കൈക്കൂലി വാങ്ങുന്നതിനായി കണ്ണൂർ നഗരത്തിലെത്തിയത് ഭാര്യയോടൊപ്പം, മുഹമ്മദ് അസ്ലമിനെ വലയിലാക്കിയത് ആസൂത്രിതമായി
കൈക്കൂലി വാങ്ങുന്നതിനിടയിൽ പിടിയിലായ കോർപ്പറേഷൻ എടക്കാട് സോണിലെ താൽക്കാലിക ജീവനക്കാരനായ അസി. എഞ്ചിനീയർ പി. മുഹമ്മദ് അസ്ലം കൈക്കൂലി പണം കൈപ്പറ്റാൻ എത്തിയത് ഭാര്യയോടെപ്പം.
പിടിയിലായതോടെ ഭാര്യക്ക് ഫോൺ ചെയ്യാൻ ഇയാൾ വിജിലൻസിൻ്റെ അനുമതി തേടി വിജിലൻസ് അനുവദിച്ചപ്പോൾ ഓട്ടോറിക്ഷ പിടിച്ച് വീട്ടിലേക്ക് പോയിക്കോളൂവെന്നും താൻ മറ്റൊരു സ്ഥലത്താണുള്ളതെന്നും വരാൻ വൈകുമെന്നുമാണ് പറഞ്ഞത്.
കണ്ണൂർ : കൈക്കൂലി വാങ്ങുന്നതിനിടയിൽ പിടിയിലായ കോർപ്പറേഷൻ എടക്കാട് സോണിലെ താൽക്കാലിക ജീവനക്കാരനായ അസി. എഞ്ചിനീയർ പി. മുഹമ്മദ് അസ്ലം കൈക്കൂലി പണം കൈപ്പറ്റാൻ എത്തിയത് ഭാര്യയോടെപ്പം. ഭാര്യയെ അകലെ മാറ്റിനിർത്തിയ ശേഷമാണ് കെട്ടിട പെർമിറ്റിനുള്ള അപേക്ഷ നൽകിയ കൂടാളി സ്വദേശിയായ കെട്ടിട ഉടമയോട് 20,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ഇതിൻ്റെ ആദ്യ ഗഡുവായ 15,000 രൂപയുമായി താഴെ ചൊവ്വയിലേക്കാണ് പരാതിക്കാരനോട് ആദ്യമെത്താൻ ഇയാൾ നിർദേശിച്ചത്.
പിന്നീടാണ് താൻ കണ്ണൂർ നഗരത്തിലെ പ്ലാസ ഭാഗത്ത് ഭാര്യയുമായി ഷോപ്പിംഗിന് വന്നിട്ടുണ്ടെന്നും കാൽടെക്സ് ഭാഗത്തെത്തി തന്നെ വിളിക്കാൻ ആവശ്യപ്പെടുകയും ചെയ്തത്. കാൽടെക്സ് ഭാഗത്തെത്തിയ മുഹമ്മദ് അസ്ലം ഭാര്യയെ പ്ലാസ ഭാഗത്ത് നിർത്തിയശേഷം പെട്ടെന്ന് വരാമെന്ന് പറഞ്ഞ് സ്വന്തം ബൈക്കിലെത്തി പണം കൈപ്പറ്റുന്നതിനിടയിലാണ് വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിൻ്റെ നേതൃത്വത്തിലുള്ള സംഘത്തിൻ്റെ പിടിയിലായത്. പിടിയിലായതോടെ ഭാര്യക്ക് ഫോൺ ചെയ്യാൻ ഇയാൾ വിജിലൻസിൻ്റെ അനുമതി തേടി വിജിലൻസ് അനുവദിച്ചപ്പോൾ ഓട്ടോറിക്ഷ പിടിച്ച് വീട്ടിലേക്ക് പോയിക്കോളൂവെന്നും താൻ മറ്റൊരു സ്ഥലത്താണുള്ളതെന്നും വരാൻ വൈകുമെന്നുമാണ് പറഞ്ഞത്.
വീട്ടിലെത്തിയ ശേഷമാണ് ഭർത്താവ് കൈക്കൂലിക്കേസിൽ പിടിയിലായ കാര്യം ഭാര്യ അറിഞ്ഞത്. കൂടാളി സ്വദേശിയുടെയും പാർട്ണറുടെയും കെട്ടിട പെർമിറ്റിനുള്ള അപേക്ഷ പത്ത് മാസത്തിലധികമായി മുഹമ്മദ് അസ്‌ലം താമസിപ്പിക്കുകയായിരുന്നു. ഒടുവിലാണ് കൈക്കൂലി ആവശ്യപ്പെട്ട വിവരം പരാതിക്കാരൻ വിജിലൻസിനെ അറിയിച്ചത്. വിജിലൻസ് നിർദേശാനുസരണമാണ് പണം കൈമാറാൻ തയ്യാറായത്.
കണ്ണൂർ കോർപ്പറേഷൻ എടക്കാട് സോണൽ ഓഫീസിലാണ് മുഹമ്മദ് അസ്ലം ജോലി ചെയ്യുന്നത്. നേരത്തെ ഇയാളെ വിജിലൻസ് താക്കീത് ചെയ്തിരുന്നു. എടക്കാട് സോണൽ ഓഫീസ് നേരത്തെ പരിശോധന നടത്തിയിരുന്നു. ഇവിടെ രണ്ട് തവണ വിജിലൻസ് പരിശോധിക്കുകയും ഒരു ഉദ്യോഗസ്ഥക്കെതിരെ കേസെടുക്കാൻ സർക്കാരിൻ്റെ അനുമതി തേടുകയും ചെയ്തിരുന്നു.
അന്ന് പരിശോധനാസമയത്താണ് മുഹമ്മദ് അസ്‌ലമിനെ താക്കീത് ചെയ്‌തത്. എന്നിട്ടും കൈക്കൂലി ഇടപാടുമായി മുന്നോട്ടുപോവുകയായിരുന്നു. മുഹമ്മദ് അസ്‌ലമിൻ്റെ താഴെ ചൊവ്വയിലെ വീട്ടിലും പരിശോധന നടത്തിയ വിജിലൻസ് സംഘം രേഖകൾ പിടിച്ചെടുത്തു. ഇൻസ്പെക്‌ടർമാരായ സുനിൽകുമാർ, പി.എ ബിനു മോഹൻ, എസ്.ഐമാരായ രാധാകൃഷ്ണൻ, പി.പി നിജേ ഷ്, ആർ. പ്രവീൺ, കെ. രാജേഷ്, ഇ.വി ജയശ്രീ, എ.എസ്. ഐ മാരായ സജിത്ത്, ഇ.കെ രാജേഷ്, സീനിയർ സി.പി.ഒ മാരായ സുകേഷ്‌കുമാർ, ഷിഞ്ജു, വിജിൻ, ഹൈറേഷ്, അജേഷ് എന്നിവരും വിജിലൻസ് സംഘത്തിലുണ്ടായിരുന്നു.