അന്‍വറും ദിവ്യയും പറയുന്നത് ഒരേ കാര്യം, വിമര്‍ശനമാകാം, വിമര്‍ശിച്ച രീതി ശരിയായില്ല, പാര്‍ട്ടി നടപടിയുണ്ടായേക്കും

എഡിഎം കെ നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയ്ക്ക് വീഴ്ചപറ്റിയതായി സിപിഎം കണ്ണൂര്‍ നേതൃത്വത്തിന്റെ വിലയിരുത്തല്‍.

 

തെറ്റായ പ്രവണതകള്‍ അനുഭവത്തില്‍ ഉണ്ടായാല്‍ പലരും ജനപ്രതിനിധികളോട് അവരുടെ സങ്കടങ്ങള്‍ വിവരിക്കാറുണ്ട്

കണ്ണൂര്‍: എഡിഎം കെ നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയ്ക്ക് വീഴ്ചപറ്റിയതായി സിപിഎം കണ്ണൂര്‍ നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഉദ്യോഗസ്ഥന്‍ അഴിമതിക്കാരനാണോ അല്ലയോ എന്നതിനേക്കാള്‍ അത് പറയേണ്ടിയിരുന്ന വേദി തെറ്റായിരുന്നു എന്നാണ് പാര്‍ട്ടിയുടെ നിലപാട്. കണ്ണൂരില്‍ നിന്നും പത്തനംതിട്ടയിലേക്ക് യാത്രയയപ്പ് നല്‍കവേ അത്തരമൊരു വേദിയിലേക്ക് ദിവ്യ ക്ഷണിക്കാതെ പോയതിലും പാര്‍ട്ടിക്ക് വിയോജിപ്പുണ്ട്.

പ്രശാന്തന്‍ എന്ന വ്യക്തിയില്‍ നിന്നും 98,500 രൂപ എഡിഎം കൈക്കൂലി വാങ്ങിയതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ദിവ്യ എഡിഎമ്മിനെ വിമര്‍ശിക്കാന്‍ ശ്രമിച്ചത്. നേരത്തെ താന്‍ ഇടപെട്ടിട്ടും എന്‍ഒസി കൊടുക്കാതെ കൈക്കൂലി വാങ്ങി അനുമതി നല്‍കിയെന്ന വിവരം ജനപ്രതിനിധി എന്ന നിലയില്‍ ദിവ്യ ചോദ്യം ചെയ്തു. എന്നാല്‍, പരസ്യമായ വിചാരണയെന്ന രീതിയില്‍ യാത്രയയപ്പ് വേദി അലങ്കോലമാക്കാനാണ് ദിവ്യ ശ്രമിച്ചതെന്നാണ് വിമര്‍ശനം ഉയരുന്നത്.

നവീന്‍ ബാബുവിന്റെ വേര്‍പാടില്‍ ദുഃഖവും അനുശോചനവും രേഖപ്പെടുത്തിയ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ദുഃഖമനുഭവിക്കുന്ന കുടുംബത്തോടൊപ്പം പങ്കുചേരുന്നതായി പ്രസ്താവനയില്‍ പറഞ്ഞു. തികച്ചും ദൗര്‍ഭാഗ്യകരവും അപ്രതീക്ഷിതവുമായ മരണമാണിത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യാത്രയയപ്പ് യോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമര്‍ശനം മാത്രമാണ്.

തെറ്റായ പ്രവണതകള്‍ അനുഭവത്തില്‍ ഉണ്ടായാല്‍ പലരും ജനപ്രതിനിധികളോട് അവരുടെ സങ്കടങ്ങള്‍ വിവരിക്കാറുണ്ട്. അത്തരം ജനങ്ങളുടെ സങ്കടങ്ങള്‍ കേട്ടുകൊണ്ടുള്ള പ്രതികരണമാണെങ്കിലും യാത്രയയപ്പ് യോഗത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഒഴിവാക്കേണ്ടതായിരുന്നു. ഉയര്‍ന്നു വന്ന പരാതികളെക്കുറിച്ചെല്ലാം സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായി പ്രസ്താവനയില്‍ പറഞ്ഞു.

പിവി അന്‍വറും ദിവ്യയും ചെയ്തത് ഒരേ കാര്യമാണെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരണമുണ്ടായിട്ടുണ്ട്. ഒരുവശത്ത് അന്വേഷണം നടക്കുമ്പോള്‍ അതിനിടയില്‍ ഉദ്യോഗസ്ഥനെതിരെ ആരോപണവുമായി എത്തുന്നതിന് പകരം അന്വേഷണം തീരുന്നതുവരെ കാത്തിരിക്കുകയായിരുന്നു വേണ്ടത്. പ്രത്യേകിച്ചും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയെന്ന നിലയില്‍ ദിവ്യയുടെ പ്രതികരണം അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് ഒരുവിഭാഗം പ്രതികരിക്കുന്നു. അതേസമയം, ഉദ്യോഗസ്ഥരെ അഴിമതിക്കാരും കള്ളന്മാരുമാക്കി രൂക്ഷ വിമര്‍ശനം നടത്തിയ അന്‍വറിന് വേണ്ടി കൈയ്യടിക്കുന്ന അതേ വ്യക്തികളാണ് ഇപ്പോള്‍ ദിവ്യയെ വിമര്‍ശിക്കുന്നത്. മാധ്യമങ്ങളുടെ കാപട്യം നിറഞ്ഞ റിപ്പോര്‍ട്ടുകള്‍ക്കെതിരേയും സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം ഉയരുകയാണ്.