വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നര്‍മവുമായി പിഷാരടിയെത്തി, സാധാരണക്കാരെ ചേര്‍ത്തുനിര്‍ത്തി കെസിയുടെ വാഗ്ദാനം ഇങ്ങനെ

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ മത്സരിക്കുന്ന കെസി വേണുഗോപാല്‍ വിവിധ തൊഴില്‍ മേഖലകളില്‍ നിന്നുള്ള സ്ത്രീകളുമായി സംവദിച്ചു. നടന്‍ രമേഷ് പിഷാരടിക്കൊപ്പമായിരുന്നു വേണുഗോപാല്‍ വോട്ടര്‍മാരെ കണ്ടത് സ്ത്രീകളുടെ വിവിധ പ്രശ്‌നങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.
 

 

ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ മത്സരിക്കുന്ന കെസി വേണുഗോപാല്‍ വിവിധ തൊഴില്‍ മേഖലകളില്‍ നിന്നുള്ള സ്ത്രീകളുമായി സംവദിച്ചു. നടന്‍ രമേഷ് പിഷാരടിക്കൊപ്പമായിരുന്നു വേണുഗോപാല്‍ വോട്ടര്‍മാരെ കണ്ടത് സ്ത്രീകളുടെ വിവിധ പ്രശ്‌നങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. സാധാരണക്കാരേയും കര്‍ഷകരേയുമെല്ലാം ചേര്‍ത്തുനിര്‍ത്തുന്നതാണ് കോണ്‍ഗ്രസ് പ്രകടനപത്രികയെന്നും പ്രശ്‌നപരിഹാരത്തിനായി ഇടപെടുമെന്നും ആലപ്പുഴ റെയ്ബാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംവാദത്തില്‍ വേണുഗോപാല്‍ ഉറപ്പുനല്‍കി.

കാര്‍ഷിക മേഖലയില്‍ കര്‍ഷകര്‍ നേരിടുന്ന അവഗണനയായിരുന്നു നെല്‍ക്കര്‍ഷകയായ സുശീലയുടെ ആശങ്ക. സബ്സിഡി അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതിയ്ക്ക് കര്‍ഷകര്‍ക്ക് പ്രാധാന്യം നല്‍കിയാണ് തെരഞ്ഞെടുപ്പ് പത്രിക തയ്യാറാക്കിയിരിക്കുന്നതെന്നും രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകരെ സംരക്ഷിക്കാന്‍ യുഡിഎഫ് പ്രതിജ്ഞാബദ്ധമാണെന്നും കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് കര്‍ഷകര്‍ വില നിശ്ചയിക്കുന്നത് അടക്കമുള്ള അവകാശങ്ങള്‍ നല്‍കി കര്‍ഷകരെ സംരക്ഷിക്കുമെന്നും കെസി വേണുഗോപാല്‍ മറുപടി നല്‍കി.

കാര്‍ഷിക സ്വയംപര്യാപ്തത നേടിയ ഇന്ത്യയില്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ യുഡിഎഫിന് സാധിക്കുമെന്ന് രമേശ് പിഷാരടി പറഞ്ഞു. തൊഴില്‍ ദിനങ്ങള്‍ 100-ല്‍ നിന്ന് ഉയര്‍ത്തണമെന്നും വേതനം വര്‍ധിപ്പിക്കണം എന്നുമായിരുന്നു തൊഴിലുറപ്പ് മേഖലയില്‍ നിന്നുള്ളവരുടെ ആവശ്യം. തൊഴിലുറപ്പ് കോണ്‍ഗ്രസിന്റെ കുഞ്ഞാണെന്നും അതിനെ സംരക്ഷിക്കാനും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും സാധിക്കുമെന്ന് കെസി ഉറപ്പ് നല്‍കി.

പണ്ട് യുപി ക്ലാസുകളില്‍ നൃത്തവും സംഗീതവുമൊക്കെ പഠനത്തിന്റെ ഭാഗം ആയിരുന്നു, നൃത്ത സംഗീത അദ്ധ്യാപകര്‍ക്ക് അവസരവും ഉണ്ടായിരുന്നു എന്നാല്‍ ഇന്ന് അതില്ലാത്തത് മൂലം പലര്‍ക്കും തൊഴില്‍ അവസരങ്ങള്‍ ഇല്ലാതെയായെന്ന് ജ്യോതിലക്ഷ്മി ചൂണ്ടിക്കാട്ടി. കലാ കായിക രംഗത്തെ കുട്ടികളുടെ വളര്‍ച്ചയ്ക്ക് പ്രാധാന്യം നല്‍കുമെന്നും അതിന് വേണ്ടി അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും കെസി മറുപടി നല്‍കി.

പി.എസ്.സി റാങ്ക് ലിസ്റ്റില്‍ പേര് വന്നിട്ടും ഒഴിവുകള്‍ വെളിപ്പെടുത്താതെ താത്കാലിക നിയമനങ്ങള്‍ നടത്തുന്നതിനാല്‍ റാങ്ക് ലിസ്റ്റ് കാലാവധി കഴിയുന്നതിന്റെ ആശങ്കയാണ് നഴ്‌സും രണ്ട് റാങ്ക് ലിസ്റ്റില്‍ പേരുള്ള സന്ധ്യ പങ്കുവച്ചത്. ഒഴിവുകള്‍ പി എസ് സി യെ അറിയിക്കുകയും നിയമനം നടത്തുകയും ചെയ്യും ഇന്ത്യ മുന്നണി അധികാരത്തില്‍ വന്നാല്‍ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ നല്‍കുകയും ചെയ്യുക എന്നുള്ളത് മുന്നണിയുടെ പ്രഖ്യാപിത നയമാണെന്നും അത് നടപ്പാക്കുമെന്നും കെ സി പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്നതില്‍ ആശങ്ക പങ്കുവെച്ച ഷാഹിനയെന്ന വിദ്യാര്‍ത്ഥിയോട് കേന്ദ്രസര്‍ക്കാര്‍ വിദ്യാഭ്യാസത്തെ കശാപ്പ് ചെയ്‌തെന്നും അവര്‍ ഉണ്ടാക്കിയ വിദ്യാഭ്യാസ മേഖലയിലെ തകര്‍ച്ചയെ സംരക്ഷിച്ചു വിദ്യാര്‍ത്ഥികളെ സ്വന്തം രാജ്യത്ത് തുടരാന്‍ പാകത്തിന് ഉയര്‍ന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസവും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും കെസി പറഞ്ഞു.

ഓട്ടോറിക്ഷ തൊഴിലാളികള്‍, ആശ വര്‍ക്കര്‍മാര്‍, അങ്കണവാടി അധ്യാപകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും കേട്ട കെസി വേണുഗോപാല്‍ ഇതിനൊക്കെ പരിഹാരം കാണാന്‍ യുഡിഎഫിന് കഴിയുമെന്നും അതിന് അവസരം നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യ മുന്നണിയെ വിജയിപ്പിക്കണമെന്നും പറഞ്ഞു.

പണിക്കൂലിയും ഇല്ല പണിക്കുറവും ഇല്ല എല്ലാ വിഭാഗങ്ങളിലും ശമ്പളം പ്രശ്‌നം ആണ്, ഏതെങ്കിലും മേഖല തൃപ്തികരമാണ് എന്ന് പറയാന്‍ പറ്റാത്ത അവസ്ഥയാണ് നിലവില്‍ കേന്ദ്രത്തിലും സംസ്ഥാനത്തിലും ഉള്ളത്. ഇതിന് മാറ്റം വരാന്‍ ഇന്ത്യ മുന്നണി അധികാരത്തില്‍ വരണമെന്നും അല്പം നര്‍മ്മം കലര്‍ത്തികൊണ്ട് രമേശ് പിഷാരടി പറഞ്ഞു.

പറയുന്നതിനേക്കാള്‍ ആളുകളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും അതിന് പരിഹാരം കാണാനും കഴിയുന്ന നേതാവാണ് കെസിയെന്നും അതിനാല്‍ ആലപ്പുഴയില്‍ നിന്ന് അദ്ദേഹത്തിന്റെ സാന്നിധ്യം ലോക്‌സഭയില്‍ ഉറപ്പാക്കണമെന്നും രമേശ് പിഷാരടി സംവാദത്തിന്റെ അവസാനം കൂട്ടി ചേര്‍ത്തു.