'കണ്ണില്ലാ ക്രൂരത'; സ്വകാര്യ ബസ് ജീവനക്കാരുടെ മനുഷ്യത്വം നശിച്ചോ......? : കണ്ണൂരിൽ നടന്നത് ഞെട്ടിപ്പിക്കുന്ന സംഭവം..!

കണ്ണൂർ : ബസ്സിൽ വച്ച് അസ്വസ്ഥതകൾ അനുഭവപ്പെട്ട യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ മുന്നും പിന്നും നോക്കാതെ ആശുപത്രിയിലേക്കോടിയ ബസ് ജീവനക്കാരുടെ കഥകൾ നമ്മൾ പലപ്പോഴായി വാർത്തകളി
 
കണ്ണൂർ : ബസ്സിൽ വച്ച് അസ്വസ്ഥതകൾ അനുഭവപ്പെട്ട യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ മുന്നും പിന്നും നോക്കാതെ ആശുപത്രിയിലേക്കോടിയ ബസ് ജീവനക്കാരുടെ കഥകൾ നമ്മൾ പലപ്പോഴായി വാർത്തകളിൽ കണ്ടിട്ടുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ബസ്സിൽ വച്ച് ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരനെ ശ്രദ്ധിക്കുക പോലും ചെയ്യാതെ മണിക്കൂറുകളോളമാണ് കണ്ണൂരിലെ ഒരു സ്വകാര്യ ബസ് യാത്ര നടത്തിയത്.

കണ്ണൂർ - കാസർഗോഡ് റൂട്ടിലോടുന്ന 'വൈറ്റ് റോസ്' ബസ്സിലെ ജീവനക്കാരാണ് ജീവന് പുല്ലുവില നൽകി സർവീസ് നടത്തിയത്. ബക്കളം സ്വദേശി ശ്രീധരനാണ് ബസ് ജീവനക്കാരുടെ ഈ കൊടും ക്രൂരതയ്ക്ക് ഇരയായത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് മനസാക്ഷിയെ നടുക്കിയ സംഭവം നടന്നത്.

ചെറുകിട ബസ് ഓണർസ് അസോസിയേഷനിലെ കളക്ഷൻ ഏജന്റ് ആയ ശ്രീധരൻ കണ്ണൂരിലേക്ക് പോകുന്നതിനായാണ് ധര്മശാലയിൽ നിന്ന്     വൈറ്റ് റോസ് ബസിൽ കയറിയത്. യാത്രയ്ക്കിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തളർച്ച കാരണം കണ്ണൂർ ബസ്സ്റ്റാൻഡിൽ അദ്ദേഹത്തിന് ഇറങ്ങാൻ  സാധിച്ചില്ല.

ബസ് ജീവനക്കാർ അപ്പോഴും അദ്ദേഹത്തെ ശ്രദ്ധിച്ചിരുന്നില്ല. തുടർന്ന് ആ ബസ് വീണ്ടും കണ്ണൂരിൽ നിന്നും കാഞ്ഞങ്ങാട്ടേയ്ക്ക് പുറപ്പെട്ടു. വയ്യ എന്നും എവിടെയെങ്കിലും ഇറക്കണം എന്നും പലയാവർത്തി പറയാൻ ശ്രമിക്കിച്ചെങ്കിലും അദ്ദേഹം മദ്യപിച്ച് പിച്ചും പേയും പറയുന്നതായി കരുതി കണ്ടക്ടർ അദ്ദേഹത്തെ പരിഹസിക്കുകയാണ് ചെയ്തത്. പിന്നീട് കാഞ്ഞങ്ങാട് നിന്നും തിരിച്ചു കണ്ണൂർ എത്തിയ ശേഷം ബസ് സ്റ്റാൻഡിലെ കസേരയിൽ കൊണ്ടിരുത്തി പോവുകയാണുണ്ടായത്.

അതിനിടയിൽ സൊസൈറ്റിയിലെ വനിതാ ജീവനക്കാരിയെ വിളിച്ച് ഇയാളെ ഇവിടെ ഇരുത്തിയിട്ടുണ്ടെന്നും വേണമെങ്കിൽ കൂട്ടി ആശുപത്രിയിൽ പോകാനും ഞങ്ങള്ക്ക് സമയം ഇല്ല എന്നും പറഞ്ഞു. വനിതാ ജീവനക്കാരി വിവരം അറിയിച്ചതിനെത്തുടർന്ന് അദ്ദേഹത്തിന്റെ മകൻ എത്തിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുപോയത്. അതായത് ഉച്ചയോടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹത്തെ രാത്രി 8 മണിയോടെയാണ് കണ്ണൂർ സ്റ്റാൻഡിൽ ഇറക്കി വിട്ടത്.  

ബസ് ജീവനക്കാരുടെ അശ്രദ്ധമൂലം അദ്ദേഹത്തിന്റെ ശരീരത്തിന്റെ ഒരു ഭാഗം തളർന്നു പോയി. ഇപ്പോൾ കണ്ണൂർ ധനലക്ഷ്മി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം സമയക്കുറവ്  മൂലം  ശ്രദ്ധിക്കുവാൻ പറ്റിയില്ല എന്നാണ് ബസ് ജീവനക്കാർ പറയുന്നത്.

ഒരുപാട് കരുണയുള്ള  ബസ്  ജീവനക്കാർ  നമ്മുടെ ഇടയിൽ എത്രയോ മനുഷ്യ ജീവനുകൾ ട്രിപ്പും കളക്ഷനും നോക്കാതെ രക്ഷപ്പെടുത്താൻ  നടത്തിയ ഇടപെടലുകൾ നമ്മുക്ക് അറിയാവുന്നതാണ്. അവർക്കൊക്കെ നാണക്കേട് ഉണ്ടാക്കുന്നതാണ് 'വൈറ്റ് റോസി 'ലെ ഈ  തൊഴിലാളികളുടെ ഭാഗത്തു നിന്നുണ്ടായ ഈ വീഴ്ച.