അതിമാരക രാസ ലഹരിയായ "ചൈനാ വൈറ്റ് " ഹെറോയിനുമായി കബൂത്തർ ഭായിയും സഹായിയും എറണാകുളത്ത് പിടിയിൽ
എറണാകുളം ടൗണിന്റെ വിവിധ ഭാഗങ്ങളിൽ കോളേജ് വിദ്യാർത്ഥികൾ അടക്കമുള്ള യുവതി യുവാക്കൾക്ക് ഉൻമാദ ലഹരി പകരുന്നതിനായി മയക്ക് മരുന്നുകൾ എത്തിച്ച് വിൽപ്പന നടത്തി
ഇവരുടെ സംഘത്തിൽ ഉൾപ്പെട്ടവരെ കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റുകൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നും
കാക്കനാട് : എറണാകുളം ടൗണിന്റെ വിവിധ ഭാഗങ്ങളിൽ കോളേജ് വിദ്യാർത്ഥികൾ അടക്കമുള്ള യുവതി യുവാക്കൾക്ക് ഉൻമാദ ലഹരി പകരുന്നതിനായി മയക്ക് മരുന്നുകൾ എത്തിച്ച് വിൽപ്പന നടത്തി വന്നിരുന്ന സംഘത്തിലെ പ്രധാനികളായ രണ്ട് ഇതര സംസ്ഥാനക്കാരെ ചൈനാ വൈറ്റ് വിഭാഗത്തിൽപ്പെടുന്ന അതിമാരക മയക്കു മരുന്നായ ഹെറോയിനുമായി എക്സൈസ് പിടികൂടി. കാക്കനാട് ഭാരത് മാത കോളേജിന് സമീപമുള്ള വാടക കെട്ടിടത്തിൽ നിന്നാണ് അസ്സം കരീംഖജ് സ്വദേശികളായ ജഹിദുൾ ഇസ്ലാം (കമ്പൂത്തർ ഭായി) (29) റംസാൻ അലി (26) എന്നിവരാണ് ഡെപ്യൂട്ടി കമ്മീഷണറുടെ സ്പെഷ്യൽ ഇൻ്റലിജൻസ് സ്ക്വാഡ് ടീം, എറണാകുളം ടൗൺ നോർത്ത് സർക്കിൾ, എറണാകുളം ഐബി എന്നിവരുടെ സംയുക്ത നീക്കത്തിൽ പിടിയിലായത്.
ഇവരുടെ പക്കൽ നിന്ന് 16 ഗ്രാം ഹെറോയിൻ, ഒരു ഗ്രാം എംഡി എംഎ, 30 ഗ്രാം കഞ്ചാവ് എന്നിവ എക്സൈസ് കണ്ടെടുത്തു. മയക്ക് മരുന്ന് വിൽപ്പന നടത്തി കിട്ടിയ 285000 (രണ്ട് ലക്ഷത്തി എൺപത്തി അയ്യായിരം) രൂപയും മയക്ക് മരുന്ന് വിൽപ്പന നടത്തുന്നതിനായി ഉപയോഗിച്ച മൂന്ന് സ്മാർട്ട് ഫോണുകളും എക്സൈസ് കസ്റ്റഡിയിൽ എടുത്തു. 10 മില്ലി ഗ്രാം അടങ്ങുന്ന ചെറിയ ഒരു കുപ്പിക്ക് 1500 രൂപയാണ് ഈടാക്കിയിരുന്നത്. ആവശ്യക്കാരുടെ പക്കൽ നിന്ന് മുൻകൂർ പണം വാങ്ങിയ ശേഷം അസമിലെ അതിർത്തി ഗ്രാമമായ കരീംഖഞ്ചിൽ നിന്ന് മയക്ക് മരുന്ന് കാക്കനാടുള്ള വാടക വീട്ടിൽ എത്തിച്ച ശേഷം പണം നൽകിയവരുടെ താമസ സ്ഥലത്ത് നേരിട്ട് മയക്ക് മരുന്ന് എത്തിച്ച് നൽകുന്നതായിരുന്നു വിൽപ്പനയുടെ രീതി.
ആവശ്യക്കരുടെ താമസ സ്ഥലത്ത് മയക്ക് മരുന്ന് നേരിട്ട് ഉത്തരവാദിത്തത്തോടെ എത്തിച്ച് നൽകുന്നതിനാൽ ഉപഭോക്താക്കൾ ജഹിദുൾ ഇസ്ലാമിന് നൽകിയ പേരാണ് കമ്പൂത്തർ ഭായി എന്നത്. ഓൺലൈൻ ആയി ഇവർ പണം സ്വീകരിച്ചിരുന്നില്ല. ഉപഭോക്താക്കളുടെ ഇടയിൽ ചൈന വൈറ്റ് എന്ന വിളിപ്പേരുള്ള അതിമാരക രാസലഹരിയാണ് എക്സൈസ് പിടിച്ചെടുത്തത്.
ഇത്തരത്തിലുള്ള മയക്ക് മരുന്ന് 5 ഗ്രാമിലധികം കൈവശം വക്കുന്നത് 10 വർഷത്തെ കഠിനതടവിനും ഒരു ലക്ഷം രൂപ വരെ പിഴയും ശിക്ഷ കിട്ടാവുന്ന ഗുരുതര കുറ്റകൃത്യമാണെന്നിരിക്കെ ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്ത ലഹരി മരുന്ന് 16 ഗ്രാമോളം തൂക്കം വരുന്നതാണ്. കാക്കനാട് തുതിയൂർ ഭാഗത്ത് നിന്ന് ഈ അടുത്തിടെ പിടിയിലായ യുവാവിൽ നിന്നാണ് കമ്പൂത്തർ ഭായിയെയും സുഹൃത്തിനേയും കുറിച്ചുള്ള വിവരം എക്സൈസിന് ലഭിക്കുന്നത്. തുടർന്ന് ഡെപ്യൂട്ടി കമ്മീഷണറുടെ മേൽനോട്ടത്തിലുള്ള പ്രത്യേക ടീം ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു.
കാക്കനാട് ഭാരത് മാത കോളേജിന് സമീപമുള്ള വാടക വീട്ടിൽ ഇരുന്ന് ഉപഭോക്താക്കൾക്ക് കൈമാറുന്നതിന് മയക്ക്മരുന്ന് പാക്ക് ചെയ്യുന്നതിനിടെ ഇവരുടെ താമസ സ്ഥലത്തേക്ക് ഇടിച്ചു കയറിയാണ് എക്സൈസ് സംഘം ഇവരെ കീഴ്പ്പെടുത്തിയത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അത്യന്തം വിനാശകാരിയായ ചൈനാ വൈറ്റ് എന്ന് വിളിപ്പേരുള്ള ഹെറോയിൻ ഇത്രയും അധികം പിടിച്ചെടുക്കുന്നത്. അത്യന്തം വിനാശകാരിയായ ഈ രാസലഹരിയുടെ ഉപയോഗം അമിത രക്ത സമർദ്ദത്തിന് ഇടയാകുവാനും മനുഷ്യ ശരീരത്തിലെ നാഡീവ്യൂഹങ്ങൾക്ക് സാരമായ ക്ഷതം സംഭവിക്കുവാനും മൂകമായ അവസ്ഥയിൽ എത്തിച്ചേരുവാനും ഇതേ തുടർന്ന് ഹൃദയാഘാതം വരെ സംഭവിക്കാൻ ഇടയാക്കുന്നതാണെന്നാണ് ഈ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ഇവരുടെ സംഘത്തിൽ ഉൾപ്പെട്ടവരെ കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റുകൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നും, ഈ മയക്ക് മരുന്നുകളുടെ ഉറവിടം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും ലഹരി സംഘങ്ങൾക്കെതിരെ വരും ദിവസങ്ങളിലും കർശനമായ നടപടികളുമായി മുന്നോട്ട് പോകുന്നതാണെന്നും എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ടി എൻ സുദീർ അറിയിച്ചു.
ഡെപ്യൂട്ടി കമ്മീഷണറുടെ സ്പെഷ്യൽ ഇൻ്റലിജൻസ് സ്ക്വാഡ് ടീമിലെ ഇൻസ്പെക്ടർ സിജോ വർഗ്ഗീസ്, പ്രിവൻ്റീവ് ഓഫീസർ എൻ.ഡി. ടോമി, സിവിൽ എക്സൈസ് ഓഫീസർ രജിത്ത് ആർ നായർ, ഐബി അസി. എക്സൈസ് ഇൻസ്പെക്ടർ എൻ.ജി. അജിത്ത് കുമാർ, എറണാകുളം നോർത്ത് സർക്കിളിലെ ഇൻസ്പെക്ടർ സേതു ലക്ഷ്മി, സിവിൽ എക്സൈസ് ഓഫീസറായ വി.എം. സെയ്ത്, വിമൽരാജ്, ബൈജു.എം എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.