ഉളുപ്പില്ലാത്ത ഈ സര്‍ക്കാര്‍ ജീവനക്കാരുടെ പേര് പുറത്തുവിട്ട് പിരിച്ചുവിടണം, ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരില്‍ 1458 ജീവനക്കാരും, കൈയ്യിട്ടുവാരുന്നവരില്‍ ഗസറ്റഡ് ഓഫീസര്‍മാരും പ്രൊഫസര്‍മാരും
സംസ്ഥാനത്തെ ഏറ്റവും താഴെക്കിടയിലുള്ളവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരില്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും.
ആരോഗ്യ വകുപ്പിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. 373 പേര്‍ ഈ വകുപ്പില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്നു.
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും താഴെക്കിടയിലുള്ളവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരില്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും. ധനവകുപ്പിന്റെ നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയില്‍ ഞെട്ടിക്കുന്ന തട്ടിപ്പാണ് കണ്ടെത്തിയത്. സംസ്ഥാനത്തെ 1458 സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹികസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി.
50,000 രൂപയില്‍ കൂടുതല്‍ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരാണ് സാധാരണക്കാര്‍ക്ക് നല്‍കുന്ന 1,600 രൂപയില്‍ കൈയ്യിട്ടുവാരിയത്. അസിസ്റ്റന്റ് പ്രൊഫസര്‍മാരും ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരും പെന്‍ഷന്‍ കൈപ്പറ്റി. ഈ തുക പലിശസഹിതം ഈടാക്കി വകുപ്പുതല നടപടി സ്വീകരിക്കാനാണ് നിര്‍ദ്ദേശം.
ആരോഗ്യ വകുപ്പിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. 373 പേര്‍ ഈ വകുപ്പില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്നു. പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്നും 224 പേരും മെഡിക്കല്‍ നെഡ്യുക്കേഷന്‍ വകുപ്പില്‍ 124 പേരും ആയൂര്‍വേദ വകുപ്പില്‍ (ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍) 114 പേരും മൃഗസംരണക്ഷ വകുപ്പില്‍ 74 പേരും പൊതുമരാമത്ത് വകുപ്പില്‍ 47 പേരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാരാണ്.
ക്ഷേമപെന്‍ഷന്‍ കൈപ്പറ്റുന്ന രണ്ട് അസി. പ്രൊഫസര്‍മാരില്‍ ഒരാള്‍ തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ കോളേജിലാണ് ജോലിചെയ്യുന്നത്. ഒരാള്‍ പാലക്കാട് ജില്ലയിലെ സര്‍ക്കാര്‍ കോളേജിലും ജോലിചെയ്യുന്നു. ഹയര്‍ സെക്കന്‍ഡറി അധ്യാപകരായ മൂന്നുപേരാണ് പെന്‍ഷന്‍ വാങ്ങുന്നത്.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ 46 പേരും ഹോമിയോപ്പതി വകുപ്പില്‍ 41 പേരും കൃഷി, റവന്യു വകുപ്പുകളില്‍ 35 പേര്‍ വീതവും ജുഡീഷ്യറി ആന്‍ഡ് സോഷ്യല്‍ ജസ്റ്റീസ് വകുപ്പില്‍ 34 പേരും ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസ് വകുപ്പില്‍ 31 പേരും കോളേജിയറ്റ് എഡ്യുക്കേഷന്‍ വകുപ്പില്‍ 27 പേരും ഹോമിയോപ്പതിയില്‍ 25 പേരും ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നു.
വില്‍പന നികുതി 14 വീതം, പട്ടികജാതി ക്ഷേമം 13, ഗ്രാമ വികസനം, പോലീസ്, പി.എസ്.സി, ആയുര്‍വേദ മെഡിക്കല്‍ എഡ്യുക്കേഷന്‍ 10 വീതം, സഹകരണം എട്ട്, ലജിസ്ലേച്ചര്‍ സെക്രട്ടറിയറ്റ്, തൊഴില്‍ പരിശീലനം, പൊതുഭരണം, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഏഴു വീതം, വനം-വന്യജീവി ഒമ്പത്, സോയില്‍ സര്‍വെ, ഫിഷറീസ് ആറു വീതം, തദ്ദേശ ഭരണം, വാഹന ഗതാഗതം, വ്യവാസായവും വാണിജ്യവും, ഫയര്‍ഫോഴ്‌സ്, ക്ഷീര വികസനം, പൊതുവിതരണം, അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് നാലു വീതം, സാമൂഹിക ക്ഷേമം, രജിസ്‌ട്രേഷന്‍, മ്യൂസിയം, പ്രിന്റിങ്, ഭക്ഷ്യ സുരക്ഷ, എക്‌സൈസ്, ആര്‍ക്കിയോളജി മൂന്നു വീതം, തൊഴില്‍, ലീഗല്‍ മെട്രോളജി, മെഡിക്കല്‍ എക്‌സാമിനേഷന്‍ ലബോട്ടറി, എക്‌ണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിറ്റിക്‌സ്, ലാ കോളേജുകള്‍ രണ്ടു വീതം, എന്‍സിസി, ലോട്ടറീസ്, ജയില്‍, തൊഴില്‍ കോടതി, ഹാര്‍ബര്‍ എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍ ഇന്‍സ്പക്ട്രേറ്റ്, ഡ്രഗ്‌സ് കണ്‍ട്രോള്‍, വിന്നോക്ക വിഭാഗ വികസനം, കയര്‍ വകിസനം ഒന്നു വീതം എന്നിങ്ങനെയാണ് മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ എണ്ണം.
വിവിധതലങ്ങളിലുള്ള പരിശോധനകള്‍ തുടരാനാണ് ധനവകുപ്പ് തീരുമാനം. അനര്‍ഹരായവരെ കണ്ടെത്തി ഒഴിവാക്കുകയും അര്‍ഹരായവര്‍ക്ക് മുഴുവന്‍ കൃത്യമായി പെന്‍ഷന്‍ വിതരണം ഉറപ്പാക്കുകയും ചെയ്യുന്ന നടപടികള്‍ തുടരുമെന്ന് ധനവകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി.
കുറ്റക്കാരെന്ന് കണ്ടെത്തിയ ഈ സര്‍ക്കാര്‍ ജീവനക്കാരുടെ പേര് പുറത്തുവിട്ട് അവരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടുകയാണ് വേണ്ടതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലരുടെ പ്രതികരണം. ചെയ്യുന്നത് വലിയ തെറ്റാണെന്നറിഞ്ഞിട്ടും സാധാരണക്കാരുടെ പെന്‍ഷന്‍ കൈയ്യിട്ടുവാരുന്നവര്‍ എത്രമാത്രം കൈക്കൂലിക്കാരായിരിക്കുമെന്നും ചിലര്‍ പ്രതികരിച്ചു.