വേനല്‍ച്ചൂടിലും കണ്ണൂരില്‍ കരുത്തരുടെ ഇഞ്ചോടിഞ്ച് പോരാട്ടം; ആര് വാഴും ആര് വീഴുമെന്നത് പ്രവചനാതീതം.. 

ഈ കടുത്ത വേനല്‍ക്കാലത്തും ചൂടേറിയ തെരഞ്ഞെടുപ്പ് പ്രചരണമാണ് കണ്ണൂരില്‍ നടക്കുന്നത്. തെരഞ്ഞെടുപ്പ് തീയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കരുത്തരായ മുന്നണി സ്ഥാനാര്‍ത്ഥികള്‍ ആവേശത്തിലാണ്. മുന്‍വിധികളും കണക്കുകൂട്ടലുകളും ഒന്നാകെ അട്ടിമറിക്കപ്പെടുന്നതാണ് കണ്ണൂരിന്റെ ലോക്സഭാ തെരഞ്ഞെടുപ്പ് ചരിത്രം.
 

കണ്ണൂര്‍: ഈ കടുത്ത വേനല്‍ക്കാലത്തും ചൂടേറിയ തെരഞ്ഞെടുപ്പ് പ്രചരണമാണ് കണ്ണൂരില്‍ നടക്കുന്നത്. തെരഞ്ഞെടുപ്പ് തീയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കരുത്തരായ മുന്നണി സ്ഥാനാര്‍ത്ഥികള്‍ ആവേശത്തിലാണ്. മുന്‍വിധികളും കണക്കുകൂട്ടലുകളും ഒന്നാകെ അട്ടിമറിക്കപ്പെടുന്നതാണ് കണ്ണൂരിന്റെ ലോക്സഭാ തെരഞ്ഞെടുപ്പ് ചരിത്രം. പ്രവചനങ്ങളെ അപ്രസക്തമാക്കുന്ന രാഷ്ട്രീയ അടിയൊഴുക്കുകള്‍ തന്നെയാണ് ഇതിനു കാരണം. കമ്മ്യൂണിസ്റ്റ് കോട്ടയെന്ന് പുറത്തുനിന്നുള്ളവര്‍ കണ്ണൂരിനെ വിലയിരുത്തുമെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ പലവട്ടം യു.ഡി.എഫിനെ ചേര്‍ത്തുപിടിച്ച മണ്ഡലമാണ് കണ്ണൂര്‍.
 
1977ല്‍ മണ്ഡലം രൂപീകരിച്ചതുമുതല്‍ 12 ലോക്സഭ തെരഞ്ഞെടുപ്പുകള്‍ക്കാണ് കണ്ണൂര്‍ സാക്ഷ്യം വഹിച്ചത്. 
ഒമ്പതു തവണയും ജയിച്ചുകയറിയത് യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍. 1999, 2004, 2014 വര്‍ഷങ്ങളില്‍ മാത്രമാണ് ഇവിടെ സി.പി.എം സ്ഥാനാര്‍ഥികള്‍ ജയമറിഞ്ഞത്. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പക്ഷെ, കണ്ണൂര്‍ കോട്ട കാത്തുപോരുന്നത് എല്‍.ഡി.എഫ് തന്നെ.

തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ തുടക്കത്തിലേ സ്ഥാനാര്‍ഥിയെ നിശ്ചയിച്ച് കളത്തില്‍ സജീവമാണ് എല്‍ഡിഎഫ്. സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എന്നതിനാല്‍ പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കപ്പെട്ടതുമുതല്‍ മണ്ഡലപര്യടനത്തില്‍ സജീവമാണ് എം.വി ജയരാജന്‍. സിറ്റിങ് എം.പി കെ. സുധാകരന്‍ തന്നെയാണ് ഇത്തവണയും യു.ഡി.എഫ് സ്ഥാനാര്‍ഥി. കഴിഞ്ഞതവണത്തെപ്പോലെ വോട്ടര്‍മാര്‍ തന്നെ തുണയ്ക്കുമെന്ന പ്രതീക്ഷയില്‍ മണ്ഡലപര്യടനത്തില്‍ സജീവമാണ് കെ.സുധാകരന്‍. 

ഇടത്തോട്ടും വലത്തോട്ടും ചായാറുണ്ടെങ്കിലും കണ്ണൂര്‍ മണ്ഡലത്തില്‍ സി.പി.എമ്മിന് കനത്ത പ്രഹരമേറ്റത് 2019ല്‍ ആയിരുന്നു. ഒരു ലക്ഷത്തിനടുത്ത് ഭൂരിപക്ഷത്തിനാണ് അന്ന് കെ.സുധാകരന്‍ പി.കെ ശ്രീമതിയെ തോല്‍പ്പിച്ചത്. കേരളമൊന്നാകെ ആഞ്ഞുവീശിയ രാഹുല്‍ തരംഗം കണ്ണൂരിലും പ്രതിഫലിച്ചു എന്ന് സമാശ്വസിക്കാമെങ്കിലും ഇടതു കോട്ടകളെ കടപുഴക്കിക്കൊണ്ടായിരുന്നു കണ്ണൂരിലെ യു.ഡി.എഫ് മുന്നേറ്റം. കണ്ണൂര്‍, അഴീക്കോട്, പേരാവൂര്‍, ഇരിക്കൂര്‍ മണ്ഡലങ്ങളില്‍ വമ്പിച്ച ലീഡോടെ സുധാകരന്‍ മുന്നേറിയപ്പോള്‍ ചുവപ്പ് കോട്ടകളായ ധര്‍മടത്തും മട്ടന്നൂരും സി.പി.എമ്മിന്റെ ലീഡ് ഗണ്യമായി കുറഞ്ഞു.

സി.പി.എം അക്ഷരാര്‍ഥത്തില്‍ ഞെട്ടിയത് തളിപ്പറമ്പിലായിരുന്നു. 725 വോട്ടിന്റെ ലീഡായിരുന്നു സുധാകരന് തളിപ്പറമ്പില്‍. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിംസ് മാത്യു നാല്‍പ്പതിനായിരം വോട്ടുകള്‍ക്ക് ജയിച്ച മണ്ഡലത്തിലായിരുന്നു യു.ഡി.എഫിന്റെ ഈ കുതിപ്പ്. ഡി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി സി.രഘുനാഥിനെയാണ് ബി.ജെ.പി ഇത്തവണ കണ്ണൂരില്‍ ഇറക്കിയത്. യു.ഡി.എഫ് വോട്ടില്‍ വിള്ളല്‍ വീഴ്ത്താമോ എന്നതിലാണ് ബി.ജെ.പിയുടെ നോട്ടം.