കേരളത്തിന് വേണ്ടത് മലേഷ്യയുടേയും വിയറ്റ്നാമിന്റേയും വികസനം, ഒരുകാലത്ത് നമ്മേളേക്കാള്‍ പിന്നിലായവര്‍ എങ്ങിനെ മുന്നിലെത്തിയെന്ന് മുരളി തുമ്മാരുകുടി
കേരളത്തിന്റെ സാമ്പത്തിക നയത്തില്‍ കാതലായ മാറ്റം വരുത്തണമെന്നും പടിഞ്ഞാറന്‍ രാജ്യങ്ങളെയല്ല കിഴക്കന്‍ രാജ്യങ്ങളേയാണ് ഇതിനായി മാതൃകയാക്കേണ്ടതെന്നും മുന്‍ യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി.
ആളോഹരി വരുമാനത്തിന്റെ കാര്യത്തില്‍ ഒരുകാലത്ത് കേരളത്തേക്കാള്‍ പിന്നിലായിരുന്ന മലേഷ്യ ഇപ്പോള്‍ നമ്മളേക്കാള്‍ ഏറെ മുന്നിലാണ്. ഏതൊക്കെ കാര്യത്തിലാണ് നാം മുന്നേറേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
കൊച്ചി: കേരളത്തിന്റെ സാമ്പത്തിക നയത്തില്‍ കാതലായ മാറ്റം വരുത്തണമെന്നും പടിഞ്ഞാറന്‍ രാജ്യങ്ങളെയല്ല കിഴക്കന്‍ രാജ്യങ്ങളേയാണ് ഇതിനായി മാതൃകയാക്കേണ്ടതെന്നും മുന്‍ യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. ആളോഹരി വരുമാനത്തിന്റെ കാര്യത്തില്‍ ഒരുകാലത്ത് കേരളത്തേക്കാള്‍ പിന്നിലായിരുന്ന മലേഷ്യ ഇപ്പോള്‍ നമ്മളേക്കാള്‍ ഏറെ മുന്നിലാണ്. ഏതൊക്കെ കാര്യത്തിലാണ് നാം മുന്നേറേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,
കേരളം ഇനി കിഴക്കോട്ട് നോക്കണം
ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ മലേഷ്യയില്‍ പോയിരുന്നു.
അവിടെ തൊഴില്‍ സ്ഥലത്ത് ഉണ്ടാകുന്ന അപകടങ്ങളില്‍ അംഗഭംഗം സംഭവിക്കുന്നവരെ ചികില്‍സിച്ച് പുനഃപരിശീലിപ്പിച്ച് മറ്റു തൊഴിലുകളില്‍ എത്തിക്കുന്ന ഒരു കേന്ദ്രത്തില്‍ പോയി.
അതിശയിച്ചു പോയി, ലോകത്ത് ഒരിടത്ത് പോലും ഇത്രയും സമഗ്രമായ ഒരു ചികിത്സാ പുനരധിവാസ കേന്ദ്രം കണ്ടിട്ടില്ല. കേരളത്തിലെ തൊഴിലാളി നേതാക്കളും ഡോക്ടര്‍മാരും കമ്പനി മുതലാളിമാരും തൊഴില്‍ ആരോഗ്യമന്ത്രിമാരും ഒക്കെ ഒന്ന് കണ്ടിരിക്കേണ്ടതാണ്.
മലേഷ്യയില്‍ സഞ്ചരിക്കുമ്പോള്‍ മറ്റൊരു കാര്യം കൂടി ശ്രദ്ധിച്ചു. കേരളത്തിന്റെ ജനസംഖ്യയുമായി താരതമ്യം ചെയ്യാവുന്ന ജനസംഖ്യയുള്ള രാജ്യമാണ്. കേരളം രൂപീകരിക്കുകയും മലേഷ്യ സ്വാതന്ത്രമാവുകയും ചെയ്ത കാലഘട്ടത്തില്‍ നമ്മുടെ ആളോഹരി വരുമാനം ഏകദേശം തുല്യമായിരുന്നു (കൃത്യം കണക്കെടുത്താല്‍ കേരളത്തിന്റെ ആളോഹരി വരുമാനം ആയിരത്തി തൊള്ളായിരത്തി അറുപതില്‍ മലേഷ്യയെക്കാള് അല്പം കൂടുതല്‍ ആയിരുന്നു (മലേഷ്യ 241 ഡോളര്‍, കേരളം 261 ഡോളര്‍).
രണ്ടായിരത്തി ഇരുപത്തി അഞ്ചായപ്പോഴേക്കും സ്ഥിതി ഏറെ മാറി. മലേഷ്യയിലെ ആളോഹരി വരുമാനം പതിനായിരം ഡോളറിന് മുകളില്‍ എത്തി, കേരളം ഇപ്പോഴും അയ്യായിരം കടന്നിട്ടില്ല. പര്‍ച്ചേസിംഗ് പവര്‍ പാരിറ്റി വച്ചാണെങ്കിലും മലേഷ്യയിലെ ആളോഹരി വരുമാനം കേരളത്തിന്റെ ഇരട്ടിയാണ്.
ശ്രദ്ധേയമായ കാര്യം വ്യവസായത്തിന്റെ കാര്യത്തില്‍ മലേഷ്യ ഏറെ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും കൃഷിയുടെ കാര്യത്തില്‍ അവര്‍ അധികം പുറകിലേക്ക് പോയിട്ടില്ല എന്നതാണ്. മലേഷ്യയില്‍ നിന്നും ആളുകള്‍ പുറത്തു പോയി ജോലി ചെയ്യുന്നുണ്ടെങ്കിലും ജി ഡി പിയുടെ ഒരു ശതമാനത്തിന്റെ താഴെയാണ് പുറത്തു നിന്നുള്ളവരുടെ റെമിറ്റന്‍സ്. കേരളത്തില്‍ ഇത് പതിനഞ്ചാണ്.
ഇതൊക്കെ കണ്ടപ്പോള്‍ ഒരു കാര്യം ചിന്തിച്ചു.
കേരളത്തിന്റെ വികസനത്തെക്കുറിച്ചുള്ള നമ്മുടെ സ്വപ്നങ്ങള്‍ക്ക് പൊതുവേ ഒരു പടിഞ്ഞാറന്‍ ദിശയാണുള്ളത്. സാമ്പത്തിക സമൃദ്ധിയുടെ കാര്യത്തില്‍ നാം ഗള്‍ഫ് രാജ്യങ്ങളിലേക്കും സാമൂഹിക സുരക്ഷയുടെ കാര്യത്തില്‍ യൂറോപ്പിലേക്കും നോക്കുന്നു. നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും തൊഴിലിനും ഭാവിജീവിതത്തിനും പോലും നാം ആദ്യം അന്വേഷിക്കുന്നത് പടിഞ്ഞാറന്‍ രാജ്യങ്ങളെയാണ്.
എന്നാല്‍ കേരളത്തിന്റെ ഭൂമിശാസ്ത്രവും കാലാവസ്ഥയും പ്രകൃതിവിഭവങ്ങളും ജനസാന്ദ്രതയും സാമ്പത്തിക സാധ്യതകളും പരിഗണിച്ചാല്‍, നമ്മുടെ വികസനത്തിന് കൂടുതല്‍ പ്രസക്തമായ മാതൃകകള്‍ ഒരുപക്ഷേ കിഴക്കന്‍ രാജ്യങ്ങളിലാണ്. മലേഷ്യയിലും തായ്ലന്‍ഡിലും ഇന്തോനേഷ്യയിലും വിയറ്റ്നാമിലും നടക്കുന്ന സാമ്പത്തിക പരിവര്‍ത്തനങ്ങളെ നാം കൂടുതല്‍ ഗൗരവത്തോടെ പഠിക്കേണ്ടതുണ്ട്.
പടിഞ്ഞാറന്‍ മാതൃകകളുടെ പരിമിതികള്‍
ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് അടിത്തറയിട്ടത് പെട്രോളിയവും പ്രകൃതിവാതകവുമാണ്. ആ വിഭവങ്ങളില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് അവയില്‍ പലതും ലോകോത്തര അടിസ്ഥാനസൗകര്യങ്ങളും നഗരങ്ങളും വിമാനത്താവളങ്ങളും ആരോഗ്യസംവിധാനങ്ങളും സൃഷ്ടിച്ചത്. ഇന്ന് അവ മറ്റു മേഖലകളിലേക്ക് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നുണ്ടെങ്കിലും അതിനുള്ള പ്രാരംഭ മൂലധനത്തിന്റെ വലിയൊരു പങ്ക് ലഭിച്ചത് പ്രകൃതിവിഭവങ്ങളില്‍ നിന്നാണ്.
യൂറോപ്പിന്റെ കഥ വ്യത്യസ്തമാണ്. വ്യാവസായിക വിപ്ലവം, സാങ്കേതികവിദ്യ, ആഗോള വ്യാപാരം, ചില രാജ്യങ്ങളുടെ കൊളോണിയല്‍ ചൂഷണത്തിലൂടെയുള്ള സമ്പത്തിന്റെ സമാഹരണം എന്നിവയാണ് യൂറോപ്പിലെ സാമ്പത്തിക വികസനത്തിന് അടിത്തറയിട്ടത്. ശക്തമായ ഉല്‍പ്പാദന സമ്പദ്വ്യവസ്ഥയും നികുതി അടിത്തറയും വളര്‍ന്നതിനുശേഷമാണ് വിപുലമായ ആധുനിക ക്ഷേമസംവിധാനങ്ങള്‍ അവിടെ രൂപപ്പെട്ടത്.
കേരളത്തിന് എണ്ണപ്പാടങ്ങളില്ല. കൊളോണിയല്‍ കാലത്ത് സമാഹരിച്ച മൂലധനശേഖരവുമില്ല, പുത്തന്‍ സാങ്കേതിക വിദ്യകളില്‍ നേതൃത്വമില്ല, നേതൃത്വം ആര്‍ജ്ജിക്കാനുള്ള ഗവേഷണം നടത്താന്‍ പോന്ന സര്‍വ്വകലാശാലകള്‍ ഇല്ല.
എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളുടേതിന് സമാനമായ സാമൂഹിക വികസനവും ക്ഷേമസംവിധാനങ്ങളും ഗള്‍ഫ് രാജ്യങ്ങളുടേതിന് സമാനമായ അടിസ്ഥാന സൗകര്യങ്ങളും ഉപഭോഗനിലവാരവും കൈവരിക്കാന്‍ നമുക്ക് ആഗ്രഹമുണ്ട്.
ഈ ആഗ്രഹങ്ങള്‍ തെറ്റല്ല. പക്ഷേ അവയെ സാമ്പത്തികമായി നിലനിര്‍ത്താനുള്ള ഉല്‍പ്പാദന അടിത്തറ നാം വികസിപ്പിച്ചിട്ടുണ്ടോ എന്നതാണ് ചോദ്യം.
നമ്മുടെ 'എണ്ണപ്പാടങ്ങള്‍' വിദേശത്താണ്
കേരളത്തിന് പെട്രോളിയം ഇല്ലെങ്കിലും കഴിഞ്ഞ അരനൂറ്റാണ്ടായി മറ്റൊരു സാമ്പത്തിക സ്രോതസ്സുണ്ട് - പ്രവാസി മലയാളികള്‍.
കേരള മൈഗ്രേഷന്‍ സര്‍വേ 2023 പ്രകാരം:
വിദേശത്ത് താമസിക്കുന്ന മലയാളികള്‍ ഏകദേശം 21.5 ലക്ഷം.
ഇവരില്‍ 80.5 ശതമാനവും ഗള്‍ഫ് രാജ്യങ്ങളിലാണ്.
2018-ല്‍ കേരളത്തിലേക്കുള്ള പ്രവാസിപ്പണം ?85,092 കോടി.
2023-ല്‍ അത് ?2,16,893 കോടിയായി ഉയര്‍ന്നു.
വിദേശത്ത് പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളുടെ എണ്ണം ഏകദേശം 2.5 ലക്ഷമായി.
റിസര്‍വ് ബാങ്കിന്റെ കണക്കുകളെ അടിസ്ഥാനമാക്കിയുള്ള പതിനാറാം ധനകാര്യ കമ്മീഷനുവേണ്ടി തയ്യാറാക്കിയ പഠനമനുസരിച്ച്, 2023-24ല്‍ കേരളത്തിലേക്കുള്ള പ്രവാസിപ്പണം സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 15.5 ശതമാനത്തിന് തുല്യമായിരുന്നു. മൈഗ്രേഷന്‍ സര്‍വേയുടെ കണക്കുകൂട്ടല്‍ രീതിയനുസരിച്ച് ഈ തുക ഇതിലും കൂടുതലാണ്.
എന്നാല്‍ പ്രവാസിപ്പണം സൃഷ്ടിച്ച ഉപഭോഗവിപണിക്ക് ആനുപാതികമായി നമ്മുടെ സ്വന്തം ഉല്‍പ്പാദനശേഷി വളര്‍ന്നില്ല.
ഇവിടെയാണ് തെക്കുകിഴക്കന്‍ ഏഷ്യ കേരളത്തിന് പ്രസക്തമാകുന്നത്.
വിയറ്റ്നാം: യുദ്ധഭൂമിയില്‍ നിന്ന് ലോകത്തിന്റെ ഉല്‍പ്പാദന കേന്ദ്രത്തിലേക്ക്
ഇന്നലെ എന്റെ സുഹൃത്ത് ജെ എസ് അടൂര്‍ Js Adoorവിയറ്റ്നാമില്‍ നിന്നും എഴുതിയിരുന്നു.
അരനൂറ്റാണ്ട് മുമ്പ് യുദ്ധത്തില്‍ തകര്‍ന്ന രാജ്യമായിരുന്നു വിയറ്റ്നാം. ഭക്ഷ്യക്ഷാമവും ദാരിദ്ര്യവും അടിസ്ഥാനസൗകര്യങ്ങളുടെ അഭാവവുമായിരുന്നു ആ രാജ്യം നേരിട്ട പ്രധാന വെല്ലുവിളികള്‍.
1986ല്‍ ആരംഭിച്ച 'ഡോയ് മോയ്' സാമ്പത്തിക പരിഷ്കാരങ്ങളിലൂടെ വിയറ്റ്നാം കാര്‍ഷിക മേഖലയെയും വ്യവസായത്തെയും വിദേശ നിക്ഷേപത്തെയും ഒരുപോലെ പ്രോത്സാഹിപ്പിച്ചു.
2024ലെ വിയറ്റ്നാമിന്റെ കയറ്റുമതി കണക്കുകള്‍ ശ്രദ്ധേയമാണ്. മൊത്തം കയറ്റുമതി നാനൂറ്റി അഞ്ചു ബില്യണ്‍ ഡോളര്‍, കൃഷി മല്‍സ്യബന്ധന ഉല്‍പ്പന്നങ്ങള്‍ അറുപത്തി രണ്ടു ബില്യണ്‍.
ഇതില്‍ കേരളീയര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. കശുവണ്ടി, കാപ്പി, റബ്ബര്‍, കുരുമുളക്, അരി, മത്സ്യം ഇവയിലൊക്കെ വിയറ്റ്നാം മുന്നേറുകയാണ് - ഇവയൊന്നും കേരളത്തിന് അപരിചിതമായ ഉല്‍പ്പന്നങ്ങളല്ല.
ഒരുകാലത്ത് ആഗോള സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെ കേന്ദ്രമായിരുന്നു കേരളം. ഇന്ന് വിയറ്റ്നാം കുരുമുളകിന്റെയും കശുവണ്ടിയുടെയും ലോകത്തിലെ മുന്‍നിര കയറ്റുമതി രാജ്യമാണ്.
അതേസമയം കാര്‍ഷിക രാജ്യമെന്ന നിലയില്‍ വിയറ്റ്നാം ഒതുങ്ങിനിന്നില്ല. ഇലക്ട്രോണിക്സ്, മൊബൈല്‍ ഫോണ്‍, വസ്ത്രനിര്‍മാണം, യന്ത്രസാമഗ്രികള്‍ തുടങ്ങിയ മേഖലകളിലും ആ രാജ്യം മുന്നേറി. 2024ല്‍ വിയറ്റ്നാമിന്റെ മൊത്തം ചരക്ക് കയറ്റുമതിയുടെ 88 ശതമാനവും സംസ്കരണ വ്യവസായ വിഭാഗത്തില്‍ നിന്നായിരുന്നു.
വ്യവസായം വളര്‍ത്താന്‍ കൃഷിയെ ഉപേക്ഷിക്കേണ്ടതില്ലെന്നും കൃഷിയെ സംരക്ഷിക്കാന്‍ വ്യവസായത്തെ എതിര്‍ക്കേണ്ടതില്ലെന്നും വിയറ്റ്നാം നമുക്ക് കാണിച്ചുതരുന്നു.
തായ്ലന്ഡ്: നെല്‍പ്പാടങ്ങളും വാഹനനിര്മാണശാലകളും
തായ്ലന്ഡ് വിനോദസഞ്ചാരത്തിന്റെ പേരിലാണ് മലയാളികള്‍ക്ക് ഏറെ പരിചിതം. എന്നാല്‍ തായ്ലന്‍ഡിന്റെ സാമ്പത്തിക ശക്തി ടൂറിസത്തില്‍ മാത്രം ഒതുങ്ങുന്നതല്ല.
2024ല്‍ തായ്ലന്ഡ്: 99.5 ലക്ഷം ടണ്‍ അരി കയറ്റുമതി ചെയ്തു.
അരിയുടെ കയറ്റുമതിയിലൂടെ 6.69 ബില്യണ്‍ ഡോളര്‍ നേടി.
3.55 കോടി വിദേശ വിനോദസഞ്ചാരികളെ സ്വീകരിച്ചു (കേരളത്തിലെ ഏറ്റവും പ്ലാന്‍ നയരേഖ പ്രകാരം ഇത് പത്തുലക്ഷത്തിലും താഴെയാണ് !).
ഇതിനുപുറമെ വാഹനനിര്‍മാണം, വാഹനങ്ങളുടെ അനുബന്ധ ഉപകരണങ്ങള്‍, ഇലക്ട്രോണിക്സ്, ഭക്ഷ്യസംസ്കരണം, ആരോഗ്യ വിനോദസഞ്ചാരം എന്നിവയിലും തായ്ലന്‍ഡിന് ശക്തമായ സാന്നിധ്യമുണ്ട്.
ഒരു രാജ്യത്തിന് ലോകപ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാകാനും അതേസമയം നെല്‍കൃഷിയും വ്യവസായവും നിലനിര്‍ത്താനും സാധിക്കുമെന്ന് തായ്ലന്ഡ് തെളിയിക്കുന്നു.
കേരളത്തില്‍ നെല്‍പ്പാടം സംരക്ഷിക്കുന്നത് പലപ്പോഴും പരിസ്ഥിതി സംരക്ഷണത്തിന്റെയും ഭക്ഷ്യസുരക്ഷയുടെയും മാത്രം ഭാഗമായാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. നെല്‍കൃഷിയെ എങ്ങനെ ലാഭകരമായ ഒരു സാമ്പത്തിക പ്രവര്‍ത്തനമാക്കാം എന്നും ടൂറിസത്തെ സഹായിക്കുന്ന ലാന്‍ഡ്സ്കേപ്പ് ആക്കി മാറ്റുന്നതിലൂടെ കൃഷിയെ നിലനിര്‍ത്താമെന്നും ഒന്നും നാം ചിന്തിക്കുന്നില്ല.
പ്രശ്നങ്ങള്‍ ഇല്ലാത്ത സ്ഥലമല്ല കിഴക്കും. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ വികസന മാതൃകകള്‍ക്കും പരിമിതികളുണ്ട്. വനനശീകരണം, വ്യാവസായിക മലിനീകരണം, തൊഴിലാളികളുടെ അവകാശങ്ങള്‍, വരുമാന അസമത്വം, വിദേശ മൂലധനത്തെ ആശ്രയിക്കല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ അവിടെയുമുണ്ട്. തായ്ലാന്ഡും വിയറ്റ്നാമും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് തൊഴിലാളികള്‍ വിദേശത്തേക്ക് കുടിയേറുന്നുമുണ്ട്.
പക്ഷെ വിദേശത്തേക്ക് ആളുകളെ കയറ്റി അയച്ചു അവരുടെ വരുമാനം സംസ്ഥാനത്തിന്റെ വികസനത്തിന്റെ അടിത്തറ ആക്കുക അല്ല അവരുടെ വികസന രീതി.
വിദേശത്ത് ജോലി ചെയ്യുന്നതില്‍ തെറ്റൊന്നുമില്ല. വ്യക്തികളെ സംബന്ധിച്ചിടത്തോളം അത് മികച്ച തീരുമാനവുമാകാം. എന്നാല്‍ ഒരു സമൂഹത്തിന്റെ വികസനതന്ത്രം എന്ന നിലയില്‍ ഇതിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണ്?
നമ്മുടെ ഏറ്റവും മികച്ച പ്രതിഭകള്‍ പുറത്തുപോകുമ്പോള്‍ കേരളത്തിലെ വ്യവസായങ്ങളുടെയും സര്‍വകലാശാലകളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും ഭരണസംവിധാനങ്ങളുടെയും നേതൃത്വത്തിന്റെയും ഗുണനിലവാരത്തെ അത് എങ്ങനെ ബാധിക്കും?
നാം ഗൗരവത്തോടെ ചിന്തിക്കേണ്ട ചോദ്യങ്ങളാണിവ.
കേരളം കിഴക്കുനിന്ന് പഠിക്കേണ്ട ചില പാഠങ്ങള്‍
1. മനുഷ്യവിഭവശേഷിയെ അയക്കുന്നതിനു പകരം സേവനങ്ങള്‍ കയറ്റുമതി ചെയ്യുക.
കേരളത്തിലെ ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും അക്കൗണ്ടന്റുമാരും സോഫ്റ്റ്വെയര് വിദഗ്ധരും കേരളത്തില്‍ ജീവിച്ചുകൊണ്ടുതന്നെ ആഗോള വിപണിക്ക് സേവനങ്ങള്‍ നല്കുന്ന സാഹചര്യം സൃഷ്ടിക്കണം.
നിര്‍മിതബുദ്ധിയും ഡിജിറ്റല്‍ സാങ്കേതികവിദ്യയും അതിന് പുതിയ അവസരങ്ങള്‍ തുറക്കുകയാണ്.
2. ഉന്നതവിദ്യാഭ്യാസത്തെ സമ്പദ്വ്യവസ്ഥയുമായി ബന്ധിപ്പിക്കുക.
നമ്മുടെ സര്‍വകലാശാലകള്‍ ബിരുദധാരികളെ സൃഷ്ടിക്കുന്ന സ്ഥാപനങ്ങള്‍ മാത്രമാകരുത്. പുതിയ സാങ്കേതികവിദ്യകളും പേറ്റന്റുകളും ഉല്‍പ്പന്നങ്ങളും സംരംഭങ്ങളും അവിടെനിന്ന് ഉണ്ടാകണം. വിദേശ വിദ്യാര്‍ഥികള്‍ പഠിക്കാന്‍ എത്തുന്ന വിദ്യാഭ്യാസ കേന്ദ്രമായി കേരളം വളരണം.
3. കൃഷിയെ ഒരു ആധുനിക വ്യവസായമായി കാണുക.
കൃഷിയെപ്പറ്റി റൊമാന്റിക്കും നൊസ്റാള്ജിക്കും ആയ ചിന്തകള്‍ക്കപ്പുറം ഒരു ആധുനിക വ്യവസായമായി കാണുക. കൃത്യതാ കൃഷി, റോബോട്ടിക്സ്, നിര്‍മിതബുദ്ധി, ജനിതക ഗവേഷണം, ശീതീകരണ ശൃംഖലകള്‍, ഭക്ഷ്യസംസ്കരണം, അന്താരാഷ്ട്ര വിപണനം എന്നിവ കാര്‍ഷിക വികസനത്തിന്റെ ഭാഗമാകണം. കേരളത്തിലെ കാര്‍ഷിക സര്‍വകലാശാലയും വ്യവസായ മേഖലയും കര്‍ഷകരും തമ്മില്‍ കൂടുതല്‍ ശക്തമായ ബന്ധം ഉണ്ടാകണം.
4. പരിസ്ഥിതിക്ക് അനുയോജ്യമായ ഉല്‍പ്പാദന വ്യവസായം വളര്‍ത്തുക.
കേരളത്തിന്റെ ജനസാന്ദ്രതയും പാരിസ്ഥിതിക പ്രത്യേകതകളും കണക്കിലെടുത്ത് വന്‍തോതില്‍ ഭൂമി ആവശ്യമായ മലിനീകരണ വ്യവസായങ്ങളേക്കാള്‍ മെഡിക്കല്‍ ഉപകരണങ്ങള്‍, ഇലക്ട്രോണിക്സ്, ബയോടെക്നോളജി, റോബോട്ടിക്സ്, ഭക്ഷ്യസംസ്കരണം, ഔഷധനിര്‍മാണം തുടങ്ങിയ മേഖലകളിലെ സാധ്യതകള്‍ പരിശോധിക്കണം.
5. പ്രവാസിപ്പണത്തെ ഉല്‍പ്പാദന മൂലധനമാക്കുക.
പ്രവാസികളുടെ സമ്പാദ്യം വീടുകളിലും ഭൂമിയിലും ബാങ്ക് നിക്ഷേപങ്ങളിലും മാത്രം ഒതുങ്ങാതെ പുതിയ വ്യവസായങ്ങളിലേക്കും ഗവേഷണ സ്ഥാപനങ്ങളിലേക്കും സാങ്കേതിക സംരംഭങ്ങളിലേക്കും എത്തിക്കാനുള്ള സുതാര്യവും വിശ്വാസയോഗ്യവുമായ സംവിധാനങ്ങള്‍ രൂപപ്പെടുത്തണം. നിക്ഷേപത്തിന് സുരക്ഷയും ബാങ്ക് പലിശക്കപ്പുറമുള്ള റിട്ടേണ്‍സും കിട്ടുന്ന ഇന്‍വെസ്റ്റ്മെന്റ് വെഹിക്കിള്‍ ഉണ്ടാക്കുക.
6. തെക്കുകിഴക്കന്‍ ഏഷ്യയുമായി സ്ഥാപനപരമായ ബന്ധം സ്ഥാപിക്കുക.
കേരളത്തിലെ കര്‍ഷകസംഘങ്ങളും സഹകരണ സ്ഥാപനങ്ങളും വ്യവസായികളും സര്‍വകലാശാലകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മലേഷ്യ, വിയറ്റ്നാം, തായ്ലന്ഡ്, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ സമാന സ്ഥാപനങ്ങളുമായി നേരിട്ട് സഹകരിക്കണം.
വിദേശ പഠനയാത്രകള്‍ നഗരങ്ങളുടെ ഭംഗി കാണാനുള്ള യാത്രകള്‍ മാത്രമാകാതെ കൃഷിയിടങ്ങളും വ്യവസായശാലകളും ഗവേഷണ സ്ഥാപനങ്ങളും സന്ദര്‍ശിക്കുന്ന അവസരങ്ങളാകണം.
കേരളത്തിന്റെ ആദ്യ വികസന മാതൃകയുടെ ഏറ്റവും വലിയ നേട്ടം മനുഷ്യരുടെ ജീവിതനിലവാരം ഉയര്‍ത്തിയതാണ്. പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം, സാമൂഹിക നീതി, ഭൂപരിഷ്കരണം, അധികാര വികേന്ദ്രീകരണം എന്നിവയെല്ലാം കേരളത്തിന്റെ വലിയ സമ്പത്താണ്.
ഇവയൊന്നും ഉപേക്ഷിക്കേണ്ടതില്ല.
പക്ഷേ ഈ മാതൃകയുടെ രണ്ടാം ഘട്ടത്തില്‍ മനുഷ്യവികസനത്തെ സാമ്പത്തിക ഉല്പ്പാദനശേഷിയാക്കി മാറ്റണം. ആ സാമ്പത്തിക ഉല്‍പ്പാദനശേഷിയില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ച് സാമൂഹിക സുരക്ഷയും പൊതുജനാരോഗ്യവും വിദ്യാഭ്യാസവും കൂടുതല്‍ ശക്തിപ്പെടുത്തണം.
1970കളില്‍ ഗള്‍ഫിലേക്കുള്ള കുടിയേറ്റം കേരളത്തിന് ചരിത്രപരമായ ഒരു അവസരമായിരുന്നു. ആ അവസരത്തെ മലയാളികള്‍ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തി.
എന്നാല്‍ 2050ലെ കേരളത്തെ കെട്ടിപ്പടുക്കേണ്ടത് 1970കളിലെ സാമ്പത്തിക അവസരങ്ങളെ അടിസ്ഥാനമാക്കിയാകരുത്.
കേരളത്തിലെ കുട്ടികള്‍ക്ക് ലോകത്തെവിടെയും പോയി ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാകണം. അതേസമയം ലോകോത്തര ജീവിതം നയിക്കാന്‍ കേരളം വിട്ടുപോകേണ്ട നിര്‍ബന്ധിതാവസ്ഥ ഉണ്ടാകരുത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മലയാളികള്‍ തൊഴില്‍ അന്വേഷിച്ച് പോകുന്നതുപോലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിഭകള്‍ കേരളത്തിലേക്ക് തൊഴിലും ഗവേഷണവും സംരംഭകത്വ അവസരങ്ങളും തേടി വരുന്ന കാലമാണ് നാം സ്വപ്നം കാണേണ്ടത്.
കഴിഞ്ഞ അരനൂറ്റാണ്ട് കേരളത്തിന്റെ സാമ്പത്തിക സമൃദ്ധിക്ക് പടിഞ്ഞാറന്‍ ലോകം വലിയ സംഭാവന നല്കി. അടുത്ത അരനൂറ്റാണ്ടിലെ കേരളത്തെ എങ്ങനെ വികസിപ്പിക്കണം എന്നതിന്റെ പല പാഠങ്ങളും ഒരുപക്ഷേ കിഴക്കന്‍ ലോകത്താണ്.
കേരളം ഇനി കിഴക്കോട്ട് നോക്കേണ്ട സമയമായിരിക്കുന്നു.
മുരളി തുമ്മാരുകുടി
റിഹാബിലിറ്റേഷന്‍ സെന്ററിന്റെ ലിങ്ക് ഒന്നാമത്തെ കമന്റില്‍ ഉണ്ട്. ഇവിടം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കോണ്ടാക്ട് വേണമെങ്കില്‍ നേരിട്ട് എന്നെ ബന്ധപ്പെട്ടാല്‍ മതി.