടിച്ചപ്പോള്‍ 73 ലക്ഷം വിറ്റഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. സര്‍വകാല റെക്കോര്‍ഡാണ് ഇത്തവണത്തെ ഓണം ബമ്പര്‍ വില്‍പന. കഴിഞ്ഞവര്‍ഷം 66.5 ലക്ഷം ലോട്ടറികളാണ് വിറ്റുപോയത്.

ടിക്കറ്റെടുത്ത ഇതരസംസ്ഥാനക്കാരുടെ എണ്ണത്തിലും വന്‍ വര്‍ധനയുണ്ടായി. ഇതര സംസ്ഥാനക്കാരെ ലക്ഷ്യമിട്ട് ലോട്ടറി വകുപ്പ് ഇറക്കിയ ഹിന്ദി, ബംഗാളി, ആസാമിസ് ഭാഷകളിലുള്ള പരസ്യവും ഇക്കുറി ഉണ്ടായിരുന്നു. 500 രൂപയാണ് ടിക്കറ്റ് വില.

ഒന്നാം സമ്മാനം 25 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തില്‍ നിന്നും ഭിന്നമായി രണ്ടാം സമ്മാനഘടനയില്‍ വ്യത്യാസം വരുത്തിയിട്ടുണ്ട്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. കഴിഞ്ഞവര്‍ഷം ഇത് അഞ്ചുകോടി രൂപയുടെ ഒറ്റസമ്മാനം ആയിരുന്നു. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേര്‍ക്ക് കിട്ടും. അഞ്ച് ലക്ഷം വീതം പത്തുപേര്‍ക്കാണ് നാലാം സമ്മാനം. രണ്ടുലക്ഷം വീതം 10 പേര്‍ക്ക് അഞ്ചാം സമ്മാനം ലഭിക്കും.

500 രൂപയുടെ ടിക്കറ്റ് ഒറ്റയ്ക്ക് എടുക്കുന്നവരെ കൂടാതെ കൂട്ടത്തോടെ ഷെയര്‍ ഇട്ട് എടുക്കുന്നവരുടെ എണ്ണം ഇത്തവണ വര്‍ധിച്ചു. മണ്‍സൂണ്‍ ബമ്പര്‍ ഹരിത കര്‍മ സേനാംഗങ്ങള്‍ക്ക് ലഭിച്ചത് കൂട്ടായ്മകള്‍ ടിക്കറ്റെടുക്കാനുള്ള പ്രവണത വര്‍ധിപ്പിച്ചിട്ടുണ്ട്.

ഇത്തവണ ഓണം ബമ്പറടിക്കുന്നത് ആര്‍ക്കായാലും അവര്‍ പേര് വെളിപ്പെടുത്താന്‍ സാധ്യതയില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. കൂട്ടായ്മകള്‍ എടുത്ത ടിക്കറ്റിന് സമ്മാനമടിക്കുകയാണെങ്കില്‍ അവര്‍ അത് പരസ്യമാക്കിയേക്കും. എന്നാല്‍, ഏതെങ്കിലും വ്യക്തിക്കാണെങ്കില്‍ പബ്ലിസിറ്റിക്കുവേണ്ടി പേര് പുറത്തിയിച്ചേക്കില്ല.

നേരത്തെ ഓണം ബമ്പറടിച്ച അനൂപിന്റെ അനുഭവം അയാള്‍ തന്നെ പലവട്ടം പറഞ്ഞിരുന്നു എന്നതിനാല്‍ അതിനുശേഷം വലിയ ലോട്ടറി ജേതാക്കള്‍ പേര് പുറത്തറിയിക്കാറില്ല. ലോട്ടറി അടിച്ചെന്ന് പുറത്തറിഞ്ഞാല്‍ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് അനൂപ് പറഞ്ഞിരുന്നു. ഇത്തവണയും അനൂപ് ഉപദേശം കൊടുക്കുന്നുണ്ട്.

ലോട്ടറി അടിച്ച വിവരം ആരോടും പറയാതിരിക്കുന്നതാണ് നല്ലതെന്ന് അനൂപ് പറയുന്നു. നല്ല രീതിയില്‍ പോകുന്ന സുഹൃത്ത് ബന്ധങ്ങളായാലും ബന്ധുക്കളായാലും പിണങ്ങും. ഒന്ന് രണ്ട് തവണ സഹായം ചോദിക്കുമ്പോള്‍ നമുക്ക് ചെയ്യാന്‍ പറ്റും. വീണ്ടുമൊരു തവണ കൂടി കൊടുക്കാന്‍ നമുക്ക് സാധിച്ചെന്ന് വരില്ല. അതോടെ പിണക്കമാകും. അതിന് മുന്‍പ് കൊടുത്തതൊന്നും കാര്യമാക്കയും ഇല്ല. പിന്നെ പറ്റുന്ന രീതിയില്‍ അര്‍ഹതപ്പെട്ടവരെ സഹായിക്കണമെന്നും അനൂപ് പറഞ്ഞു.

ഭാര്യ പറഞ്ഞത് കാര്യമാക്കാതെ, ലോട്ടറി അടിച്ച വിവരം എല്ലാവരെയും വിളിച്ച് അറിയിച്ചതാണ് തനിക്ക് പറ്റിയ പിഴവ്. കാര്യങ്ങള്‍ മനസിലാക്കി ഓരോന്നും ചെയ്തത് കൊണ്ട് ലോട്ടറി പണം തന്റെ കയ്യില്‍ തന്നെ ഉണ്ടെന്നും അനൂപ് പറയുന്നു.

അനൂപിന്റെ അനുഭവം അറിഞ്ഞശേഷം 12 കോടി രൂപ സമ്മാനമടിച്ച വിഷു ബമ്പര്‍ ഭാഗ്യവാന്‍ പേര് പരസ്യമാക്കിയില്ല. ബമ്പറടിച്ചശേഷം വാര്‍ത്തകളിലെ പ്രധാന താരമായി മാറിയ അനൂപ് ഒടുവില്‍ സ്വന്തം വീട്ടില്‍ കയറാന്‍ പറ്റാത്ത അവസ്ഥയാണെന്നും ബമ്പറടിച്ചാല്‍ പേര് പുറത്തറിയിക്കുന്നത് തിരിച്ചടിയാകുമെന്നും പറഞ്ഞിരുന്നു.

സഹായം ചോദിച്ചെത്തുന്നവര്‍ ശല്യമായതോടെയാണ് അനൂപിന് ഇക്കാര്യം തുറന്നുപറയേണ്ടിവന്നത്. സഹായം അവകാശം പോലെ ചോദിച്ചുവാങ്ങുന്നവരായിരുന്നു പലരും. 24 മണിക്കൂറും വീടിന്റെ വാതില്‍ക്കല്‍ ആളുകളാണ്. ലോട്ടറി അടിച്ചതോടെ ജീവിതത്തിലെ പല സ്വാതന്ത്ര്യവും നഷ്ടമായെന്നും രാത്രി വീട്ടില്‍ ഒളിച്ചെത്തേണ്ട സ്ഥിതിയിലാണെന്നും അനൂപ് പറയുകയുണ്ടായി. കുറച്ചു പണം വീടിനും പുതിയ ലോട്ടറി സ്റ്റാളിനുമായി ചെലവഴിച്ചശേഷം ബാക്കി പണം ഫിക്‌സഡ് ഡെപ്പോസിറ്റ് ചെയ്ത് അതിന്റെ പലിശയില്‍ നിന്നുമാണ് അനൂപ് മറ്റുള്ളവരെ സഹായിക്കുന്നത്.