കര്‍ക്കിടക സുഖ ചികിത്സ ഉടായിപ്പോ, കഞ്ഞിയില്‍ ഒരു ബിരിയാണിയുടെ കലോറി, ആരോഗ്യമുള്ളവരും പണി ചോദിച്ചുവാങ്ങും, എങ്ങിനെയെന്ന് വിശദീകരിച്ച് ഡോ. മനോജ് വെള്ളനാട്
സംസ്ഥാന ടൂറിസത്തിന്റെ ഭാഗമായും അല്ലാതേയും കര്‍ക്കിടക സുഖ ചികിത്സയും കഞ്ഞിയുമെല്ലാം ഇന്ന് വലിയ ബിസിനസ് ആയി മാറിക്കഴിഞ്ഞു.
വമ്പന്‍ ബിസിനസ് ആയി മാറിയ കഞ്ഞി ഷുഗറുള്ളവര്‍ക്ക് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കാം. ഒരു ബിരിയാണിയുടെ കലോറിയുള്ളതാണ് കര്‍ക്കിടക കഞ്ഞി.
കൊച്ചി: സംസ്ഥാന ടൂറിസത്തിന്റെ ഭാഗമായും അല്ലാതേയും കര്‍ക്കിടക സുഖ ചികിത്സയും കഞ്ഞിയുമെല്ലാം ഇന്ന് വലിയ ബിസിനസ് ആയി മാറിക്കഴിഞ്ഞു. ഒരുകാലത്ത് സാധാരണക്കാരുടെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു ഇതെങ്കില്‍ ഇന്ന് ഇതൊരു ഫാഷനായി മാറുകയാണ്. എന്നാല്‍, കര്‍ക്കിടക കഞ്ഞിയും സുഖ ചികിത്സയും തിരിച്ചടിയുണ്ടാക്കാമെന്നാണ് ഡോ. മനോജ് വെള്ളനാട് സോഷ്യല്‍ മീഡിയയിലെ പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്.
വമ്പന്‍ ബിസിനസ് ആയി മാറിയ കഞ്ഞി ഷുഗറുള്ളവര്‍ക്ക് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കാം. ഒരു ബിരിയാണിയുടെ കലോറിയുള്ളതാണ് കര്‍ക്കിടക കഞ്ഞി. ഇത് ശരീരത്തില്‍ ആവശ്യത്തിലധികം കലോറിയുണ്ടാക്കുന്നു. നമ്മളെ പറ്റിച്ച് കാശ് കളയുന്ന ഉടായിപ്പ് പരിപാടിയാണ് കര്‍ക്കിടക ചികിത്സയെന്നും അദ്ദേഹം പറഞ്ഞു.
ഡോ. മനോജ് വെള്ളനാടിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
കര്‍ക്കിടകക്കഞ്ഞി, കര്‍ക്കിടക ചികിത്സ തുടങ്ങിയ ഉഡായിപ്പ് ബിസിനസുകള്‍!
ടൈറ്റില്‍ വായിച്ച ഉടനെ വികാരം വ്രണപ്പെട്ടവര്‍ക്ക് ഇവിടെ നിര്‍ത്താവുന്നതാണ്. അല്ലാത്തവര്‍ക്ക് മുഴുവന്‍ വായിച്ച ശേഷം വ്രണപ്പെടാവുന്നതാണ്.
ഇന്നിപ്പോള്‍ മലയാളിയുടെ കലണ്ടറില്‍ കര്‍ക്കിടകമെത്തിയാല്‍ പിന്നെ മഴയേക്കാള്‍ കൂടുതല്‍ പെയ്യുന്നത് പരസ്യങ്ങളാണ്. കര്‍ക്കിടക കഞ്ഞി കുടിക്കൂ, ശരീരം റീസ്റ്റാര്‍ട്ട് ചെയ്യൂ, കര്‍ക്കിടക ചികിത്സയിലൂടെ ശരീരത്തില്‍ അടിഞ്ഞുകൂടിയ വിഷാംശങ്ങള്‍ പുറന്തള്ളൂ.. കല്യാണ്‍ സില്‍ക്‌സില്‍ ആടി സെയില്‍സ് തുടങ്ങി എന്ന് പൃഥ്വിരാജ് പറയുന്ന പോലെ എന്തൊക്കെ അവകാശവാദങ്ങളാണ്.
പണ്ടുകാലത്ത് കര്‍ക്കിടകമെന്നാല്‍ നല്ല മഴയാണ്. മഴക്കാലത്ത് പണിയില്ലാതെ സാമ്പത്തികമായി അത്രയധികം ബുദ്ധിമുട്ടുന്ന സമയത്താണ് (പഞ്ഞമാസം) ആളുകള്‍ ലളിതമായ ആഹാരവും വിശ്രമവും ശീലമാക്കിയിരുന്നത്. ഗതികേട് കൊണ്ടാണ്, വേറെ വലിയ ശാസ്ത്രമൊന്നുമില്ല അതിന് പിന്നില്‍. അങ്ങനെയൊരു കഷ്ടത നിറഞ്ഞ കാലത്തിന്റെ നൊസ്റ്റാള്‍ജിയയും മനുഷ്യന്റെ സഹജമായ മരണഭയവും സമാസമം ചേര്‍ത്ത് അറിവില്ലായ്മയുടെ പാത്രത്തില്‍ വിളമ്പുന്ന നല്ല ഒന്നാന്തരം ഫ്രോഡ് ബിസിനസാണ് കര്‍ക്കിടകക്കഞ്ഞിയും ചികിത്സയും. അവരുടെ അവകാശവാദങ്ങളില്‍ ചിലത് ഓരോന്നായി നോക്കാം.
1. 'ഡീറ്റോക്‌സിഫിക്കേഷന്‍' അല്ലെങ്കില്‍ 'ശരീരത്തിലെ വിഷം കളയല്‍'
ഏറ്റവും വലിയ തട്ടിപ്പ് നടക്കുന്നത് ഈ വാക്കിലാണ്. കര്‍ക്കിടക കഞ്ഞി കുടിച്ചാല്‍ രക്തത്തിലെയും ശരീരത്തിലെയും സര്‍വ്വ വിഷവും ഇറങ്ങിപ്പോകും എന്നാണ് വെപ്പ്. 'ഡീടോക്‌സ്'- ആധുനിക ഹെല്‍ത്ത് & വെല്‍നസ് ഇന്‍ഡസ്ട്രിയുടെ ഏറ്റവും വലിയ വരുമാന മാര്‍ഗ്ഗങ്ങളിലൊന്നാണ് ഈ ഒറ്റ വാക്ക്. കര്‍ക്കിടക കഞ്ഞി മുതല്‍ 5000 രൂപയുടെ ഗ്രീന്‍ ജ്യൂസുകള്‍, ഡീറ്റോക്‌സ് ടീ, ഫുട് പാച്ചുകള്‍ വരെ വന്‍തോതില്‍ വില്‍ക്കപ്പെടുന്നത് ആളുകളില്‍ നിര്‍മ്മിച്ചെടുക്കുന്ന ഒരുതരം 'അജ്ഞാത ഭയത്തെ' (Fear of Toxins) അടിസ്ഥാനമാക്കിയാണ്.
എന്താണ് ഈ 'ടോക്‌സിനുകള്‍'? ഡീറ്റോക്‌സ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നവരോട് 'ശരീരത്തില്‍ നിന്ന് കൃത്യമായി ഏത് വിഷമാണ് ഈ കഞ്ഞിയോ ജ്യൂസോ വഴി നിങ്ങള്‍ പുറത്തേക്ക് കളയുന്നത്?' എന്ന് ചോദിച്ചാല്‍ അവര്‍ക്ക് ഉത്തരമുണ്ടാകില്ല. കാരണം അങ്ങനെ ഒന്നില്ല. ശാസ്ത്രീയമായി പറയുമ്പോള്‍, നമ്മുടെ ശരീരത്തില്‍ സ്വാഭാവികമായി ഉണ്ടാകുന്ന മാലിന്യങ്ങള്‍ (ഉദാഹരണത്തിന്: മെറ്റാബോളിസത്തിന്റെ ഫലമായി ഉണ്ടാകുന്ന യൂറിയ, ക്രിയാറ്റിനിന്‍, ലാക്റ്റിക് ആസിഡ്, ബിലിറൂബിന്‍ മുതലായവ) ആണ് പുറന്തള്ളപ്പെടേണ്ടത്.
ഈ പറഞ്ഞ മാലിന്യങ്ങളെ ശരീരം 24 മണിക്കൂറും ഡീറ്റോക്‌സിഫിക്കേഷന്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത അത്ഭുതകരമായ രണ്ട് അവയവങ്ങള്‍ നമുക്കുണ്ട്. ഒന്ന്, കരള്‍. നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിലെയും മരുന്നുകളിലെയും വേസ്റ്റ് പദാര്‍ത്ഥങ്ങളെയും അനാവശ്യ രാസവസ്തുക്കളെയും വിഘടിപ്പിച്ച്, ശരീരത്തിന് ദോഷമില്ലാത്ത രീതിയിലാക്കി മാറ്റുന്നത് കരളാണ്. നിങ്ങളൊരു വിശ്വാസിയാണെങ്കില്‍ ശരിക്കും ഒരു ക്ഷേത്രമോ പള്ളിയോ പണിഞ്ഞ് അവിടെ പ്രതിഷ്ഠിക്കേണ്ട ആളാണ് കരള്‍. അത്രയും കാര്യങ്ങള്‍ ഒറ്റയ്ക്ക് ചെയ്യുന്നുണ്ട് ആള്.
രണ്ട്, കിഡ്‌നികള്‍. രക്തത്തെ നിരന്തരം അരിച്ചെടുത്ത്, അതിലെ മാലിന്യങ്ങളെ മൂത്രത്തിലൂടെ പുറന്തള്ളുന്നത് വൃക്കകളാണ്. ഒരു ദിവസം 180 ലിറ്റര്‍ രക്തമാണ് രണ്ടു കിഡ്നികളും കൂടി അരിച്ചെടുക്കുന്നത്. അതിനെ പിന്നെ വെറും ഒന്നര ലിറ്റര്‍ മൂത്രമായി പുറത്ത് കളയുന്നത് എന്തുമാത്രം പണിയെടുത്തിട്ടാണ് എന്നോര്‍ക്കണം. ഇവ രണ്ടും കൂടാതെ നമ്മള്‍ ശ്വാസം വിടുമ്പോള്‍ ശ്വാസകോശവും, വിയര്‍ക്കുമ്പോള്‍ ചര്‍മ്മവും, ദഹനാവശിഷ്ടങ്ങള്‍ കളയുമ്പോള്‍ കുടലും ഇതില്‍ പങ്കാളികളാകുന്നു. നിങ്ങളുടെ കരളും വൃക്കയും ആരോഗ്യത്തോടെ ഇരിക്കുന്നുണ്ടെങ്കില്‍, വിപണിയില്‍ കിട്ടുന്ന ഒരു ഡീറ്റോക്‌സ് പാനീയത്തിന്റെയോ കര്‍ക്കിടക കഞ്ഞിയുടെയോ സഹായം നിങ്ങളുടെ ശരീരത്തിന് ആവശ്യമില്ല എന്നതാണ് സത്യം.
ഇത്തരം 'ഡീറ്റോക്‌സ്' തട്ടിപ്പുകളില്‍ കാശു പോകുന്നത് മാത്രമല്ല അപകടങ്ങള്‍. വേറെയും ഉണ്ട്.
a) വൃക്കകള്‍ക്ക് പണി കിട്ടാം: പല വ്യാജ ഡീറ്റോക്‌സ് പാനീയങ്ങളിലും കഞ്ഞിപ്പൊടികളിലും അളവില്ലാതെ ചേര്‍ക്കുന്ന ചില അങ്ങാടിമരുന്നുകളും ഇലച്ചാറുകളും വൃക്കകള്‍ക്ക് അമിതഭാരമുണ്ടാക്കുകയും ഡാമേജ് വരുത്തുകയും ചെയ്യാം.
b) ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ: അമിതമായി വയറിളക്കി 'ഡീറ്റോക്‌സ്' ചെയ്യുന്ന ചില പരീക്ഷണങ്ങള്‍ ശരീരത്തിലെ സോഡിയം, പൊട്ടാസ്യം എന്നിവയുടെ അളവ് അപകടകരമായി കുറയ്ക്കാം.
c) ഷുഗര്‍ സ്‌പൈക്ക്: ഫ്രൂട്ട് ജ്യൂസ് ഡീറ്റോക്‌സ് ചെയ്യുമ്പോള്‍ പഴങ്ങളിലെ ഫൈബര്‍ നഷ്ടപ്പെട്ട് വലിയ അളവില്‍ ഫ്രക്‌റ്റോസ് രക്തത്തിലേക്ക് എത്തുകയും പ്രമേഹ സാധ്യത കൂട്ടുകയും ചെയ്യും.
അപ്പോള്‍ ശാസ്ത്രീയമായി ശരീരം എങ്ങനെ 'ക്ലീന്‍' ആയി നിലനിര്‍ത്താം? ശരീരത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന (കലണ്ടര്‍ നോക്കാതെ) ഫില്‍ട്ടറേഷന്‍ സിസ്റ്റം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ചില സിമ്പിള്‍ കാര്യങ്ങള്‍ ചെയ്താ മാത്രം മതി.
a) ധാരാളം വെള്ളം കുടിക്കുക: വൃക്കകള്‍ക്ക് മാലിന്യങ്ങള്‍ കഴുകിക്കളയാന്‍ വെള്ളം അത്യാവശ്യമാണ്.
b) നല്ല ഉറക്കം: രാത്രി ഉറങ്ങുമ്പോഴാണ് തലച്ചോറിലെ വേസ്റ്റ് പദാര്‍ത്ഥങ്ങള്‍ നീക്കം ചെയ്യപ്പെടുന്ന പ്രക്രിയ (Glymphatic system) നടക്കുന്നത്.
c) പുകവലിയും മദ്യപാനവും ഒഴിവാക്കുക: കരളിന് ഏറ്റവും അധികം പണി കൊടുക്കുന്ന വിഷവസ്തുക്കള്‍ ഇവയാണ്.
d) ഫൈബര്‍ അടങ്ങിയ ഭക്ഷണം: പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കുന്നത് കുടലിന്റെ ആരോഗ്യം നിലനിര്‍ത്തും.
'ഡീറ്റോക്‌സിഫിക്കേഷന്‍' എന്നത് കടകളില്‍ നിന്ന് വാങ്ങി കുടിക്കേണ്ട ഒരു പ്രോഡക്റ്റല്ല, മറിച്ച് നിങ്ങള്‍ ജനിച്ച നാള്‍ മുതല്‍, സോറി അമ്മയുടെ വയറ്റില്‍ കിടന്ന നാള്‍ മുതല്‍ നിങ്ങളുടെ സ്വന്തം ശരീരം സൗജന്യമായി ചെയ്തുകൊണ്ടിരിക്കുന്ന ഒരു സ്വാഭാവിക പ്രക്രിയയാണ് ??.
2. കര്‍ക്കിടക കഞ്ഞി എന്ന പറ്റിപ്പ്
ഞവര അരി, പലതരം അപൂര്‍വ്വ മൂലികകള്‍, കറുവപ്പട്ട, ഏലക്ക, ജീരകം, ആശാളി, അയംമോദകം... പിന്നെ കുറേ തേങ്ങാപ്പാലും നെയ്യും! ഇതാണ് ഇന്നത്തെ സ്‌പെഷ്യല്‍ കര്‍ക്കിടക കഞ്ഞി. പണ്ടുകാലത്ത് മഴക്കാലത്ത് മനുഷ്യര്‍ക്ക് കഠിനാധ്വാനവും പണിയും കുറവായിരുന്നു. തണുത്ത കാലാവസ്ഥയില്‍ വിശപ്പ് കുറയുകയും ദഹനപ്രക്രിയ പതുക്കെയാവുകയും ചെയ്യാം. അന്നങ്ങനെ പല കാരണങ്ങള്‍ കൊണ്ടും ഗതികേടുകൊണ്ടും കഴിച്ചിരുന്ന കഞ്ഞി ഇന്ന് ഒരു കലോറി ബോംബാണ്.
ഇന്നത്തെ പല റെഡിമേഡ് കിറ്റുകളിലും ഹോട്ടലുകളിലും കിട്ടുന്ന സ്‌പെഷ്യല്‍ കര്‍ക്കിടക കഞ്ഞിയുടെ റെസിപ്പി പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകും.
A. തേങ്ങാപ്പാലിന്റെ അതിപ്രസരം (Fat Content).
രുചി കൂട്ടാനും കഞ്ഞിക്ക് നല്ല 'ക്രീമി' ടെക്‌സ്ചര്‍ കിട്ടാനും ധാരാളം തേങ്ങയുടെ ഒന്നാം പാലും രണ്ടാം പാലും ഒഴിച്ചാണ് കഞ്ഞി ഉണ്ടാക്കുന്നത്. ഒരു കപ്പ് കട്ടി തേങ്ങാപ്പാലില്‍ മാത്രം 400 - 500 വരെ കലോറിയും ഉയര്‍ന്ന അളവില്‍ സാചുറേറ്റഡ് ഫാറ്റും അടങ്ങിയിട്ടുണ്ട്.
B. നെയ്യുടെയും പഞ്ചസാരയുടെയും ഉപയോഗം.
ആരോഗ്യത്തിന് നല്ലതാണ് എന്ന് പറഞ്ഞ് ആളുകള്‍ ഇതിലേക്ക് വലിയ സ്പൂണുകളില്‍ പശുവിന്‍ നെയ്യ് ഒഴിക്കുന്നു (1 സ്പൂണ്‍ നെയ്യ് = ~120 കലോറി). കൂടാതെ ചില സ്ഥലങ്ങളില്‍ കഞ്ഞിക്ക് രുചി കൂട്ടാന്‍ ശര്‍ക്കരയോ പനങ്കല്‍ക്കണ്ടമോ ചേര്‍ക്കാറുമുണ്ട്.
C. റൈസ് പോര്‍ഷന്‍ (അരിയുടെ അളവ്).
പലരും ഒരു ചെറിയ ബൗള്‍ കുടിക്കുന്നതിന് പകരം, വലിയ പാത്രങ്ങളില്‍ 2-3 ഗ്ലാസ് കഞ്ഞി കുടിക്കാറുണ്ട്. അടുത്ത ഒരു വര്‍ഷത്തേക്കുള്ള ആരോഗ്യം ആണല്ലോ ഈ കഞ്ഞി, കൂടുതല്‍ ഇരിക്കട്ടെ. പക്ഷെ ഏത് കഞ്ഞിയായാലും അരി കാര്‍ബോ ഹൈഡ്രേറ്റാണ്.
കണക്കുകള്‍ പരിശോധിച്ചാല്‍ സാധാരണ ഒരു ബൗള്‍ കഞ്ഞിയില്‍ ഏകദേശം 120-150 കലോറി മാത്രമുള്ളപ്പോള്‍, സമൃദ്ധമായി തേങ്ങാപ്പാലും നെയ്യും അങ്ങാടിമരുന്നും ചേര്‍ത്ത ഒരു വലിയ ബൗള്‍ സ്‌പെഷ്യല്‍ കര്‍ക്കിടക കഞ്ഞിയില്‍ 500 മുതല്‍ 700+ കലോറി വരെ ഉണ്ടാകാം! (ഇത് ഒരു ബിരിയാണി കഴിക്കുന്നതിന് തുല്യമായ കലോറിയാണ്!)
ഇത് പ്രമേഹ രോഗികള്‍ക്ക് പണിയാവും. കര്‍ക്കിടക കഞ്ഞി കുടിച്ചാല്‍ പ്രമേഹം മാറുമെന്നത് ഒരു വലിയ തെറ്റിദ്ധാരണയാണ്. അരി (ഞവര അരിയാണെങ്കില്‍ പോലും) നന്നായി വെന്ത് കഞ്ഞിയാകുമ്പോള്‍ അതിന്റെ ഗ്ലൈസെമിക് ഇന്‍ഡക്‌സ് (Glycemic Index) വളരെ ഉയരുന്നു. കുടിച്ച നിമിഷങ്ങള്‍ക്കകം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുത്തനെ കൂടും.
കൂടാതെ അമിത വണ്ണവും കൊളസ്‌ട്രോളും ഉള്ളവര്‍ക്ക് ദിവസവും 500-700 കലോറി അധികമായി കഞ്ഞിയിലൂടെ ശരീരത്തില്‍ എത്തുകയും, മഴക്കാലത്ത് വ്യായാമം കുറയുകയും ചെയ്യുമ്പോള്‍ ശരീരഭാരവും കൊളസ്‌ട്രോളും വല്ലാതെ ഉയരും. ഫാറ്റി ലിവര്‍ ഒക്കെ ഉള്ളവര്‍ക്ക് അമിതമായ കലോറിയും തേങ്ങാപ്പാലിലെ കൊഴുപ്പും ഫാറ്റി ലിവര്‍ അവസ്ഥ കൂടുതല്‍ മോശമാക്കാം.
അപ്പോള്‍ പലര്‍ക്കും സംശയം തോന്നും, ഡീറ്റോക്‌സ് കഞ്ഞികളും ജ്യൂസുകളും കുടിക്കുമ്പോള്‍ ഭാരം കുറയുന്നത് എന്തുകൊണ്ട്? ആളുകള്‍ ചോദിക്കാറുണ്ട്: 'ഞാന്‍ ഒരാഴ്ച കര്‍ക്കിടക കഞ്ഞി / ഡീറ്റോക്‌സ് ഡയറ്റ് എടുത്തപ്പോള്‍ 2 കിലോ കുറഞ്ഞല്ലോ! അപ്പോള്‍ സംഭവം സത്യമല്ലേ?'
ഇത് മിതമായ അളവില്‍ ഈ പറഞ്ഞ കഞ്ഞി മാത്രം കുടിക്കുകയും സ്ഥിരം കഴിക്കുന്ന മറ്റ് ഭക്ഷണങ്ങള്‍ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നവരിലാണ്. ആ നിയന്ത്രണം ഇല്ലാത്തവരുടെ ഭാരം കുറയില്ല.
ഇതിന് പിന്നില്‍ ലളിതമായ സയന്‍സ് ഉണ്ട്. ഒന്ന്, വാട്ടര്‍ വെയ്റ്റ് (Water Weight). നിങ്ങള്‍ സാധാരണ കഴിക്കുന്ന എണ്ണയും എരിവും ചോറുമൊക്കെ ഒഴിവാക്കി കഞ്ഞിയോ ജ്യൂസോ മാത്രം കുടിക്കുമ്പോള്‍ ശരീരത്തില്‍ നിന്ന് പെട്ടെന്ന് വെള്ളവും ഗ്ലൈക്കോജനും കുറയുന്നു. ഇതാണ് വെയ്റ്റ് മെഷീനില്‍ കാണുന്ന കുറവ്. രണ്ട്, കലോറി ഡെഫിസിറ്റ് (Calorie Deficit). നിങ്ങള്‍ ദിവസവും കഴിക്കുന്ന കലോറിയേക്കാള്‍ വളരെ കുറഞ്ഞ കലോറി മാത്രം ശരീരത്തിലെത്തുമ്പോള്‍ ഭാരം സ്വാഭാവികമായും കുറയും. ഇതില്‍ മരുന്നിന്റെയോ 'വിഷം പുറത്തുപോയതിന്റെയോ' യാതൊരു മാജിക്കുമില്ല, അതിന് സാധാരണ വീട്ടില്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറച്ചാല്‍ തന്നെ കാശു ലാഭിച്ചുകൊണ്ട് ഇത്രയും ഗുണം കിട്ടും.
3. 'സുഖചികിത്സ' എന്ന ബ്രാന്‍ഡിംഗ്
മഴക്കാലത്ത് പണിയില്ലാതെ വീട്ടിലിരിക്കുമ്പോള്‍ അല്പം കുഴമ്പ് തേച്ച് കുളിക്കുന്നത് പണ്ടുള്ളവര്‍ക്ക് ഒരു സുഖമായിരുന്നു. എന്നാല്‍ ഇന്നത് പാക്കേജുകളാണ്. 5000 രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ വിലയുള്ള 'കര്‍ക്കിടക പുനര്‍ജ്ജനി പാക്കേജുകള്‍'. ചികിത്സ എന്നത് രോഗമുള്ളപ്പോള്‍ ഒരു വിദഗ്ധന്‍ പരിശോധിച്ച് നിര്‍ദ്ദേശിക്കുമ്പോള്‍ ചെയ്യേണ്ട ഒന്നാണ്. അല്ലാതെ കര്‍ക്കിടക മാസം ഒന്നാം തീയതി കലണ്ടര്‍ നോക്കി എല്ലാവരും ഒരേപോലെ കുഴമ്പ് തേക്കണമെന്ന് ആയുര്‍വേദത്തിലും പറയുന്നുണ്ടെന്ന് തോന്നുന്നില്ല.
നിങ്ങടെ കയ്യില്‍ കാശുണ്ടെങ്കില്‍ അതുകൊണ്ട് എന്തു ചെയ്യണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്ക് തന്നെയാണ്. ബിവറേജസില്‍ പോയി സ്വന്തം കാശുമുടക്കി കുപ്പി വാങ്ങി നാലെണ്ണം വീശുന്നവനെ നമ്മള്‍ തടയുന്നില്ലല്ലോ. പക്ഷെ മദ്യം ആരോഗ്യത്തിന് ഹാനികരമാണെന്ന് നമ്മള്‍ പറയാതെയും ഇരിക്കില്ല. ശരിക്കും ഇതൊരു നല്ല ഉപമപോലുമല്ല. കാരണം മദ്യം ദോഷമാണെന്ന് അറിഞ്ഞിട്ടാണ് ഒരാള്‍ മദ്യപിക്കുന്നത്. എന്നാല്‍ കര്‍ക്കിടക മാസ ഉഡായിപ്പുകള്‍ നമുക്ക് നല്ലതുവരും എന്ന് പറഞ്ഞ് പറ്റിച്ച് നമ്മളെ കൊണ്ട് കാശും ആരോഗ്യവും കളയിക്കുന്ന ഒന്നാന്തരം ഫ്രോഡ് ബിസിനസ് മാത്രമാണ്.
പറ്റിക്കപ്പെടാതിരിക്കാന്‍ എനിക്കാവതില്ലേ എന്ന് വിചാരിക്കുന്നവര്‍ തീര്‍ച്ചയായും പോയി തല വയ്ക്കണം എന്ന് മാത്രം പറഞ്ഞുകൊണ്ട് നിര്‍ത്തുന്നു. അപ്പോള്‍ ഇനി വേണേല്‍ വ്രണപ്പെട്ടോളൂ.. ??