ഒരു വീട്ടില്‍ പത്തുപേരുണ്ടെങ്കില്‍ 30 ലിറ്റര്‍ മദ്യം സൂക്ഷിക്കാം, ആന്റോയ്‌ക്കെതിരായ കേസില്‍ ശിക്ഷ 5,000 രൂപ പിഴയില്‍ ഒതുങ്ങിയേക്കും, എക്‌സൈസിന് നാണക്കേടാകുമോ

റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിനെ വീട്ടില്‍ നിന്നും പരിധിയില്‍ കവിഞ്ഞ് മദ്യം കണ്ടെത്തിയെന്ന കുറ്റത്തിന് എക്‌സൈസ് വകുപ്പ് അറസ്റ്റ് ചെയ്തി രിക്കുകയാണ്. ആകെ 67 ലിറ്റര്‍ മദ്യമാണ് കണ്ടെത്തിയത്. 

 

വീട്ടില്‍ കൂടുതല്‍ ആളുകളുണ്ടെന്നുകാട്ടി ആന്റോയ്ക്ക് പിടിച്ചെടുത്ത മദ്യം പരിധിയില്‍ കൂടുതലല്ലെന്ന് ന്യായീകരിക്കാം. മാത്രമല്ല, വീട്ടിലെ മദ്യം വില്‍പ്പന നടത്തിയെന്ന് തെളിയിക്കുകയും എക്‌സൈസിന് വെല്ലുവിളിയാകും.

തിരുവനന്തപുരം:  റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിനെ വീട്ടില്‍ നിന്നും പരിധിയില്‍ കവിഞ്ഞ് മദ്യം കണ്ടെത്തിയെന്ന കുറ്റത്തിന് എക്‌സൈസ് വകുപ്പ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ആകെ 67 ലിറ്റര്‍ മദ്യമാണ് കണ്ടെത്തിയത്. 

പിടിച്ചെടുത്തതില്‍ ഏകദേശം 43 ലിറ്റര്‍ വിദേശ മദ്യവും, വിവിധ തരം വൈനും (വിദേശ വൈന്‍, കേരള വൈന്‍ ഉള്‍പ്പെടെ ഏകദേശം 7 മുതല്‍ 22 ലിറ്റര്‍ വരെ), മിലിട്ടറി ലിക്കറും, വീട്ടില്‍ ഉണ്ടാക്കിയതെന്ന് സംശയിക്കുന്ന വൈന്‍ പോലുള്ളവയും ഉള്‍പ്പെടുന്നു. നിയമപരമായ വ്യക്തിഗത പരിധിയേക്കാള്‍ വളരെ കൂടുതലായതിനാല്‍ അബ്കാരി ആക്ട് സെക്ഷനുകള്‍ 55(A), 55(I), 58 തുടങ്ങിയവ പ്രകാരമാണ് (ജാമ്യമില്ലാത്ത വകുപ്പുകള്‍ ഉള്‍പ്പെടെ) കേസ് രജിസ്റ്റര്‍ ചെയ്തത്.

കേരളത്തില്‍ ഒരു വ്യക്തിക്ക് വീട്ടില്‍ സൂക്ഷിക്കാവുന്ന മദ്യത്തിന്റെ അളവ് നിയമപരമായി വ്യക്തമായി നിശ്ചയിച്ചിട്ടുണ്ട്. കേരള എക്‌സൈസ് വകുപ്പിന്റെ ഔദ്യോഗിക വിവരമനുസരിച്ച്, 2012 ഫെബ്രുവരി 14-ലെ ഗവണ്‍മെന്റ് ഓര്‍ഡര്‍ പ്രകാരമാണ് ഈ പരിധി നിലവിലുള്ളത്. ഒരു വ്യക്തിക്ക് കള്ള് 1.5 ലിറ്റര്‍, ഇന്ത്യന്‍ മെയ്ഡ് ഫോറിന്‍ ലിക്കര്‍ 3 ലിറ്റര്‍, ബിയര്‍ 3.5 ലിറ്റര്‍, വൈന്‍ 3.5 ലിറ്റര്‍, ഫോറിന്‍ മെയ്ഡ് ഫോറിന്‍ ലിക്കര്‍ 2.5 ലിറ്റര്‍, കൊക്കോ ബ്രാന്‍ഡി 1 ലിറ്റര്‍ എന്നിങ്ങനെയാണ് പരമാവധി അനുവദനീയമായ അളവ്.

ഇത് വ്യക്തിഗത പരിധിയാണ്. നിയമപരമായ മദ്യപാന പ്രായമായ 23 വയസ്സ് തികഞ്ഞവര്‍ക്ക് മാത്രമേ ഈ ക്വോട്ട ബാധകമാകൂ. അബ്കാരി ആക്ട് സെക്ഷന്‍ 13 പ്രകാരം ഈ പരിധി കവിയുന്നത് കുറ്റകരമാണ്. ഹൈക്കോടതി ഉത്തരവുകളില്‍ കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ ഓരോരുത്തരുടെയും വ്യക്തിഗത പരിധി വരെ സംയുക്തമായി സൂക്ഷിക്കുന്നത് അനുവദനീയമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

വീട്ടില്‍ പത്ത് പേരുണ്ടെങ്കില്‍, അവരെല്ലാം 23 വയസ്സ് തികഞ്ഞ മുതിര്‍ന്നവരാണെങ്കില്‍ ഇന്ത്യന്‍ മെയ്ഡ് ഫോറിന്‍ ലിക്കര്‍ 30 ലിറ്റര്‍ വരെയും, വിദേശ മദ്യം 25 ലിറ്റര്‍ വരെയും, വൈന്‍ അല്ലെങ്കില്‍ ബിയര്‍ 35 ലിറ്റര്‍ വരെയും സൂക്ഷിക്കാം. പ്രായം കുറഞ്ഞവരോ യോഗ്യതയില്ലാത്തവരോ ഉണ്ടെങ്കില്‍ അവരുടെ ക്വോട്ട കണക്കാക്കില്ല. പരിധി കവിയുന്നത് കണ്ടെത്തിയാല്‍ അബ്കാരി ആക്ട് പ്രകാരം നടപടി ഉണ്ടാകും.

വീട്ടില്‍ കൂടുതല്‍ ആളുകളുണ്ടെന്നുകാട്ടി ആന്റോയ്ക്ക് പിടിച്ചെടുത്ത മദ്യം പരിധിയില്‍ കൂടുതലല്ലെന്ന് ന്യായീകരിക്കാം. മാത്രമല്ല, വീട്ടിലെ മദ്യം വില്‍പ്പന നടത്തിയെന്ന് തെളിയിക്കുകയും എക്‌സൈസിന് വെല്ലുവിളിയാകും.

പരിധിയില്‍ കൂടുതല്‍ മദ്യം കൈവശം വച്ചാല്‍ മിക്ക കേസുകളിലും ശിക്ഷ 5,000 രൂപ പഴയിലൊതുക്കുകയാണ് പതിവ്. കേരള അബ്കാരി ആക്ട് പ്രകാരം 5,000 രൂപ പിഴ, അല്ലെങ്കില്‍ 2 വര്‍ഷം വരെ തടവ്, രണ്ട് ശിക്ഷകളും ഒരുമിച്ച് എന്നതാണ് നിയമം. പല കേസുകളിലും 5,000 രൂപ അടച്ച് കോംപൗണ്ട് ചെയ്യാവുന്നതാണ്.

ആന്റോ അഗസ്റ്റിനെതിരായ കേസില്‍ അബ്കാരി ആക്റ്റിലെ സെക്ഷന്‍ 55 (ഐ) ചുമത്തിയിട്ടുണ്ടെന്നാണ് വിവരം. അനധികൃതമായി മദ്യക്കച്ചവടം നടത്തി എന്നതാണ് ഈ സെക്ഷനനുസരിച്ചുള്ള കുറ്റം. പത്ത് വര്‍ഷം വരെ തടവുശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും കിട്ടാവുന്ന കുറ്റമാണ്. എന്നാല്‍, ഇക്കാര്യം തെളിയിക്കുക എളുപ്പമല്ല.

നിയമപരമായി ബെവ്‌കോയില്‍ നിന്ന് വാങ്ങിയ മദ്യം പരിധി കവിഞ്ഞ് സൂക്ഷിച്ചാല്‍ പോലും സെക്ഷന്‍ 63 ആണ് സാധാരണയായി ബാധകം. വില്‍പ്പന, കടത്ത്, ഇറക്കുമതി എന്നിവ തെളിയിക്കേണ്ടിവരും.