തെരഞ്ഞെടുപ്പില്‍ ബിജെപി പ്രതീക്ഷപുലര്‍ത്തുന്നത് ഈ അഞ്ചു മണ്ഡലങ്ങളില്‍, ഒന്നിലധികം സീറ്റുകള്‍ നേടി ചരിത്രം കുറിക്കുമോ?

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഒരു വഴിത്തിരിവായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍.

 

മിക്ക ഓപ്പിനിയന്‍ പോളുകളും എന്‍ഡിഎയ്ക്ക് 0-2 മുതല്‍ 6 വരെ സീറ്റുകള്‍ പ്രതീക്ഷിക്കുന്നു. ബിജെപി 5-6 സീറ്റുകള്‍ ടാര്‍ഗറ്റ് ചെയ്യുന്നതായി പാര്‍ട്ടി നേതൃത്വവും പറയുന്നു.

തിരുവനന്തപുരം:  കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ച് ഒരു വഴിത്തിരിവായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ഇതുവരെ ഒരു സീറ്റ് മാത്രമേ ജയിച്ചിട്ടുള്ളൂ (2016ല്‍ നേമം).

2021-ല്‍ ഒന്നും ലഭിച്ചില്ല. എന്നാല്‍ 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തൃശൂര്‍ വിജയം, 2025ലെ ലോക്കല്‍ ബോഡി തിരഞ്ഞെടുപ്പിലെ 1919 വാര്‍ഡുകളിലെ വിജയം, തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുന്നേറ്റം എന്നിവയോടൊപ്പം വോട്ട് ഷെയര്‍ 12-15% നിന്ന് 14-19% വരെ ഉയര്‍ന്നത് ബിജെപിക്ക് പുതിയ പ്രതീക്ഷ നല്‍കുന്നു.

മിക്ക ഒപ്പിനിയന്‍ പോളുകളും എന്‍ഡിഎയ്ക്ക് 0-2 മുതല്‍ സീറ്റുകള്‍ പ്രതീക്ഷിക്കുന്നു. ബിജെപി 5-6 സീറ്റുകള്‍ ടാര്‍ഗറ്റ് ചെയ്യുന്നതായി പാര്‍ട്ടി നേതൃത്വവും പറയുന്നു.

2021-ല്‍ ബിജെപി രണ്ടാം സ്ഥാനത്തായ 9 മണ്ഡലങ്ങളിലും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലീഡ് ചെയ്ത 11 സീറ്റുകളിലുമാണ് ഏറ്റവും വലിയ സാധ്യത. ത്രികോണ മത്സരം, മികച്ച സ്ഥാനാര്‍ത്ഥികള്‍, ക്രിസ്ത്യന്‍ വോട്ട്, ഹിന്ദു-എഴവ-ക്രിസ്ത്യന്‍ വോട്ട് ഭിന്നിപ്പ് എന്നിവയാണ് പ്രധാന ഫാക്ടറുകള്‍. എന്നാല്‍ പരമ്പരാഗത ബൈപോളാര്‍ രാഷ്ട്രീയവും വോട്ട് ട്രാന്‍സ്ഫര്‍ പ്രശ്‌നവും വെല്ലുവിളിയാണ്.

1. നേമം (തിരുവനന്തപുരം)

2016-ല്‍ ഒ. രാജഗോപാല്‍ ബിജെപിക്ക് കേരളത്തിലെ ആദ്യ വിജയം നല്‍കിയ മണ്ഡലമാണിത്. 2021-ല്‍ 3,949 വോട്ടിന് മാത്രം തോറ്റു. 2025ലെ ലോക്കല്‍ ബോഡി തിരഞ്ഞെടുപ്പില്‍ 23 വാര്‍ഡുകളില്‍ 15-ഉം ബിജെപി ജയിച്ചു. 2024ലെ ലോക്‌സഭ സെഗ്മെന്റില്‍ ബിജെപി മുന്നിലെത്തി. എന്നാല്‍, വി ശിവന്‍കുട്ടി സ്ഥാനാര്‍ത്ഥിയായതോടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന് ഇവിടെ എളുപ്പമല്ല. കോണ്‍ഗ്രസ് വോട്ടുകള്‍ നേടാന്‍ ശബരീനാഥിന് സാധിച്ചാല്‍ ത്രികോണ പോരാട്ടം കടുക്കും.

2. കഴക്കൂട്ടം (തിരുവനന്തപുരം)

വി. മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകുന്ന കഴക്കൂട്ടത്തില്‍ 2016, 2021 തിരഞ്ഞെടുപ്പുകളില്‍ ബിജെപി രണ്ടാമതെത്തിയിരുന്നു. കടകമ്പള്ളി സുരേന്ദ്രനെതിരെ ശക്തമായ മത്സരമാണ് നടക്കുക. 2024ലെ ലോക്‌സഭ സെഗ്മെന്റില്‍ ബിജെപി ലീഡ് ചെയ്ത മണ്ഡലമാണിത്. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ ബിജെപി ബെറ്റ്. ഹൈ പ്രൊഫൈല്‍ സ്ഥാനാര്‍ത്ഥിയും ലോക്കല്‍ ബോഡി മുന്നേറ്റവും ഗുണം ചെയ്യും.

3. മഞ്ചേശ്വരം (കാസര്‍ഗോഡ്)

മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് സാധ്യതയുള്ള മണ്ഡലമാണ് മഞ്ചേശ്വരം. 2021-ല്‍ 745 വോട്ടിന് മാത്രം തോറ്റു. 35-37% വോട്ട് ഷെയര്‍ സ്ഥിരമായി ലഭിക്കുന്നു. 2024 ലോക്‌സഭയിലും ബിജെപി മികച്ചുനിന്നു.

4. പാലക്കാട്

ശോഭാ സുരേന്ദ്രന്‍ മത്സരിക്കുന്ന പാലക്കാട് ബിജെപിക്ക് ഏറെ പ്രതീക്ഷയുണ്ട്. 2021-ല്‍ 3,859 വോട്ടിനാണ് തോറ്റത്. പാലക്കാട് മുനിസിപ്പാലിറ്റി ബിജെപി മൂന്നാം തവണയും ജയിച്ചിരുന്നു. മധ്യകേരളത്തിലെ ഹിന്ദു വോട്ട് ഭിന്നിപ്പ് ഗുണം ചെയ്യും. എതിരാളി രമേഷ് പിഷാരടി ആണെന്നതിനാല്‍ ശോഭാ സുരേന്ദ്രന് ജയ സാധ്യതയേറുന്നു.

5. ആറന്മുള (പത്തനംതിട്ട)

കുമ്മനം രാജശേഖരന്‍ മത്സരിക്കുന്ന ആറന്മുളയാണ് ബിജെപിയുടെ മറ്റൊരു പ്രതീക്ഷ. ക്രിസ്ത്യന്‍ വോട്ട് ടാര്‍ഗറ്റ് ചെയ്ത ബിജെപിയുടെ തന്ത്രത്തിന് ഗുണം ലഭിച്ചാല്‍ മുന്നേറാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍.

മിക്ക പോളുകളും എന്‍ഡിഎയ്ക്ക് 0-2 സീറ്റുകള്‍ മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ. വോട്ട് ഷെയര്‍ ഉയര്‍ന്നാലും സീറ്റാക്കി മാറ്റാന്‍ ബുദ്ധിമുട്ടും. എങ്കിലും 1-5 സീറ്റുകള്‍ ജയിച്ചാല്‍ അത് കേരള രാഷ്ട്രീയത്തിലെ ടേണിങ് പോയിന്റാകും.